അബ്ദുല്‍ അലിയുടെ ഉദാഹരണത്തില്‍ തുടങ്ങാം.
ഒരു സ്കൂളിനു രണ്ടു ഹെഡ്മാസ്റ്റെര്‍ ഉണ്ടായാല്‍ കുഴപ്പം തന്നെ. പക്ഷെ രണ്ടു സ്കൂളിനുംകൂടി ഒരു ഹെഡ്മാസ്റ്റെറാകുന്നതും പ്രായോഗിക ബുധിമുട്ടുണ്ടാക്കും. അനേകം സ്കൂളുകളുടെ മേല്‍നോട്ടത്തിന് ഒരു ഓഫീസര്‍, അവരുടെ മേല്‍നോട്ടത്തിന് ഒരു ഡെപ്യൂട്ടി ഡയരക്ടര്‍ ,പിന്നെ ഡയര ക്ടര്‍, അങ്ങനെ ഒടുവില്‍ ഒരു സുപ്രീം അതോറിറ്റി. ഇതാണു ജനാധിപത്യത്തിലെ രീതി. രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരോ സ്കൂളിലും വന്ന് കുട്ടികളെ ചീത്ത വിളിക്കുകയും തല്ലുകയും ചെയ്യാറില്ല! അദ്ധേഹം ആ സ്ഥാനത്തിരുന്നുകൊണ്ട് എല്ലാം നിയന്ത്രിക്കുക മത്രമേ ചെയ്യാവൂ. പദവിക്കു ചേരാത്തവിധത്തില്‍ പെരുമാറിയാല്‍ അദ്ദേഹത്തെ കുറിച്ചുള്ള മതിപ്പു കുറയും. അല്ലാഹുവിന്റെ കാര്യത്തില്‍ ഞാനുന്നയിച്ച വിമര്‍ശനത്തിന്റെ പൊരുളും മറ്റൊന്നല്ല.
മനുഷ്യനെ സംബന്ധിക്കുന്ന ഒരു ഉദാഹരണവും ദൈവത്തിനു ചേരില്ല എന്നതാണു മറ്റൊരു പ്രശ്നം. ദൈവം മനുഷ്യ നല്ലല്ലൊ. മക്കയിലെ ഖുറൈശികള്‍ ഈ വക കാര്യങ്ങളിലൊക്കെ മുഹമ്മദിനെക്കാള്‍ യുക്തിവൈഭവമുള്ളവരായിരുന്നു. നബി തന്റെ നൂതന സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ അവര്‍ അതിനെ സമചിത്തതയോടെയും ക്ഷമയോടെയും യുക്തിപൂര്‍വ്വവും നേരിടുകയാണു ചെയ്തത്. മുഹമ്മദിനെ മറ്റു രീതിയില്‍ [ഇന്നത്തെ മുസ്ലിങ്ങളെപ്പോലെ] കൈകാര്യം ചെയ്യുകയുണ്ടായില്ല. പരമാവധി പൊടിപ്പും തുങ്ങലും വെച്ച് അവതരിപ്പിച്ചിട്ടും മക്കക്കാര്‍ മുഹമ്മെദിനെ ശാരീരികമായി ആക്രമിച്ചിരുന്നു എന്നതിനു തെളിവു തരാന്‍ ഇസ്ലാം ചരിത്രകാരന്മാര്‍ക്കു കഴിയുന്നില്ല എന്നത് ശ്രദ്ധേയമാണ്. വഴിയില്‍ മുള്ളു വിതറി ,തുപ്പി, ആട്ടിങ്കുടല്‍ എറിഞ്ഞു എന്നതൊക്കെയാണു മാരകമായ ആക്രമമായി പറയുന്നത്. മുഹമ്മദ് പിന്നീടവരോട് കാണിച്ച ക്രൂരതകളുമായി താരതമ്യം ചെയ്താല്‍ ഇതൊന്നും ഒരു പീഡനമേയല്ല.
