Infidels Blog Islam Quran പ്രപഞ്ചഘടന; ശാസ്ത്രം എന്തു പറയുന്നു?
Islam Quran Quran & Science

പ്രപഞ്ചഘടന; ശാസ്ത്രം എന്തു പറയുന്നു?

12700 കിലോമീറ്റര്‍ വ്യാസവും 40000 കിലോമീറ്റര്‍ ചുറ്റളവുമുള്ള നമ്മുടെ ഭൂഗോളത്തിന് ഈ വിശാല ബ്രഹ്മാണ്ഡത്തില്‍ ഒരു മണല്‍തരിയുടെ സ്ഥാനം പോലുമില്ലെന്നും നമുക്ക് ഉണ്മയും ഊര്‍ജ്ജവും നല്‍കുന്ന സൂര്യനക്ഷത്രത്തിന് 13 ലക്ഷം ഭൂമികള്‍ കൂട്ടിവെച്ചത്ര വ്യാപ്തമുണ്ടെന്നും നമുക്കിന്നറിയാം. ഭൂമിയുടെ 11 മടങ്ങ് വ്യാസവും 300 മടങ്ങ് ദ്രവ്യമാനവുമുള്ള വ്യാഴം ഉള്‍പ്പെടെ സൌരയൂഥത്തിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ലഘുഗ്രഹങ്ങളും ഉല്‍ക്കാശിലകളുമെല്ലാം ചേര്‍ന്നാലും സൂര്യപിണ്ഡത്തിന്റെ ഒരു ശതമാനം പോലും വരില്ലെന്നും നാം മനസ്സിലാക്കുന്നു. സൂര്യനില്‍ നിന്നും പ്രകാശത്തിനു 15 കോടി കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഭൂമിയിലെത്താന്‍ വെറും 8 മിനിറ്റ് സമയമേ വേണ്ടൂ. സെക്കന്റില്‍ ഏതാണ്ട് 3ലക്ഷം കിലോമീറ്റരാണ് പ്രകാശത്തിന്റെ സഞ്ചാരവേഗത.

മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന ഒരു വിമാനത്തില്‍ നാം സൂര്യനിലേക്ക് ഒരു യാത്ര പുറപ്പെടുന്നുവെന്ന് സങ്കല്‍പ്പിക്കുക. അവിടെ എത്താന്‍ 17 വര്‍ഷം വേണ്ടി വരും! ഈയിടെ സൌരത്തറവാട്ടില്‍നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടൊയിലേക്ക് അതേ വാഹനത്തില്‍ ഒരു വിനോദയാത്രകൂടിയാവാമെന്നു വെച്ചാലോ; 600 കൊല്ലത്തെ യാത്ര വേണ്ടി വരും.
സൂര്യന്റെ ഏറ്റവും ‘അടുത്ത’ കൂട്ടുകാരനായ ആള്‍ഫാ സെന്റോറി എന്ന നക്ഷത്രത്തിലേക്ക് വെറും നാലു പ്രകാശവര്‍ഷമേ ദൂരമുള്ളു. ഭൂമിയില്‍നിന്ന് നമുക്ക് ആ നക്ഷത്രത്തെ ‘ഇപ്പോള്‍ ’ കാണണമെങ്കില്‍ നാം നാലു കൊല്ലം കഴിഞ്ഞു നോക്കിയാല്‍ മതി എന്നര്‍ത്ഥം . ആ നക്ഷത്രത്തിനടുത്തുള്ള ഒരു ഗ്രഹത്തില്‍നിന്ന് ഒരാള്‍ ഭൂമിയിലുള്ള തന്റെ കൂട്ടുകാരനെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നു എന്നു സങ്കല്‍പ്പിക്കുക. പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന റേഡിയോ സന്ദേശം ഇവിടെയെത്താന്‍ നാലു കൊല്ലം പിടിക്കും. ഹലോ എന്നു വിളിച്ചാല്‍ തിരിച്ചുള്ള മറുപടി ഹലോ കേള്‍ക്കാന്‍ അയാള്‍ 8കൊല്ലം കാത്തിരിക്കേണ്ടി വരും! നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രത്തിന്റെ കഥയാണിത്.

