പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു. നിങ്ങള്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യുന്നുവെങ്കില്‍ അത് ഇതില്‍ നിന്ന് ഒഴിവാകുന്നു. അത് വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതാകുന്നു.[ 33:6]
ഇസ്ലാം ഒരു ‘മുഹമ്മദന്‍ കള്‍ട്ടാ’യി രൂപപ്പെട്ടത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്ന ഒരു സൂക്തമാണിത്. മക്കയില്‍ അല്ലാഹുവിന്റെ മഹത്വമായിരുന്നു വിഷയം. പക്ഷെ മദീനയില്‍ മുഹമ്മദ് അധികാരവും രാജപദവിയുമുള്ള പ്രവാചകനായതോടെ ദൈവം ഒരു പാടു ചെറുതാവുകയും നബി ദൈവത്തെക്കാള്‍ വലുതാവുകയും ചെയ്തു. യുദ്ധവേളകളില്‍ അനുയായികള്‍ സ്വന്തം ദേഹത്തെക്കാള്‍ നേതാവിന്റെ ദേഹത്തിനു പ്രാധാന്യം നല്‍കണം എന്നാണിവിടെ അതേ നേതാവിന്റെ നാക്കു വാടകയ്ക്കെടുത്തുകൊണ്ട് “ദൈവം” പറയുന്നത്. ഇതിന്റെ പ്രതിഫലനം ഇക്കാലത്തും മുസ്ലിംങ്ങള്‍ക്കിടയില്‍ പ്രകടമായിക്കാണാം. അല്ലാഹു അവര്‍ക്കു നിസ്സാരനായ ഒരു ദൈവം മാത്രമാണ്. അല്ലാഹുവിനെ വിമര്‍ശിച്ചാലും അവര്‍ പരിധി വിട്ടു പ്രകോപിതരാകാറില്ല. എന്നാല്‍ നബിയെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ ചാവേറുകളുടെ സ്വഭാവം പൂണ്ട് അക്രമാസക്തരാകും. അതീവ തന്ത്രശാലിയായിരുന്നു പ്രവാചകന്‍ .എത്ര സമര്‍ത്ഥമായാണ് അദ്ദേഹം തന്റെ വ്യക്തി താല്‍പ്പര്യങ്ങളെ ദൈവിക പരിവേഷം നല്‍കി സംരക്ഷിച്ചതെന്ന് ഈവാക്യവും ഇതേ അധ്യായത്തിലെ ഇതര വാക്യങ്ങളും ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചാല്‍ വ്യക്തമാകും.
ഈ ഖുര്‍ ആന്‍ സൂക്തത്തിനനുബന്ധമായി വന്ന ഏതാനും ഹദീസുകള്‍ കൂടി കാണുക:
നബി പറയുന്നു: “എന്റെ ദേഹം യാതൊരുവന്റെ കൈവശമാണോ അവന്‍ തന്നെ സത്യം! നിങ്ങളില്‍ ഒരാള്‍ക്കു അവന്റെ ദേഹത്തെക്കാളും അവന്റെ സ്വത്തിനെക്കാളും ,സന്താനത്തെക്കാളും ,എല്ലാ മനുഷ്യരെക്കാളും കൂടുതല്‍ ഇഷ്ടപ്പെട്ടവന്‍ ഞാന്‍ ആയിത്തീരുന്നതുവരെ അവന്‍ സത്യവിശ്വാസിയായിത്തീരുന്നതല്ല.”
ഉമര്‍ ഒരിക്കല്‍ തിരുമേനിയോടു പറഞ്ഞു: “എന്റെ ദേഹം ഒഴിച്ചു മറ്റെല്ലാവരെക്കാളും എനിക്കിഷ്ടപ്പെട്ടവന്‍ താങ്കളാകുന്നു. “ തിരുമേനി പറഞ്ഞു. ‘ഇല്ല ഉമറേ ; തനിക്കു തന്നെക്കാളും ഇഷ്ടപ്പെട്ടവന്‍ ഞാനായിരിക്കാതെ പറ്റില്ല.” അദ്ദേഹത്തിനു കാര്യത്തിന്റെ ഗൌരവം മനസ്സിലായി. അദ്ദേഹം പറഞ്ഞു: “ ദൈവദൂതരേ , അല്ലാഹുവാണ നിശ്ചയമായും താങ്കള്‍ എല്ലാവരെക്കാളും എനിക്കിഷ്ടപ്പെട്ടവനാകുന്നു; എന്റെ സ്വന്തം ദേഹത്തെക്കാള്‍ പോലും !” നബി പറഞ്ഞു: “ഇപ്പോള്‍ ശരിയാണ് ഉമറേ!”
നബി ഇപ്രകാരം പ്രസ്താവിച്ചതായി അബൂ ഹുറൈറ പറയുന്നു: “ഏതൊരു സത്യവിശ്വാസിയും തന്നെ, ഇഹത്തിലും പരത്തിലും , ഞാനവനോട് ഏറ്റവും ബന്ധപ്പെട്ടവനായി അല്ലാതില്ല; വേണമെങ്കില്‍ തെളിവായി ഈ വചനം [33:6]ഓതിക്കൊള്ളുക”
[ബുഖാരി, മുസ്ലിം തുടങ്ങിയ ആധികാരിക ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം ഈ ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്.]
പ്രവാചകന്റെ ഭാര്യമാരെല്ലാം സത്യവിശ്വാസികളുടെ മാതാക്കളാണെന്നുള്ള വാദം കൊണ്ടു വന്നതിന്റെ പശ്ചാത്തലം പിന്നീടു വരുന്നുണ്ട്. നബിയുടെ മരണശേഷം ആയിഷയെ താന്‍ കല്യാണം കഴിക്കും എന്ന് ഒരു ചെറുപ്പക്കാരന്‍ പറഞ്ഞതായി നബി കേട്ടറിഞ്ഞു. അതോടെയാണ് തന്റെ ഭാര്യമാരെല്ലാം നിങ്ങളുടെ മാതാക്കളാണ് എന്ന വെളിപാടുണ്ടായത്. ഭാര്യമാരൊക്കെ സത്യവിശ്വാസികളുടെ മാതാക്കളാണെങ്കില്‍, പ്രവാചകന്‍ സത്യവിശ്വാസികളുടെ പിതാവും ആകണ്ടേ? അതുണ്ടായില്ല.! പിന്നെ ‘മക്കളെ’ കല്യാണം കഴിക്കാന്‍ പറ്റില്ലല്ലോ!