Infidels Blog Islam ധാർമ്മികതയും ദൈവവും
Islam

ധാർമ്മികതയും ദൈവവും

ധാർമ്മികതയ്ക്കു ദൈവം വെണോ? ഒരുപാടു പ്രാവശ്യം വിശദീകരിച്ച കാര്യം പിന്നെയും ആവർത്തിക്കേണ്ടി വരുന്നതിൽ മുഷിപ്പുണ്ട്. പുതിയ തലമുറയിലെ പുതിയ വായനക്കാർ ഉള്ളതു കൊണ്ടും മതജീവികൾ ഒരേ കാര്യം നൂറ്റൊന്നാവർത്തിച്ചുകൊണ്ടേ ഇരിക്കുന്നതിനാലും ആവർത്തിക്കുന്നു എന്നേയുള്ളു. ദൈവങ്ങളെ തടഞ്ഞിട്ടു നടക്കാൻ മേലാത്ത ഒരു നാട്ടിലാണു നാം ഉള്ളത്. നമ്മുടെ നാട്ടിലെ ധാർമ്മികതയുടെ നിലവാരം നമുക്കു തന്നെ മനസ്സിലാകണമെങ്കിൽ മറുനാടുകളിലൂടെ യാത്ര ചെയ്യുകയും അവിടെയൊക്കെ മനുഷ്യജീവിതം എങ്ങനെയെന്നു സൂക്ഷമമായി നിരീക്ഷിക്കുകയും വേണം. ഞാൻ അടുത്ത കാലത്തായി നിരവധി വികസിത പരിഷ്കൃത രാജ്യങ്ങളിൽ യാത്ര ചെയ്യുകയും ഒരു കൊല്ലക്കാലം അവിടെയൊക്കെ ജീവിക്കുകയും ചെയ്തതിൽ നിന്നും എനിക്കുണ്ടായ ഒരു വലിയ തിരിച്ചറിവിൻ്റെ അനുഭവം കൂടി ഇവിടെ പങ്കു വെക്കാം. യൂറോപിലും അമേരിക്ക കാനഡ ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലുമൊക്കെ ആളുകൾ വളരെ ഉയർന്ന പൗരബോധമുള്ളവരായി ശാന്തമായും സന്തോഷമായും ജീവിക്കുന്നത് നേരിൽ കണ്ടനുവഭവിച്ചിട്ടുണ്ട്. അവർ പൗരധർമ്മങ്ങൾ സ്വമേധയാ പാലിക്കുന്നതും നിയമങ്ങൾ സ്വമേധയാ അനുസരിക്കുന്നതും ആളുകൽ പരസപരം മര്യാദകൾ പാലിച്ചും സഹകരിച്ചും പെരുമാറുന്നതും അൽഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഹോണസ്റ്റി ബോക്സുകൾ വെച്ചുള്ള കച്ചവടങ്ങളും അൽഭുതമായി തോന്നിയിട്ടുണ്ട്. ഇതൊക്കെ നമുക്ക് അൽഭുതമായി തോന്നാൻ കാരണം നാം അതൊന്നും ചിന്തിക്കാനുള്ള മനോവികാസമോ ധാർമ്മിക വികാസമോ നേടിയിട്ടില്ലാത്ത ഒരു അവികസിത സമൂഹം ആയതുകൊണ്ടാണു. ഈ പറഞ്ഞ വികസിത സമൂഹങ്ങളിലൊന്നും തന്നെ മതവിശ്വാസത്തിനോ ദൈവവിശ്വാസത്തിനോ കാര്യമായ സ്വാധീനം ഇല്ല എന്നതും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അതിനർത്ഥം