Infidels Blog Atheism ആള്‍ദൈവങ്ങള്‍ക്കു വിപണിയൊരുക്കുന്നതാര് ?
Atheism

ആള്‍ദൈവങ്ങള്‍ക്കു വിപണിയൊരുക്കുന്നതാര് ?

ഒന്നുരണ്ട് ആള്‍ദൈവങ്ങള്‍ പിടിക്കപ്പെട്ടതോടെ സിദ്ധന്‍ മാര്‍ക്കു മാര്‍ക്കറ്റിടിവുണ്ടാക്കുന്ന വിധത്തിലുള്ള പ്രചാരണങ്ങള്‍ ചില മാധ്യമങ്ങള്‍ ഏറ്റെടുത്തതായി കാണുന്നു. സിദ്ധന്മാരായ ചില വ്യക്തികളെ മാത്രം കുറ്റപ്പെടുത്തുന്നതിലാണു പലരും ശ്രദ്ധ കേന്ദ്രീകരിചട്ടുള്ളത്. എന്നാല്‍ ഇത് ആള്‍ദൈവങ്ങള്‍ ചമയുന്ന വ്യക്തികളെ മാത്രം ഒറ്റപ്പെടുത്തി നിര്‍ത്തി വിശകലനം ചെയ്യേണ്ട ഒരു വിഷയമാണോ?
ഒരുപാടു മദ്യപാനികള്‍ വസിക്കുന്നേടത്ത് ഒരു മദ്യഷാപ്പുണ്ടാകുന്നതും ഇറച്ചി തിന്നുന്ന ധാരാളം പേരുള്ള ഗ്രാമത്തില്‍ ഒരറുവുശാല വരുന്നതും സ്വാഭാവിക മെന്നപോലെ അന്ധവിശ്വാസികള്‍ തിങ്ങി പ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ജ്യോത്സ്യരും മന്ത്രവാദികളും ആള്‍ദൈവങ്ങളുമൊക്കെ വന്നു കച്ചവടം തുടങ്ങുന്നതും സ്വാഭാവികമാണ്. ലാഭക്കൊതി കൂടിയ കച്ചവടക്കാര്‍ കൂടുതല്‍ കള്ളത്തരങ്ങള്‍ ചെയ്യും. ബുദ്ധിപൂര്‍വ്വം കച്ചവടം കൊഴുപ്പിക്കാന്‍ സാമര്‍ത്ഥ്യമുള്ളവര്‍ ഉപഭോഗ്താക്കളെ സന്തോഷിപ്പിക്കാനും കൂടുതല്‍ പരസ്യം ലഭിക്കാനും വേണ്ട തന്ത്രങ്ങള്‍ ആവിഷ്കരിക്കും. അതില്‍ വിജയിക്കുന്നവര്‍ കുത്തകകളായി വളരും.
അന്ധവിശ്വാസങ്ങള്‍ക്ക് അതി വിപുലമായ വിപണനസാധ്യതയുള്ള നാടാണു നമ്മുടേത്. അതുകൊണ്ടു തന്നെ എല്ലാതരം കച്ചവടക്കാരും തട്ടിപ്പുകാരും അതു വിറ്റു കാശാക്കുന്നു. ഈ കച്ചവടങ്ങളില്‍ പരോക്ഷമായി പങ്കു ചേര്‍ന്നു ലാഭം കൊയ്യുന്നവര്‍ വേറെയുമുണ്ട്.
അന്ധവിശ്വാസക്കച്ചവടത്തിലെ കൂട്ടു കച്ചവടക്കാര്‍ ആരൊക്കെ?

1. മാധ്യമങ്ങള്‍ :
ജ്യോത്സ്യന്മാര്‍ക്കും കുട്ടിച്ചാത്തന്മാര്‍ക്കും സിദ്ധിദൈവങ്ങള്‍ക്കും മാര്‍ക്കറ്റൊരുക്കുന്നതിലും അവരുടെ വിപണി കൊഴുപ്പിക്കുന്നതിലും ഏറ്റവും പ്രധാന പങ്ക് മാധ്യമങ്ങള്‍ക്കവകാശപ്പെട്ടതാണ്. ഇക്കൂട്ടരുടെ കമ്മീഷന്‍ ഏജന്റുമാരായി പത്രങ്ങളും ചാനലുകളും വര്‍ത്തിക്കുന്നു. ആള്‍ദൈവങ്ങളുടെ ജന്മദിനങ്ങള്‍ക്കും മറ്റു വിശേഷങ്ങള്‍ക്കുമെല്ലാം മുഴുപ്പേജ് ഫീച്ചറുകല്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ഈ കച്ചവടത്തില്‍ പത്രങ്ങള്‍ കൂട്ടുകച്ചവടം നടത്തുന്നു. ഇപ്പോള്‍ സന്തോഷ് മാധവന്റെയും വെടിവെപ്പു സ്വാമിയുടെയുമൊക്കെ കഥകള്‍ പറഞ്ഞുകൊണ്ട് മുഖപ്രസംഗവും ലേഖനങ്ങളുമെഴുതുന്ന നമ്മുടെ മുഖ്യധാരാ പത്രങ്ങളുടെ അതേ പേജുകളുടെ മുക്കും മൂലയും പരിശോധിച്ചാല്‍ സിദ്ധന്‍-ചാത്തന്‍ പരസ്യങ്ങള്‍ കാണാം. മദ്യത്തിന്റെയും സിഗരറ്റിന്റെയും പരസ്യങ്ങള്‍ക്കു നിരോധനമുള്ള നമ്മുടെ നാട്ടില്‍ തട്ടിപ്പുകാരുടെ പരസ്യങ്ങള്‍ക്കു വിലക്കില്ല. [ മഹാരാഷ്ട്ര ഗവണ്മെന്റ് അന്ധവിശ്വാസത്തട്ടിപ്പുകളും പരസ്യങ്ങളും അടുത്തകാലത്തു നിരോധിച്ചിട്ടുണ്ട്]

