Infidels Blog Atheism കമ്യൂണിസവും നിരീശ്വരത്വവും എന്നു തുടങ്ങിയതാ?
Atheism

കമ്യൂണിസവും നിരീശ്വരത്വവും എന്നു തുടങ്ങിയതാ?

വിദ്യാഭ്യാസം വ്യഭിചാരക്കച്ചവടമാക്കിയ പള്ളിപട്ടക്കാരെയും ആത്മീയത വിറ്റു സ്വര്‍ഗ്ഗജീവിതം നയിക്കുന്ന ആള്‍ദൈവങ്ങളെയും ഒന്നു നിയന്ത്രിക്കാന്‍ നടന്ന ശ്രമങ്ങളെ വേണ്ട വിധം ചെറുക്കാന്‍ കഴിയാതെ നിരാശരായ മത ജാതി വൈതാളികരും ; അവരോടൊപ്പം കൂടിയാല്‍ അല്‍പ്പം മൈലേജുണ്ടാക്കാമെന്നു പാഴ്കിനാവു കാണുന്ന ചെന്നിത്തല കുഞ്ഞാലിക്കുട്ടിമാരും ബോധപൂര്‍വ്വം തട്ടിപ്പടച്ചുണ്ടാക്കിയതാണീ പാഠ വിവാദം.
ഇപ്പോള്‍ ഇവര്‍ വ്യാഖ്യാനിച്ചുണ്ടാക്കുന്നതുപോലെ നിരീശ്വരത്വവും കമ്മ്യൂണിസവും വ്യാഖ്യാനിക്കാന്‍ പറ്റുന്ന നിരവധി പാഠഭാഗങ്ങള്‍ ഇതിനു തൊട്ടു മുന്‍പത്തെ പുസ്തകങ്ങളിലും കണ്ടെത്താവുന്നതാണ്.

ഏഴാംക്ലാസിലെ തന്നെ സാമൂഹ്യ ശാസ്ത്ര പുസ്തകത്തില്‍ ഈ പാഠത്തിനു പകരമുണ്ടായിരുന്ന ‘അടുക്കളയില്‍ നിന്ന് അരംഗത്തേയ്ക്ക്’ എന്ന പാഠത്തില്‍ വിവിധ തരം വിവാഹച്ചടങ്ങുകളെ പരിചയപ്പെടുത്തിക്കൊണ്ട് ,ഏറ്റവും ശരിയായ ചടങ്ങ് റജിസ്റ്റര്‍ ആഫീസില്‍ വെച്ചു നടക്കുന്ന ലളിതമായ വിവാഹറജിസ്ട്രേഷന്‍ ആണെന്നു പഠിപ്പിച്ചിരുന്നു.
തുടര്‍ന്ന് ആ പാഠത്തില്‍ സ്ത്രീയും പുരുഷനും എല്ലാ മേഖലയിലും തുല്യരായിരിക്കണമെന്ന് ചര്‍ച്ച ചെയ്യുന്നു. ഈക്കാര്യത്തില്‍ ഗാന്ധിജിയുടെ ഉദ്ധരണിയുമുണ്ട് അനുബന്ധമായി.

സ്ത്രീയ്ക്കു പുരുഷന്റെ പകുതി അവകാശം മാത്രമേയുള്ളു എന്നു ശഠിക്കുന്ന ഇസ്ലാം മതത്തിനെതിരല്ലേ ഈ പാഠം? മതചടങ്ങുകളെക്കാള്‍ നല്ലത് മതേതരമായ റജിസ്റ്റര്‍ വിവാഹമാണെന്ന സന്ദേശം കുട്ടികള്‍ക്കു പകര്‍ന്നു കൊടുക്കുന്ന പാഠം മതവിരുദ്ധമല്ലേ?

ഇതൊന്നും സൂപ്പിയും ബഷീറും കാണാതിരുന്നതെന്തേ?

പാഠഭാഗത്തോടൊപ്പം അധികവായനക്കുവേണ്ടി നിര്‍ദ്ദേശിക്കുന്ന റഫറന്‍സുകളില്‍ മതനിരാസവും കമ്മ്യൂണിസവും കണ്ടെത്തുന്ന തിരക്കിലാണിപ്പോള്‍ യു ഡി എഫ് രാഷ്ട്രീയക്കാര്‍ . ഏ കെ ജി യുടെയും കെ ദാമോദരന്റെയും ബുക്കുകള്‍ റഫറന്‍സാക്കിയെന്നു പരാതിപ്പെടുന്നവര്‍ കഴിഞ്ഞകാലത്തെ പുസ്തകങ്ങളില്‍ ഇ എം എസിന്റെയും ചെറുകാടിന്റെയും മറ്റനേകം കമ്യൂണിസ്റ്റ് എഴുത്തുകാരുടെയും പുസ്തകങ്ങള്‍ റഫറന്‍സിനു നല്‍കിയിരുന്ന കാര്യം എന്തിനു കാണാതിരുന്നു? ഈ വിവാദത്തിലെ രാഷ്ട്രീയ പാപ്പരത്വം മനസ്സിലാക്കണമെങ്കില്‍ ഇപ്പോഴത്തെ പാഠപുസ്തകത്തോടൊപ്പം തൊട്ടു മുന്‍പത്തെ( സൂപ്പിയും ബഷീറും പഠിപ്പിച്ച)പാഠപുസ്തകങ്ങളും അനുബന്ധമായി റഫറന്‍സിനു നിര്‍ദ്ദേശിച്ച പുസ്തകങ്ങളും നിരത്തിവെച്ച് ഒരു താരതമ്യം നടത്തിയാല്‍ മതിയാകും.

