September 5, 2025
Islam Q & A

എന്താണു യുക്തിവാദം?

എന്താണു യുക്തിവാദം?
അതിനൊരു പ്രമാണമുണ്ടോ?
പ്രവാചകനുണ്ടോ?
യുക്തിവാദികള്‍ക്കു ജീവിതത്തിനെന്താണു ലക്ഷ്യം?

യുക്തിവാദികള്‍ സാധാരണ നേരിടാറുള്ള ചോദ്യങ്ങളില്‍ ചിലതാണിവ.

യുക്തിവാദത്തെ കുറിച്ച് എനിക്കു പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ ഞാന്‍ പറയാം. യുക്തിവാദത്തെ ഒരു തത്വശാസ്ത്രമായല്ല ഞാന്‍ കാണുന്നത്. യുക്തിവാദികള്‍ക്ക് എല്ലാ കാലത്തേക്കുമായി ഒരു പ്രമാണരേഖയോ ഒരാചാര്യനോ ഉണ്ടെന്നും ഞാന്‍ കരുതുന്നില്ല. ഒരു പ്രമാണത്തിലോ ഒരു പ്രവാചകനിലോ ഒതുങ്ങി മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുക എന്ന രീതിക്കെതിരായ ഒരു സമീപനമാണ് യുക്തിവാദം. പ്രപഞ്ചവും മനുഷ്യസമൂഹവും തൊട്ട് എല്ലാം തന്നെ അനുസ്യൂതം മാറിക്കൊണ്ടും വികസിച്ചുകൊണ്ടും ഇരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം. അതുകൊണ്ടു തന്നെ മാറ്റമില്ലാത്ത ഒരു തത്വസംഹിതയും മനുഷ്യപ്രകൃതത്തിനോ പ്രകൃതിക്കോ യോജിച്ചതല്ല. മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനു മാറിക്കൊണ്ടിരിക്കുന്ന ബോധവും മൂല്യങ്ങളും തന്നെയാണ് ‍ അനിവാര്യമായിട്ടുള്ളത്. മൂല്യങ്ങളും ജീവിതരീതികളും എങ്ങനെ മാറിയും മറിഞ്ഞും വരുന്നു എന്നതിനുള്ള ഉദാഹരണങ്ങളും വിശദീകരണങ്ങളും പിന്നീട് പറയാം.

യുക്തിവാദം ഒരു സമീപനരീതി മാത്രമാണെന്നു പറഞ്ഞുവല്ലോ. എന്താണാ സമീപനരീതി?

ഒരു കഥ പറയാം. നഴ്സറി കുട്ടികള്‍ക്കുള്ള കഥയാണ്.

ഒരിക്കല്‍ ഒരു മുയല്‍ മരച്ചുവട്ടില്‍ സുഖമായി കിടന്നുറങ്ങുകയായിരുന്നു. പെട്ടെന്ന് വലിയ ശബ്ദത്തോടെ എന്തോ സാധനം മുയലിന്റെ തൊട്ടടുത്ത് വീണു പൊട്ടിത്തെറിച്ചു. ഞെട്ടിയുണര്‍ന്ന മുയല്‍ ഉറക്കെ കരഞ്ഞുകൊണ്ട് ഒറ്റയോട്ടം. ! “ആകാശം പൊട്ടി വീണേ ;എല്ലാവരും ഓടിക്കോളണേ”…! മുയല്‍ ആര്‍ത്തു വിളിച്ചു കൊണ്ടോടി. അതു കണ്ട മാനും കുരങ്ങനും അണ്ണാനും എന്നു വേണ്ട ആ കാട്ടിലുള്ളവരെല്ലാം മുയലിന്റെ കൂടെ ഓടാന്‍ തുടങ്ങി. എല്ലാവരും വിളിച്ചു പറഞ്ഞു: “ആകാശം പൊട്ടി വീണേ ;എല്ലാവരും ഓടിക്കോളണേ”…! ഒടുവില്‍ അവര്‍ ഒരു പുഴവക്കത്തെത്തി.

