Infidels Blog Islam Quran വിരലടയാള ശാസ്ത്രം ഖുര്‍ആനില്‍
Islam Quran Quran & Science

വിരലടയാള ശാസ്ത്രം ഖുര്‍ആനില്‍

മനുഷ്യരുടെ വിരലടയാളത്തിലെ വ്യത്യാസങ്ങള്‍ കുറ്റാന്യേഷണത്തിനും മറ്റും ഉപയോഗപ്പെടുത്താമെന്ന അറിവ് ആധുനികമാണ്. എന്നാല്‍ ഈ അല്‍ഭുതജ്ഞാനം ഖുര്‍ ആന്‍ പണ്ടേ വെളിപ്പെടിത്തിയിട്ടുണ്ടെന്നാണു ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണക്കാരുടെ മറ്റൊരു ‘ഗവേഷണഫലം’ വ്യക്തമാക്കുന്നത്. ഖുര്‍ ആന്റെ ശാസ്ത്രവല്‍ക്കരണം ദൌത്യമായി ഏറ്റെടുത്തവര്‍ ഈ അല്‍ഭുതം കണ്ടെടുത്തത് താഴെ പറയുന്ന ഖുര്‍ ആന്‍ വാക്യത്തില്‍ നിന്നാണ്.:

أَيَحْسَبُ ٱلإِنسَانُ أَلَّن نَّجْمَعَ عِظَامَهُ
بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ

“മനുഷ്യന്‍ കരുതുന്നുവോ , അവന്റെ എല്ലുകളെ നാം ഒരുമിച്ചു കൂട്ടുന്നതേയല്ല എന്ന്;
ഇല്ലാതേ! അവന്റെ വിരലുകളെപ്പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനാണു നാം.” (75:2,3)

ഇവിടെ نُّسَوِّي [നുസവ്വിയ] എന്ന വാക്കിനു ,ശരിയാക്കുക; നേരെയാക്കുക എന്നൊക്കെയാണു സാമാന്യമായ അര്‍ത്ഥം. بَنَانَه [ബനാനഹു] എന്നതിന് നിങ്ങളുടെ വിരലുകള്‍ , അസ്ഥിസന്ധികള്‍ എന്നൊക്കെയാണു വിവക്ഷ. നമ്മുടെ മൃതശരീരം മണ്ണില്‍ ദ്രവിച്ചു നശിച്ച ശേഷം പുനരുത്ഥാന നാളില്‍ അതു പഴയ പടി പുനസ്ഥാപിക്കാന്‍ അല്ലാഹുവിനു ബുദ്ധിമുട്ടാകില്ലേ എന്ന സ്വാഭാവിക സംശയത്തിനുള്ള മറുപടിയായാണ് ഈ വെളിപാട് അല്ലാഹു ഇറക്കിയിരിക്കുന്നത്. ശരീരത്തിലെ വിരലുകള്‍ പോലുള്ള സൂക്ഷ്മമായ അംശങ്ങള്‍ പോലും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അല്ലാഹുവിനു യാതൊരു പ്രയാസവും കൂടാതെ കഴിയും എന്നേ ഇവിടെ അര്‍ത്ഥമാക്കുന്നുള്ളു.

എന്നാല്‍ ഗവേഷണക്കാര്‍ ഇവിടെ വിരലടയാള ശാസ്ത്രം പഠിപ്പിക്കാനാണ് അല്ലാഹു ശ്രമിക്കുന്നത് എന്നത്രേ ‘കണ്ടെത്തി’യിരിക്കുന്നത്! അതിനായി അവര്‍ നടത്തിയ കരണം മറിച്ചില്‍ ഇങ്ങനെ:
നുസ്വ്വിയ എന്നാല്‍ വ്യത്യാസപ്പെടുത്തുക എന്നും ബനാനഹ് എന്നാല്‍ വിരലടയാളങ്ങള്‍ എന്നും അര്‍ത്ഥം മാറ്റി. വിരലടയാളങ്ങള്‍ വ്യത്യാസപ്പെടുത്തി എന്നു വന്നാല്‍ വിരലടയാള ശാസ്ത്രമായില്ലേ?