ദൈവവിശ്വാസം കൊണ്ടു മനുഷ്യൻ കൂടുതൽ അധാർമ്മികമായി പെരുമാറും എന്നോ നാസ്തികരായാൽ മനുഷ്യരെല്ലാവരും നന്നായിത്തീരും എന്നോ അല്ല. മറിച്ച് മനുഷ്യൻ്റെ ധാർമ്മികബോധം അന്ധവിശ്വാസങ്ങളുടെ അടിസ്ഥാനത്തിലല്ല നിലനിൽക്കുന്നത് എന്നു പറയാൻ മാത്രമാണുദ്ദേശിച്ചത്. ദൈവം തന്നെ മനുഷ്യൻ്റെ സൃഷ്ടിയാണു. ഇത് എനിക്കു മനസ്സിലായതു മുഖ്യമായും ധാർമ്മിക കാരണത്താൽ തന്നെയാണു. ദൈവങ്ങളുടെ ധാർമ്മികതയും മതവിശ്വാസത്തിനു പുറത്തുനിന്നും ഞാൻ സ്വാഭാവികമായി ആർജ്ജിച്ച ധാർമ്മികതയും തമ്മിൽ പൊരുത്തമില്ലായ്കയാലാണു എനിക്ക് എൻ്റെ ദൈവവിശ്വാസത്തെ ഉപേക്ഷിക്കേണ്ടി വന്നത്. മനുഷ്യൻ്റെ ധാർമ്മിക വളർച്ച ക്രമമായി തലമുറകളിലൂടെ നൂറ്റാണ്ടുകളിലൂടെ പതുക്കെ വികസിച്ചു വന്ന ഒന്നാണു. ആ വികാസപ്രക്രിയ ഇന്നും തുടരുന്നുമുണ്ട്. ഒരു കുഞ്ഞിൻ്റെ വളർച്ച പോലെത്തന്നെയാണു സമൂഹത്തിൻ്റെയും വളർച്ച. കുഞ്ഞുങ്ങൾ ആദ്യമൊക്കെ പെരുമാറുക അവരുടെ സഹജ വാസനകൾക്കനുസരിച്ചു മാത്രമായിരിക്കും. പിന്നീടു നാം അവരെ നർചർ ചെയ്തു മെരുക്കി അവരുടെ സഹജവാസനകളെ ആവശ്യമായ അളവിൽ നിയന്ത്രിക്കാനും സമൂഹത്തിൽ ധാർമ്മികബോധത്തോടെ പെരുമാറാനും പരിശീലിപ്പിക്കുകയാണു ചെയ്യുന്നത്. ആദ്യമൊക്കെ ഇക്കാര്യത്തിൽ നമുക്കു കഥകളെ ആശ്രയിക്കേണ്ടി വരും. കോത്താംബി പറഞ്ഞു ഭയപ്പെടുത്തിയും സമ്മാനങ്ങൾ കാട്ടി പ്രലോഭിപ്പിച്ചുമൊക്കെ അവരെ അനുസരിപ്പിക്കേണ്ടി വരും. എന്നാൽ കുഞ്ഞു വളർന്നു വരുന്ന മുറയ്ക്ക് കഥകൾ ഒഴിവാക്കുകയും പകരം കാര്യങ്ങൾ മനസ്സിലാക്കി സ്വമേധയാ നിയന്ത്രണങ്ങൾ പാലിക്കാൻ പഠിക്കുകയുമാണു ചെയ്യുക. സമൂഹവും ഈ നിലയിലാണു വികാസം പ്രാപിക്കുന്നത്. ഗോത്രകാല മനുഷ്യരെ നിയമങ്ങൾ പാലിക്കുന്നവരും ധാർമ്മിക ജീവിതം നയിക്കുന്നവരുമാക്കി നിയന്ത്രിക്കാൻ ദൈവങ്ങളും നരകസ്വർഗ്ഗങ്ങളും പോലുള്ള കോത്താമ്പിക്കഥകൾ അനിവാര്യമായിരുന്നു. എന്നാൽ തലയിൽ വെളിച്ചം കേറി സ്വയം തിരിച്ചറിവുണ്ടായിക്കഴിഞ്ഞ ഒരു വികസിത പരിഷ്കൃത സമൂഹത്തിൽ മനുഷ്യർ സ്വമേധയാ ധാർമ്മികത ഉൾക്കൊണ്ടു ജീവിക്കാൻ പരിശീലിക്കുന്നു . ഇതാണു ഇന്നു ലോകത്തു നാം കണ്ട് അനുഭവിച്ചു ബോധ്യമാകുന്ന വസ്തുത. ഇതൊന്നുമേ പ ക്ഷെ അപരിഷ്കൃതത്വത്തിൻ്റെ കിതാബു ലോകത്തു മാത്രം ജീവിക്കുന്ന മതജീവികൾക്കു പറഞ്ഞാലും മനസ്സിലാവില്ല. അതു സ്വാഭാവികവുമാണു. മനസ്സിലായാലും മതം വിറ്റു ഉപജീവനം നടത്തുന്നവർ ഇതൊന്നും സമ്മതിച്ചു തരുകയും ഇല്ല. കാരണം കഞ്ഞിയാണല്ലോ പ്രധാനം. മനുഷ്യനെ പോലെ തന്നെയാണു മനുഷ്യൻ ഉണ്ടാക്കിയ ദൈവങ്ങളുടെയും കാര്യം. ദൈവങ്ങളുടെ ധാർമ്മികതയും വികാസപരിണാമങ്ങൾക്കു വിധേയമാകുന്നുണ്ട്. ആദ്യമൊക്കെ “അമ്മയേം പെങ്ങളേം തിരിച്ചറിയാത്ത “ തനി പ്രാകൃതർ ആയിരുന്നു ദൈവങ്ങളും. ആദമിനെ കളിമണ്ണു കുഴച്ചുണ്ടാക്കിയ യഹോവയ്ക്കും അള്ളാഹുവിനുമൊന്നും ആദ്യകാലത്തു അമ്മേം പെങ്ങളും ഉണ്ടായിരുന്നില്ല. ഒരു ജോഡി മനുഷ്യനെയാണു മണ്ണു കുഴച്ചുണ്ടാക്കിയത്. പിന്നെ അവരിൽ നിന്നും സന്താനപരമ്പര പെറ്റു പെരുകി എന്നാണു കഥ. എന്തേ കുഴച്ച മണ്ണുകൊണ്ട് രണ്ടു ജോഡി മനുഷ്യരെ ആദ്യമേ ഉണ്ടാക്കി “ഇൻസെസ്റ്റ്” ഒഴിവാക്കണം എന്ന് ഈ പടച്ചോനു തോന്നാതിരുന്നത്? കാരണം പകൽ പോലെ വ്യക്തം. ഈ പടച്ചോനെ പടച്ച പ്രാകൃതനു അമ്മേം പെങ്ങളും തിരിച്ചറിവുണ്ടായിരുന്നില്ല എന്നതു തന്നെ ! ഇപ്പോൾ ഇക്കാര്യം ചോദിച്ചാൽ വിശ്വാസികൾ ദയനീയമായി ഉരുളുന്നതു കാണാം. അന്നു ദൈവത്തിനു മറ്റു നിവൃത്തിയില്ലാത്തൊണ്ടല്ലേ എന്നു വരെ ചോദിക്കുന്ന പൊട്ടന്മാരുണ്ട്. സർവ്വശക്തൻ്റെ നിവൃത്തികേടല്ല പ്രശ്നം മനുഷ്യൻ്റെ വിവരക്കേടാണു. ഇന്നു ദൈവങ്ങളുടെ ധാർമ്മിക നിലവാരം മനുഷ്യൻ്റെ ധാർമ്മികനിലവാരത്തോടൊപ്പമെത്തിക്കാനുള്ള വ്യാഖ്യാനക്കസർത്തു കോമഡികളാണു മതരംഗത്തു നാം കണ്ടുകൊണ്ടിരിക്കുന്നത്. അതായത് ഇന്ന് മനുഷ്യർക്കു