Infidels Blog Islam Quran ഭൂമിക്ക് കുറ്റിയടിച്ചതോ പര്‍വ്വതങ്ങള്‍
Islam Quran

ഭൂമിക്ക് കുറ്റിയടിച്ചതോ പര്‍വ്വതങ്ങള്‍

പര്‍വ്വതങ്ങളും ഭൂമികുലുക്കവും

وَأَلْقَىٰ فِي ٱلأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ وَأَنْهَاراً وَسُبُلاً لَّعَلَّكُمْ تَهْتَدُونَ
وَجَعَلْنَا فِي ٱلأَرْضِ رَوَاسِيَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجاً سُبُلاً لَّعَلَّهُمْ يَهْتَدُونَ

“മനുഷ്യരെയും കൊണ്ട് ഭൂമി ചെരിയാതിരിക്കാന്‍ അതില്‍ പര്‍വ്വതങ്ങള്‍ ഉറപ്പിച്ചു…”
 (16:15); (21:31)

ഭൂമി ഇളകാതിരിക്കാനാണ് കുന്നുകളും മലകളും കൊണ്ട് കുറ്റിയടിച്ചിരിക്കുന്നതെന്ന് ഖുര്‍ ആനില്‍ പല തവണ ആവര്‍ത്തിക്കുന്നുണ്ട്. ഭമിയെ ഒരു വിരിപ്പു പോലെ പരത്തി വിരിച്ച ശേഷമാണ് ഇപ്രകാരം കുറ്റിയടിച്ച് ഉറപ്പിച്ചിട്ടുള്ളത്. തുണിയും ഒട്ടകത്തോലുമൊക്കെ നിലത്തു വിരിച്ച് അതു കാറ്റത്തു പറന്നു പോകാതിരിക്കാന്‍ കുറ്റി തറയ്ക്കുന്നതും കല്ലുകൊണ്ടും മറ്റും ഭാരം കയറ്റി വെക്കുന്നതും നബിയും കണ്ടിരിക്കും. ഭൂമി ഒരു വലിയ വിരിപ്പായി സങ്കല്‍പ്പിച്ച അദ്ദേഹം പര്‍വ്വതങ്ങളെ അതിന്റെ കുറ്റികളായി സങ്കല്‍പ്പിച്ചതു സ്വാഭാവികമാണ്. (വിരിപ്പു പറന്നു പോകാതിരിക്കാന്‍ കുറ്റി ഭൂമിയുമായി ചേര്‍ത്താണു തറയ്ക്കുന്നത്.‍ എന്നാല്‍ ഭൂമിപ്പരപ്പ് ഇളകാതിരിക്കാന്‍ എന്തിനോട് ചേര്‍ത്താണു ആണി അടിക്കുന്നത് എന്നു വ്യക്തമല്ല!)

ഇവിടെയും ഖുര്‍ ആന്‍ പ്രസ്താവനയ്ക്ക് ഒരു ശാസ്ത്രക്കുപ്പായം അണിയിക്കാന്‍ ഗവേഷകര്‍ ശ്രമിച്ചു കാണുന്നു. ഭൂവല്‍ക്കത്തിലെ കുന്നുകളും മലകളും ഭൂകമ്പം തടയാന്‍ സഹായിക്കുന്നുണ്ട് എന്നാണു ശാസ്ത്രജ്ഞരുടെ മേല്‍വിലാസമുള്ള ചിലര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. പര്‍വ്വതങ്ങള്‍ക്കു വേരുകളുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും അതാണു കുറ്റിയെന്നും ആണിയെന്നുമൊക്കെ പറയാന്‍ കാരണമെന്നും അവര്‍ വ്യാഖ്യാനിക്കുന്നു.

