Infidels Blog Islam Fiqh ഇദ്ദ; മറ്റൊരു ഗോത്രാചാരം.
Fiqh Islam Quran

ഇദ്ദ; മറ്റൊരു ഗോത്രാചാരം.

ഭര്‍ത്താവു മരിച്ചാല്‍ വിധവ നാലു മാസവും പത്തു ദിവസവും ഭര്‍തൃവീട്ടിലെ ഒരു ഇരുട്ടുമുറിയില്‍ ചടഞ്ഞിരിക്കണമെന്നതാണ് ഇസ്ലാമിലെ മറ്റൊരു പ്രാകൃതാചാരം. വിവാഹമോചനം ചെയ്യപ്പെട്ടവളും മൂന്നു മാസം ഇദ്ദയാചരിക്കല്‍ നിര്‍ബ്ബന്ധമാണ്. ഇത് ജാഹിലിയ്യ കാലത്തെ ഗോത്രാചാരമായിരുന്നു എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കും രണ്ടഭിപ്രായമില്ല.

“ഇദ്ദ സമ്പ്രദായം ജാഹിലിയ്യ കാലത്തും സുപരിചിതമായിരുന്നു. ജാഹിലിയ്യാ അറബികള്‍ ഏറെക്കുറെ അത് ആചരിക്കുകയും ചെയ്തിരുന്നു. ഈ സമ്പ്രദായത്തെ ഇസ്ലാം അംഗീകരിക്കുകയാണുണ്ടായത്.” [ഫിഖ്ഹുസ്സുന്ന ഭാ. 8 പേ.433]

ഇദ്ദയുടെ കാലം ഒരു കൊല്ലമാണെന്നും അതല്ല നാലു മാസവും പത്തു ദിവസവുമാണെന്നും രണ്ടു തരത്തില്‍ ഖുര്‍ ആനില്‍ വെളിപാടുകളുണ്ട്.

“നിങ്ങളില്‍നിന്നു ഭാര്യമാരെ വിട്ടുകൊണ്ട് മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാരെ പറഞ്ഞയക്കാതെ ഒരു കൊല്ലം ജീവനാംശം നല്‍കണമെന്നും ഒസിയത്ത് ചെയ്തു കൊള്ളസ്ട്ടെ.(2:240)

വ്യാഖ്യാനക്കാരുടെ വിശദീകരണം ഇങ്ങനെ: “വിധവകളായിത്തീരുന്ന സ്ത്രീകളെ അവരുടെ ഭര്‍ത്താക്കളുടെ ഭവനങ്ങളില്‍ തന്നെ ഒരു കൊല്ലക്കാലം താമസിപ്പിക്കുകയും അവര്‍ക്കു വേണ്ട ചിലവുകള്‍ അവിടെനിന്നും കൊടുത്തു വരുകയും ചെയ്യുന്ന ഒരു പതിവ് ഇസ്ലാമിനു മുമ്പ് അറബികളില്‍ നടപ്പുണ്ടായിരുന്നു. ഈ ഒരു കൊല്ലക്കാലം അവരുടെ ഇദ്ദയുമായിരുന്നു. ഏതാണ്ട് ഇതേ രൂപത്തില്‍ തന്നെ മുസ്ലിംങ്ങളും ആചരിച്ചുകൊള്ളുവാന്‍ അനുവദിച്ചുകൊണ്ട് ആദ്യാ‍ാലത്തുണ്ടായിട്ടുള്ള ഒരു കല്‍പ്പനയാണ് ഈ വാക്യത്തില്‍ അടങ്ങിയിട്ടുള്ളത്. പിന്നീട് അനന്തരാവകാശത്തെ കുറിച്ചും വിധവകള്‍ നാലു മാസവും പത്തു ദിവസവും ഇദ്ദ ആചരിക്കുന്നതിനെ കുറിച്ചും അവതരിച്ച വചനങ്ങള്‍ കൊണ്ട് ഈ സൂക്തത്തില്‍ അടങ്ങിയ വിധി ദുര്‍ബ്ബലപ്പെട്ടു. അങ്ങനെയാണ് ഭൂരിപക്ഷം ഉലമാഉം ഈ വചനത്തെ വ്യാഖ്യാനിച്ചിട്ടുള്ളത് . ഏതായാലും നാലു മാസവും പത്തു ദിവസവും കഴിഞ്ഞാല്‍ അവര്‍ക്കു മര്യാദയനുസരിച്ച് അലങ്കാരങ്ങള്‍ കൈക്കൊള്ളാവുന്നതും ഭര്‍ത്താവിനെ സ്വീകരിക്കാവുന്നതുമാണ്. അതിനെ തടയുവാന്‍ ഭര്‍ത്താവിന്റെ അവകാശികള്‍ക്കു ന്യായമില്ല.” [ഖുര്‍ ആന്‍ വ്യാഖ്യാനം. കെ വി മുഹമ്മദ് മുസ്ലിയാര്‍]

