താങ്കളെയും തസ് ലീമ നസ്രീനിനെയും പോലുള്ളവര്‍ സമുദായത്തിന്റെ വികാരങ്ങളെ മുറിപ്പെടുത്തി അതില്‍ നിന്ന് മുതലെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്നവരായെ എനിക്ക് തോന്നിയിട്ടുള്ളൂ. സലാഹുദ്ദീന്റെ കമന്റില്‍ നിന്ന്.
സ്വന്തം ജീവന്‍ ബലി നല്‍കാന്‍ ഒരുങ്ങിക്കൊണ്ട്, വേദനയും പീഡനവും അനുഭവിക്കുന്ന മനുഷ്യര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന മനുഷ്യസ്നേഹികളെ, അവര്‍ തങ്ങളുടെ മതം വിശ്വസിക്കുന്നില്ല എന്ന ഒറ്റക്കാരണത്താല്‍ ,“മുതലെടുപ്പുകാരും” സ്വാര്‍ഥരുമായി ചിത്രീകരിക്കുന്നവരെ എന്തു പേരിട്ടാണു വിളിക്കേണ്ടതെന്നറിയില്ല.
ടീസ്റ്റയും അരുന്ധതിയും മൃണാളിനിയുമൊക്കെ ,തൊഗാഡിയമാരുടെ കണ്ണില്‍ ഹിന്ദു വിരോധികളും ഹിന്ദുക്കളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നവരുമാണ്. തസ്ലീമ എന്തു പറഞ്ഞതിനാണു സ്വന്തം നാട്ടില്‍ പീഡിപ്പിക്കപ്പെട്ടത് എന്ന കാര്യം പോലും സലാഹുദ്ദീനെപ്പോലുള്ളവര്‍ ഇതു വരെ അന്യേഷിച്ചിട്ടില്ല. `ലജ്ജ`എന്ന നോവലിന്റെ മലയാളപരിഭാഷയുണ്ട്. അതൊന്നു വായിച്ചു നോക്കിയ ശേഷം അതില്‍ മുസ്ലിങ്ങളുടെ വികാരം മുറിവേല്‍പ്പിക്കുകയാണോ അതോ ഹിന്ദുക്കളായ ന്യൂനപക്ഷത്തിന്റെ മുറിവേറ്റ വികാരങ്ങളെ ആവിഷ്കരിക്കുകയാണോ ചെയ്തിരിക്കുന്നത് എന്നു പരിശോധിക്കാന്‍ ശ്രമിച്ചു നോക്കൂ. മുതലെടുപ്പു നടത്താനുദ്ദേശ്യമുണ്ടെങ്കില്‍ ഈ ലോകത്താരെങ്കിലും ഇത്രയും അപകടം പിടിച്ച പണി തെരഞ്ഞെടുക്കുമോ? ഏതെങ്കിലും മതസംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ എത്ര സുഖ സുന്ദരമായി ഇവിടെ ജീവിക്കാന്‍ പറ്റും! മതപ്രസംഗം കൊണ്ട് കോടീശ്വരന്മാരായ എത്ര പേര്‍ നമുക്കു ചുറ്റും വിലസുന്നു.!