പുഴക്കരയിലെ മരത്തില്‍ ഒരു കാക്ക ഇതു കണ്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. കാക്ക ചോദിച്ചു: “എന്താണു പ്രശ്നം? എന്തിനാണെല്ലാവരും പേടിച്ചോടുന്നത്?” “ആകാശം പൊട്ടി വീണേ ;എല്ലാവരും ഓടിക്കോളണേ”.. അവരെല്ലാവരും കൂടി വിളിച്ചു പറഞ്ഞു.
ഇതു കേട്ട ഉടനെ കാക്ക ഇടംകണ്ണിട്ടൊന്ന് നോക്കി; ആകാശത്തേക്ക്. പിന്നെ വലം കണ്ണിട്ടും ഒന്നു നോക്കി. “ ആകാശം അവിടെത്തന്നെയുണ്ടല്ലോ; ആരാ പറഞ്ഞേ ആകാശം പൊട്ടി വീണൂന്ന്?”. കാക്ക ചോദിച്ചു. എല്ലാവരും മേലോട്ടു നോക്കി. അവര്‍ പറഞ്ഞു: “ഞങ്ങളല്ല കണ്ടത്; ഈ മുയലാണു പറഞ്ഞത്”. കാക്ക പിന്നെയും കുറെ ചോദ്യങ്ങള്‍ ചോദിച്ചു. ഒടുവില്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചു: “നമുക്ക് മുയല്‍ കിടന്നിരുന്ന സ്ഥലത്തു വരെ ഒന്നു പോയി നോക്കാം”. ചിലരതു സമ്മതിച്ചു. മുയല്‍ പോകാന്‍ തയ്യാറായില്ല. മറ്റു ചില പേടിത്തൊണ്ടന്മാരും മുയലിനൊപ്പം നിന്നു. മറ്റുള്ളവര്‍ പതുക്കെ കാക്കയോടൊപ്പം പോയി. അവര്‍ ആ മരച്ചുവട്ടിലെത്തി. അതൊരു പ്ലാവു മരമായിരുന്നു. അവിടെ ഒരു വലിയ ചക്ക പഴുത്ത് വീണ് പൊട്ടിച്ചിതറിക്കിടക്കുന്നുണ്ടായിരുന്നു.!
കാക്ക എല്ലാവരെയും വിളിച്ചു വരുത്തി, മുയലിനെയും കൂട്ടിക്കൊണ്ടുവന്നു. കാര്യം ബോധ്യപ്പെട്ടതോടെ മുയലിന്റെ പേടി അല്‍പ്പം കുറഞ്ഞു. എല്ലാവരുംകൂടി കുറെ ചക്കപ്പഴം തിന്ന ശേഷം പിരിഞ്ഞു പോയി.

ഈ കഥയും യുക്തിവാദവും തമ്മില്‍ ബന്ധമുണ്ട്.
ഈ കഥയില്‍ ഒരു യുക്തിവാദിയും, കുറേ ക്ഷിപ്ര വിശ്വാസികളും, ആത്മനിഷ്ഠവും വൈകാരികവുമായ അനുഭവത്തിന്റെ പേരില്‍ തെറ്റിദ്ധാരണയ്ക്കു വശംവദനായ മറ്റൊരു കഥാപാത്രവുമാണുള്ളത്. നമ്മുടെ സമൂഹത്തിന്റെ തന്നെ ഒരു പരി‍ഛേദമാണീ കഥാപാത്രങ്ങള്‍ .