2.രാഷ്ട്രീയനേതാക്കള്‍ :
ഈയിടെ പിടിക്കപ്പെട്ട കള്ളസാമിമാരുടെപോലും ചങ്ങാതിപ്പട്ടികയില്‍ ‍ നമ്മുടെ ഇടതു വലതു നേതാക്കന്മാരുണ്ടെന്ന കാര്യം അങ്ങാടിപ്പാട്ടായിരിക്കുകയാണല്ലോ. മാനം മുട്ടി വളര്‍ന്ന ആള്‍ദൈവങ്ങളുടെ ആശ്രമങ്ങളില്‍ കയറി നിരങ്ങാത്ത എത്ര നേതാക്കളുണ്ട് നമുക്ക്? നിയമം കയ്യിലെടുക്കാനും നിയമത്തിനതീതരായി വിലസാനും ഈ ആള്‍ദൈവങ്ങള്‍ക്കു സാധ്യമാകുന്നത് ഈ രാഷ്ട്രീയകരുടെ ഒത്താശയുള്ളതുകൊണ്ടല്ലേ?

3.പോലീസും മറ്റുദ്യോഗസ്ഥരും:ആത്മീയത്തട്ടിപ്പു കേന്ദ്രങ്ങള്‍ക്കെല്ലാം ഉയര്‍ന്ന പോലീസുദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ട്. അവര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെല്ലാം കൂട്ടുനില്‍ക്കുന്നത് ഉന്നതന്മാരായ ഈ നിയമപാലകരാണ്. ക്രിമിനലുകളും ആള്‍ദൈവങ്ങളും രാഷ്ട്രീയക്കാരും പോലീസും ചേര്‍ന്ന ഒരു അധോലോക മാഫിയ തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സിദ്ധന്മാരുടെ ഭക്തരില്‍ ഏറെയും ഇത്തരം ക്രിമിനലുകളാണ്. അവരുടെ കാര്യം വി ഐ പികളും പോലീസുകാരുമായി ബന്ധിപ്പിച്ച് പരിഹരിച്ചുകൊടുക്കുകയാണു ദൈവങ്ങളുടെ പ്രധാന ‘സേവന’ങ്ങളിലൊന്ന്!

4.ഭരണകൂടം.
ഒരു ജനാധിപത്യ മതേതര പരിഷ്കൃത രാജ്യത്തിന്റെ ഭരണകൂടത്തിനു ജനങ്ങളുടെ സാംസ്കാരികമായ നിലവാരം ഉയര്‍ത്താന്‍ ചുമതലയുണ്ട്. നമ്മുടെ ഭരണഘടനയിലും പൌരന്റെ കടമകള്‍ വിശദീകരിക്കുന്നേടത്ത് ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുമുണ്ട്. ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കാന്‍ വേണ്ട പ്രവര്‍ത്തങ്ങളിലേര്‍പ്പെടുക എന്നതു പൌരന്റെ കടമയാണ്. എന്നാല്‍ ഭരണകൂടം തന്നെ നേരിട്ട് അന്ധവിശ്വാസങ്ങള്‍ക്കു പ്രചാരണവും അംഗികാരവും കൊടുക്കുന്ന അശ്ലീലക്കാഴ്ച്ചയാണു നമ്മുടെ രാജ്യത്തു കാണാന്‍ കഴിയുന്നത്. സര്‍ക്കാര്‍ മാധ്യമങ്ങള്‍ തന്നെ നിരന്തരമായി മൂഡവിശ്വാസപ്രചരണം നടത്തിയതിന്റെ ദുരന്ത ഫലങ്ങളാണു നാമിന്നനുഭവിക്കുന്നത്.

5. യുക്തിബോധമില്ലാത്ത ജനത.

കാള പെറ്റെന്നു കേട്ടാല്‍ ഉടനെ കയറെടുക്കുന്ന ക്ഷിപ്രവിശ്വാസികളാണു നമ്മുടെ വിദ്യാസമ്പന്നര്‍ പോലും. സമൂഹത്തിലെ ഉന്നതന്മാരായി അറിയപ്പെടുന്നവര്‍ പോലും നാലാംകിട തട്ടിപ്പുകാരുടെ ചെപ്പടികള്‍ കണ്ടു മയങ്ങി അവര്‍ക്കു പണവും പ്രസിദ്ധിയും വര്‍ദ്ധിപ്പിക്കുന്നു. അപ്പോള്‍ പിന്നെ സാധാരണക്കാരുടെ കാര്യം പറയണോ?
യുക്തിചിന്താപരമായ ബുദ്ധിവികാസത്തിനു സഹായകമായ വിദ്യാഭ്യാസം കുട്ടികള്‍ക്കു നല്‍കുകയും ശാസ്ത്രീയമനോഭാവം പ്രചരിപ്പിക്കുന്ന സാംസ്കാരികപ്രവര്‍ത്തനങ്ങല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം അന്ധവിശ്വാസത്തട്ടിപ്പുകളും പ്രചാരണങ്ങളും തടയാന്‍ നിയമനിര്‍മ്മാണം നടത്തുകയും വേണം. ഇക്കാര്യത്തില്‍ പുരോഗമനം നടിക്കുന്ന ഇടതുപക്ഷഭരണക്കാരുടെ പോലും നിലപാടുകള്‍ ആശാവഹമല്ലെന്നതാണു യാഥാര്‍ത്ഥ്യം.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version