ധാർമ്മികത ഉല്പാദിപ്പിക്കുന്ന ദൈവങ്ങൾ എങ്ങും ഇല്ല. പകരം മനുഷ്യർ ആർജ്ജിച്ച ആധുനിക ധാർമ്മികത ഈ ദൈവങ്ങളുടെ തലയിലും കൂടി വെച്ചു പിടിപ്പിക്കാൻ മനുഷ്യൻ പെടാപ്പാടു പെടുന്നതാണു കാണുന്നതു. ഈ കോമഡി നമ്മൾ ഇവിടെ ആസ്വദിച്ചുകൊണ്ടിരിക്കുകയാണല്ലൊ. അടിമപ്പെണ്ണിനെ ഭർത്താവിൻ്റെ മുന്നിലിട്ടു ഭോഗിച്ചോളൂ എന്നു വെളിപാടിറക്കിയ ദൈവം ഇന്നു വിശ്വാസിക്കുണ്ടാക്കുന്ന ധാർമ്മികപ്രതിസന്ധി ചില്ലറയൊന്നുമല്ല. കാലം മാറിയതും മനുഷ്യൻ്റെ മൂല്യബോധം ഉയർന്നതും അറിയാത്ത കാട്ടാളന്മാരായ ഗോത്രദൈവങ്ങളെ തീറ്റിപ്പോറ്റി നിലനിർത്താൻ ഇനിയും ഒരുപാടു ബുദ്ധിമുട്ടേണ്ടി വരും മതജീവികൾക്ക്. വ്യാഖ്യാനങ്ങൾ കൊണ്ടു കുളിപ്പിച്ചും വെളുപ്പിച്ചും ഇവർ കഷ്ടപ്പെടുന്നതു കണ്ട് നമുക്കിനിയും ചിരിക്കാം . ! മനുഷ്യനിലെ ധാർമ്മികതയ്ക്കു ജന്തുസഹജവും പരിണാമപരവുമായ ഘടകങ്ങൾ തൊട്ട് സാമൂഹ്യജീവിതവ്യവഹാരങ്ങളുടെ വികാസപരിണാമങ്ങളും സാമൂഹ്യ ജീവിത സാഹചര്യങ്ങളും വരെയുള്ള നിരവധി കാര്യങ്ങൾ ഉൾച്ചേർന്ന സങ്കീർണഘടകങ്ങളുണ്ട്. അഛനമ്മമാർ കുഞ്ഞുങ്ങളെ വാൽസല്യപൂർവ്വം വളർത്തുന്നതും സ്നേഹിക്കുന്നതും ജന്തുസഹജമായ ജന്മവാസനയാണു. ആ ജന്മവാസനയുടെ തന്നെ എക്സ്റ്റൻഷനായ സ്വാഭാവികവും സഹജവുമായ വികാരം തന്നെയാണു അഛനമ്മമാരോടു മക്കൾക്കുണ്ടാകുന്ന സ്നേഹവും. അഛനമ്മമാരെ സ്നേഹിക്കൂ എന്നു കിതാബിൽ പറഞ്ഞതുകൊണ്ടല്ല നാം അവരെ സ്നേഹിക്കുന്നത്. സ്വാഭാവിക്മായി ഉണ്ടാകുന്ന വൈകാരിക ബന്ധമാണതിനു നിദാനം. അതൊരു കിതാബുമൂല്യമല്ല. കിതാബുമൂല്യം മാത്രമാണെങ്കിൽ ആ സ്നേഹം നിലനിൽക്കുകയും ഇല്ല. ഇന്ന ഇന്ന കാര്യങ്ങൾ തെറ്റ് എന്നും ഇന്ന ഇന്നതു ശരി എന്നും റെഡി റക്കണർ പോലെ തയ്യാറാക്കി വെക്കുന്നതു തന്നെ അയുക്തികമാണു. കാരണം ഒരു പ്രവൃത്തി ശരിയോ തെറ്റോ എന്നു കൃത്യമായി നിർണയിക്കപ്പെടേണ്ടത് ആ പ്രവൃത്തിയുടെ സന്ദർഭവും കാരണങ്ങളും