ഏഷ്യാനെറ്റ് സംഘടിപ്പിച്ച ഒരു ചര്‍ച്ചയില്‍ “സ്ത്രീകളും അന്ധവിശ്വാസങ്ങളും” എന്ന വിഷയത്തെകുറിച്ചു പറഞ്ഞ ചില കാര്യങ്ങള്‍ അല്‍പ്പം വിശദീകരണത്തോടെ ഇവിടെ അവതരിപ്പിക്കാം
[പരിപാടിയുടെ ഒന്നാംഭാഗം അടുത്ത ഞായറാഴ്ച്ച (29-11-09) വൈകിട്ട് 6.30നും ചൊവ്വാഴ്ച്ച 5.30നും ന്യൂസ് ചാനലില്‍ കാണാം ]
അടി തൊട്ടു മുടി വരെയും അന്ധവിശ്വാസങ്ങളില്‍ ആണ്ടു കഴിയുന്ന ഒരു ജനതയാണു നമ്മുടേത്. സാധാരണക്കാര്‍ മാത്രമല്ല സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവരും ഇവിടെ മൂഡവിശ്വാസങ്ങളുടെ ഊന്നുവടികളെ ആശ്രയിക്കുന്നു. നമ്മുടെ നാടു ഗുണം പിടിക്കാത്തതിന്റെ അടിസ്ഥാന കാരണവും വേറെ അന്യേഷിക്കേണ്ടതില്ല.
നിധി കിട്ടാന്‍ മന്ത്രവാദിയുടെ നിര്‍ദ്ദേശമനുസരിച്ച് അയല്പക്കത്തെ കുഞ്ഞിനെ കഴുത്തറുത്ത് കാളിക്കു ബലി നല്‍കിയ ഡോക്ടര്‍ ദമ്പതികളുടെ നാടാണിത്. 13 നംബര്‍ കോടതിമുറി വേണ്ടെന്നു തീരുമാനിക്കുന്ന ഹൈക്കോടതി ജഡ്ജിമാരും, റോക്കറ്റ് വിക്ഷേപിക്കും മുമ്പ് ഹോമവും പൂജയും നടത്തുന്ന ശാസ്ത്രജ്ഞന്മാരും, ശാസ്ത്രസ്ഥാപനത്തിന്റെ മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ചയുടനെ ദൈവത്തിനു വാഴക്കുലയുമായി പോകുന്ന ശാസ്ത്രകാരനും, മകളുടെ കല്യാണത്തിനു ജാതകം നോക്കി ചൊവ്വാദോഷം കണ്ടു വ്യാകുലപ്പെടുന്ന ഫിസിക്സ് പ്രൊഫസറും, തെരഞ്ഞെടുപ്പില്‍ ശത്രു തോല്‍ക്കാന്‍ പൂ മൂടുന്ന കമ്യൂണസ്റ്റ് നേതാവും, പതിറ്റാണ്ടുകള്‍ക്കു മുമ്പു മരിച്ചു പോയ ഭാര്യയുമായി നിത്യവും “ചാറ്റ്” ചെയ്യുന്ന സുപ്രീം കോടതി ജഡ്ജിയായ ഇടതുപക്ഷബുദ്ധിജീവിയും, അസ്ഥിവൈകല്യം ധ്യാനകേന്ദ്രത്തിലെ കൂട്ടപ്രാര്‍ത്ഥന കൊണ്ടു സുഖപ്പെട്ടുവെന്ന് സാക്ഷ്യം പറയുന്ന അസ്ഥിരോഗവിദഗ്ധനായ ജില്ലാ മെഡിക്കല്‍ ഓഫീസറും, മുതുകില്‍നിന്നാണു ശുക്ലം വരുന്നതെന്നു സ്ഥാപിച്ച് കുര്‍ ആനിന്റെ ദൈവികത തെളിയിക്കാന്‍ പാടു പെടുന്ന അനാടമി വിദഗ്ധരുമൊക്കെ അരങ്ങു തകര്‍ക്കുന്ന ഒരു നാട്ടില്‍ പാവം സ്ത്രീകളെ മാത്രം അന്ധവിശ്വാസികളായി ചിത്രീകരിച്ചു ചര്‍ച്ച നടത്തുനതു തന്നെ നിരര്‍ത്ഥകമാണ്.