ഭൂകമ്പം തടയുന്നതില്‍ പര്‍വ്വതങ്ങള്‍ക്കെന്തെങ്കിലും പങ്കുള്ളതായി ശാസ്ത്രം പറയുന്നില്ല. മാത്രമല്ല, പര്‍വ്വതങ്ങള്‍ പലതും രൂപം കൊണ്ടിട്ടുള്ളതു തന്നെ ഭൂകമ്പം മൂലവും അഗ്നി പര്‍വ്വതസ്ഫോടനം മൂലവുമാണെന്നാണു നിഗമനം. ഭൂമിയുടെ ഉപരിതലത്തോടു ചേര്‍ന്നുള്ള ഫലകങ്ങള്‍ (പാറയടുക്കുകള്‍ ) തെന്നി മാറുന്നതാണു ഭൂമി കുലുക്കം. ഭൂമിയുടെ അന്തര്‍ഭാഗത്തുള്ള ഉരുകിയ ലാവയുടെ മര്‍ദ്ദവ്യതിയാനങ്ങളും ഉയര്‍ന്ന ഊഷ്മാവുമാണ് ഇതിനു കാരണം.

ഭൂകമ്പം മൂലം വര്‍ഷം തോറും പതിനായിരക്കണക്കിനാളുകള്‍ മരിക്കുന്നു. കൊടിയ ദുരിതങ്ങള്‍ തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു. ഭൂവുപരിതലത്തിലെ പാറയുടെ ദുര്‍ബലഘടനയും ഭൂഗര്‍ഭത്തിലെ ഉയര്‍ന്നതാപനിലയും നിയന്ത്രിച്ച് ഭൂമി കുലുക്കം ഇല്ലാതാക്കാന്‍ ദൈവത്തിനു കഴിയുന്നില്ല! മലകള്‍ കൊണ്ടു കുറ്റിയടിച്ചതു കൊണ്ടൊന്നും ഈ മഹാദുരന്തത്തിനു യാതൊരു ശമനവും കാണുന്നില്ല. പ്രതിവര്‍ഷം ശരാശരി ഒരു ലക്ഷത്തോളം ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നു എന്നാണു കണക്ക്. ശക്തി കൂടിയ കുലുക്കങ്ങള്‍ മാത്രമേ വലിയ അപകടങ്ങള്‍ക്കിടവരുത്താറുള്ളു. ഖുര്‍ ആന്‍ പറയും പോലെ മലകളും കുന്നുകളും കൊണ്ട് ഭൂകമ്പം തടയപ്പെടുന്നുവെങ്കില്‍ മലമ്പ്രദേശങ്ങളില്‍ ഭൂകമ്പം കുറഞ്ഞും സമതലങ്ങളില്‍ അതു കൂടിയും കാണപ്പെടേണ്ടതാണ്. എന്നാല്‍ വസ്തുത മറിച്ചാണ്. അല്ലാഹുവിന്റെ ‘കുറ്റികള്‍ ’ ഏറെയുള്ള പ്രദേശങ്ങളും ഭൂകമ്പപ്രദേശങ്ങള്‍ തന്നെ. ഏറ്റവും വലിയ കുറ്റിയാണല്ലോ ഹിമാലയം. അതിന്റെ മുകളിലാണ് അടുത്ത കാലത്ത് ഏറെ ദുരന്തം വിതച്ച നിരവധി ഭൂമികുലുക്കങ്ങള്‍ ഉണ്ടായത്. ഇന്ത്യക്കെതിരെ വിശുദ്ധ ജിഹാദിലേര്‍പ്പെട്ട ഇസ്ലാമിസ്റ്റ് ഭീകരരാണ് അടുത്ത കാലത്ത് കാശ്മീര്‍ മലനിരകളിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചത്. പതിനായിരക്കണക്കിനാളുകള്‍ പള്ളികളും മറ്റും തകര്‍ന്നടിഞ്ഞ് അതിനടിയില്‍ പെട്ടു ശ്വാസം മുട്ടി മരിച്ചു.

ആരാധനാലയങ്ങളെ പോലും രക്ഷിക്കാനാകാതെ അല്ലാഹുവിനു പോലും നിസ്സഹയാനാകേണ്ടി വരുന്നു പലപ്പോഴും.
ചെരുപ്പിനൊപ്പിച്ചു കാലു ചെത്തുന്ന വ്യാഖ്യാനക്കാര്‍ എന്തൊക്കെയോ മുടന്തന്‍ ന്യായങ്ങള്‍ മെനയുന്നു എന്നല്ലാതെ ഭൂകമ്പവും ഖുര്‍ ആന്‍ പറയുന്ന കുറ്റിയടിക്കലും തമ്മില്‍ ഒരു ബന്ധവുമില്ല.

ഈ മറുവാദം കൂടി വായിച്ചു നോക്കൂ.

പൊന്തിപ്പറക്കുന്ന പര്‍വ്വതം!

وَإِذ نَتَقْنَا ٱلْجَبَلَ فَوْقَهُمْ كَأَنَّهُ ظُلَّةٌ وَظَنُّوۤاْ أَنَّهُ وَاقِعٌ بِهِمْ خُذُواْ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱذْكُرُواْ مَا فِيهِ لَعَلَّكُمْ تَتَّقُونَ
“അവര്‍ക്കു മേല്‍ ഒരു കുട പോലെ നാം പര്‍വ്വതത്തെ ഉയര്‍ത്തുകയും അത് തങ്ങളുടെ മേല്‍ വീഴുക തന്നെ ചെയ്യുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്ത സന്ദര്‍ഭം…”(7:171)
وَرَفَعْنَا فَوْقَهُمُ ٱلطُّورَ بِمِيثَاقِهِمْ وَقُلْنَا لَهُمُ ٱدْخُلُواْ ٱلْبَابَ سُجَّداً وَقُلْنَا لَهُمْ لاَ تَعْدُواْ فِي ٱلسَّبْتِ وَأَخَذْنَا مِنْهُمْ مِّيثَاقاً غَلِيظاً
“പര്‍വ്വതത്തെ അവരുടെ തലയ്ക്കു മേല്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നാം അവരോട് കരാര്‍ വാങ്ങി..”(4:154)(2:63)
وَإِذْ أَخَذْنَا مِيثَاقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُواْ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱذْكُرُواْ مَا فِيهِ لَعَلَّكُمْ تَتَّقُونَ

ആരാധന അല്ലാഹുവിനു മാത്രമായി പരിമിതപ്പെടുത്തുന്നതിനും തൌറാത്തില്‍ വിശ്വസിക്കുന്നതിനും തയ്യാറാകാതെ പുറം തിരിഞ്ഞു നിന്ന ഇസ്രായീല്യരെ അല്‍പ്പം ‘ഗുണ്ടായിസം’ പ്രയോഗിച്ച് കീഴ്പ്പെടുത്താമെന്ന തീരുമാനപ്രകാരമാണു അല്ലാഹു ഇപ്രകാരമൊരു അല്‍ഭുതം കാട്ടിയതെന്നാണു വ്യാഖ്യാനം. ‘ഇതാ ഇപ്പോള്‍ വീഴും!’ എന്ന മട്ടില്‍ ഒരു ഭീമന്‍ പര്‍വ്വതം അവരുടെ തലക്കു മേല്‍ പൊന്തിപ്പറന്നു എന്നാണു ഖുര്‍ ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത്.

ഖുര്‍ ആനിലെ ശാസ്ത്ര വെളിപാടുകള്‍ കണ്ട് ഇസ്ലാം സ്വീകരിച്ചവരും ദീനിന്റെ വക്കീലന്മാരായി രംഗത്തു വന്ന ശാസ്ത്രജ്ഞന്മാരും ഇതിന്റെ ശാസ്ത്രീയ പൊരുളൊന്നു വിശദീകരിക്കാമോ?

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version