സലാഹുദ്ദീനെപ്പോലുള്ളവര്‍ക്ക് അങ്ങനെയേ ചിന്തിക്കാന്‍ കഴിയൂ. ചിന്താശേഷിയെ പൂര്‍ണ്ണമായും ഒരു വിശ്വാസത്തിനു പണയം നല്‍കിക്കഴിഞ്ഞാല്‍ മനുഷ്യനെ മനുഷ്യനായിക്കാണാന്‍ പോലും കഴിയാതാകും. സ്വന്തം മതക്കാരെ മാത്രം മനുഷ്യാവകാശങ്ങള്‍ അര്‍ഹിക്കുന്നവരായി കാണുകയും അന്യരെയെല്ലാം വെറും മ്ലേച്ഛജീവികളായിമാത്രം പരിഗണിക്കുകയും ചെയ്യാനേ ഇക്കൂട്ടര്‍ക്കു കഴിയൂ. ടീസ്റ്റയുടെയും അരുന്ധതിയുടെയുമൊക്കെ പേരിനു മുന്‍പേ മുസ്ലിംങ്ങള്‍ ഓര്‍മ്മിക്കേണ്ട ഒരു പേരുണ്ട്. അയോധ്യയിലെ ഒരു പാവം പൂജാരിയായിരുന്ന മഹന്ത് ലാല്‍ ദാസ്! ബാബരി മസ്ജിദിനു വേണ്ടി സ്വന്തം ജീവന്‍ ബലി നല്‍കിയ പാവം മനുഷ്യന്‍ ! അദ്വാനിയുടെ ആദ്യ രഥയാത്രയെത്തുടര്‍ന്ന് രാജ്യത്തുണ്ടായ വര്‍ഗ്ഗീയ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീ ആനന്ദ് പട് വര്‍ദ്ധന്‍ ഒരു ഡോക്യുമെന്ററി ചിത്രം നിര്‍മ്മിച്ചിരുന്നു. [രാം കെ നാം പര്‍ ] .ആ ചിത്രത്തില്‍ ഈ പൂജാരിയുമായുള്ള അഭിമുഖം ഉണ്ട്. പിന്നീട് അദ്ദേഹത്തെ സങ്ഘ്പരിവാറിന്റെ തെമ്മാടികള്‍ കൊലപ്പെടുത്തുകയാണുണ്ടായത്. പള്ളി പൊളിക്കുന്നത് ശരിയല്ല എന്നഭിപ്രായപ്പെടുക മാത്രമേ ആ മനുഷ്യന്‍ ചെയ്തുള്ളു. ഇന്‍ഡ്യയിലെ എത്ര മുസ്ലിങ്ങള്‍ ആ നല്ല മനുഷ്യനെ ഓര്‍ക്കുന്നുണ്ട്?.
മുസ്ലിം സമുദായത്തില്‍ ആരെങ്കിലും അത്തരത്തില്‍ അന്യമതക്കാരുടെ അവകാശങ്ങളെക്കുറിച്ചു സംസാരിച്ചാല്‍ എന്തു സംഭവിക്കും എന്ന് ചേകനൂര്‍ മൌലവിയെ അറിയുന്ന ; തസ്ലീമയെ അറിയുന്ന നമുക്ക് ഊഹിക്കാമല്ലോ!
വര്‍ഗ്ഗീയ വാദികളുടെ മനോവ്യാപാരത്തിലെ വൈരുധ്യങ്ങളും വൈചിത്ര്യങ്ങളും ഒരുപാട് നേരിട്ടനുഭവിക്കാന്‍ എനിക്കവസരമുണ്ടായിട്ടുണ്ട്. യുക്തിവാദിസംഘത്തിന്റെ മീറ്റിങ്ങുകളില്‍ പ്രസംഗിക്കുമ്പോള്‍ രസകരമായ പല സംഭവങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ഞങ്ങള്‍ ഹിന്ദു മതത്തെ വിമര്‍ശിക്കുമ്പോള്‍ ഹിന്ദുക്കളായ കേള്‍വിക്കാര്‍ വളരെ അസഹിഷ്ണുതയോടെ പ്രതികരിക്കും. അതു കേട്ടു നില്‍ക്കുന്ന മുസ്ലിം സുഹൃത്തുക്കള്‍ സന്തോഷത്തോടെ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നതു കാണാം .പിന്നെ മുസ്ലിംവര്‍ഗ്ഗീയതയെപ്പറ്റിയും ഇസ്ലാമിലെ വിഡ്ഡിത്തങ്ങളെക്കുറിച്ചുമൊക്കെ പറയാന്‍ തുടങ്ങുന്നതോടെ മുസ്ലിംങ്ങള്‍ക്കു ഭ്രാന്തിളകും. അന്നേരം ഞങ്ങളെ രക്ഷിക്കാന്‍ നേരത്തെ അസഹിഷ്ണുതയോടെ പെരുമാറിയിരുന്ന ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ഓടിവരും. ! ഇതു പല സന്ദര്‍ഭത്തിലും അനുഭവച്ചിട്ടുള്ളതാണ്.