മഹാഭൂരിപക്ഷം ആളുകളും ഈ കഥയിലെ കൂട്ട ഓട്ടക്കാര്‍ തന്നെ. അപൂര്‍വ്വം ചിലര്‍ മാത്രം കാര്യങ്ങള്‍ അന്യേഷിക്കുകയും സ്വതന്ത്രമായി ചിന്തിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ശാസ്ത്രത്തിന്റെ രീതിയാണു യുക്തിവാദം. കാര്യ കാരണ വിവേചനം ചെയ്ത് നിരീക്ഷണപരീക്ഷണത്തിലൂടെ സത്യം കണ്ടെത്തി അതു ജീവിതത്തില്‍ പ്രയോഗിക്കുക എന്നതാണു യുക്തിവാദത്തിന്റെ രീതിശാസ്ത്രം.

ഈ കഥയിലെ കാക്ക എന്ന കഥാപാത്രത്തിനു രണ്ടു പ്രധാന വിശേഷഗുണങ്ങളുണ്ട്. ഒന്ന് ശാസ്ത്രബോധം അഥവാ, യുക്തിബോധം . മറ്റൊന്ന് സാമൂഹ്യ ധാര്‍മ്മിക ബോധം. കാക്ക സ്വയം പരീക്ഷണം നടത്തി സത്യം കണ്ടെത്താന്‍ ശ്രമിക്കുക മാത്രമല്ല , മറ്റുള്ളവരുടെ തെറ്റിദ്ധാരണയും അന്ധവിശ്വാസവും ദൂരീകരിക്കാനും കൂടി ശ്രമിക്കുകയുണ്ടായി. ഉയര്‍ന്ന സാമൂഹ്യബോധമാണ് ഇതിനു കാക്കയെ പ്രേരിപ്പിച്ചത്. കാക്ക സ്വാര്‍ഥചിന്ത മാത്രമുള്ള ആളായിരുന്നെങ്കില്‍ ഒറ്റക്കു പറന്നു പോയി കാര്യം മനസ്സിലാക്കി തന്റെ പാടും നോക്കി പോകുമായിരുന്നു.

യുക്തിവാദികള്‍ സാഹസികമായ പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവരുടെ കൂടി അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കി ഒരു നല്ല ജീവിത സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഏ റ്റി കോവൂരിനെപ്പോലുള്ള യുക്തിവാദികള്‍ സാധാരണക്കാരായ ആയിരക്കണക്കിനാളുകളുടെ അന്ധ വിശ്വാസങ്ങളും മനോരോഗങ്ങളും മാറ്റുക മാത്രമല്ല, അവരെയും അവരോടൊപ്പമുള്ളവരെയും ബോധവല്‍ക്കരിക്കുകയും ഒരുപാടു തെറ്റിദ്ധാരണകളില്‍നിന്നും ചൂഷണത്തില്‍നിന്നും അവരെ മോചിപ്പിക്കുകയും ചെയ്തു. അത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ക്കു പ്രചോദനം.

സമൂഹത്തിലെ ക്ഷിപ്രവിശ്വാസികള്‍ സാമൂഹ്യവിരുദ്ധരായ ബുദ്ധിമാന്മാരുടെ ചൂഷണത്തിന് പെട്ടെന്ന് ഇരയാകും. ആളുകളുടെ വിശ്വാസങ്ങളെയാണു നമ്മുടെ നാട്ടില്‍ കച്ചവടക്കാരും പലതരം തട്ടിപ്പുകാരും ഏറെയും മുതലെടുക്കുന്നത്. മതം തന്നെ ഇന്നു കുറെ പരാന്നഭോജികള്‍ക്ക് പറുദീസയൊരുക്കുന്നുണ്ട്. കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കി പാമരജനങ്ങളെ മത പുരോഹിതന്മാരും സംഘടനാനേതാക്കളും പറ്റിക്കുന്നതിന്റെ ചില സാമ്പിളുകള്‍ നമ്മുടെ ബ്ലോഗ് ചര്‍ച്ചയില്‍ തന്നെ നാം കണ്ടല്ലോ.
ആളുകളുടെ ക്ഷിപ്രവിശ്വാസശീലത്തിനു ചില ഉദാഹരണങ്ങള്‍ പറയാം:

ഖുര്‍ ആനില്‍ 6666 സൂക്തങ്ങളുണ്ടെന്ന് വളരെ ചെറുപ്പത്തില്‍ തന്നെ ഞാനും കേട്ടിരുന്നു. അതു വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഖുര്‍ ആന്‍ വായിക്കുകയും അതിന്റെ ദൈവികതയില്‍ സംശയം തോന്നുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഞാന്‍ ഈ അല്‍ഭുത നംബര്‍ ശരിയാണോ എന്നു എണ്ണി പ്പരിശോധിച്ചു. അതു വെറും ഒരു തട്ടിപ്പു പ്രചാരണം മാത്രമാണെന്ന് അങ്ങനെ എനിക്കു ബോധ്യമായി. പക്ഷെ ഇന്നും അതു വിശ്വസിക്കുന്നവര്‍ തന്നെയാണു മുസ്ലിംങ്ങളില്‍ ഭൂരിഭാഗവും . എല്ലാ വീടുകളിലും ഖുര്‍ ആന്‍ ഉണ്ട്. അഞ്ചു മിനിറ്റുകൊണ്ടു എണ്ണി നോക്കിയാല്‍ ബോധ്യപ്പെടുന്ന ഒരു കാര്യത്തിലാണ് ഇത്രയും വലിയ തെറ്റിദ്ധാരണ പരത്തിയിരിക്കുന്നത്.

19ന്റെ അല്‍ഭുതക്കാര്യം ഞാന്‍ മുന്‍പൊരു കമന്റില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. അല്‍ഭുതക്കണക്കുകള്‍ പുസ്തകമാക്കി പ്രചരിപ്പിച്ച മഹാന്മാര്‍ പോലും അതു പരിശോധിക്കാന്‍ മെനക്കെട്ടില്ല. യുക്തിവാദിയായ എന്റ് സുഹൃത്ത് രണ്ടു മാസം ലീവെടുത്ത് ആ കണക്കു പരിശോധിച്ചു തട്ടിപ്പു ബോധ്യപ്പെട്ടു.

ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടാണെന്നു തലമുറകള്‍ കൈമാറി വിശ്വസിച്ചു പോരുന്നവര്‍ ആ അവകാശവാദത്തിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ ഒരിക്കല്‍ പോലും തയ്യാറല്ല. ആയിരക്കണക്കിനു വര്‍ഷങ്ങളായി അനേകം തലമുറകളായി ഈ അന്ധവിശ്വാസങ്ങളുടെ മാറാപ്പു കെട്ടു കൈമാറി കൂട്ടഓട്ടം നടത്തുകയാണു നമ്മള്‍ ! ഒരിക്കല്‍ പോലും തിരിഞ്ഞു നിന്നു ഒരു ചോദ്യം പോലും ചോദിക്കാതെ ഓട്ടം തുടരുന്നു.

ആചാരങ്ങള്‍ എന്ന പേരിലും അനുഷ്ഠാനങ്ങളെന്ന നിലയിലും നമ്മുടെ സമൂഹം അന്ധമായി അനുകരിച്ചുകൊണ്ടിരിക്കുന്ന മിക്ക കാര്യങ്ങളുടെയും അവസ്ഥയും ഇതു തന്നെ. ഖഗോളശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദമെടുത്തവനും സ്വന്തം വിവാഹത്തിനോ മക്കളുടെ വിവാഹത്തിനോ സമയമായാല്‍ ജ്യോത്സ്യന്റെ മുന്‍പില്‍ പോയി കുമ്പിട്ടു നില്‍ക്കുകയും `ചൊവ്വയും `ശനിയും `നോക്കി കാര്യം നടത്തുകയും ചെയ്യും. ഗ്രഹങ്ങളും നക്ഷത്രങ്ങളുമൊക്കെ അസുരന്മാരും ദേവന്മാരുമാണെന്നു വിശ്വസിച്ചിരുന്ന പ്രാകൃതമനുഷ്യന്റെ വിഡ്ഡിത്തവും ആധുനിക ശാസ്ത്രത്തിന്റെ വിജ്ഞാനവും നമ്മുടെയൊക്കെ ജീവിതത്തില്‍ ഇവിടെ ഇപ്രകാരം കൂടിക്കലര്‍ന്നു കിടക്കുന്നു.