ഏ കെജിയുടെ ബുക്ക് റഫര്‍ ചെയ്താല്‍ കുട്ടികള്‍ നിരീശ്വരവാദികളാകുമെന്ന് ഇപ്പോള്‍ വേവലാതി പറയുന്നവര്‍ , കേരളത്തിലെ നിരീശ്വരപ്രസ്ഥാനത്തിന്റെ സ്ഥാപക ആചാര്യന്മാരായ സഹോദരന്‍ അയ്യപ്പനെയും വിടി യെയും നേരിട്ടു പാഠപുസ്തകത്തില്‍ പരിചയപ്പെടുത്തിയിരുന്നത് എന്തേ കാണാതെ പോയത്? അഞ്ചാം ക്ലാസിലെ സാമൂഹ്യപാഠത്തില്‍ പഠിപ്പിച്ചിരുന്ന ‘പുതിയ സാമൂഹ്യ സൃഷ്ടിക്കായ്’ എന്ന പാഠം നോക്കുക. “ജാതി വേണ്ട , മതം വേണ്ട ,ദൈവം വേണ്ട മനുഷ്യന്”; എന്ന മുദ്രാവാക്യവുമായി കേരളത്തില്‍ യുക്തിവാദിപ്രസ്ഥാനത്തിനു തുടക്കം കുറിച്ച മഹാനാണ് സഹോദരന്‍ അയ്യപ്പന്‍ .അദ്ദേഹം 1917ല്‍ നടത്തിയ ‘മിശ്രഭോജനം’ ഈ പാഠത്തില്‍ പരിചയപ്പെടുത്തുന്നു. മിശ്രഭോജനത്തിന്റെ അടുത്ത പടിയായ മിശ്രവിവാഹം കൂടി ഏഴാം ക്ലാസിലും ഉള്‍പ്പെടുത്തി. നവോഥാനചരിത്രം നാലാം ക്ലാസില്‍തന്നെ തുടങ്ങുന്നു. അവിടെ അയ്യങ്കാളിയെയും നാരായണഗുരുവിനെയുമൊക്കെ കുട്ടികള്‍ക്കു പരിചയപ്പെടുത്തിക്കൊണ്ട് തുടങ്ങുന്ന ഈ പാഠം ഉയര്‍ന്ന ക്ലാസുകളില്‍ കൂടുതല്‍ വിപുലീകരിച്ചു നല്‍കുകയാണു ചെയ്യുന്നത്. അതുകൊണ്ട് ഏതെങ്കിലും ഒരു ക്ലാസിലെ ഒരു പാഠം മാത്രം വായിച്ച് അതില്‍ ഇന്നകാര്യങ്ങള്‍ ഇല്ല, എന്നും മറ്റും പരാതിപ്പെടുന്നത് വിവരക്കേടാണ്. ചെറിയ ക്ലാസില്‍ നല്‍കുന്നതിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് ഉയര്‍ന്ന ക്ലാസുകളില്‍ കൊടുക്കുന്നത് എന്നര്‍ത്ഥം.

ഇതൊക്കെ ജാതി സ്പര്‍ദ്ധ സൃഷ്ടിക്കാനാണെന്നു പറയുന്ന കേപീസീസി പ്രസിഡന്റിന്റെ നിലവാരമോര്‍ത്തു നമുക്കു ലജ്ജിക്കാം!

40 കൊല്ലം മുന്‍പ് നമ്മുടെ എട്ടാംക്ലാസ് സാമൂഹ്യപാഠത്തില്‍ അക്ബര്‍ചക്രവര്‍ത്തി ഒരു ഹിന്ദു സ്ത്രീയെ കല്യാണം കഴിച്ചതും ‘ദീനിലാഹി’ എന്ന പേരില്‍ ഹിന്ദു മുസ്ലിം സമന്വയം ലക്ഷ്യമാക്കി ഒരു മതം സ്ഥാപിച്ചതുമൊക്കെ പഠിപ്പിച്ചിരുന്നു. അന്നൊന്നും സ്കൂളില്‍ മതനിരാസം പഠിപ്പിക്കുന്നു എന്ന വിമര്‍ശനം ആരും ഉന്നയിച്ചതായി അറിവില്ല.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version