മക്കയിലെ ഖുറൈശികള്‍ വളരെ ഉയര്‍ന്ന സംസ്കാരമുള്ളവരും മുഹമ്മദിനേക്കാള്‍ നന്മയുള്ളവരുമായിരുന്നുവെന്ന് ഇസ്ലാമിന്റെ ചരിത്രത്തിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഏതൊരാള്‍ക്കും മനസ്സിലാകും. ചില ചരിത്രകാരന്മാര്‍ ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുമുണ്ട്. നബിയുടെ മഹത്വം ഉയര്‍ത്തിക്കാട്ടുന്നതിനായി അവരെ വെറും ജാഹിലുകളായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് ഇന്നത്തെ മതപ്രചാരകര്‍. ഈ അഭിപ്രായം ഇസ്ലാം വിരോധികളുടെയല്ലെന്നു കാണിക്കാന്‍ ചില ഉദ്ധരണികള്‍ കൂടി കാണുക;-
“തിരുമേനി ആദ്യമാദ്യം ഏകദൈവസിദ്ധാന്തത്തിലേക്ക് ജനങ്ങളെ വിളിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോളാണ് ബഹുദൈവവിശ്വാസത്തെ പരസ്യമായി എതിര്‍ക്കാന്‍ തുടങ്ങിയത്. അത് മക്കക്കാര്‍ക്കു വിശിഷ്യാ ഖുറൈശികള്‍ക്കു സഹിക്കാന്‍ കഴിയാത്ത ഒന്നായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ഒരു ജനതയുടെ ദൈവങ്ങളെ പാടേ നിഷേധിക്കാന്‍ ഒരാള്‍ എഴുന്നേറ്റു നിന്നാല്‍ -വിശിഷ്യാ അക്കാലത്ത്-ആ ജനത അവനെ വെറുതെ വിടുമോ? ഒരിക്കലുമില്ല. പക്ഷെ ഖുറൈശികള്‍ നമ്മില്‍ പലരും ധരിച്ചു വെച്ചതുപോലെ , വിഡ്ഢികളോ അജ്ഞാനികളോ ആയിരുന്നില്ല. അവര്‍ തികഞ്ഞ തന്റേടവും ദീര്‍ഘദൃഷ്ടിയുമുള്ളവര്‍ തന്നെയായിരുന്നു…..
…..കുറൈശികള്‍ വളരെ തന്റേടത്തോടെയും ദീര്‍ഘദൃഷ്ടിയോടെയും കൂടിയാണ് ആദ്യമാദ്യം തിരുമേനിയുടെ ഉല്‍ബോധനങ്ങളെ അഭിമുഖീകരിച്ചത്. അതായത് ആത്മനിയന്ത്രനം വിട്ട് അവര്‍ ഒന്നും പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്നില്ല……
ഖുറൈശികളുടെ ദൈവങ്ങളെ നിഷേധിക്കാന്‍ എഴുന്നേറ്റു നിന്നിരുന്ന മുഹമ്മദ്[സ]യെ ഒരൊറ്റ അടിക്കു കൊല്ലാനും അങ്ങിനെ തങ്ങളുടെ ദൈവങ്ങളുടെ അന്തസ്സും പ്രതാപവും നിലനിര്‍ത്താനും അവര്‍ക്കൊരു പ്രയാസവുമുണ്ടായിരുന്നില്ല. പക്ഷെ അവരതിനു മുതുര്‍ന്നില്ല.
