September 5, 2025
Islam Quran

ആത്മാവ് ഒരു മിഥ്യാ സങ്കല്‍പ്പം!

37 വര്‍ഷം അബോധാവസ്ഥയില്‍ കിടന്ന കുന്നമംഗലത്തെ രോഹിണി എന്ന സ്ത്രീ ഈ കഴിഞ്ഞ ബുധനാഴ്ച്ച മരിച്ചു. 1971ല്‍ ഒരു ഓപറേഷനു വേണ്ടി അനസ്തേഷ്യ നല്‍കിയതായിരുന്നു അവര്‍ക്ക്. പിന്നീടവര്‍ക്ക് ബോധം തിരിച്ചു കിട്ടിയില്ല.

അമേരിക്കയില്‍ ടെറി ഷിയാവോ എന്നു പേരുള്ള ഒരു സ്ത്രീ 25 വര്‍ഷക്കാലം കോമാ യില്‍ കഴിഞ്ഞ ശേഷം ഒരു നിയമയുദ്ധത്തിലൂടെ കോടതിയുടെ അനുവാദം കിട്ടിയതിനെ തുടര്‍ന്ന് യൂത്തനേഷ്യ [ദയാവധം] ക്കു വിധേയമായ സംഭവം വലിയ വിവാദമയിരുന്നു. മസ്തിഷ്ക മരണം സംഭവിച്ച ശേഷം ഒരു കിടക്കയില്‍ ഓക്സിജന്‍ കുഴലും ആഹാരക്കുഴലുമായി 25 വര്‍ഷം അഹാരം,വിസര്‍ജ്ജനം, വളര്‍ച്ച തുടങ്ങിയ ജീവന്റെ ലക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ട് അവരുടെ ശരീരം ജീവിച്ചു.

മസ്തിഷ്കം ഭാഗികമായോ പൂര്‍ണ്ണമായോ പ്രവര്‍ത്തനരഹിതമായാലും ശരീരത്തിന്റെ ജൈവപ്രക്രിയകള്‍ നിലനിര്‍ത്താന്‍ കഴിയും.
ബുദ്ധി ഓര്‍മ്മ ചിന്ത എന്നിങ്ങനെ നമ്മുടെ സംവേദനപ്രവര്‍ത്തനങ്ങളുടെ യെല്ലാം അടിസ്ഥാനം നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മാത്രമാണ്. ശരീരത്തില്‍ നിന്നും പൂര്‍ണ്ണമായി വേറിട്ടു നില്‍ക്കുന്ന ‘ആത്മാവ്’ എന്ന മറ്റൊരു അസ്തിത്വം ഉണ്ടെന്ന വിശ്വാസത്തിനു ശാസ്ത്രീയമായ ഒരടിസ്ഥാനവുമില്ല. ഉണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ രണ്ടു സംഭവങ്ങളിലും മസ്തിഷ്കം മരിച്ച ഈ വ്യക്തികളുടെ ആത്മാവ് എവിടെ പോയി? ശരീരം മരിക്കുന്നതിനും 35 വര്‍ഷം മുന്‍പേ ആത്മാവ് പരലോകത്തേക്കു പോയോ?

മലപ്പുറം ജില്ലയിലെ ഒരു ഹയര്‍ സെക്കന്റടി സ്കൂളില്‍ ഗണിതശാസ്ത്രം പഠിപ്പിച്ചിരുന്ന എന്റെ ഒരു സുഹൃത്തിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വാഹനാപകടത്തില്‍ തലയ്ക്കു ഗുരുതരമായ പരിക്കു പറ്റി . ശസ്ത്രക്രിയയിലൂടെ ജീവന്‍ രക്ഷിക്കാനായെങ്കിലും അദ്ദേഹത്തിന്റെ ബുദ്ധിക്കു കാര്യമായ വൈകല്യം സംഭവിച്ചു. പഴയകാര്യങ്ങളെല്ലാം മറന്നു പോയി. സ്വന്തം അമ്മയെയും ഭാര്യയെയും തിരിച്ചറിയാന്‍ പോലും കഴിയാത്ത നിലയിലായി. പഠിച്ച കാര്യങ്ങളെല്ലാം വൃഥാവിലായി. മൂന്നു വയസ്സുള്ള ഒരു കുട്ടിയെ പ്പോലെ പെരുമാറാന്‍ തുടങ്ങി . സംഭവം നടന്ന് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടുപോലും കാര്യമായ പുരോഗതിയില്ല. സ്വന്തം വ്യക്തിത്വം പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഈ ഹതഭാഗ്യന്റെ ‘ആത്മാവി’ന് എന്തു സംഭവിച്ചു.? പഴയ ആത്മാവ് എവിടെ പോയി? ഇപ്പോള്‍ അയാള്‍ക്കു ആത്മാവുണ്ടോ?