ഇവിടെ മനുഷ്യര്‍ തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങളെക്കുറിച്ചേയല്ല പ്രതിപാദ്യം. മരിച്ചു മണ്ണായി പ്പോയ ഒരാളുടെ ശരീരത്തിലെ സൂക്ഷ്മമായ സവിശേഷതകളെ പോലും അതേപടി പുനസ്ഥാപിക്കുന്നതിനെ സംബന്ധിച്ചുള്ള അല്ലാഹുവിന്റെ ഒരു വീംപു പറച്ചിലാണ് ഈ വാക്യത്തിലുള്‍ക്കൊള്ളുന്നത്. അതിനാല്‍ നുസവ്വിയ എന്ന വാക്കിനു വ്യത്യാസപ്പെടുത്തുക എന്നര്‍ത്ഥം കല്‍പ്പിച്ചാല്‍ പോലും ഒരു മനുഷ്യന്റെ വ്യത്യസ്തമായ വിരല്‍ത്തലപ്പുകളെ അതേപ്രകാരം വ്യത്യസ്തമാക്കി പുനസൃഷ്ടിക്കും എന്നേ അര്‍ത്ഥം വരൂ. ഒരു കയ്യിലെ അഞ്ചു വിരലുകളും നീളത്തിലും ആകൃതിയിലും വിന്യാസത്തിലും വ്യതാസമുണ്ടല്ലോ. ആ വ്യത്യാസം അതേ പടി അല്ലാഹു വീണ്ടും സൃഷ്ടിക്കും എന്നു സാരം. ഇനി ബനാനഹു എന്നതിനു നിങ്ങളുടെ വിരലല്‍ത്തലപ്പിലെ അടയാളങ്ങള്‍ എന്നാണര്‍ത്ഥമെന്നു വന്നാലും അതു രണ്ടു വ്യക്തികളുടെ വിരലടയാള‍ങ്ങള്‍ തമ്മിലുള്ള വ്യത്യാസമാകുന്നില്ല. ഇ വാക്യത്തിന്റെ സന്ദര്‍ഭം അങ്ങനെയൊരര്‍ത്ഥം മെനയാന്‍ ഒട്ടും യോജിച്ചതല്ലതന്നെ.

അതിനാല്‍ ഈ വാക്യത്തില്‍ വിരലടയാളവും കുറ്റാന്യേഷണവും അതുപോലുള്ള ശാസ്ത്രാല്‍ഭുതങ്ങളുമൊന്നും ഇല്ല. വ്യത്യസ്തമായ അഞ്ചു വിരലുകളെയും പഴയതുപോലെ പുനരാവിഷ്കരിക്കാനൊക്കെ സര്‍വ്വ ശക്തനായ അല്ലാഹുവിനെക്കൊണ്ടു പറ്റും എന്ന് അക്കാലത്തെ ജാഹിലുകളായ അറബികളോടു പറയുക മാത്രമേ ‘അല്ലാഹു’ ഇവിടെ ചെയ്തിട്ടുള്ളു. ഇതു പറയാന്‍ മനുഷ്യരുടെ വിരലടയാളങ്ങള്‍ വ്യത്യാസമുള്ളതാണെന്ന ഒരു അല്‍ഭുതജ്ഞാനത്തിന്റെ ആവശ്യമില്ല. ഈ പറച്ചില്‍കൊണ്ടൊന്നും അല്ലാഹുവിന്റെ ജീവന്‍ ഇനിയുള്ള കാലം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കഴിയില്ല എന്ന തിരിച്ചറിവായിരിക്കാം വിശ്വാസികളെ ഇത്തരം സാഹസങ്ങള്‍ക്കു പ്രേരിപ്പിക്കുന്നത്. അല്ലാഹുവിന്റെയും രക്ഷകരുടെയും ഒരു ഗതികേട് എന്നല്ലാതെ എന്തു പറയാന്‍ !

അടുത്തത്
പരാഗണവും തേനീച്ചയും….

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version