….കുറൈശി നേതാക്കളെല്ലാവരും ദുഷ്ടന്മാരോ ദുര്‍ബുദ്ധികളോ ആയിരുന്നില്ല. സഹൃദയരും ഉദാര ശീലരും മാന്യരുമായി, പലരും പല നേതാക്കളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഈ പ്രശ്നത്തിനു സമാധാനപരമായ പരിഹാരം കാണണമെന്നാണ് അവരാഗ്രഹിച്ചത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ആത്മനിയന്ത്രണം കൈവിടാതെ പെരുമാറാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചത്..”[ഇസ്ലാം ചരിത്രം, സി എന്‍ അഹ്മദ് മൌലവി, പേജ് 225,226 ഒന്നാം പതിപ്പ് 1971]
“അറബികള്‍ അതിപുരാതനമായ ഒരു സംസ്കാര പാരംബര്യമുള്ള ജനതയാണ്. മക്കാനേതാക്കളായിരുന്ന കുറൈശികളോ, അവരുടെ നിലവാരം മുമ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്; റോമന്‍ ചക്രവര്‍ത്തി,അബ്സീനിയന്‍ ചക്രവര്‍ത്തി, യമന്‍ രാജാക്കന്മാര്‍, മുതലായവരുമായി ഒരു മധ്യവര്‍ത്തിയെയും കൂടാതെ നേരില്‍തന്നെ ബന്ധം പുലര്‍ത്തിക്കൊണ്ടിരുന്നവരായിരുന്നു കുറൈശികള്‍ . പരിശുദ്ധമക്കായുടെ അധിപന്മാരും അറേബ്യയിലെ പുരോഹിതനേതാക്കന്മാരും എന്ന നിലക്ക് ആ രാജാക്കന്മാരെല്ലാം ഇവരെ ആദരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ,ലോകവ്യാപാരകേന്ദ്രം മക്കയാകകൊണ്ടും ,വിവിധ നാടുകളില്‍ വ്യാപാരാവശ്യാര്‍ഥം സഞ്ചരിക്കുക മൂലംവും വളരെയേറെ അറിവുകളും അനുഭവങ്ങളും നേടിക്കഴിഞ്ഞവരായിരുന്നു കുറൈശികള്‍…..
അവര്‍ ദൈവവിശ്വാസികളായിരുന്നു. അല്ലാഹുവിന്റെ അസ്തിത്വത്തിലും ,ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് അവനാണെന്ന കാര്യത്തിലും അവര്‍ക്ക് അശേഷം സംശയമുണ്ടായിരുന്നില്ല. പക്ഷെ അല്ലാഹുവിനെ പ്രതാപശാലിയായ ഒരു രാജാവിന്റെ സ്ഥാനത്താണവര്‍ കണക്കാക്കിയത്….
ഹജ്ജ് കര്‍മ്മങ്ങള്‍ അവര്‍ നിര്‍വ്വഹിച്ചിരുന്നു. അത് ഒരു വലിയ പുണ്യകര്‍മ്മമായിട്ടു തന്നെയാണവര്‍ ഗണിച്ചിരുന്നത്. നാല്‍ക്കാലികളെ തങ്ങളുടെ ദൈവങ്ങളുടെ പേരില്‍ ഉഴിഞ്ഞിടുകയും ബലിയറുക്കുകയും പതിവായിരുന്നു. പലിശ ,ചൂതാട്ടം ,വ്യഭിചാരം മുതലായവ നിഷിദ്ധങ്ങളായിട്ടു തന്നെയാണവര്‍ കണക്കാക്കിയിരുന്നത്. അതുകൊണ്ടാണല്ലൊ കാബ പുനരുദ്ധരിച്ചപ്പോള്‍ ,അത്തരം പണങ്ങളൊന്നും അതിലേക്കുപയോഗപ്പെടുത്തിക്കൂടെന്ന് അവര്‍ തീരുമാനിച്ചതും, അവസാനം പണം തികയാതെ വന്നപ്പോള്‍ തറയില്‍ ഒരു ഭാഗം ഒഴിച്ചിട്ട് കാബയുടെ ചുമര് കെട്ടിയതും. ദാനധര്‍മ്മങ്ങളില്‍ അവരെപ്പോഴും അഭിമാനം കൊണ്ടിരുന്നു. ചില പ്രത്യേക കുടുംബങ്ങള്‍ക്കു ചില വിശ്വാസ സിദ്ധാന്തങ്ങളും ആചാര സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. മരണത്തോടെ മനുഷ്യന്റെ ജീവിതം അവസാനിച്ചു,എന്നായിരുന്നു അറബികളുടെ ധാരണ….”[അതേ പുസ്തകം പേ.250]
ഇസ്ലാമിന്റെ ആധുനിക വക്താക്കള്‍ പ്രചരിപ്പിക്കുന്നതു പോലെ ഒരു അവതാര പുരുഷന്റെ വരവും അനിവാര്യമായ ഒരു ജഹിലിയ്യാ സമൂഹമായിരുന്നില്ല മക്കയിലക്കാലത്തുണ്ടായിരുന്നത് എന്ന യാഥാര്‍ഥ്യം ഇനിയങ്ങോട്ടുള്ള ചര്‍ച്ചയില്‍ വളരെ ഉപകരിക്കും എന്നതിനാലാണ് ഇത്രയും ഉദ്ധരിച്ചത്. ഇവിടെ ഒരു കാര്യം കൂടി നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അന്നത്തെ മക്കാമുശ്രിക്കുകളുള്‍പ്പെടെ ഇസ്ലാം ചരിത്രത്തിലെ പ്രതിയോഗികള്‍ അവശേഷിപ്പിച്ചു പോയ യാതൊരു രേഖയും നമുക്കു ലഭ്യമല്ല. ഇസ്ലാമിനെ ന്യായീകരിക്കാന്‍ ഇസ്ലാം വക്താക്കള്‍ എഴുതിയുണ്ടാക്കിയ രേഖകളെ മാത്രമേ നമുക്കു പഠനത്തിനായി ലഭിക്കുകയുള്ളു .ആ ചരിത്രത്തിന്റെ വരികള്‍ക്കിടയില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ഇപ്രകാരമാണെങ്കില്‍ യഥാര്‍ഥ ചരിത്രം നമുക്കു കിട്ടിയിരുന്നുവെങ്കിലുള്ള കഥയൊന്നോര്‍ത്തു നോക്കൂ.
കുറൈശികള്‍ മുഹമ്മദിനോടെങ്ങനെയാണു പെരുമാറിയതെന്നു ഖുര്‍ ആനിന്റെയും വ്യാഖാനങ്ങളുടെയും വരികള്‍ക്കിടയില്‍നിന്നും പരിശോധിക്കാന്‍ ,ചിന്തിക്കുന്നമുസ്ലിം സുഹൃത്തുക്കള്‍ തയ്യാറകണം എന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. എത്ര യുക്തിപൂര്‍വമുള്ള നിര്‍ദേശങ്ങളാണ് അവര്‍ മുന്നോട്ടു വെച്ചതെന്നു നോക്കൂ:
“മുഹമ്മദ്,സ്വന്തം ആദര്‍ശങ്ങളില്‍ വിട്ടു വീഴ്ച്ചക്കും നീക്കുപോക്കിനും സന്നദ്ധനല്ലെങ്കില്‍ ഒരു കാര്യം ചെയ്യട്ടെ: ആദര്‍ശങ്ങളെല്ലാം അങ്ങു മനസ്സില്‍ ഒതുക്കിവെക്കുകയും ;എന്നിട്ട് ആര്‍ക്കും അസുഖമുണ്ടാക്കാതെ ആരുടെ വികാരത്തെയും വ്രണപ്പെടുത്താതെ ,പ്രത്യക്ഷത്തില്‍ എല്ലാവരോടും നല്ല നിലയില്‍ പെരുമാറുക. ബിംബാരാധന ചെയ്യുന്നവര്‍ അതു ചെയ്തുകൊള്ളട്ടെ. അവരെ എതിര്‍ക്കാനോ ആക്ഷേപിക്കാനൊ പോകാതിരിക്കുക. കാക്ക കാരണവന്മാരുടെ നടപടികള്‍ തെറ്റെന്നു വരുത്തിയിട്ട് അവരുടെ പിന്‍ ഗാമികളെ വേദനിപ്പിക്കാതിരിക്കുക. അങ്ങനെ ചെയ്യുകയാണെങ്കില്‍ മുഹമ്മദിന്റെ അനുയായികളോട് ഞങ്ങളും അങ്ങനെ പെരുമാറും.”[പേ.266]
