ദൈവത്തിന്റെ കിതാബുകള്‍ സംരക്ഷിക്കപ്പെട്ടില്ല !
അല്ലാഹു നിരവധി വേദഗ്രന്ഥങ്ങള്‍ മനുഷ്യര്‍ക്കയച്ചു കൊടുത്തിട്ടുണ്ട്. ഇഞ്ജീല്‍, തൌറാത്, സബൂര്‍ , കുര്‍ ആന്‍ … അങ്ങനെ പലതും. അല്ലാഹുവിന്റെ ഈ ഗ്രന്ഥങ്ങളുടെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുമുണ്ട്.-
إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُ لَحَافِظُونَ
“നിശ്ചയമായും ഞാന്‍ തന്നെയാണു പ്രമാണത്തെ അവതരിപ്പിച്ചത്. ഞാന്‍ തന്നെ അതിനെ കാത്തു സംരക്ഷിക്കുകയും ചെയ്യും.”[15:9]
എന്നാല്‍ ഈ വാഗ്ദാനം നിറവേറ്റപ്പെട്ടുവോ? ഇല്ലെന്നാണു മതപ്രമാണങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. ബൈബിളും മറ്റും പല തിരിമറികള്‍ക്കും വിധേയമായി എന്നു മുസ്ലിംങ്ങള്‍ തന്നെ പൊതുവില്‍ വിശ്വസിക്കുന്നു. കുര്‍ ആനിലും ഒരുപാടു മായം കലര്‍ന്നതായും ,അതിന്റെ ക്രോഡീകരണത്തില്‍ ഒട്ടേറെ പാകപ്പിഴകള്‍ പറ്റിയതായും പ്രാമാണിക ഹദീസുകളില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു നിലവിലുള്ള കുര്‍ ആന്‍ യഥാര്‍ത്ഥത്തില്‍ അവതരിക്കപ്പെട്ടതിന്റെ മൂന്നിലൊന്നുപോലും ഇല്ല എന്നതാണു സത്യം. നിരവധി അധ്യായങ്ങളും സൂക്തങ്ങളും ക്രോഡീകരണവേളയില്‍ പല കാരണങ്ങളാല്‍ മുസ്ഹഫില്‍ ഉള്‍പ്പെടുത്താതെ പോയിട്ടുണ്ട്. പലതും അനന്ത വിസ്മൃതിയിലാണ്ടു പോയിട്ടുമുണ്ട്.
പ്രവാചകന്റെ മരണ ശേഷം ഖലീഫമാരുടെ കാലത്താണു കുര്‍ ആന്‍ ഗ്രന്ഥരൂപത്തില്‍ സമാഹരിക്കപ്പെടുന്നത്. ഹദീസുകളില്‍ ഈ കാര്യം വിവരിച്ചിട്ടുള്ളത് ഏതാണ്ടിപ്രകാരമാണ്:-
“തിരുമേനിയുടെ വഫാതോടു കൂടി അറബികളില്‍ പല ഗോത്രങ്ങളും ഇസ്ലാമില്‍നിന്നകന്നു പോയതും ഒന്നാം ഖലീഫ അബൂബക്കര്‍ അവരുടെ നേരെ വമ്പിച്ച സൈനിക നടപടി സ്വീകരിച്ചതും അതിനെ തുടര്‍ന്ന് അവരെല്ലാവരും ഇസ്ലാമിലേക്കുതന്നെ തിരികെ വന്നതും ചരിത്രപ്രസിദ്ധമാണല്ലോ. അന്നത്തെ സംഭവങ്ങളില്‍ പ്രധാനമായ ഒന്നായിരുന്നു മുസൈലിമത്ത് എന്ന കള്ളപ്രവാചകനെതിരെയുള്ള ഏറ്റുമുട്ടല്‍ . ആ യുദ്ധത്തില്‍ കുര്‍ ആന്‍ മനപ്പാഠമാക്കിയിരുന്ന നൂറുകണക്കിനു സഹാബികള്‍ മരണപ്പെട്ടിരുന്നു. ഇതുപോലെ ഇനിയും വല്ല സംഭവങ്ങളും ഉണ്ടായേക്കുന്ന പക്ഷം കുര്‍ ആന്‍ പാഴായിപ്പോകുമെന്നും ആയതിനാല്‍ കുര്‍ ആന്‍ ആദ്യന്തം ഒരു ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കണമെന്നും ഉമര്‍ ഖലീഫാ അബൂബക്കറിനെ ഉണര്‍ത്തി. റസൂല്‍ ചെയ്തിട്ടില്ലാത്ത ഒരു പവൃത്തി താന്‍ എങ്ങനെ ചെയ്യുമെന്നു കരുതി അദ്ദേഹം ആദ്യം വിസമ്മതിച്ചു. എങ്കിലും ഭവിഷ്യത്തിനെപ്പറ്റി ഉമ്മര്‍ വിശദീകരിച്ചു കൊടുത്തപ്പോള്‍ അദ്ദേഹം അതിനു മുമ്പോട്ടു വരുക തന്നെ ചെയ്തു. അങ്ങനെ അദ്ദേഹം സെയ്ദുബ്നു ഥാബിത്തിനെ വരുത്തി കാര്യം മനസ്സിലാക്കിക്കൊടുത്തു. അബൂബക്കര്‍ പറഞ്ഞു: “താങ്കള്‍ ബുദ്ധിമാനായ ഒരു യുവാവാകുന്നു. ഞങ്ങള്‍ക്കു താങ്കളെപ്പറ്റി യാതൊരു തെറ്റിദ്ധാരണയുമില്ല. താങ്കള്‍ റസൂല്‍ തിരുമേനിയുടെ വഹ് യുകള്‍ എഴുതിയിരുന്ന ആളാണല്ലൊ . ആകയാല്‍ താങ്കള്‍ ശരിക്ക് അന്യേഷണം നടത്തി കുര്‍ ആന്‍ ഒന്നായി ശേഖരിക്കണം. .” സെയ്ദ് തന്നെ ഒരിക്കല്‍ പ്രസ്താവിച്ചതുപോലെ “ഒരു പര്‍വ്വതം അതിന്റെ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതിനെക്കാളും ഭാരിച്ച ” ആ പണി അദ്ദേഹം ഏറ്റെടുത്തു. ….റസൂല്‍ തിരുമേനിയില്‍നിന്നും ആരെങ്കിലും കുര്‍ ആന്റെ വല്ല ഭാഗവും രേഖപ്പെടുത്തി വെച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം ഹാജറാക്കണം എന്ന് ഉമര്‍ വിളംബരപ്പെടുത്തുകയും ചെയ്തു…..ഇപ്രകാരം സഹാബികളുടെ എല്ലാം അറിവോടെ സെയ്ദിന്റെ കയ്യാലെ കുര്‍ ആന്‍ ഒരു ഏടില്‍ സമാഹൃതമായി.” [വിശുദ്ധ ഖുര്‍ ആന്‍ വിവരണം -മുഖവുര . അമാനി മൌലവി]
നീണ്ട 23 വര്‍ഷക്കാലത്തിനിടയില്‍ പല സമയത്തായി ഇറക്കപ്പെട്ടതാണ് കുര്‍ ആനിലെ വെളിപാടുകള്‍ .അതാകട്ടെ കൃത്യമായും ക്രമമായും രേഖപ്പെടുത്തിയിരുന്നുമില്ല. മനപ്പാഠമാക്കി എന്നവകാശപ്പെട്ടിരുന്ന മിക്ക പേരും മരണപ്പെടുകയും ചെയ്തു. ജീവിച്ചിരുന്നവരില്‍ പലരും മറന്നു പോവുകയും ചെയ്തു. ആ നിലയ്ക്കു മേല്‍ പ്രസ്താവിച്ച വിധം അവ സമാഹരിക്കപ്പെടുമ്പോള്‍ തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികമാണ്.
സൂക്തങ്ങളുടെ അവതരണക്രമത്തിലോ, വിഷയങ്ങളെ അടിസ്ഥാനമാക്കിയോ അല്ല ഗ്രന്ഥം തയ്യാറാക്കിയത്. കിട്ടിയതൊന്നാകെ വാരിക്കൂട്ടി ഒരു മാനദണ്ഡവുമില്ലാതെ തുന്നിച്ചേര്‍ക്കാന്‍ മാത്രമേ സെയ്ദിനു കഴിഞ്ഞുള്ളു. ഉസ്മാന്റെ ഭരണകാലത്താണ് ഈ ഗ്രന്ഥം കൂടുതല്‍ പ്രതികളുണ്ടാക്കി പല ഭാഗത്തേക്കും എത്തിച്ചു കൊടുത്തത്. അതില്‍ പിന്നെയും മാറ്റങ്ങള്‍ വരുത്തിയിരുന്നു. സെയ്ദ് ആദ്യം തയ്യാറാക്കിയ പ്രതിയില്‍ നിന്നും വ്യത്യാസമുള്ളതിനാല്‍ സെയ്ദിന്റെ ആദ്യ പ്രതി ഉസ്മാന്‍ കത്തിച്ചു കളയുകയാണത്രേ ചെയ്തത്.