നരബലിയിലും മൃഗബലിയിലും സം പ്രീതരാകുന്ന കിരാത ദൈവങ്ങളെത്തന്നെയാണു നാം ഈ ശാസ്ത്രയുഗത്തിലും ആരാധിക്കുന്നത്. നരബലിയുടെ വാര്‍ത്തകള്‍ പോലും ഇടക്കിടെ നാം പത്രത്തില്‍ വായിക്കുന്നു.!
മനുഷ്യന്റെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങള്‍ക്കും കാര്യ കാരണ വിവേചനബുദ്ധിയുപയോഗിച്ചു ശാസ്ത്രീയമായ പരിഹാരം കാണുകയും അറിവില്ലാത്ത കാര്യങ്ങളെ കൂടുതല്‍ അന്യേഷണങ്ങള്‍ക്കായി മാറ്റി വെക്കുകയും ചെയ്യുക എന്നതാണു യുക്തിപരമായ സമീപനം.

ഇന്നത്തെപ്പോലെ ശാസ്ത്ര സങ്കേതങ്ങളൊന്നും വികസിച്ചിട്ടില്ലാത്ത കാലത്ത് മനുഷ്യന്റെ ദൈനംദിന ജീവിതത്തെ നേരിട്ടു ബാധിച്ചിരുന്ന പ്രകൃതിപ്രതിഭാസങ്ങളെ ഭയത്തോടെയും കൌതുകത്തോടെയും ഒരു തരം ആരാധനയോടെയും നോക്കിക്കണ്ട പ്രാകൃത മനുഷ്യന്‍ ഈ പ്രകൃതി പ്രതിഭാസങ്ങളെല്ലാം ഏതോ അദൃശ്യ, അതിഭൌതിക ശക്തികളാണെന്നും അവയ്ക്കു മനുഷ്യന്റെ ബലിയും ചോരയും ആരാധനയുമൊക്കെ വേണ്ടതുകൊണ്ടാണ് ‍ അവ മനുഷ്യനെ ഭയപ്പെടുത്തുന്നതെന്നും നിരൂപിച്ചു. അങ്ങനെ അവര്‍ മരങ്ങളെയും തീയിനെയും പക്ഷിമൃഗാദികളെയും ആകാശദൈവങ്ങളെയുമൊക്കെ ആരാധിച്ചു തുടങ്ങി. മനുഷ്യര്‍ക്കുപകാരികളായ സസ്യങ്ങളും മൃഗങ്ങളും അവന്റെ ഇഷ്ട ദൈവങ്ങളായി.

കാലം മുന്നോട്ടു പോകുംതോറും ദൈവങ്ങളുടെ രൂപവും സ്വഭാവവുമൊക്കെ മാറിവന്നുവെങ്കിലും ഏറ്റവും പ്രാകൃതമായ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അവശിഷ്ടങ്ങള്‍ എല്ലാ മതങ്ങളിലും ഇന്നും നിലനില്‍ക്കുന്നു. ഇസ്ലാം മതം കാലം കൊണ്ട് ആധുനികമാണെങ്കിലും കോലം കൊണ്ട് ഏറ്റവും പ്രാകൃതമാണ്. കാരണം ആ മതമുണ്ടായത് അറേബ്യാ മരുഭൂമിയിലെ ഒരു അപരിഷ്കൃത ഗോത്ര സമൂഹത്തിലായിരുന്നു എന്നതു തന്നെ.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *