അറബികളുടെ ദൈവങ്ങള്‍ വ്യാജന്മാരാണെന്നും ദൈവം ഒന്നേയുള്ളുവെന്നും മക്കാമുശ്രിക്കുകളെ ബോധ്യപ്പെടുത്താന്‍ മുഹമ്മദിനു കഴിഞ്ഞില്ല.
ഒന്നിലധികം ദൈവങ്ങളുണ്ടായാല്‍ എന്താണു കുഴപ്പം എന്നവര്‍ക്കു വിശദീകരിച്ചുകൊടുത്തതും അല്ലാഹു
തന്നെയായിരുന്നു.:-
“ആകാശഭൂമികളില്‍ അല്ലാഹുവല്ലാതെ മറ്റു ദൈവങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അതു രണ്ടും നശിച്ചു പോകുമായിരുന്നു.”[21:22]
“അല്ലാഹു സന്താനോല്പാദനം നടത്തിയിട്ടില്ല. അവനോടൊപ്പം വേറെ ഇലാഹുകളുമില്ല. ഉണ്ടായിരുന്നെങ്കില്‍ ഓരോരുത്തരും സൃഷ്ടിച്ചതും കൊണ്ട് അവര്‍ വേറെപ്പോവുകയും തമ്മില്‍ അടിപിടി കൂടുകയും ചെയ്യുമായിരുന്നു.”[23:91]
വേറെ ദൈവങ്ങളുണ്ടായാല്‍ അവര്‍ തന്റെ സിംഹാസനം കൈക്കലാക്കാന്‍ ശ്രമിക്കുമെന്ന വേവലാതിയുമുണ്ട് അല്ലാഹുവിന്.! [17:42]
ഒരു ഗോത്രത്തിനു രണ്ടു തലവന്മാരുണ്ടായാല്‍ അവര്‍ തമ്മില്‍ അടിപിടിയുണ്ടാകുമെന്നറിയാവുന്ന അന്നത്തെ അറബികള്‍ക്ക് ഈ വിശദീകരണം തൃപ്തികരം തന്നെയായിരുന്നു. പക്ഷെ അതു മുഹമ്മദ് സ്വന്തം നിലക്കു പറയുന്നതിനു പകരം അല്ലാഹു
വിനെക്കൊണ്ട് പറയിച്ചത് പാവം അല്ലാഹുവിനെ കൊച്ചാക്കലായിപ്പോയി.!
അസൂയയും കുശുമ്പും വെടിഞ്ഞ് പരസ്പര സഹകരണത്തോടെ ചുമതലകള്‍ പങ്കു വെക്കാനുള്ള ജനാധിപത്യബോധവും അല്പം വിശാലമനസ്കതയും ഉണ്ടെങ്കില്‍ ഭൂമിയിലും ആകാശത്തും രണ്ടു ദൈവങ്ങള്‍ ഭരണം നടത്തുന്നതുകൊണ്ട് കുഴപ്പമൊന്നും സംഭവിക്കുകയില്ല. കൂടുതല്‍ സൌകര്യമായിരിക്കുകയും ചെയ്യും. ഒരു മലക്കിന് അല്ലാഹുവിന്റെ അര്‍ശ്[സിംഹാസനം] വരെ പോകണമെങ്കില്‍ 50000 വര്‍ഷം യാത്ര ചെയ്യണം.[70:4]
ഇത്രയും ദൂരം മലക്കുകളെ ഓടിക്കുന്നതിനെക്കാള്‍ നല്ലത് ഭൂമിയിലെ കാര്യങ്ങളെങ്കിലും മറ്റൊരു ദൈവത്തെ ഏല്‍പ്പിക്കുന്നതായിരിക്കുമല്ലോ!
മറ്റു ദൈവങ്ങളെ ആരാധിക്കുന്നതൊഴികെ ഏതു വന്‍ കുറ്റവും അല്ലാഹു പൊറുക്കും. പക്ഷെ ആരാധന പങ്കുവെക്കാന്‍ മറ്റൊരുത്തന്‍ വരുന്നത് അല്ലാഹുവിനു സഹിക്കാനാവില്ല.