സാഹചര്യങ്ങളും പ്രചോദനങ്ങളുമെല്ലാം സമഗ്രമായി വിലയിരുത്തിയാവണം. ഹിറ്റ്ലർ നടത്തിയ കൂട്ടക്കൊലയുടെ നീതിയൊക്കെ വിവരിച്ചു ധാർമ്മികതയുടെ സങ്കീർണതകളെ വിശകലനം ചെയ്യുന്നതു കണ്ടു. ഹിറ്റ്ലർ ചെയ്തതിൻ്റെ പതിനായിരം മടങ്ങു ക്രൂരതകളാണു മുഹമ്മദും അയാളുടെ ദീനും മാനവചരിത്രത്തിനു സമ്മാനിച്ചത്.പള്ളികളിൽ പൊട്ടിത്തെറിച്ചും തെരുവുകളിൽ കത്തിക്കരിഞ്ഞും ഇന്നും ആ ട്രാജഡി തുടരുകയാണു. ഹിറ്റ്ലർക്കു തന്നെ പിന്തുണയുമായി ഇസ്ലാമിക നേതാക്കൾ അദ്ദേഹത്തെ കാണാൻ പോയതൊക്കെ ചരിത്രം. ജൂതർ എന്ന വംശത്തെ ഉന്മൂലനം ചെയ്യുക എന്നതു മുഹമ്മദിൻ്റെയും ചിരകാല സ്വപന്മായിരുന്നു. ഇന്നും ആ വംശീയ പക മുസ്ലിം രക്തത്തിൽ ഒഴുകുന്നുണ്ട്. ഇസ്രയെൽ പലസ്തീൻ പ്രശ്നം പോലും ഇത്രയും വഷ്ളാകാനുള്ള കാരണവും മറ്റൊന്നല്ല. യുദ്ധങ്ങളും കടന്നാക്രമണങ്ങളും അധിനിവേശങ്ങളും സാമ്രാജ്യവെട്ടിപ്പിടുത്തങ്ങളുമൊക്കെയായാണു മാനവ ചരിത്രം ഇന്നലെ വരെ മുന്നേറിയത്. ഇന്നു പക്ഷെ മനുഷ്യൻ്റെ പൊതുധാർമ്മികത തന്നെ യുദ്ധവിരുദ്ധതയുടെയും അഹിംസയുടെയും ജനാധിപത്യസംസ്കാരത്തിൻ്റെയും നവബോധത്തിലേക്കു ചുവടു മാറിക്കഴിഞ്ഞു. ഏതെങ്കിലും ദൈവമോ മതമോ മനുഷ്യരോടു യുദ്ധം തിന്മയാണെന്നു പറഞ്ഞിട്ടുണ്ടോ? ഇല്ലെന്നുമാത്രമല്ല ദൈവങ്ങൾ തന്നെ വാളും കുന്തവുമായാണു മനുഷ്യനൊപ്പം കൂടിയതെന്നാണു ചരിത്രം. അള്ളാഹുവും യഹോവയുമൊക്കെ അറിയപ്പെടുന്നതു തന്നെ യുദ്ധദൈവങ്ങളായാണു. സമാധാനവും ജനാധിപത്യവും ബഹുസ്വരതയും സംസ്കാരവൈവിദ്ധ്യവുമൊക്കെ പൂത്തുലയുന്ന ഒരു നവീന ധാർമ്മികതയ്ക്കാണിന്നു പ്രാമുഖ്യം. അതു മതജീവികളും മനസ്സിലാക്കിത്തുടങ്ങിയപ്പോൾ അവരുടെ ദൈവങ്ങളെയും അപ്രകാരം കുളിപ്പിച്ചു വൃത്തിയാക്കാനുള്ള അഭ്യാസങ്ങൾ ആരംഭിച്ചു. പ്രശ്നങ്ങളെ ജനാധിപത്യത്തിൻ്റെ വട്ടമേശകൾക്കു ചുറ്റും ഇരുന്നു കാപ്പി കുടിച്ചുകൊണ്ടു പരിഹരിക്കുന്ന ആധുനിക ധാർമ്മികത