മക്കയിലെ ജനങ്ങള്‍ മുഹമ്മദിന്റെ തൌഹീദും പ്രവാചകത്വവും സ്വീകരിക്കാന്‍ ഒരു സാധ്യതയുമില്ലെന്നു വ്യക്തമായതോടെ അല്ലാഹുവിന് അവരോടുള്ള വൈരാഗ്യവും കോപവും ഇരട്ടിച്ചു. ഖുറൈശിപ്രമാണിമാരായ എതിരാളികളെ പേരെടുത്തു പറഞ്ഞ് ശകാരിക്കാന്‍ തുടങ്ങി ഈ ദൈവം!
ഒരിക്കല്‍ മക്കയിലെ ഒരു കുന്നിന്‍ മുകളില്‍ കയറി നിന്നുകൊണ്ട് മുഹമ്മദ് അപായ സൂചനയുടെ ശബ്ദം മുഴക്കി ആളുകളെ വിളിച്ചു കൂട്ടി. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അദ്ദേഹം തന്റെ സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങി. ഇതു കേട്ടതോടെ അവര്‍ പിറുപിറുത്തുകൊണ്ട് പിന്തിരിഞ്ഞു പോയി. മുഹമ്മദിന്റെ പിതൃവ്യനായ അബൂലഹബ് നബിയെ ശപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞുവത്രേ:“ മ്മുഹമ്മദേ നിനക്കു നാശം ;ഇതിനാണോ നീ മനുഷ്യനെ മെനക്കെടുത്തിയത്?” ഉരുളക്കുപ്പേരിയെന്നോണം അല്ലാഹുവിന്റെ ശാപവചനങ്ങള്‍ ഇങ്ങനെ വെളിപ്പെട്ടു:-
“അബൂലഹബിന്റെ രണ്ടു കൈകളും നശിക്കട്ടെ;
അവന്റെ സമ്പാദ്യവും തുലഞ്ഞു പോട്ടെ;
ജ്വലിക്കുന്ന തീയില്‍ അവന്‍ കിടന്നെരിയും;
അവന്റെ കെട്ട്യോളുണ്ടല്ലോ, ആ വിറകു ചുമട്ടുകാരി, അവളും;
അവളുടെ കഴുത്തില്‍ പിരിച്ച കയറുമുണ്ടാകും.”[111:1-5]
മറ്റൊരു ധാഢ്യനും പ്രമാണിയുമായിരുന്നു വലീദ്. ധാരാളം സ്വത്തും മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തെ തന്റെ കൂടെ ലഭിച്ചാല്‍ ഖുറൈശികളെ മൊത്തം കൂടെ കൊണ്ടു വരാന്‍ എളുപ്പമാകുമെന്ന് മുഹമ്മദ് മനക്കോട്ട കെട്ടിയിരുന്നു. പക്ഷെ അയാള്‍ തന്റെ പരമ്പരാഗത വിശ്വാസങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. മുഹമ്മദിനെയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയും കളിയാക്കുന്നതില്‍ വലീദും മുന്‍പന്തിയിലുണ്ടായിരുന്നു. ഇതും അല്ലാഹുവിനെ വല്ലാതെ പ്രകോപിതനാക്കി:
“കുത്തുവാക്കു പറയുന്നവനും ഏഷണിയുമായി നടക്കുന്നവനും-
നല്ല കാര്യത്തിനു തടസ്സക്കാരനും അതിക്രമിയും മഹാപാപിയും-
അതിനു പുറമേ ക്രൂരനും തന്തയില്ലാത്തവനും-
അവന്‍ സ്വത്തും മക്കളുമുള്ളവനായതിനാല്‍!
അവനു നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍ അവന്‍ പറയും:
പൂര്‍വികരുടെ കെട്ടുകഥകളാണവ എന്ന്.
താമസിയാതെ ഞാന്‍ അവന്റെ തുമ്പിക്കയ്യിനടയാളം വെക്കും.”[68:11-16]
സ്വന്തം സൃഷ്ടിയായ ഒരു മനുഷ്യപ്പുഴുവിനെ-അതും താന്‍ തന്നെ ബോധപൂര്‍വ്വം വഴി പിഴപ്പിക്കുകയും തന്റെ ദൂതനു ശത്രുവായി നിയോഗിക്കുകയും ചെയ്ത ഒരാളെ- ജാര സന്തതി എന്നും മറ്റും അധിക്ഷേപിക്കുന്നത് കാരുണ്യവാനും മഹാതന്ത്രജ്ഞ്ഞനും മറ്റും മറ്റുമായ ഒരു ദൈവത്തിന്റെ നിലവാരത്തിനു യോജിച്ചതാണോ? ഒരു ദൈവത്തിന് ഇത്രക്കു തരം താഴാന്‍ ആവുമോ? ഈ വലീദിന്റെ മൂക്കിന് അല്പം നീളം കൂടുതലുണ്ടായിരുന്നുവത്രേ.“ തുമ്പിക്കയ്യിനടയാളം വെക്കാന്‍“ അതാണു കാരണം! സ്വന്തം സൃഷ്ടിയുടെ ശരീര വൈകല്യം നോക്കി പരിഹസിക്കുന്ന സ്രഷ്ടാവോ! ചിരിക്കാനും ചിന്തിക്കാനും വക തരുന്ന ഒരു കഥാപാത്രം തന്നെ!!
