കോഴിക്കോട്: കാസര്‍കോട് സ്വദേശി റയാന ഖാസിയുടെ അവകാശ സംരക്ഷണ പോരാട്ടത്തെ ജനാധിപത്യ വിശ്വാസികള്‍ പിന്തുണയ്ക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇഷ്ടപ്പെട്ട വേഷം ധരിച്ചതിന് വധഭീഷണി നേരിട്ടതിനെത്തുടര്‍ന്ന് റയാനയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടിവന്ന സാഹചര്യത്തിലാണിത്. കേരളംപോലുള്ള സംസ്ഥാനത്ത് എന്‍ജിനീയറിങ് ബിരുദധാരിയായ ഒരു പെണ്‍കുട്ടിക്ക് ഇഷ്ടവേഷം ധരിക്കാന്‍ പോലീസ് സംരക്ഷണം തേടേണ്ടിവരുന്നത് ഗൗരവമായി കാണണമെന്ന് എഴുത്തുകാരായ എന്‍.പി. ഹാഫിസ് മുഹമ്മദ്, സി.എസ്. ചന്ദ്രിക, ഖദീജാ മുംതാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എയ്‌റോനോട്ടിക് എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ 22-കാരിയായ റയാന പര്‍ദയും മഖനയും ധരിക്കാത്തതാണ് മതമൗലികവാദികളെ പ്രകോപിപ്പിച്ചത്. ആദ്യം എതിര്‍പ്പുകളും തുടര്‍ന്ന് വധഭീഷണിയുമുണ്ടായി. ഇതേത്തുടര്‍ന്നാണ് റയാന ഹൈക്കോടതിയെ സമീപിച്ചത്. കോടതിയുടെ നിര്‍ദേശപ്രകാരം പോലീസ് സംരക്ഷണം നല്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാറോ സാംസ്‌കാരിക, പുരോഗമന, മനുഷ്യാവകാശ, സ്ത്രീവിമോചന സംഘടനകളോ ഈ പ്രശ്‌നത്തില്‍ ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്ന് അവര്‍ പറഞ്ഞു. മുസ്‌ലിം സമുദായത്തിന്‍േറതുള്‍പ്പെടെ എല്ലാവരുടെയും പിന്തുണ ആവശ്യമാണ്.
മതവിശ്വാസം മനസ്സിലാണെന്നും അത് വസ്ത്രധാരണത്തില്‍ ആരെങ്കിലും അടിച്ചേല്പിക്കേണ്ടതല്ലെന്നും റയാന പറഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. മതനിന്ദ നടത്തിയിട്ടുമില്ല. പരമ്പരാഗത ഖാസി കുടുംബമാണ് തന്‍േറത്. അവരും തങ്ങളുടെ പള്ളിക്കമ്മിറ്റിയും തന്നെ മനസ്സിലാക്കി കൂടെ നില്‍ക്കുന്നുണ്ട്. സംരക്ഷണം നല്കുന്ന പോലീസുകാരില്‍ ചിലര്‍പോലും വസ്ത്രധാരണത്തില്‍ അനുസരണ കാണിച്ചുകൂടേ എന്നാണ് ചോദിക്കുന്നത്. തെറ്റൊന്നും ചെയ്യാത്തതുകൊണ്ടുതന്നെ പോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് റയാന പറഞ്ഞു. മകള്‍ക്ക് പൂര്‍ണ പിന്തുണ നല്കുമെന്ന് ഉമ്മ സുഹ്‌റ റഹ്മാനും പത്രസമ്മേളനത്തില്‍ പറഞ്ഞു.
പോലീസ് സംരക്ഷണം കോടതി രണ്ട് മാസത്തേക്ക് കൂടി നീട്ടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍, റയാനയുടെ ജീവന്‍ ഭീഷണിയിലാണെന്ന ആശങ്കയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
mathrubhumi- 4-9-2010