മതം, അതുണ്ടായ കാലഘട്ടത്തിന്റെ ഗോത്രധാര്‍മികതക്കു മേല്‍ അടയിരിക്കുകയാണിന്നും. വര്‍ത്തമാനകാല മൂല്യങ്ങളുടെ മുന്പില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നിരിക്കുന്നു എന്നതാണ് മതം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. മാറുന്ന സമൂഹത്തിനു മേല്‍ മാറാത്ത നിയമങ്ങള്‍ അടിച്ചേല്പിച്ചുകൊണ്ട് മതം സ്ര്ഷ്ടിക്കുന്ന ജീര്‍ണതയാണ് ലോകം ഇന്നു നേരിടുന്ന പ്രധാന പ്രശ്നം.
ആധുനിക സമൂഹം മതമൂല്യങ്ങളെക്കാള്‍ മതേതരമൂല്യങ്ങളെയാണു വില മതിക്കുന്നത്. കാലോചിതമായ ധാര്‍മിക സങ്കല്പങ്ങളെ ഉള്‍ക്കൊള്ളാനും കാലഹരണപ്പെട്ടവ തള്ളിക്കളയാനും സ്വയം വളരാനും മതം തയ്യാറല്ല. മൂല്യങ്ങളെ മതത്തിന്റെ പിടിയില്‍ നിന്നു മോചിപ്പിക്കാതെ പുരോഗതി കൈവരിക്കാനാവില്ല. ആധുനിക സമൂഹം അംഗീകരിക്കുന്ന മനുഷ്യാവകാശങ്ങള്‍ ,അവസരസമത്വം,ലിംഗനീതി,മതനിരപേക്ഷത ,ജനാധിപത്യം തുടങ്ങിയ മൂല്യങ്ങള്‍ ഏതെങ്കിലും ദൈവത്തില്‍നിന്നു വെളിപാടായി കിട്ടിയതല്ല. വിശ്വാസങ്ങളോട് ഏറ്റുമുട്ടി വികസിപ്പിച്ചെടുത്ത സ്വതന്ത്രചിന്തയുടെ ഉല്‍പ്പന്നങ്ങളാണവ. മാനവികതയ്ക്കു പുതിയ മാനം നല്‍കുന്ന ഈ മൂല്യങ്ങള്‍ക്കു നേരെ ഇന്നും നിഷേധാത്മകമായി പുറം തിരിഞ്ഞു നില്‍ക്കുന്നതു മതമൌലിക വാദികളാണ്.
ഇന്ത്യയെപോലുള്ള ഒരു ബഹുമത സെക്യുലര്‍ രാജ്യത്ത് സങ്കുചിതമായ വര്‍ഗ്ഗീയചിന്ത വളര്‍ത്തുന്ന ശക്തികളാണു മനുഷ്യത്വത്തിനു നേരെ ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത്.
അയല്‍വാസി അന്യ മതക്കാരനാണെങ്കില്‍ അവനോടു പരുഷമായി പെരുമാറണമെന്നും അന്യമതക്കാരെ സ്നേഹിതരാക്കരുതെന്നും വെളിപാടുരുവിടുന്ന `ദൈവം` ഒരു മതേതര സമൂഹത്തില്‍ നന്മയുടെ പക്ഷത്തല്ല നില കൊള്ളുന്നത്. അന്യ ദൈവങ്ങളെ വിളിച്ചു പ്രാര്‍ഥിക്കുന്നവരെല്ലാം പാപികളാണെന്നും അവരെ കാണുന്നേടത്തു വെച്ചു കഴുത്തു വെട്ടിക്കൊല്ലണമെന്നും വേദപുസ്തകത്തില്‍ പാരായണം ചെയ്യുന്ന ഒരു ഭക്തന്റെ തലയില്‍ സെക്യുലര്‍ ഹ്യൂമനിസത്തിന്റെ ധര്‍മ്മബോധത്തിനു സ്ഥാനമെവിടെ?
തന്റെ മതം മാത്രമാണു പരമമായ സത്യമെന്നും വല്ലവനും മതം ഉപേക്ഷിച്ചു പോയാല്‍ അവനെ കൊല ചെയ്യുന്നവര്‍ക്കു ദൈവം പാരിതോഷികം നല്‍കി ആദരിക്കുമെന്നും വിശ്വസിക്കുന്ന ഒരു `സത്യവിശ്വാസി`ക്ക് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ബാലപാഠങ്ങള്‍ പോലും ദഹനക്കേടുണ്ടാക്കുമെന്നു തീര്‍ച്ച!
പുരുഷന്റെ ക്ര്ഷിസ്ഥലമാണു സ്ത്രീയെന്നും അവളെ കിടപ്പറയില്‍ കെട്ടിയിട്ട് അടിക്കാന്‍ അവനധികാരമുണ്ടെന്നും വെളിപാട് ഹ്ര്ദിസ്ഥമാക്കിയവനോട് ലിംഗ സമത്വത്തിന്റെ വേദാന്തമോതുന്നത് പാഴ് വേലയല്ലേ? മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുന്ന വിശാലമായ ഒരു ധാര്‍മ്മിക വ്യവസ്ഥയുടെ സ്ര്ഷ്ടി സാധ്യമാകണമെങ്കില്‍ സങ്കുചിതമായ മതബോധവും ദൈവവിശ്വാസവും നശിക്കുക തന്നെ വേണം.ശാസ്ത്രബോധവും യുക്തിബോധവുമുള്ള ഒരു തലമുറ വളര്‍ന്നു വന്നെങ്കിലേ അതു സാധ്യമാകൂ.