ഈ ഖുറൈശി നേതാവിനെ കുറിച്ച് ഖുര്‍ ആനില്‍ വേറെയും നിരവധി പരാമര്‍ശങ്ങള്‍ ഉണ്ട്. ഇയാള്‍ മുഹമ്മദിന്റെ നിരന്തരമായ പ്രേരണ മൂലം ഒരിക്കല്‍ ഇസ്ലാം സ്വീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവത്രേ. അനുയായികള്‍ അതില്‍ അസംതൃപ്തി പ്രകടിപ്പിച്ചപ്പോല്‍ താന്‍ പരലോക ശിക്ഷയെ ഭയപ്പെടുന്നു എന്ന് ഇദ്ദേഹം പറഞ്ഞുപോലും. ഒരു നിശ്ചിത സംഖ്യ തരുന്ന പക്ഷം ആ ശിക്ഷ ഞാന്‍ ഏറ്റെടുക്കാമെന്ന് ഒരുവന്‍ പ്രഖ്യാപിക്കുകയും വലീദ് അതു സമ്മതിച്ച് ഇസ്ലാമില്‍നിന്നു പിന്മാറുകയും ചെയ്തുവെന്നാണു കഥ. പിന്നീട് കരാര്‍പ്രകാരമുള്ള സംഖ്യ മുഴുവന്‍ കൊടുത്തു തീര്‍ക്കാതെ കൂട്ടുകാരനെ ഇയാള്‍ വഞ്ചിച്ചു.
ഈ സംഭവങ്ങളെല്ലാം പ്രവാചകന്റെ കാതിലും എത്തിയതോടെ ഏഴാം മാനത്തു നിന്നും അല്ലാഹുവിന്റെ വെളിപാടുകള്‍ ഇപ്രകാരം പറന്നെത്തി:
“ഞാന്‍ തനിച്ചു സൃഷ്ടിച്ച ആ വ്യക്തിയെ എനിക്കു വിട്ടു തന്നേക്കൂ. ഞാനവനു സമ്ര്ദ്ധമായി സമ്പത്തേകി. അവനോടൊപ്പം സന്നദ്ധരായി നിലകൊള്ളുന്ന പുത്രന്മാരെ നല്‍കി. അവനെ നേതാവാക്കി. ഇനിയും ഞാന്‍ അവനു വര്‍ധ്ധിപ്പിക്കണമെന്നവന്‍ മോഹിക്കുന്നു. ഇല്ല ; അവന്‍ നമ്മുടെ സൂക്തങ്ങള്‍ക്കു വൈരിയാകുന്നു. അടുത്തുതന്നെ ഞാനവനൊരു ക്ലേശകരമായ പ്രൊമോഷന്‍ കൊടുക്കുന്നുണ്ട്. അവന്‍ ആലോചിച്ചു ചിലതു ചെയ്യാനും നിശ്ചയിച്ചിരുന്നു. അപ്പോള്‍ അവന്റെ മേല്‍ ദൈവശാപം ഭവിച്ചു. എന്തൊരു കാര്യമാണവന്‍ ചെയ്യാന്‍ ശ്രമിച്ചത്? പിന്നെ അവന്‍ ആളുകളെ നോക്കി. എന്നിട്ടു നെറ്റി ചുളിക്കുകയും മുഖം കോട്ടുകയും ചെയ്തു. പിന്നെ പിന്തിരിഞ്ഞു നിഷേധിച്ചു. എന്നിട്ടവന്‍ ജല്പിച്ചു; ഇത് പരമ്പരാഗതമായ ആഭിചാരമല്ലാതെ മറ്റൊന്നുമല്ല. ഇത് മനുഷ്യവചനം മാത്രം. അടുത്തു തന്നെ ഞാനവനെ നരകക്കുണ്ടില്‍തള്ളുന്നുണ്ട്. ആ നരകമെന്തെന്നു നിനക്കറിയില്ലേ! അത് ഒന്നിനെയും ശേഷിപ്പിക്കുകയില്ല. ചര്‍മ്മം കരിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ മേല്‍ 19 കാവല്‍ക്കാരുണ്ട്.”[74:11-30]
ഈ മഹാ പ്രപഞ്ചത്തിന്റെ മുഴുവന്‍ സൃഷ്ടി സ്ഥിതി സംഹാരകനായ ഈശ്വരന്‍ ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം ഒരു ഖുറൈശിപ്രമാണിയുടെ സമ്പത്തിലും സന്താനസൌഭാഗ്യത്തിലും അസൂയ പൂണ്ട് അയാളുടെ പിന്നാലെ ശാപവാക്കുകളും ചൊരിഞ്ഞു നടക്കുകയായിരുന്നു എന്നു നാം വിശ്വസിക്കണോ?.എല്ലാ പ്രവാചകന്മാര്‍ക്കും നാട്ടുപ്രമാണികളായ ശത്രുക്കളെ നിയോഗിക്കുന്നത് “നാം” തന്നെയാണെന്നു പ്രഖ്യാപിക്കുന്ന ഒരു ദൈവം എന്തിനീ പാഴ് വേലക്കൊക്കെ മുതിരണം?