ഈ വിധം ഒരു ജാഹിലിയ്യാ ദുരാചാരത്തെ വീണ്ടുവിചാരമില്ലാതെ നിയമമാക്കിയ “അല്ലാഹു”വിന് പന്നീടതു ഭേദഗതി ചെയ്ത് നാലു മാസമാക്കി ചുരുക്കണമെന്നു തോന്നാന്‍ കാരണമെന്തെന്നു മനസ്സിലാകുന്നില്ല. അല്ലാഹുവിന്റെ തിരുത്ത് ഇപ്രകാരം വായിക്കാം:

“നിങ്ങളില്‍ ആരങ്കിലും ഭാര്യമാരെ വിട്ടു മരിച്ചു പോയാല്‍ അവര്‍ നാലു മാസവും പത്തു ദിവസവും സ്വയം വിലക്കി നിര്‍ത്തേണ്ടതാണ്.(2:234)

മൌദൂദിയുടെ വിശദീകരണം കൂടി കാണുക. “ഭര്‍ത്താവു മരിച്ചാല്‍ ആചരിക്കേണ്ടതായ ഈ ഇദ്ദ ഭര്‍ത്താവുമായി സംയോഗം നടന്നിട്ടില്ലാത്ത സ്ത്രീക്കും ബാധകമാണ്. എന്നാല്‍ ഗര്‍ഭിണി ഇതില്‍നിന്നും ഒഴിവാണ്. ഭര്‍ത്താവു മരിച്ചാലുള്ള അവളുടെ ഇദ്ദ പ്രസവിക്കുന്നതു വരെയാണ്. പ്രസവം ഭര്‍ത്താവു മരിച്ച ഉടനെയാവട്ടെ അല്ലെങ്കില്‍ പല മാസങ്ങള്‍ക്കു ശേഷമായിക്കൊള്ളട്ടെ.

തങ്ങളെ സ്വയം വിലക്കി നിര്‍ത്തേണ്ടതാണ് എന്നതുകൊണ്ടുള്ള വിവക്ഷ ,അക്കാല്‍ത്തു മറ്റൊരു വിവാഹബന്ധത്തിലേര്‍പ്പെടാതിരിക്കുക എന്നതു മാത്രമല്ല; അഴകും മോടിയും കൂട്ടുന്ന സകലതില്‍നിന്നും വിരമിച്ചു നില്‍ക്കുക എന്നതും കൂടിയാണ്. ഇദ്ദ കാലത്ത് സ്ത്രീകള്‍ വര്‍ണശബളമായ ആടയാഭരണങ്ങള്‍ ധരിക്കുന്നതും ചായം സുറുമ മുതലായവ ഉപയോഗിക്കുന്നതും വാസനദ്രവ്യങ്ങള്‍ പുരട്ടുന്നതും മുടി അലങ്കരിക്കുന്നതും എല്ലാം വര്‍ജ്ജിക്കേണ്ടതാണെന്നു നബിവചനങ്ങളില്‍ വ്യക്തമായി വന്നിട്ടുണ്ട്.” [തഫ്ഹീമുല്‍ ഖുര്‍ ആന്‍ ]

ഇദ്ദയാചരണത്തിന്റെ യുക്തി മറ്റൊരു പണ്ഡിതന്‍ ഇങ്ങനെയാണവതരിപ്പിക്കുന്നത്: “ഭര്‍ത്താവിനോടുള്ള വിശ്വസ്തതയുമാദരവും പ്രകടിപ്പിക്കേണ്ടതിനാണ് സഹശയനം നടന്നിട്ടില്ലാത്ത ഭാര്യയും ഭര്‍ത്താവിന്റെ വിയോഗത്തില്‍ ഇദ്ദ ആചരിക്കണമെന്നു നിശ്ചയിച്ചിട്ടുള്ളത്. “ [ഫിഖ്ഹുസ്സുന്ന]

ഇദ്ദയുടെ ജാഹിലിയ്യാ രൂപവും ഹദീസില്‍ നിന്നും ലഭ്യമാണ്:

“ഉമ്മുസല്‍മ പറയുന്നു. ഒരു സ്ത്രീയുടെ ഭര്‍ത്താവു മരണമടഞ്ഞു. അപ്പോള്‍ ആ സ്ത്രീയുടെ രണ്ടു കണ്ണിനും രോഗം ബാധ്ജിച്ചു. കുടുംബത്തിനു ഭയമായി. അവര്‍ തിരുമേനിയുടെ അടുക്കല്‍ വന്നു കണ്ണില്‍ സുറുമയിടാന്‍ അനുമതി ചോദിച്ചു. തിരുമേനി അരുളി: അവള്‍ സുറുമയിടരുത്. മുമ്പ് ജാഹിലിയ്യാ കാലത്ത് ഭര്‍ത്താവു മരിച്ചാല്‍ ,താഴ്ന്ന വസ്ത്രം ധരിച്ചുകൊണ്ട് വളരെ താഴ്ന്ന തരം വീട്ടിലാണു സ്ത്രീ കഴിച്ചു കൂട്ടാറുള്ളത്. അങ്ങനെ ഒരു കൊല്ലം കഴിയുകയും ഒരു നായ ആ വഴിക്കു നടന്നു പോവുകയും ചെയ്താല്‍ നാല്‍ക്കാലികളുടെ കാഷ്ഠംത്തിന്റെ ഒരു തുണ്ടെടുത്ത് അവള്‍ എറിയും. ശരി ഇവള്‍ക്കു നാലു മാസവും പത്തു ദിവസവും കഴിയും വരെ സുറുമ ഉപയോഗിക്കാന്‍ പാടില്ല.”[ബുഖാരി-1834]

ഭര്‍ത്താവു മരിച്ചാല്‍ വിധവ ചിതയില്‍ വീണാത്മഹൂതി ചെയ്യണമെന്ന രജപുത്രാചാരം പോലെ ‘അജ്ഞാന’ കാലത്ത് അറേബ്യന്‍ നാടോടികള്‍ ആചരിച്ചു വന്ന ഒരു ആണ്‍കോയ്മാ യുടെ ആചാരമായിരുന്നു ഈ ‘ഇദ്ദ’. സര്‍വ്വജ്ഞാനിയും പരമതന്ത്രജ്ഞനുമൊക്കെയായി സ്വയം ചമയുന്ന ഒരു ദൈവം എന്തിനാണിത്തരമൊരു ദുരാചാരത്തെ ഏറ്റു പിടിക്കാന്‍ പോയത് എന്നറിയില്ല! ജാഹിലിയ്യക്കാരെപ്പോലെ ഒരു കൊല്ലം മുഴുവന്‍ ചടഞ്ഞിരിക്കണമെന്ന് വിധി പ്രഖ്യാപിച്ച ശേഷം , അതു നാലു മാസം മതിയെന്നു മൊഴി മാറ്റിപ്പറഞ്ഞതിന്റെ യുക്തിയും പിടി കിട്ടുന്നില്ല. ഭാര്യ മരിച്ചാല്‍ ഭര്‍ത്താവു ‘ദുഖാചരണം’ നടത്തണമെന്ന് ഒരു ദൈവവും കല്‍പ്പിച്ചതായി കാണുന്നില്ല. ആണ്‍ ബുദ്ധിയുടെ ഉല്‍പ്പന്നമായ ദൈവങ്ങള്‍ക്കു പെണ്‍പക്ഷ ചിന്തയുണ്ടാവുക സാധ്യമല്ലല്ലോ!

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version