കോടതിയില്‍ പോകുന്നതു മാത്രമാണോ സലാഹുദ്ദീനേ മനുഷ്യസ്നേഹം? ആനന്ദ് പട് വര്‍ധനും വാന്‍ ഗോഗും സിനിമ എടുത്തതും മഹന്ത് ലാല്‍ അഭിമുഖം നല്‍കിയതും തസ്ലീമ നോവലെഴുതിയതും വീടിയും കേടിയും നാടകമെഴുതിയതുമൊക്കെ സാമൂഹ്യനന്മ ലക്ഷ്യം വെച്ചു തന്നെയല്ലേ? ഇസ്ലാമിലെ അനീതികളെ ചോദ്യം ചെയ്യുന്നവരൊക്കെ മോശക്കാരും മറ്റു മതങ്ങളെ വിമര്‍ശിക്കുന്നവര്‍ വളരെ നല്ല മനുഷ്യരും എന്ന നിലപാട് ഒരു തികഞ്ഞ വര്‍ഗ്ഗീയവാദിയുടേതല്ലേ?
ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും സൌദി അറേബ്യയിലെയും മറ്റും ന്യൂനപക്ഷ പീഡനങ്ങളുമായി താരതമ്യം ചെയ്താല്‍ ഇന്‍ഡ്യയിലുണ്ടെന്നു പറയുന്ന ന്യൂനപക്ഷപീഡനം എത്രയോ നിസ്സാരമാണെന്നു കാണാം. മൌദൂദി നേരിട്ടു നേതൃത്വം നല്‍കിയ പാകിസ്ഥാനിലെ അഹമ്മദിയ്യാ വേട്ട ഗൂജറാത്തില്‍ നടന്നതിനേക്കാള്‍ ഭീകരമായിരുന്നു. ഒരു അഹമ്മദിയ്യാ മതക്കാരനു തന്റെ വിശ്വാസമനുസരിച്ചു ജീവിക്കാനുള്ള യാതൊരു സ്വാതന്ത്ര്യവും പാക്ഭരണകൂടം നല്‍കുന്നില്ല. മകളുടെ വിവാഹക്ഷണക്കത്തില്‍ `ബിസ്മി` അച്ചടിച്ചതിന് മന്നു കൊല്ലം കഠിനതടവനുഭവിക്കേണ്ടി വന്ന ഒരു അഹ്മദിയാ മുസ്ലിമിന്റെ കഥ പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു. ബാങ്കു വിളിക്കാനോ നിസ്കരിക്കാനോ സലാം ചൊല്ലാനോ പോലും ഈ വിഭാഗത്തിനവകാശമില്ല പാകിസ്ഥാനില്‍ ! ഒരു ക്രിസ്ത്യന്‍ ബാലന്‍ കരിക്കട്ടകൊണ്ട് മതിലില്‍ ഒരു മനുഷ്യന്റെ ചിത്രം വരച്ച് മുഹമ്മദ് എന്നെഴുതിയതിന് 14 വയസ്സുള്ള ആ കുട്ടിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചത് പാക് കോടതിയാണ്. സൌദി അറേബ്യയില്‍ കഴിഞ്ഞ മാസം നടന്ന ഒരു സംഭവം വായിച്ചില്ലേ? മലയാളിയായ ഒരു ഹിന്ദു യുവാവ് തന്റെ ഭാര്യ പ്രസവിച്ചതറിഞ്ഞ് കാറില്‍ അങ്ങോട്ടു പോകവെ അബദ്ധത്തില്‍ വഴി മാറി മക്കയുടെ അതിരു ലംഘിച്ചു വണ്ടിയോടിച്ചു . അയാളെ പോലീസ് പിടിച്ചു ജയിലിലിട്ടു. വയലാര്‍ രവിയും ഇ അഹമ്മദും മറ്റും ഇടപെട്ടില്ലായിരുന്നെങ്കില്‍ അവിടെത്തെ നിയമമനുസ്രിച്ച് ആ പാവം വധശിക്ഷക്കു വിധേയമായേനെ! മതത്തിന്റെ പേരില്‍ ഇക്കാലത്തും നടക്കുന്ന ഇത്തരം ഹീനമായ മനുഷ്യാവകാശലംഘനങ്ങള്‍ ഒന്നും കണ്ടില്ലെന്നു നടിക്കുന്നവരാണ് മതേതരനാട്ടിലെ മതവിമര്‍ശനങ്ങള്‍ പോലും പീഡനമാണെന്നു പരാതിപ്പെടുന്നത്.