നരകത്തിനു 19 കാവല്‍ക്കാരാണെന്ന വാദത്തെയും അറബികള്‍ കളിയാക്കി. ഇത്രയേറെ മനുഷ്യരെ പാര്‍പ്പിക്കാനുള്ള നരകത്തിനു വെറും 19 കാവല്‍ക്കാരോ? എന്നതായിരുന്നു പരിഹാസം. തടിമാടനായ ഒരുത്തന്‍ പറഞ്ഞത് “18 എണ്ണത്തിനെ ഞാന്‍ ഒറ്റക്കു നേരിട്ടോളാം; മറ്റേതിനെ നിങ്ങളും നോക്കിക്കോ’“ എന്നായിരുന്നു. ഇതിനും മറുപടിയുണ്ടായി:
“നാം ഈ വിധം നരകത്തിനു കാവലാളാക്കിയിരിക്കുന്നത് മലക്കുകളെയാണ്. അവരുടെ എണ്ണം നിഷേധികള്‍ക്കുള്ള പരീക്ഷണമാകുന്നു. വേദം ലഭിച്ചവര്‍ക്കു ബോധ്യമാകാനും അവര്‍ ശങ്കിക്കാതിരിക്കാനും, മനസ്സിനു ദീനം പിടിച്ചവരും അവിശ്വാസികളും അല്ലാഹു ഈ വചനം കൊണ്ടുദ്ദേശിക്കുന്നതെന്ത് എന്നു ചോദിക്കാനും. ഇങ്ങനെ അല്ലാഹു ഉദ്ദേശിച്ചവരെ അവന്‍ വഴി പിഴപ്പിക്കുന്നു. അവന്‍ ഉദ്ദേശിച്ചവരെ അവന്‍ സന്മാര്‍ഗ്ഗത്തിലുമാക്കുന്നു.”[74:31]
ഉത്തരം മുട്ടുന്നേടത്തെല്ലാം തലയിലെഴുത്തു
തന്നെ മുട്ടുശാന്തി!
മനുഷ്യന്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയ ദൈവങ്ങളെല്ലാം മനുഷ്യനോളം ചെറുതായിപ്പോയതു സ്വാഭാവികമാണ്‍. മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവങ്ങള്‍ക്ക് ആ മതങ്ങളുണ്ടായ കാലഘട്ടത്തിന്റെ പരിമിതികള്‍ കൂടിയുണ്ടാവുക എന്നതും സ്വാഭാവികം. മുഹമ്മദിന്റെ ഭാവനാലോകത്തു ജീവിച്ചിരുന്ന അല്ലാഹു ആറാം നൂറ്റാണ്ടിലെ ഒരു സാധാരണ നാടോടി അറബിയുടെ നിലവാരം മാത്രമുള്ള ദൈവമായതിന്റെ മനശ്ശാസ്ത്രപരമായ കാരണവും മറ്റൊന്നല്ല!
പരിപൂര്‍ണനും സര്‍വ്വശക്തനുമായ ഒരു ദൈവം കോപാകുലനായി പുലഭ്യം പറയുക എന്നാല്‍ ആ ദൈവത്തിന് , ആരോപിക്കപ്പെടുന്ന പോലുള്ള ഒരു ക്വാളിറ്റിയും ഇല്ല എന്നല്ലേ അര്‍ഥം? ഉദ്ദേശിക്കുന്നതെന്തും ഞൊടിയിടകൊണ്ടു സാധ്യമാകുന്ന മഹാശക്തന് ഒരു നിസ്സാര മനുഷ്യനെ തന്റെ ദീനില്‍ ചേര്‍ക്കാന്‍ ഇത്രയൊക്കെ പെടാപ്പാടു പെട്ടിട്ടും സാധ്യമായില്ല എന്നും അതേതുടര്‍ന്ന് അദ്ദേഹത്തിനു ദേഷ്യം വന്നു തെറിവിളിച്ചു എന്നുമൊക്കെ എങ്ങനെ നാം വിശ്വസിക്കും?????
“കഷ്ടം മതങ്ങളേ നിങ്ങള്‍ തന്‍ ദൈവങ്ങള്‍ നട്ടെല്ലൊടിഞ്ഞ നപുംസകങ്ങള്‍ “ എന്നു കവി ചങ്ങമ്പുഴ പാടിയതെത്ര ശരി!!