ഏതു ദൈവത്തിൻ്റെ കിതാബിലാണുള്ളത്? ആശയപരമായ ഭിന്നിപ്പുകളെ സ്നേഹത്തോടെ പങ്കു വെക്കപ്പെടുന്ന – വിയോജിപ്പുകളെ സഹിഷ്ണുതയോടെ കൈമാറപ്പെടുന്ന- ആധുനിക ധാർമ്മികബോധം ഏതു മതപുസ്തകത്തിലാണു കണികാണാനുള്ളത്? ഹിറ്റ്ലർ അംഗവിഹീനരെ കൂട്ടക്കൊല ചെയ്തതിൻ്റെ നീതിയൊക്കെ വിളമ്പിക്കാണുന്നു. ഏതു മതധാർമ്മികതയിൽ നിന്നാണു ഇന്നു ലോകം അംഗീകരിച്ചു ആദരിച്ചു പ്രാവർത്തികമാക്കുന്ന സാമൂഹ്യ നീതിയുടെ പാഠങ്ങൾ കണ്ടെടുത്തത്? ഇന്നു പരിഷ്കൃത സമൂഹങ്ങളിൽ ഭിന്നശേഷിക്കാരും ലൈംഗിക ന്യൂനപക്ഷങ്ങളും ഭിന്നലിംഗക്കാരുമൊക്കെ അനുഭവിക്കുന്ന സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പരിഗണനകളും ഏതു പടച്ചോൻ്റെ നീതിശാസ്ത്രത്തിലാണു കാണാൻ പറ്റുക? ലോകമാകെ ഒന്നു കണ്ണു തുറന്നു നോക്കണം മതജീവികൾ. ഇന്നു ലോകത്തു മനുഷ്യരാശി അംഗീകരിച്ചാദരിക്കുന്ന ഒരു ധാർമ്മിക സംഹിതയും പ്രാകൃത ഗോത്രമനുഷ്യൻ്റെ വികല ദർശനങ്ങളായ മതങ്ങളിൽ കണ്ടെടുക്കാനില്ല. അംഗവൈകല്യമുള്ളവര്യും അപസ്മാരം പോലുള്ള മസ്തിഷ്കരോഗമുള്ളവരെയും മനോരോഗികളെയുമൊക്കെ കൊന്നു തള്ളിയ ചരിത്രമേ മതങ്ങൾക്കും ദൈവങ്ങൾക്കുമുള്ളു. പിശാചുബാധയായും ആഭിചാരമായുമൊക്കെ വ്യാഖ്യാനിച്ചുകൊണ്ടാണു മതം ഈ മനുഷ്യരെ കൊന്നൊടുക്കിയത്. ഈ നെറികേടുകളിൽനിന്നെല്ലാം മനുഷ്യൻ ഇന്നു മോചനം നേടിയതു ശാസ്ത്രത്തിൻ്റെ പുത്തൻ അറിവുകളുടെ പശ്ചാതലത്തിൽ രൂപം കൊണ്ട ആധുനിക മതേതര ധാർമ്മികതയിൽ നിന്നാണു. മതം അതുണ്ടായ ഗോത്രകാലത്തെ വിവരദോഷികളായ മനുഷ്യരുടെ സംസ്കാരവും നീതിയും മാത്രമേ ഉല്പാദിപ്പിക്കുന്നുള്ളു. അതുകൊണ്ടു തന്നെയാണിന്നു മതം വൻ ധാർമ്മികപ്രതിസന്ധിയിൽ പെട്ടു ഉഴലുന്നതും. വ്യാഖ്യാനഫാക്റ്ററികൾ മതിയാകാതെ വരുകയും ഇരുമ്പുമതിലുകൾ പൊളിയുകയും ചെയ്യുന്ന ദയനീയ അവസ്ഥയെ നേരിടുകയാണിന്നു മതം.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version