Infidels Blog Islam മുസ്ളിംലീഗും മതവും
Islam

മുസ്ളിംലീഗും മതവും

റഷീദ് ആനപ്പുറം

‘ഇ ഖ്റഅ്’ എന്ന അറബിവാ ക്കിന്റെ അര്‍ഥം വായിക്കുക എന്നാണ്. മുഹമ്മദ് നബിക്ക് ലഭിച്ച ആദ്യ ദിവ്യസന്ദേശമാണ് ഇത്. മക്കയിലെ ഹിറാ ഗുഹയില്‍വച്ചാണ് അല്ലാഹുവിന്റെ ദൂതന്‍ ജിബ്രീല്‍ ഈ വചനം പ്രവാചകനെ കേള്‍പ്പിക്കുന്നതെന്ന് ഖുര്‍ആന്‍ പറയുന്നു. വിജ്ഞാനത്തിന് ഇസ്ളാം നല്‍കുന്ന പ്രാധാന്യത്തെയാണ് ഇത് സൂചിപ്പിക്കുന്നതത്രേ. ആശയാവിഷ്കാരത്തിനും വിജ്ഞാന ക്രോഡീകരണത്തിനും അക്ഷരമാണ് ആയുധം എന്ന സത്യത്തിലേക്കാണ് ‘ഇഖ്റഅ്’ എന്ന ദിവ്യസന്ദേശം നമ്മെ നയിക്കുന്നതെന്ന് ഇസ്ളാമിക പണ്ഡിതര്‍ പറയുന്നു. എന്നാല്‍, ഇസ്ളാം മതത്തിന്റെ സംരക്ഷകരെന്നു നടിക്കുന്ന മുസ്ളിംലീഗ് മതത്തെ രക്ഷിക്കാനുള്ള ജിഹാദിന് തുടക്കമിട്ടത് പുതുതലമുറയ്ക്ക് വിജ്ഞാനം പകരുന്ന പാഠപുസ്തകം കത്തിച്ചും അധ്യാപകന്റെ ജീവനെടുത്തുമാണ്. വിശ്വാസികള്‍ പവിത്രമെന്നു കരുതുന്ന ഖുര്‍ആന്‍ സൂക്തങ്ങളും നബി വചനങ്ങളുമടങ്ങിയ അറബി പുസ്തകങ്ങളും കത്തിച്ചതില്‍പ്പെടും. മതത്തിന്റെ സംരക്ഷണത്തിന് തെരുവില്‍ കലാപം നടത്തുന്ന ഇതേലീഗ്, ഇസ്ളാമികസംസ്കാരത്തിന്റെ കളിത്തൊട്ടിലായ ബാഗ്ദാദ് നഗരത്തെ ചുട്ടെരിച്ച അമേരിക്കന്‍ സാമ്രാജ്യത്വത്തെ പിന്തുണയ്ക്കുന്നത് കാണുമ്പോള്‍ അതിശയിക്കേണ്ട; ഇത് ലീഗാണ്. തക്കസമയത്ത് യുക്തമായ തീരുമാനമെടുക്കാന്‍ കഴിവുള്ള പാര്‍ടിയാണ് ഇത്. അഖിലേന്ത്യാ പ്രസിഡന്റിനെ സംസ്ഥാന പ്രസിഡന്റ് പുറത്താക്കിയ പാര്‍ടി, ഭൂലോകത്ത് ലീഗ് അല്ലാതെ ഏതുണ്ട്? സംസ്ഥാന പ്രസിഡന്റിനെ ജനറല്‍ സെക്രട്ടറി തിരുത്തുന്ന പാര്‍ടിയും ഇതല്ലാതെ വേറെയില്ല. ഇതില്‍ ആരും അസൂയപ്പെട്ടിട്ടും കാര്യമില്ല. അതിനാല്‍ ഇത്തരം മായാജാലങ്ങളില്‍ ഒടുവിലത്തേതാണ് പാഠപുസ്തകത്തിന്റെ പേരിലെ മുക്രയിടലും ആണവകരാറില്‍ സ്വീകരിച്ച അമേരിക്കന്‍ ദാസ്യവൃത്തിയും. മതവികാരം ഇളക്കിവിട്ട് സമുദായവോട്ട് നേടി അധികാരത്തിലെത്തുന്ന ലീഗ്, അവസരം കിട്ടിയപ്പോഴെല്ലാം സമുദായത്തെ പിന്നില്‍നിന്ന് ചവിട്ടിയിട്ടുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ച്ചയും നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ടും ഇതിന് ഉദാഹരണമാണ്. മതരാഷ്ട്രീയമല്ല, സമുദായരാഷ്ട്രീയമാണ് ലീഗിന്റേത്. അതുകൊണ്ടാണ് മതവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പലര്‍ക്കും ലീഗ് നേതാക്കളായി വിലസാനാകുന്നത്. ഈ രാഷ്ട്രീയതട്ടിപ്പിന് ലീഗിന്റെ രൂപീകരണത്തോളം പാരമ്പര്യമുണ്ട്. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, ഇ മൊയ്തുമൌലവി, ആലി മുസ്ളിയാര്‍, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കട്ടിലശേരി മുഹമ്മദ് മുസ്ളിയാര്‍ തുടങ്ങി ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി നേതാക്കള്‍ മലബാറിലുണ്ടായിരുന്നു. മലബാര്‍ കലാപകാലത്ത് കലാപത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്ത മുസ്ളിം ജന്മിമാരുടെ പാര്‍ടിയായിരുന്നു ലീഗ്. എന്നാല്‍, കലാപാനന്തരം ഏറനാട്ടിലെയും വള്ളുവനാട്ടിലെയും സമുദായ നേതൃത്വം ലീഗ് ഏറ്റെടുത്തു. മലബാര്‍കലാപത്തെ നിര്‍ണായക ഘട്ടത്തില്‍ കോഗ്രസ് തള്ളിപ്പറഞ്ഞതോടെ മലബാറിലെ മാപ്പിളമാര്‍ കടുത്ത നിരാശയിലായിരുന്നു. ഈ തക്കംനോക്കിയാണ് ലീഗ് സമുദായത്തിനകത്തേക്ക് നുഴഞ്ഞുകയറിയത്. ലീഗിന്റെ ഈ സമുദായരാഷ്ട്രീയത്തെ എതിര്‍ത്ത മൊയ്തു മൌലവിയെയും അബ്ദുറഹ്മാന്‍ സാഹിബിനെയും കാഫിര്‍ (അവിശ്വാസി) എന്ന് ആക്ഷേപിച്ചു. ഇതിന് ഇന്നത്തെപ്പോലെ അന്നും ചില പണ്ഡിതര്‍ ഫത്വ (മതവിധി) ഇറക്കി. അങ്ങനെ മലബാര്‍കലാപത്തെ ഒറ്റുകൊടുത്തവരുടെ സംഘടന ചരിത്രത്തില്‍ കലാപത്തിന്റെ നേരവകാശികളായി. ഈ കൊടും ചതിതന്നെയാണ് ഇന്നും മുസ്ളിംലീഗ് തുടരുന്നത്. സമുദായത്തിന്റെ പേരില്‍ ലീഗ് ഏറെ ഒച്ചയിടും. കാര്യത്തോടടുത്താല്‍ സമുദായത്തെ കൈവിടും. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദിന്റെ താഴികക്കുടം സംഘപരിവാര്‍ തകര്‍ക്കുമ്പോള്‍ ജയ്ശ്രീറാം വിളിച്ച നരസിംഹറാവുവിന്റെ പാര്‍ടിയുമായി കേരളത്തില്‍ ലീഗ് മധുവിധു ആഘോഷിക്കുകയായിരുന്നു. പള്ളിപൊളിക്കാന്‍ ഒത്താശചെയ്ത കോഗ്രസുമായുള്ള അധികാരം പങ്കിടല്‍ അവസാനിപ്പിക്കണമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് സുലൈമാന്‍ സേട്ട് പറഞ്ഞപ്പോള്‍ ‘കിളവന് കിറുക്കാ’ണെന്നായിരുന്നു കേരളത്തിലെ നേതാക്കള്‍ പരിഹസിച്ചത്. രക്തമൊലിച്ച കോഗ്രസിന്റെ കൈപ്പത്തിക്ക് ശക്തിപകര്‍ന്ന് കുഞ്ഞാലിക്കുട്ടിയും ബഷീറും ബാവയും ‘സമുദായത്തെ സേവിച്ചു’. ’95ല്‍ തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച എ കെ ആന്റണിയെ വിജയിപ്പിക്കാന്‍ അദ്ദേഹത്തെ ഇബ്രാഹിം നബിയുടെ ബന്ധുവാക്കി ലീഗ് പ്രചാരണം നടത്തി. മുസ്ളിങ്ങള്‍ സമ്മര്‍ദത്തിലൂടെ അനര്‍ഹമായി പലതും നേടിയെന്ന് പരസ്യമായി പറഞ്ഞ ആന്റണിക്കുമുന്നില്‍ കീഴടങ്ങിയതും ലീഗ് ചരിത്രം. മുമ്പ് ബാബറി മസ്ജിദ് ഭൂമിയില്‍ ശിലാന്യാസം നടന്നപ്പോള്‍ ശിലയിട്ടത് തര്‍ക്കഭൂമിയിലല്ലെന്നു പറഞ്ഞ പാരമ്പര്യമാണ് ഇവരുടേത്. നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട് നടപ്പാക്കുന്നതിലും ഈ തട്ടിപ്പ് ലീഗ് തുടര്‍ന്നു. ലീഗ് മന്ത്രിസഭയിലിരിക്കുമ്പോഴാണ് ഇസ്രയേല്‍ ഭരണത്തലവന്‍ ഏരിയല്‍ ഷാരോണിന് മറ്റൊരു മന്ത്രി കെ വി തോമസ് കേരളത്തിന്റ ഉപഹാരം നല്‍കിയത്. യാസര്‍ അറഫാത്തിന്റെ വിമോചനപ്പോരാളികളെ ഇരുട്ടറയില്‍ പൂട്ടിയിട്ട് ഇന്ത്യയിലേക്ക് പറന്നെത്തിയ ഷാരോണിന് ഇതില്‍പ്പരം ആനന്ദം മറ്റെന്തുണ്ട്. ഏറ്റവും ഒടുവില്‍ ആണവകരാറിനെതിരായി ബനാത്ത് വാലയുടെ അന്ത്യപ്രഖ്യാപനവും ലീഗ് വിഴുങ്ങി. ഇസ്ളാംമതം നിഷിദ്ധമാക്കിയതെല്ലാം ലീഗിന് പഥ്യമാണ്. മദ്യം മുസ്ളിം വിശ്വാസിക്ക് നിഷിദ്ധമാണ്. മദ്യവും ചൂതാട്ടവും ഗുരുതരമായ പാപമാണെന്ന് ഖുര്‍ആന്‍ പറയുന്നു. “പൈശാചികമായ മ്ളേച്ഛവൃത്തിയാണിത്. ഇത് ജനങ്ങളില്‍ ശത്രുതയും വിദ്വേഷവുമുണ്ടാക്കും” (ഖുര്‍ആന്‍). എന്നാല്‍, അധികാരത്തില്‍ എത്തിയപ്പോഴൊന്നും ലീഗിന് മദ്യവിരോധം അജന്‍ഡയായിട്ടില്ല. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ വിദേശമദ്യ ലൈസന്‍സ് സാര്‍വത്രികമാക്കാന്‍ റംസാനില്‍ തീരുമാനിച്ചത് അത്രവേഗം മറക്കാവില്ല. മന്ത്രിസഭായോഗത്തില്‍ ഈ നയത്തിനായി കൈപൊക്കിയവരാണ് ലീഗ് മന്ത്രിമാര്‍. പലിശ വാങ്ങുന്നവര്‍ നരകാവകാശികളാണെന്നാണ് ഖുര്‍ആന്‍ പറയുന്നത്. “പലിശ തിന്നുന്നവന്‍ പിശാചുബാധനിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കും വിധമാണ് എഴുന്നേല്‍ക്കുക” എന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍, പലിശ വാങ്ങാത്തവരായി എത്ര ലീഗ് നേതാക്കളുണ്ട്. പലിശ കൈകാര്യംചെയ്യുന്ന നൂറിലധികം സഹകരണ ബാങ്കുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ലീഗ് നേതാക്കളാണ്. കമ്യൂണിസ്റുകാര്‍ക്കെതിരെ ഫത്വ ഇറക്കാന്‍ മത്സരിക്കുന്ന പണ്ഡിതര്‍ ലീഗിന്റെ ഈ ചെയ്തികള്‍ കണ്ടഭാവം നടിക്കുന്നില്ല. പാഠപുസ്തകവിവാദത്തിന്റെ കാര്യത്തിലും ലീഗ് വഞ്ചന വ്യക്തമാണ്. സര്‍ക്കാര്‍ നിരീശ്വരവാദം പഠിപ്പിക്കുന്നുവെന്നാണല്ലോ ലീഗിന്റെ പ്രധാന വിമര്‍ശം. ‘മതമില്ലാത്ത ജീവന്‍’ പഠിച്ചാല്‍ കുട്ടികള്‍ മതമില്ലാത്തവരാകുമെന്ന് ലീഗ് നേതാക്കള്‍ വിലപിക്കുന്നു. അങ്ങനെയെങ്കില്‍ ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും ബഷീറും അവരുടെ പിന്മുറക്കാരും നിരീശ്വരവാദികളാകണ്ടേ. ഡാര്‍വിന്റെ പരിണാമസിദ്ധാന്തം ഇവരെല്ലാം സ്കൂളില്‍ പഠിച്ചതല്ലേ. സിഎച്ച് മുഹമ്മദ് കോയയും ബഷീറും സൂപ്പിയും വിദ്യാഭ്യാസമന്ത്രിമാരായിരുന്നപ്പോള്‍ പരിണാമസിദ്ധാന്തം എന്ന ‘മതവിരുദ്ധത’ പഠിപ്പിക്കാന്‍ പാടില്ലെന്നു തീരുമാനിച്ചിരുന്നുവോ? കുരങ്ങില്‍നിന്നാണ് മനുഷ്യനുണ്ടായതെന്ന് ഡാര്‍വിന്‍ പറയുന്നു. ആദം നബിയില്‍നിന്നാണ് മനുഷ്യന്റെ തുടക്കമെന്ന് ഇസ്ളാം പറയുന്നു. മഴ, പ്രപഞ്ച ഉല്‍പ്പത്തി തുടങ്ങിയതിനെക്കുറിച്ചും ഖുര്‍ആന്‍ പറയുന്നതും സ്കൂളില്‍ പഠിപ്പിക്കുന്നതും രണ്ടാണ്. ‘മതമില്ലാത്ത ജീവന്റെ’ പേരില്‍ മതം അപകടത്തിലായെന്ന് വിളിച്ചുകൂവുന്നവര്‍, മതവിരുദ്ധ ആശയങ്ങള്‍ സ്വന്തം നേതാക്കള്‍ പഠിപ്പിച്ചെന്ന യാഥാര്‍ഥ്യമെങ്കിലും അംഗീകരിക്കുമോ? മുസ്ളിംലീഗ് വലിയൊരു പ്രതിസന്ധിയിലാണ്. വോട്ടുബാങ്കായി കൂടെനിന്ന സമുദായം ഏറെ അകന്നു. പഴയതുപോലെ പുതുതലമുറയെ ഇനി വഞ്ചിക്കാനാകില്ല. മിക്ക സമുദായസംഘടനകളും ലീഗിനെ ‘മൊഴി’ ചൊല്ലി. മഞ്ചേരി പാര്‍ലമെന്റ് സീറ്റിലും കുറ്റിപ്പുറം, തിരൂര്‍, മങ്കട, പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലങ്ങളിലും ലീഗിന്റെ തോല്‍വി സമുദായവുമായി ലീഗിനുള്ള പൊക്കിള്‍ക്കൊടി ബന്ധം മുറിഞ്ഞതിന്റെ തെളിവാണ്. ഈ ബന്ധം വിളക്കിച്ചേര്‍ക്കാതെ ലീഗിന് ഇനി പിടിച്ചുനില്‍ക്കാനാകില്ല. ഈ തിരിച്ചറിവില്‍നിന്നാണ് തീവ്രമത ലൈനിലേക്ക് മാറുന്നുവെന്ന് വരുത്താന്‍ ലീഗ് ശ്രമിക്കുന്നത്. ദേശീയരാഷ്ട്രീയത്തില്‍ മതവികാരം ഉണര്‍ത്തി ബിജെപി സ്വാധീനമുണ്ടാക്കിയപോലെ, കേരളത്തില്‍ മുസ്ളിം മതവിശ്വാസികളുടെ വികാരം ഉണര്‍ത്തി സ്വാധീനം തിരിച്ചുപിടിക്കാനാകുമെന്നാണ് ലീഗ് കരുതുന്നത്. എന്നാല്‍, ഇവിടെയും ലീഗിന് കാലിടറുന്നതാണ് നാം കാണുന്നത്.

[ദേശാഭിമാനി യോട് കടപ്പാട്]

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version