സ്ത്രീകള്‍ക്കു താരതമ്യേന അനുഭവങ്ങളും അറിവും യുക്തിചിന്ത വികസിക്കാനുള്ള മറ്റു സാഹചര്യങ്ങളും പുരുഷനെ അപേക്ഷിച്ചു കുറവായിരിക്കും . അതവരുടെ കുറ്റമല്ല. പുരുഷാധിപത്യ സമൂഹത്തില്‍ അതു സ്വാഭാവികമാണ്.
മറ്റൊരു ടി വി ചര്‍ച്ചയില്‍ സ്ത്രീയുടെ സ്വത്തവകാശത്തെ കുറിച്ചു പരാമര്‍ശിക്കവെ ഒരു മുസ്ലിം സ്ത്രീ പറഞ്ഞത് സ്ത്രീകളെ പുരുഷന്മാര്‍ സംരക്ഷിക്കുന്നതിനാല്‍ അവള്‍ക്കു സ്വത്തും മറ്റവകാശങ്ങളും ആവശ്യമില്ല എന്നായിരുന്നു. അടിമകളെ യജമാനന്മാര്‍ സംരക്ഷിക്കുന്നതിനാല്‍ അടിമയ്ക്കു പ്രത്യേകിച്ചൊരു അവകാശവും വേണ്ടതില്ല എന്ന് അടിമയെക്കൊണ്ടു തന്നെ പറയിപ്പിക്കാന്‍ ഉടമകള്‍ക്കു കഴിയുന്നു എന്നര്‍ത്ഥം. അതാണു വിശ്വാസത്തിന്റെ ഒരു ശക്തി. അതു മനുഷ്യന്റെ അടിസ്ഥാന ചിന്താശേഷിയെ പൂര്‍ണമായും മരവിപ്പിക്കുന്നതിന്റെ ദൃഷ്ടാന്തമാണിത്.
അനുഭവങ്ങളാണു തങ്ങളെ വിശ്വാസികളാക്കി നില നിര്‍ത്തുന്നത് എന്നും താന്‍ ദൈവത്തെ നേരില്‍ കണ്ടിട്ടുണ്ടെന്നുമൊക്കെ ചിലര്‍ ചര്‍ച്ചയില്‍ പറയുകയുണ്ടായി.
അന്ധവിശ്വാസികള്‍ തങ്ങളുടെ എല്ലാ അനുഭവങ്ങളെയും വിശ്വാസത്തിനു യോജിക്കും വിധം വ്യാഖ്യാനിച്ചൊപ്പിക്കുകയാണു ചെയ്യുന്നത്. വിശ്വാസത്തിനെതിരായുള്ള പ്രത്യക്ഷ അനുഭവങ്ങളെപ്പോലും അവര്‍ വ്യാഖ്യാനിച്ചു വിശ്വാസത്തിനനുകൂലമാക്കും. അനുകൂലമെന്നു വ്യാഖ്യാനിക്കാവുന്ന വല്ല അപൂര്‍വ്വാനുഭവവുമുണ്ടായാലാകട്ടെ ആയിരം മടങ്ങു പൊടിപ്പും തുങ്ങലും വെച്ചു പ്രചരിപ്പിക്കുകയും ചെയ്യും.
അന്ധവിശ്വാസങളുടെ അര്‍ത്ഥശൂന്യത വെളിവാക്കുന്ന എത്രയോ അനുഭവങ്ങള്‍ നമുക്കു മുമ്പിലുണ്ട്. ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം:
അഞ്ചര കൊല്ലം മുമ്പു നടന്ന പാര്‍ളമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനു തൊട്ടു മുമ്പ് കേരളത്തിലെ ഏറ്റവും പ്രമുഖരായ ഏതാനും ജ്യോത്സ്യന്മാര്‍ പത്രസമ്മേളനം വിളിച്ച് ഒരു പ്രവചനം നടത്തുകയുണ്ടായി. രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളുമൊക്കെ പൊതുവെ ആ തെരഞ്ഞെടുപ്പില്‍ ബി ജെ പി മുന്നണി അധികാരത്തില്‍ വരും എന്നായിരുന്നു നിരീക്ഷിച്ചിരുന്നത്. ഈ സാഹചര്യത്തിലാണു ജ്യോത്സ്യരുടെ പ്രവചനവും. ബി ജെ പി അധികാരത്തില്‍ വരുമെന്നു മാത്രമല്ല സോണിയാ ഗാന്ധിക്കും കോണ്‍ഗ്രസ്സിനും “കാലക്കേടാ”ണെന്നും അവര്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ യു ഡി എഫ് 12 സീറ്റില്‍ ജയിക്കും എന്നായിരുന്നു പ്രവചനം. സംഭവിച്ചതോ? ജ്യോത്സ്യന്മാരുടെ “കാലക്കേടാണു” വെളിപ്പെട്ടത്. 100 ശതമാനവും പൊളിഞ്ഞു പാളീസായ ഈ ജ്യോത്സ്യം പക്ഷെ ഒരു പോറലും ഏല്‍ക്കാതെ ഇന്നും നിലനില്‍ക്കുന്നു. കാരണം വിശ്വാസികള്‍ അതിനും എന്തെങ്കിലും ഞൊണ്ടി ന്യായം കണ്ടെത്തുകയേഉള്ളു.
പ്രമുഖനായ ഒരു ചാനല്‍ ജ്യോത്സ്യന്‍ തന്റെ മകളെ കാണാതായപ്പോള്‍ പോലീസിന്റെ സഹായം തേടിയതും നാം കണ്ടതാണ്. മറ്റാരെ കാണാതായാലും കവടി നിരത്തി കണ്ടെത്തിക്കൊടുക്കുന്ന ഈ ജ്യോത്സ്യപ്രമാണിക്കു തന്റെ സ്വന്തം മകളെ കണ്ടത്താന്‍ പോലീസ് വേണ്ടി വന്നതെന്തുകൊണ്ട് എന്നാരും ചോദിച്ചില്ല.
മലപ്പുറം ജില്ലയിലെ ഒരു പ്രധാന ആള്‍ദൈവം ഇതു പോലെ തന്റെ വീട്ടില്‍ നിന്നും റബ്ബറ് കളവു പോയപ്പോള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്യേഷിച്ചു കള്ളനെ പിടിച്ചപ്പോള്‍ അത് ആള്‍ദൈവത്തിന്റെ വീട്ടിലെ ജോലിക്കാരന്‍ തന്നെയായിരുന്നു. സ്വന്തം വീട്ടിലെ പണിക്കാരന്‍ കളവു നടത്തിയിട്ടും അതു കണ്ടു പിടിക്കാനാവാത്ത ഈ ദൈവത്തിന്റെ സിദ്ധിയിലും ആര്‍ക്കും സംശയമുണ്ടായില്ല.
മലപ്പുറം ജില്ലയിലെ മറ്റൊരു അനുഗ്രഹീത തറവാടാണല്ലോ പാണക്കാട്ടെ തങ്ങള്‍വീട്. അവിടെയുള്ള തങ്ങന്മാരെല്ലാം അല്‍ഭുത സിദ്ധിയുള്ളവരാണ്. ഏതു മാറാരോഗവും നൂലും വെള്ളവും മന്ത്രിച്ച് മാറ്റിക്കൊടുക്കുന്ന ഈ തറവാടിലെ കാരണവര്‍ തങ്ങള്‍ക്കു രോഗം വന്നപ്പോള്‍ അദ്ദേഹം അമേരിക്കയിലേക്കു പറക്കുന്നതാണു നമ്മള്‍ കണ്ടത്. അവിടെ ലഭ്യമായ ഏറ്റവും ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി വൈദ്യ ശാസ്ത്രത്തിന്റെ സഹായത്തോടെ അദ്ദേഹം രോഗശാന്തി നേടി തിരിച്ചെത്തി. എന്തേ സ്വന്തം രോഗത്തിനു നൂലും മന്ത്രവും ഫലിക്കില്ലേ എന്നാരെങ്കിലും ചോദിച്ചോ?
ശബരിമല നട തുറന്നതേയുള്ളു. അയ്യപ്പഭക്തര്‍ അപകടത്തില്‍ പെട്ടു മരിച്ച വാര്‍ത്ത വന്നു തുടങ്ങി. ശരണം വിളിച്ചുകൊണ്ട് രക്ഷ തേടി തന്റെ സന്നിധാനത്തിലേക്കു പുറപ്പെടുന്ന ഭകതരെപ്പോലും ഈ ദൈവങ്ങള്‍ക്കൊന്നും രക്ഷിക്കാന്‍ കഴിയുന്നില്ല. മക്കയിലേക്കും വേളാങ്കണ്ണിയിലേക്കുമൊക്കെ പുറപ്പെടുന്ന ഭക്തര്‍ക്കും ഈ അനുഭവമുണ്ടാകുന്നു. അതിനും വിശ്വാസികള്‍ക്കു ന്യായീകരണങ്ങള്‍ പറയാനുണ്ട്. വ്രതശുദ്ധി പോരാത്തതുകൊണ്ടണെന്ന് പറയാം. പക്ഷെ അതാരെങ്കിലും പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ? വ്രതശുദ്ധിയോടെ പോകുന്നവര്‍ക്കൊന്നും അപകടം സംഭവിക്കുന്നില്ലേ? ശുദ്ധിയില്ലാതെ പോകുന്നവര്‍ക്കൊക്കെ അപകടം സംഭവിക്കുന്നുണ്ടോ?
അന്ധവിശ്വാസികള്‍ തങ്ങളുടെ അനുഭവങ്ങളെ എങ്ങനെയാണു സാമാന്യവല്‍ക്കരിക്കുന്നതെന്നതിനു ചില ഉദാഹരണങ്ങള്‍ പറയാം.
കൂത്തുപറമ്പിലെ ഒരു സുഹൃത്ത് പറഞ്ഞ അനുഭവം നോക്കൂ: അദ്ദേഹത്തിന്റെ ചേടത്തിയമ്മ ഒരിക്കല്‍ ബസ്സപകടത്തില്‍ പെട്ടു കൈ ഒടിഞ്ഞു. അതു സുഖപ്പെട്ട് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഓട്ടോറിക്ഷ മറിഞ്ഞു പരിക്കു പറ്റി. ആശുപത്രിയില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തിയ ഉടനെ ആ സ്ത്രീ ചെയ്തത് അവരുടെ ഒരു സാരി യെടുത്ത് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായരുന്നു. കാരണം ഈ രണ്ട് അപകടവും നടക്കുമ്പോള്‍ അവര്‍ ആ സാരിയാണ് ഉടുത്തിരുന്നത്. അപകടകാരണം ആ സാരിയാണെന്നവര്‍ വിശ്വസിച്ചു . ! ആ അപകടങ്ങളില്‍ വേറെയും ചിലര്‍ക്കു പരിക്കു പറ്റിയിരുന്നു. ഈ സാരി കാരണം നിരപരാധികളായ മറ്റുള്ളവര്‍ക്കും പരിക്കു പറ്റി.! പാവം സാരി ! അതു വല്ലതും അറിഞ്ഞു കാണുമോ?
മറ്റൊരനുഭവം ഇങ്ങനെ: ഒരു അധ്യാപകന്‍ പുതിയ വീടു വെച്ചു. പാലുകാച്ചലിനു മുഹൂര്‍ത്തം നോക്കി. പെട്ടെന്നു നടത്തണമെന്നു ജ്യോത്സ്യന്‍ പറഞ്ഞതിനാല്‍ ഒരുക്കങ്ങള്‍ ധൃതി പിടിച്ചു നടത്തി . അതുമായി ബന്ധപ്പെട്ടുള്ള പരക്കം പാച്ചിലില്‍ അദ്ദേഹം സ്കൂട്ടറില്‍ നിന്നു വീണു കയ്യൊടിഞ്ഞു. ടെന്‍ഷനായിരുന്നു യഥാര്‍ത്ഥത്തില്‍ കാരണം. പക്ഷെ പാവം വീട് പ്രതിയായി. ആ വീട്ടില്‍ ഇനി താമസിക്കേണ്ട എന്നായിരുന്നു തീരുമാനം. !
എന്തെങ്കിലും അനിഷ്ട സംഭവം നടന്നാല്‍ ഉടനെ അന്ധവിശ്വാസി ചിന്തിക്കുക അന്നത്തെ കണി കണ്ടതാരെയായിരുന്നു ; അന്നു പൂജ തെറ്റിച്ചോ ; ശകുനം നോക്കിയതു പിഴച്ചോ എന്നൊക്കെയാവും. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം എന്തെന്നന്യേഷിച്ച് അതാവര്‍ത്തിക്കാതിരിക്കനാണു ശാസ്ത്രബോധമുള്ളവര്‍ ശ്രദ്ധിക്കുക. അവര്‍ക്കേ ജീവിതത്തില്‍ വിജയം വരിക്കാനാവൂ. അന്ധവിശ്വാസികള്‍ക്ക് ഒരിക്കലും മനസ്സമാധാനം ലഭിക്കുകയില്ല.