“നിശ്ചയമായും നിങ്ങളും അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ വിറകാണ്….അവ ഇലാഹുകള്‍ ആയിരുന്നെങ്കില്‍ നരകത്തില്‍ വന്നു ചേരുകയില്ലായിരുന്നു. എല്ലാവരും അതില്‍ നിത്യവാസികളാണ്.”[21:98,99]
അസൂയയുടെ ആഴം നോക്കണേ! വിവരമില്ലത്ത മനുഷ്യര്‍ ആരാധിച്ചു പോയി എന്ന കുറ്റത്തിന് നിരപരാധികളായ ഈ വസ്തുക്കളെ നരകത്തിലെ നിത്യവാസികളാക്കി ശിക്ഷിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന ഒരു ദൈവത്തിന്റെ മാനസികാവസ്ഥ പരിതാപകരം തന്നെ! യേശുവും ചില മലക്കുകളുമൊക്കെ ദൈവത്തിന്റെ മക്കള്‍ എന്ന നിലയില്‍ ആരാധിക്കപ്പെട്ടിട്ടുണ്ട്. അവരെയും നരകത്തിലിടുമോ എന്ന് മുശ് രിക്കുകള്‍ ചോദിച്ചപ്പോള്‍ അബദ്ധം മനസ്സിലാക്കിയ അല്ലാഹു അവ്ര്ക്കു പ്രത്യേകം ഇളവു നല്‍കുകയുണ്ടായത്രേ!
മുസ്ലിംങ്ങള്‍ ഇത്രയധികം അസഹിഷ്ണുക്കളും അന്യമത വിരോധികളുമാകാന്‍ കാരണം തൌഹീദിലുള്ള ഈ കടും പിടുത്തമാണെന്നു തോന്നുന്നു. ഒരു ബഹു മതസമൂഹത്തിനു തീരെ യോജിച്ചതല്ല ഈ ഇടുങ്ങിയ സിദ്ധാന്തം. ദൈവം എന്നത് ഒരു സങ്കല്‍പ്പമാണ്. മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്കും യുക്തിക്കും പിടി കൊടുക്കാതെ ഒളിച്ചുകളി നടത്തുന്ന ഒരു ദൈവം ആരാധനയുടെ കാര്യത്തില്‍ അല്പം വിശാലമനസ്കത കാണിച്ചിരുന്നെങ്കില്‍ ഈ ലോകം ഇന്നത്തേതിലും എത്രയോ ശാന്തിയും സമാധാനവും നിറഞ്ഞതാകുമായിരുന്നു.
അല്ലാഹുവല്ലാതെ വേറെ ദൈവങ്ങളില്ല എന്നത് അല്ലാഹുവല്ലാത്ത ദൈവമില്ല എന്നു മാറ്റി വ്യാഖ്യാനിച്ചാല്‍ അന്യരുടെ വിശ്വാസങ്ങളെയും ആരാധനാരീതികളെയും അംഗീകരിക്കാന്‍ പ്രയാസം വരില്ല. നിഷ്കളങ്കനായ ഒരു ഭക്തന്‍ അയാളുടെ ബുദ്ധിപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നു കോണ്ട് ദൈവത്തെ ധ്യാനിക്കുകയും, ഈശ്വരാ എന്നോ ഗുരുവായൂരപ്പാ എന്നോ വിളിച്ചു പ്രാര്‍ഥികകയും ചെയ്യുമ്പോള്‍ ,അയാള്‍ എന്നെയല്ല വിളിക്കുന്നത് എന്ന മട്ടില്‍ മുഖം തിരിച്ച് നില്‍ക്കുന്നതിനു പകരം ആ നിരപരാധികളുടെ വിളിയും അര്‍ച്ചനയും തന്റെ സ്വന്തം അക്കൌണ്ടില്‍ വരവു വെക്കാനുള്ള ഹൃദയവിശാലത കാണിക്കുകയല്ലേ നീതിമാനായ ഒരു ദൈവം ചെയ്യേണ്ടത്? അറബിയില്‍ വിളിച്ചാലേ താന്‍ ശ്രദ്ധിക്കൂ; എന്നും മക്കയുടെ നേരെ തിരിഞ്ഞു നിന്നില്ലെങ്കില്‍ നരകത്തിലിട്ടു കത്തിക്കുമെന്നുമൊക്കെ പറയുന്ന ഒരു ദൈവം എത്രമാത്രം ചെറുതാണെന്നാലോചിച്ചു നോക്കൂ.
ആറാം നൂറ്റാണ്ടിലെ ഒരു ഗോത്ര ദൈവത്തെയും മുറുക്കിപ്പിടിച്ചുകൊണ്ട് ഇനിയും അധികകാലം മുന്നോട്ടു പോകാന്‍ കഴിയുകയില്ലെന്ന യാഥാര്‍ഥ്യം നമ്മുടെ മുസ്ലിം ബുദ്ധിജീവികള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. മനുഷ്യന്റെ ചിന്തയിലും വിശ്വാസങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടാകാത്തതാണ് ഇന്നു കാണുന്ന ജീര്‍ണതകള്‍ക്കു കാരണം എന്നു പറയാനാണു ശ്രമിച്ചത്. സ്വതന്ത്രചിന്തയിലൂടെ മാത്രമേ മനുഷ്യനു പുരോഗതിയും നന്മയും കൈവരിക്കാനാകൂ. ദൈവങ്ങളും മതങ്ങളും അതിനു തടസ്സമായിക്കൂടാ.