ജന്മനാ തലച്ചോറിനു തീരെ വളര്‍ച്ചയില്ലാതെ അതീവ ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു കുട്ടിയുടേതാണ് മറ്റൊരു ഉദാഹരണം. ജനിച്ചിട്ട് 25 വര്‍ഷത്തോളമായി. ഒരേ കിടപ്പ്. മല‍മൂത്ര വിസര്‍ജ്ജനം പോലും കിടന്ന കിടപ്പില്‍. ജീവന്റെ ലക്ഷണമായ ആഹാരം വളര്‍ച്ച, വിസര്‍ജ്ജനം തുടങ്ങിയ കാര്യങ്ങള്‍ നടക്കുന്നുവെങ്കിലും ബുദ്ധിപരമായ ഒരു പ്രവര്‍ത്തനവുമില്ല. ഈ ‘മനുഷ്യനും’ ആത്മാവുണ്ടോ? ഉണ്ടെങ്കില്‍ ആ ആത്മാവിന്റെ അവസ്ഥ എന്ത്?

ഉറങ്ങുമ്പോള്‍ നമ്മുടെ ആത്മാവിനെ അല്ലാഹു പിടിച്ചു വെക്കുന്നു എന്നാണു ‍ പറയുന്നത്. ഓപറേഷന്‍ തിയറ്ററില്‍ അനസ്തേഷ്യ നല്‍കുമ്പോള്‍ അല്ലാഹു ആത്മാവും പിടിച്ചു പുറത്തു കാവല്‍ നില്‍ക്കുകയും ബോധം തെളിയാന്‍ മരുന്നു കൊടുക്കുമ്പോള്‍ ആത്മാവിനെ തിരികെ കൊടുത്ത് അദ്ദേഹം പോവുകയും ചെയ്യും!. ഒരു ഉറക്കു ഗുളികയുണ്ടെങ്കില്‍ അല്ലാഹുവിനെക്കൊണ്ട് ഒരാളുടെ ആത്മാവിനെ പിടിച്ചു കാവല്‍ നിര്‍ത്താം. അല്ലാഹു നമ്മുടെ ഗുളികകൊണ്ടു നിയന്ത്രിക്കപ്പെടുന്ന അവസ്ഥ!

ലിംഗ മാറ്റശസ്ത്രക്രിയ ഇന്നൊരു പതിവായിരിക്കുന്നു. കുറെ കാലം പെണ്ണാത്മാവായി ജീവിച്ചുപിന്നെ ആണാത്മാവാകുന്നതും തിരിച്ചും . ഇസ്ലാം സങ്കല്‍പ്പമനുസരിച്ച് പെണ്ണിന്റെ ആത്മാവിനു റെയ്ഞ്ച് കുറവാണ്. ആണിന്റെ പകുതി വിലയുള്ള രണ്ടാം തരം ആത്മാവ്. ലിംഗ മാറ്റം നടന്നാല്‍ അല്ലാഹു എന്തു ചെയ്യും?

തലച്ചോറു തന്നെ മാറ്റിവെക്കാനും കഴിയുമെന്നു ശാസ്ത്രം മൃഗങ്ങളില്‍ പരീക്ഷിച്ചു തെളിയിച്ചതാണ്. അതു മനുഷ്യനില്‍ പ്രയോഗിച്ചാല്‍ ഒരു ശരീരം രണ്ട് ആത്മാവിനെ വഹിക്കേണ്ട അവസ്ഥയും വരും.

ആത്മാവ് എന്ന സങ്കല്‍പ്പം അര്‍ത്ഥശൂന്യമായ ഒരു അന്ധവിശ്വാസമാണെന്ന് ചുരുക്കം.

Leave a Reply

Your email address will not be published. Required fields are marked *