ഇക്കാര്യം ഖുര്‍ ആന്‍ ഇങ്ങനെ സൂചിപ്പിക്കുന്നു:
“‘നീ അല്പം മയപ്പെടുത്തിയിരുന്നെങ്കില്‍ എന്നവര്‍ ആഗ്രഹുക്കുന്നു. എങ്കില്‍ അവരുമതേ നിലപാടു സ്വീകരിക്കുമായിരുന്നു.”[68:9]
പ്രപഞ്ചം സൃഷ്ടിച്ചതുമതു നിയന്ത്രിക്കുന്നതും അല്ലാഹു എന്ന സുപ്രീം ദൈവമാണെന്നുതന്നെയായിരുന്നു അവരുടെയും വിശ്വാസം. മറ്റു ഗോത്രദൈവങ്ങള്‍ക്കും ചില ശക്തിയുണ്ട് എന്നു മാത്രമേ അവര്‍ കരുതിയിരുന്നുള്ളു. പരംബരാഗതമായി തുടര്‍ന്നു പോരുന്ന വിശ്വാസങ്ങള്‍ തുടരുന്നവര്‍ അതു തുടര്‍ന്നോട്ടേ .മുഹമ്മദിന്റെ വിശ്വാസം വേണ്ടവര്‍ അതനുസരിച്ചും ജീവിച്ചോട്ടെ. എത്ര ജനാധിപത്യപരമായ നിലപാടായിരുന്നു ആ സമൂഹത്തുന്റേതെന്നു നോക്കൂ. വളരെ ന്യായവും യുക്തിസഹവുമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ അവര്‍ മുഹമ്മദിന്റെ മുമ്പില്‍ വെച്ചിരുന്നു.
ഒരു നിര്‍ദ്ദേശം ഇപ്രകാരമായിരുന്നു.:അല്ലാഹുവിനെ ആരാധിക്കുന്നതും മറ്റു ദൈവങ്ങളെ ആരാധിക്കുന്നതും തമ്മില്‍ വ്യത്യാസമെന്തെങ്കിലും ഉണ്ടോ എന്നു ഒരു പരീക്ഷണത്തിലൂടെ നമുക്കു പരിശോധിക്കാം. ഒരു കൊല്ലം നമുക്കെല്ലാവര്‍ക്കും അല്ലാഹുവിനെ മാത്രം ആരാധിക്കാം .പിന്നീട് ഒന്നോ രണ്ടോ മാസം മറ്റു ദൈവങ്ങളെയും ആരാധിക്കാം. ഏതു കാലഘട്ടത്തിലാണു കൂടുതല്‍ അഭിവൃദ്ധിയുണ്ടാകുന്നത് എന്നറിഞ്ഞ് പിന്നീടതനുസരിച്ചു ജീവിക്കാം. ഈ നിര്‍ദ്ദേശത്തോട് നിഷേധാത്മകമായാണ് മുഹമ്മദ് പ്രതികരിച്ചത്.
“നിങ്ങളാരാധിക്കുന്നതിനെ ഞങ്ങളാരാധിക്കുകയില്ല; ഞങ്ങളാരാധിക്കുന്നതിനെ നിങ്ങളാരാധിക്കുകയില്ല; നിങ്ങള്‍ക്കു നിങ്ങളുടെ മതം ,ഞങ്ങള്‍ക്കു ഞങ്ങളുടെ മതം”. എന്ന അധ്യായം വെളിപാടായി വന്നത് ഈ സന്ദര്‍ഭത്തിലായിരുന്നുവത്രേ!
മറ്റൊരിക്കല്‍ കാബയില്‍ പ്രാര്‍ഥനക്കൊത്തുകൂടിയ വേളയില്‍ ഖുറൈശികള്‍ മുഹമ്മദിന്റെ മുമ്പില്‍ അല്പം കൂടി വിട്ടുവീഴ്ച്ചയോടെ മറ്റൊരു നിര്‍ദ്ദേശം കൂടി സമര്‍പ്പിക്കുകയുണ്ടായി . അതിങ്ങനെയായിരുന്നു: “അല്ലാഹു തന്നെ യാണു ശരിയായ ദൈവമെന്നു ഞങ്ങള്‍ അംഗീകരിക്കുന്നു. കൂട്ടത്തില്‍ നമ്മുടെ പരംബരാഗത ദൈവങ്ങളെ അല്ലാഹുവിന്റെ യടുക്കല്‍ ശുപാര്‍ശ ചെയ്യാന്‍ ശക്തിയുള്ള ദേവതകളായെങ്കിലും കരുതിക്കൂടേ?“
ഈ നിര്‍ദ്ദേശം ന്യായമല്ലേ എന്ന തോന്നല്‍ മുഹമ്മദിന്റെ മനസ്സിലും പെട്ടെന്നു മിന്നി മറഞ്ഞു .അതൊരു വെളിപാടായി പുറത്തു വന്നു.!
“ലാത്തയെയും ഉസ്സയെയും നിങ്ങള്‍ കണ്ടില്ലേ?;മാനാത്ത എന്ന മൂന്നാമത്തെയും, അവയും ഉന്നതങ്ങളിളെ ദേവതകള്‍ തന്നെ, അവരുടെ ശുപാര്‍ശകളും അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടും”.
ഈ വെളിപാടു കേട്ടതോടെ സന്തോഷാധിക്യത്താല്‍ അവിടെ കൂടിയ വരെല്ലാവരും മുഹമ്മദിനോടൊപ്പം സുജൂദ് ചെയ്തു. മക്കായിലാകെ ശാന്തിയുടെയും സന്തോഷത്തിന്റെയും ആരവം മുഴങ്ങി. ഈ വാര്‍ത്ത കേട്ട് അബ്സീനിയയിലേക്കു നേരത്തെ പാലായനം ചെയ്തിരുന്ന മുസ്ലിംങ്ങള്‍ തിരിച്ചു പോന്നു. പക്ഷെ ഈ സന്തോഷം അധികകാലം നില നിന്നില്ല. ശിര്‍ക്കും തൌഹീദും തമ്മില്‍ ഇങ്ങനെയൊരു ഒത്തു തീര്‍പ്പുണ്ടായതോടെ മുഹമ്മദിനു ഭ്രാന്തുതന്നെയാണെന്ന നിഗമനം ശക്തി പ്രാപിക്കുകയാണുണ്ടായത്. ദൈവദൂതന്‍
ആകെ ആശയക്കുഴ്പ്പത്തിലായി. അദ്ദേഹത്തിന്റെ മനസ്സില്‍ വലിയ സംഘര്‍ഷങ്ങള്‍ അലയടിച്ചു.
വെളിപാടു പിന്നെയും വന്നു.; ലത്തയെയും മനാത്തയെയും പുകഴ്ത്തിക്കൊണ്ട് വെളിപാടിറക്കിയത് പിശാചായിരുന്നു എന്ന് മുഹമ്മദ് തിരിച്ചറിഞ്ഞു! ഈ സംഭവം ഇസ്ലാമിന്റെ ചരിത്രകാരന്മാര്‍ തന്നെ രേഖപ്പെടുത്തിയതാണ്.
ഖുറ് ആന്‍ മുഹമ്മദിന്റെ മനസ്സില്‍ അക്കാലത്തുണ്ടായ ചാഞ്ചാട്ടങ്ങളെ ഭംഗിയായി വരച്ചു വെച്ചിട്ടുമുണ്ട്.:
“നബിയെ, നിശ്ചയമായും നിനക്കു നാം വഹ്യ് നല്‍കീടുള്ളതില്‍നിന്നു അവര്‍ നിന്നെ തെറ്റിച്ചു കുഴപ്പത്തിലാക്കുമായിരുന്നു.;ഇതല്ലാത്തതു വല്ലതും നമ്മുടെ പേരില്‍ നീ കെട്ടിച്ചമക്കുവാന്‍ വേണ്ടി.എങ്കില്‍ അവര്‍ നിന്നെ ഒരു ചങ്ങാതിയാക്കുകയും ചെയ്യുന്നതാണ്.”
നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും,നീ അവരിലേക്കു ചാഞ്ഞു പോവുക തന്നെ ചെയ്യുമായിരുന്നു.
എങ്കില്‍ നിനക്കു ഞാന്‍ ജീവിതത്തിലെ ഇരട്ടി ശിക്ഷയും മരണത്തിലെ ഇരട്ടി ശിക്ഷയും ആസ്വദിപ്പിക്കുകയും ചെയ്യുന്നതാണ്. പിന്നെ നമുക്കെതിരെ നീ ഒരു സഹായിയെയും കണ്ടെത്തുകയില്ല.”[17:73-75]
പിശാചിന് ഈ പണി പണ്ടേ ഉണ്ടെന്നു പറഞ്ഞുകൊണ്ട് അല്ലാഹു നബിയെ സമാശ്വസിപ്പിക്കുകയും ചെയ്തു!
“നിനക്കു മുമ്പും, ഒരു റസൂലിനെയാകട്ടെ നബിയെയാകട്ടെ , നിയോഗിച്ചിട്ടില്ല.;അദ്ദേഹം ഓതുന്നതില്‍ പിശാച് ഇടപെട്ടുകൊണ്ടല്ലാതെ.; എന്നാല്‍ പിശാച് ഇട്ടു കളയുന്നതിനെ അല്ലാഹു ദുര്‍ബ്ബലപ്പെടുത്തുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.”[22:52]
മക്കയില്‍ സമാധാനം നില നിര്‍ത്താനും മുഹമ്മദിന്റെ യുക്തിഹീനമായ ചിന്തകളില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാനും നന്മയുള്ള
പിശാച് അന്നു നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടത് ചരിത്രത്തില്‍ സംഭവിച്ച ഒരു മഹാദുരന്തം തന്നെയായിരുന്നു. തന്നെ അങ്ങേയറ്റം സ്നേഹിക്കുകയും അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്ത മക്കയിലെ നല്ല മനുഷ്യരോട് മുഹമ്മദ് പിന്നീടു കാണിച്ച കൊടും ക്രൂരതകള്‍ മനസ്സാക്ഷിയുള്ള ആരെയും അമ്പരപ്പിക്കാതിരിക്കില്ല.!!
ഒരു സ്കൂളില്‍ രണ്ടു ഹെഡ്മാസ്റ്ററോ എന്നു ചോദിച്ച സുഹൃത്തുക്കളോട് വിനയപൂര്‍വ്വം ചോദിച്ചോട്ടേ. മക്കയിലെ കുറൈശികള്‍ അന്നു മുന്നോട്ടൂ വെച്ച നിര്‍ദ്ദേശത്തില്‍ എന്താണു തെറ്റ്? അല്ലാഹു പ്രധാന ദൈവമായിരിക്കെ തന്നെ മറ്റു ഗോത്രദൈവങ്ങളെക്കൂടി ആദരിക്കുകയും അവയും അല്ലാഹുവിന്റെ ഭാഗമാണെന്നു കരുതുകയും ചെയ്തിരുന്നെങ്കില്‍ യുദ്ധവും കൊലയും ഒഴിവാക്കാമായിരുന്നില്ലേ?
ഓരോസ്കൂളിലും ഓരോ ഹെഡ്മാസ്റ്റെര്‍മാരുണ്ടാകുന്നതില്‍ പ്രധാനമന്ത്രി അസൂയപ്പെടേണ്ടതുണ്ടോ?
ദൈവത്തെ ഓരോരുത്തരും അവരവര്‍ക്കു സങ്കല്‍പ്പിക്കാവുന്ന വിധത്തിലും താല്പര്യമുള്ള രീതിയിലും ആരാധിച്ചോട്ടേ എന്നു കരുതാനുള്ള വിശാലമനസ്കത നമുക്കും നമ്മുടെ ദൈവങ്ങള്‍ക്കും ഉണ്ടാകുന്നതല്ലേ നല്ലത്?
അതല്ല ;ദൈവത്തിനു ചില പ്രത്യേകരീതി മാത്രമേ സ്വീകാര്യമാകൂ എന്നാണെങ്കില്‍ ഈ ദൈവം ഇത്രയും ദുരൂഹതകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ചുകൊണ്ട് ആകശത്തിന്റെ മറവില്‍ ഒളിച്ചിരിക്കുന്നതെന്തിന്‍???