നഷ്ടപ്പെട്ട അധ്യായങ്ങള്‍
ഇബ്നു ഷഹാബില്‍ നിന്നുള്ള ഒരു ഹദീസില്‍ , പ്രവാചകന്‍ ചൊല്ലിക്കേള്‍പ്പിക്കാറുള്ള പല വാക്യങ്ങളും ഉസ്മാന്‍ പകര്‍ത്തി എഴുതിച്ച കുര്‍ ആന്‍ കോപ്പിയില്‍ നിന്നും വിട്ടു പോയിട്ടുണ്ടെന്ന കാര്യം സെയ്ദുബ്നു ഥാബിത്ത് തന്നെ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. കുര്‍ ആനില്‍നിന്നും നിരവധി അധ്യായങ്ങള്‍ തന്നെ നഷ്ടപ്പെട്ടു പോയതായി ഹദീസുകള്‍ വ്യക്തമാക്കുന്നു.
“അബൂ അസ് വദില്‍നിന്നു നിവേദനം: അദ്ദേഹം പറയുന്നു. ഒരിക്കല്‍ അബൂമൂസല്‍ അസ് അരിയെ ബസറയിലെ കുര്‍ ആന്‍ പാരായണവിദഗ്ധരുടെ അടുക്കലേക്ക് അയക്കുകയുണ്ടായി. അദ്ദേഹം അവിടെ ചെന്നപ്പോള്‍ കുര്‍ ആന്‍ പഠിച്ച മൂന്നു പേര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ ബസറാ നിവാസികളില്‍ വെച്ച് ശ്രേഷ്ഠന്മാരും കുര്‍ ആന്‍ പാരായണം ചെയ്യുന്നതില്‍ വിദഗ്ധരുമാണ്. അതു കൊണ്ട് നിങ്ങള്‍ അതു പാരായണം ചെയ്തുകൊള്ളുക. കാലപ്പഴക്കം കൊണ്ടു മുന്‍ കഴിഞ്ഞ ജനതയുടെ ഹൃദയങ്ങള്‍ കഠിനമായതു പോലെ നിങ്ങളുടെ ഹൃദയങ്ങള്‍ കഠിനമാകാതിരിക്കട്ടെ. ഞങ്ങള്‍ ഒരു കുര്‍ആന്‍ അധ്യായം പാരായണം ചെയ്യാറുണ്ടായിരുന്നു. ദൈര്‍ഘ്യത്തിലും ഗൌരവത്തിലും അതു ബറാഅത്ത് എന്ന അധ്യായത്തെപ്പോലെയാണെന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു. ആ അധ്യായത്തെ സംബന്ധിച്ച് എനിക്കു മറവി സംഭവിച്ചിരിക്കുന്നു. പക്ഷെ അതില്‍ നിന്നും
لو كان لابن آدم واديان من مال لابتغى واديا ثالثا ولا يملأ جوف ابن آدم إلاّّ التراب
(മനുഷ്യനു സമ്പത്തിന്റെ രണ്ടു താഴ്വരയുണ്ടെങ്കില്‍ മൂന്നാമതൊരു താഴ്വര അവന്‍ ആഗ്രഹിക്കുന്നതാണ്. മനുഷ്യര്‍ മരിച്ചു മണ്ണിനോടു ചേരുന്നതു വരെ ഈ ആഗ്രഹം അവനില്‍ നില നില്‍ക്കും.)
എന്നു ഞാന്‍ ഹൃദിസ്ഥമാക്കിയിരിക്കുന്നു. അപ്രകാരം തന്നെ ഞങ്ങള്‍ മുസബ്ബഹാത്തില്‍ പെട്ട അധ്യായത്തോടു സാദൃശ്യപ്പെടുത്താറുള്ള മറ്റൊരധ്യായവും പാരായണം ചെയ്യാറുണ്ടായിരുന്നു. അതിനെ സംബന്ധിച്ചും എനിക്കു മറവി സംഭവിച്ചു പോയി. പക്ഷേ
يا أيّها الّذين آمنوا لم تقولون ما لا تفعلون ، فتكتب شهادة في أعناقكم فتسألون عنها يوم القيامة
(ഹേ സത്യവിശ്വാസികളേ ! നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിനാണു നിങ്ങള്‍ പറയുന്നത്? അതു കാരണം നിങ്ങളുടെ പിരടികളില്‍ സാക്ഷ്യം രേഖപ്പെടുത്തുകയും അനന്തരം അതിനെ കുറിച്ച് പുനരുത്ഥാനദിവസം നിങ്ങളോടു ചോദ്യം ചെയ്യപ്പെടുന്നതുമാണ്. )
എന്നു ഞാന്‍ ഹൃദിസ്ഥമാക്കിയിരിക്കുന്നു.[സ്വഹീഹു മുസ്ലിം]
ഈ പറഞ്ഞ അധ്യായങ്ങളൊന്നും ഇന്നത്തെ കുര്‍ ആനില്‍ കാണപ്പെടുന്നില്ല. അബൂ മൂസയില്‍നിന്നുള്ള മറ്റൊരു ഹദീസില്‍ 129 വാക്യങ്ങളുള്ള തൌബ എന്ന അധ്യായത്തോടു സാമ്യമുള്ള മറ്റൊരധ്യായം പൂര്‍ണ്ണമായും വിസ്മരിക്കപ്പെട്ടതായി പറയുന്നു. 73 വാക്യങ്ങളുള്ള അല്‍ അഹ്സാബ് എന്ന അധ്യായം 286 വാക്യങ്ങളുള്ള അല്‍ ബകറയോളം വലുതായിരുന്നു എന്നാണു മറ്റൊരു ഹദീസിലുള്ളത്. ഇമാം മാലിക് പറയുന്നു-ബറാ അത്ത് സൂറത്തിന് അല്‍ ബകറയുടെ വലിപ്പമുണ്ടായിരുന്നു ആദ്യത്തില്‍ . പിന്നെ കുറേ പോയി. ആദ്യത്തില്‍നിനു പോയ സൂക്തങ്ങളോടൊപ്പം ബിസ്മിയും പോയി. അതാണതില്‍ ബിസ്മി ഇല്ലാതാകാന്‍ കാരണം.
ഉസ്മാനീ മുസ്ഹഫ് എന്നറിയപ്പെടുന്ന ഇന്നത്തെ കുര്‍ആനിനു പുറമെ മറ്റു പല പ്രമുഖ സഹാബികളും ക്രോഡീകരിച്ച നിരവധി കുര്‍ആന്‍ കോപ്പികള്‍ ആദ്യ കാലത്തു നിലവിലുണ്ടായിരുന്നതായും അവ തമ്മില്‍ അധ്യായങ്ങളുടെ എണ്ണത്തിലും ക്രമത്തിലുമൊക്കെ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായും പ്രാമാണിക മതഗ്രന്ഥങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഉസ്മാന്‍ കുര്‍ ആനില്‍ നിന്നും വിട്ടു കളഞ്ഞ രണ്ടു കുര്‍ ആന്‍ അധ്യായങ്ങള്‍ ഇതാ:- [അലി ക്രോഡീകരിച്ച കുര്‍ ആനിലും ഉബയ്യിന്റെ മുസ് ഹഫിലും ഉള്ളത്.]
سورة الخلع
اللّهم إنّا نستعينك ونستغفرك ،
ونثني عليك ولا نكفرك ،
ونخلع ونترك من يفجرك
(തമ്പുരാനേ ഞങ്ങളിതാ നിന്നോടു മാപ്പും ദയയും ചോദിക്കുന്നു. നിന്നെ വാഴ്ത്തുകയും ചെയ്യുന്നു. നിന്നെ നിഷേധിക്കയില്ല ഞങ്ങള്‍ . നിന്നെ ധിക്കരിച്ചവരില്‍ നിന്നും ഒഴിഞ്ഞു മാറുന്നു.)
سورة الحفد
اللّهم إيّاك نعبد
ولك نصلّي ونسجد،
وإليك نسعى ونحفد ،
نرجو رحمتك ونخشى عذابك ،
إنّ عذابك بالكفّار ملحق
(തമ്പുരാനേ ഞങ്ങളിതാ നിന്നെ ആരാധിക്കുന്നു. നിനക്കു നിസ്കരിക്കുന്നു. സുജൂദ് ചെയ്യുന്നു. നിന്നിലേക്ക് ഓടി വരുകയും നിന്നെ അവലംബിക്കുകയും ചെയ്യുന്നു. നിന്റെ കാരുണ്യം ഞങ്ങള്‍ കാംക്ഷിക്കുന്നു. ശിക്ഷ ഞങ്ങള്‍ ഭയപ്പെടുന്നു. നിഷേധികള്‍ക്കു നിന്റെ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.)
കുര്‍ ആനില്‍ നിന്നും ആടു തിന്ന കാരണം നഷ്ടപ്പെട്ട മറ്റൊരു സുപ്രധാന വെളിപാടാണിത്:—

തുടരും….!