സൂര്യനുള്‍പ്പെടെ 1000 കോടിയില്പരം നക്ഷത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു താരകുടുംബമാണു നമ്മുടെ ഗ്യാലക്സിയായ ആകാശഗംഗ. ഒരു നെയ്യപ്പത്തിന്റെ ആകൃതിയില്‍ ചിതറിക്കിടക്കുന്ന ഈ നക്ഷത്രസമൂഹത്തിന്റെ വ്യാസം ഒരു ലക്ഷം പ്രകാശവര്‍ഷമണെന്നു കണക്കാക്കിയിരിക്കുന്നു. അതായത് ഇതിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കു വെളിച്ചത്തിനു പാഞ്ഞെത്താന്‍ ഒരു ലക്ഷം കൊല്ലം വേണമെന്ന്! ഇത് നമ്മുടെ ഗ്യാലക്സിയുടെ മാത്രം കാര്യം. എന്നാല്‍ ശക്തമായ ടെലസ്കോപ്പുകളുടെ ദൃശ്യസീമയില്‍ ചുരുങ്ങിയത് 1000കോടി ഗ്യാലക്സികളെങ്കിലും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതില്‍ നമ്മുടെ തൊട്ടയലത്തുള്ള ഗ്യാലക്സിയിലേക്ക് 10 ലക്ഷം പ്രകാശവര്‍ഷം ദൂരമുണ്ടെന്നും പറയപ്പെടുന്നു!

ഇ‍പ്പോള്‍ നാം ആകാശത്തു നോക്കി കണ്ടുകൊണ്ടിരിക്കുന്നത് ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ്-നമ്മുടെ ഭൂമിയും സൂര്യനും നമ്മളുമൊക്കെ ജന്മം കൊള്ളുന്നതിനും എത്രയോ മുന്‍പ്- ആകാശത്തു നടന്ന സംഭവങ്ങളുടെ ‘തത്സമയദൃശ്യങ്ങള്‍ ’ ആണെന്നു ചുരുക്കം!! ഇപ്പോള്‍ അവിടെ എന്തു നടക്കുന്നു എന്നറിയാന്‍ നാം 10 ലക്ഷം വര്‍ഷം കഴിഞ്ഞു ടെലസ്കോപ്പ് എടുത്താല്‍ മതിയാകും.

അനന്ത പ്രപഞ്ചത്തിന്റെ അതിരു തേടിയുള്ള മനുഷ്യന്റെ ശാസ്ത്രീയാന്യേഷണങ്ങളാണ് ഇത്രയൊക്കെ വിവരങ്ങള്‍ നമുക്ക് നേടിത്തന്നത്. ഇതൊക്കെ എല്ലാവരും വിശ്വസിക്കണമെന്ന നിര്‍ബ്ബന്ധമൊന്നും ശാസ്ത്രത്തിനില്ല. വിശ്വസിക്കുന്നവര്‍ക്കായി പ്രത്യേക പാരിതോഷികങ്ങളോ ഭോഗശാലകളോ ഒരുക്കിവെക്കുകയും അവിശ്വസിക്കുന്നവരെ തീക്കുണ്ഡത്തിലിട്ടു ദണ്ഡിക്കുകയും ചെയ്യുമെന്നൊന്നും ശാസ്ത്രം ജല്‍പ്പിക്കുന്നുമില്ല. നമുക്കും നമ്മുടെ വരും തലമുറകള്‍ക്കും ഈ അറിവുകളെ പ്രയോജനപ്പെടുത്തി ജീവിത സൌകര്യങ്ങള്‍ മെച്ചപ്പെടുത്താമെന്നു മാത്രം.

അറിവു നേടാന്‍ ശാസ്ത്രം അവലംബിക്കുന്ന രീതി ശരിയാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ ബോധ്യപ്പെടുന്നതിനാല്‍ ശാസ്ത്രത്തെ ആര്‍ക്കും അവിശ്വസിക്കേണ്ടി വരുന്നില്ല. പ്രപഞ്ചത്തെക്കുറിച്ച് ഇന്നു വരെ നേടിയ അറിവുകള്‍ മനുഷ്യനെ ഒട്ടും തന്നെ അഹങ്കാരിയാക്കുന്നില്ല. മറിച്ച് അറിയാനിരിക്കുന്ന രഹസ്യങ്ങളുടെ ബാഹുല്യം അവനെ കൂടുതല്‍ വിനയാന്യുതനാക്കുകയാണു ചെയ്യുന്നത്. മനുഷ്യബുദ്ധിയുടെ പരിമിതികളെക്കുറിച്ച് യുക്തിചിന്തകരായ ശാസ്ത്രജ്ഞര്‍ ബോധവാന്മാരുമാണ്.
അതേ സമയം ഉല്‍പ്പത്തി തൊട്ട് അന്ത്യപ്രളയം വരേക്കുള്ള എല്ലാ അറിവും തങ്ങളുടെ കിതാബുകളിലുണ്ടെന്നു മേനി നടിക്കുന്ന മതവക്താക്കളാണ് സ്വന്തം പരിമിതികളെ അംഗീകരിക്കാതെ ‘അദൃശ്യജ്ഞാന’ത്തിന്റെ പേരില്‍ അഹങ്കരിക്കുന്നത്.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version