ഏതാണ്ട് 70 വര്‍ഷങ്ങള്‍ക്കു മുമ്പ് `കുസുമം `എന്ന തൂലികാനാമത്തില്‍ ഡോ.PPആന്റണി എഴുതിയ ഒരു പ്രബന്ധത്തിലെ ഏതാനും ഭാഗങ്ങള്‍ ഈ ചര്‍ച്ചയുടെ ആരംഭത്തിനായി അവതരിപ്പിക്കുന്നു. കാലം കുറേക്കൂടി മുന്നോട്ടു പോയിട്ടുണ്ട്. ദൈവത്തിനും ഒരുപാട് പരിണാമങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എങ്കിലും ഈ ലേഖനത്തില്‍ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ക്കു പ്രസക്തി കുറഞ്ഞിട്ടില്ലെന്നു തോന്നുന്നു.
ദൈവം എന്ന സങ്കല്പം
ഒരു വിഗ്രഹത്തിന്റെ മുമ്പില്‍ വെച്ച് കുറെ ആളുകള്‍ കോഴി വെട്ടുകയും തുള്ളുകയും അട്ടഹസിക്കുകയും പാടുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ ചിന്താശീലനായ ഒരാളുടെ മനസ്സില്‍ അനുകമ്പയല്ലാതെ മറ്റൊരു വികാരവും ഉണ്ടാകുമെന്നു തോന്നുന്നില്ല.
`ഒരു വെറും കല്ല് ഈശ്വരനാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുവല്ലോ! ഇങ്ങനെ മനുഷ്യരെല്ലാം വെറുതെ കിടന്ന് അലറി കഷ്ടപ്പെടുന്നുവല്ലോ! തങ്ങള്‍ തന്നെ എടുത്തു വെച്ച ഒരു കല്ലിനെ ഇങ്ങനെ ഭയപ്പെടുന്നത് എത്ര കഷ്ടമാണ്‍! ഇവര്‍ക്ക് എന്തുപകാരം ചെയ്യാന്‍ ആ സാധു കല്ലിനു കഴിയും!`
എന്നിങ്ങിനെയായിരിക്കും അയാളുടെവിചാരം. അവിടെയുള്ള വിഗ്രഹവും കോഴികളും മനുഷ്യരും ഒരുപോലെ നമ്മുടെ അനുകമ്പയെ അര്‍ഹിക്കുന്നുണ്ട്. മസൂരിയുണ്ടാക്കുമെന്നും മറ്റുമുള്ള ദുശ്ചരിതത്തില്‍നിന്ന് ആ വിഗ്രഹത്തെ രക്ഷപ്പെടുത്താനും മിണ്ടാപ്രാണികളായ ജന്തുക്കളുടെ ജീവത്രാണനം ചെയ്‌വാനും നികൃഷ്ടവും അനര്‍ത്ഥവും നിരര്‍ത്ഥവുമായ മൂഢാചാരങ്ങളില്‍നിന്നു മനുഷ്യരെ പിന്തിരിക്കാനും ഉള്ള ഒരു ആഗ്രഹം ഇത്തരം കാഴ്ച്ച കാണുവാന്‍ ഇട വരുന്ന ചിലര്‍ക്ക് ഉണ്ടാകുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഏവരുടെ ഗുണത്തെ മുന്‍ നിര്‍ത്തി ഒരാള്‍ ഗുണദോഷനിരൂപണം ചെയ്യുന്നുവോ അവര്‍ക്കു, ശസ്ത്രക്രിയ ഭയപ്പെടുന്ന രോഗികളെപ്പോലെ നിരൂപകന്റെ നേരെ അതിമാത്രമായ ഒരു അലൌകികം തോന്നുന്നതും സാധാരണയാണ്.
ഭാവനശക്തി കൊണ്ട് ആകാശത്തട്ടില്‍ ഉണ്ടാക്കി പ്രതിഷ്ഠിച്ചിട്ടുള്ള അദൃശ്യമായ ഒരു മഹാവിഗ്രഹമായിട്ടാണ് ക്രിസ്ത്യന്‍ ദൈവം ആദ്യമായി കാണപ്പെടുന്നത്. കണ്ണും, കാതും, നാസികയും എല്ലാം അദ്ദേഹത്തിനു കല്‍പ്പിച്ചു കൊടുത്തിരിക്കുന്നു. ഈ മാനസിക വിഗ്രഹത്തിന്റെ മുമ്പിലാണ് ക്രിസ്ത്യലോകം കുമ്പിടുന്നത്; പാട്ടു പാടുന്നത്; സുഗന്ധദ്രവ്യങ്ങള്‍ പുകയ്ക്കുന്നത്. കേസ്ല് ജയിക്കാനും വിളവു വര്‍ദ്ധിക്കാനും രോഗങ്ങള്‍ മാറ്റുവാനും ആ സങ്കല്‍പ്പ വിഗ്രഹം സഹായിക്കുമെന്ന് അനേകം പേര്‍ വിശ്വസിക്കുന്നു. “പരീക്ഷയില്‍ അകപ്പെടുത്തരുത്” എന്നു നിത്യ്വും ഈശ്വരനോട് അപേക്ഷിച്ചില്ലെങ്കില്‍ അദ്ദേഹം മനുഷ്യരെ പരീക്ഷയില്‍ അകപ്പെടാന്‍ അനുവദിക്കുമെന്നും ദിനം പ്രതി അപ്പം ചോദിച്ചില്ലെങ്കില്‍ നമുക്കു ഭക്ഷിപ്പാന്‍ ഒന്നും അദ്ദേഹം തരികയില്ലെന്നും ഇന്ന് അനേകലക്ഷം ജനങ്ങള്‍ വിശ്വസിക്കുന്നു.
ഒരു പ്രതിമയുടെ ഭംഗി അതിന്റെ നിര്‍മാണത്തിനുപയോഗിക്കുന്ന സാധനങ്ങളുടെ ഗുണത്തെയും ശില്പിയുടെ പാടവത്തെയും അനുസരിച്ചിരിക്കുന്നതുപോലെത്തന്നെ ഈശ്വരകര്‍ത്താക്കളുടെ അറിവിനേയും ആശയവിശാലതയേയും അനുസരിച്ചാണ് ഈശ്വരന്മാരുടെ വൈശിഷ്ട്യം കാണുന്നത്. അറബി രാജ്യത്തിനടുത്തുള്ള ഒരു ദിക്കില്‍ അലഞ്ഞു നടന്നിരുന്ന ഒരു വര്‍ഗ്ഗക്കാരുടെ ഭാവനാസന്താനമായ ഈശ്വരന്‍ അവരുടെ അന്നത്തെ സ്വഭാവത്തിന്റെ ഒരു പ്രതിച്ഛായയായിരുന്നു. തനിക്കു താമസിക്കാന്‍ ഒരു ക്ഷേത്രം പണിയണമെന്ന് ഈ ദൈവം ഒരിക്കല്‍ ആവശ്യപ്പെട്ടു. ഒരിക്കല്‍ അദ്ദേഹം മോശയെന്നു പേരായ ഒരാളോട് നേരിട്ടു സംസാരിച്ചു. ഈശ്വരന്‍ വാഗ്ദാനം നിറവേറ്റിയില്ലെന്ന് ഒരിക്കല്‍ മോശ അദ്ദേഹത്തോട് ആവലാതിപറഞ്ഞു. കള്ളം പറയിക്കാന്‍ ഈ ഈശ്വരന്‍ ഒരിക്കല്‍ ഒരു അരൂപിയെ നിയോഗിച്ചു. മനുഷ്യന്‍ കെട്ടിടം പണിയുന്നതു കാണാന്‍ ഒരിക്കല്‍ അദ്ദേഹം ഇറങ്ങിവന്നു. മാംസം കരിഞ്ഞ മണം അദ്ദേഹത്തിനിഷ്ടമായി. അദ്ദേഹം അദ്ദേഹത്തിന്റെ സൃഷ്ടിവൈഭവം കണ്ട് ആനന്ദിച്ചു. മനുഷ്യരുടെ കൃതഘ്നതയെ കണ്ടു വ്യസനിക്കയും കോപിക്കയും ചെയ്തു. ശിക്ഷ കുറേ കഠിനമായെന്നോര്‍ത്ത് അദ്ദേഹം പശ്ചാത്തപിച്ചു. ഈ ദൈവത്തിന്റെ മനുഷ്യ സ്വഭാവത്തെ വെളിപ്പെടുത്തുന്നതിന്ന് ഈ ദൃഷ്ടാന്തങ്ങള്‍ മതിയെന്നു വിശ്വസിക്കുന്നു.
ക്രിസ്ത്യന്‍ ദൈവത്തിനു തന്റെ സൃഷ്ടികളായ `മിണ്ടാപ്രാണികളോട്` എത്ര കരുണയുണ്ടായിരുന്നുവെന്നു കാണിപ്പാന്‍ ചില ദൃഷ്ടാന്തങ്ങള്‍ പറയാം. മനുഷ്യര്‍ ഈശ്വരനെ വകവെച്ചില്ലെന്നുള്ള കാരണത്തിന്മേല്‍ ഏതുമറിയാത്ത അനേകലക്ഷം ജീവജന്തുക്കളെ അദ്ദേഹം മുക്കിക്കൊന്നു. ഒരു പിശാച് സര്‍പ്പത്തിന്റെ വേഷമെടുത്തതുകൊണ്ട് ഒന്നുമറിയാത്ത സര്‍പ്പവംശത്തെ മുഴുവന്‍ വയറു കൊണ്ടു നടക്കാനും മണ്ണു തിന്നാനും അദ്ദേഹം ശപിച്ചു. ഒരു ക്രൂരനായ രാജാവിനു തന്റെ പ്രതാപമൊന്നു കാണിക്കാന്‍ മാത്രം അനേകലക്ഷം ജന്തുക്കളെ സൃഷ്ടിക്കയും തദനന്തരം അവയെ നശിപ്പിക്കയും ചെയ്തു. ആ നാട്ടിലുള്ള കന്നുകാലികളെ കഠിനരോഗങ്ങള്‍ കൊണ്ട് പീഡിപ്പിക്കയും വധിക്കയും ചെയ്തു. ദേവാലയത്തിലെ ബലിപീഠം രക്തമയമായിരിക്കേണമെന്ന് അദ്ദേഹം നിഷ്കര്‍ഷ ചെയ്തു. ഒരു കൂട്ടം ജനങ്ങള്‍ക്കു മാംസഭക്ഷണം കൊടുക്കാന്‍ വെറും മാംസം കുറേ ഉണ്ടാക്കുന്നതിനു പകരം സര്‍വ്വശക്തന്‍ അനേകായിരം പക്ഷികളെ ഉണ്ടാക്കിക്കൊടുത്തു. അന്യായമായി ഒരു മനുഷ്യ ശരീരത്തില്‍ കൈകേറി പാര്‍ത്തിരുന്ന ചില ദേവതകള്‍ക്കു ഒരു കൂട്ടം പന്നികളെ കൊല്ലാന്‍ അദ്ദേഹം അനുവാദം കൊടുത്തു.
മനുഷ്യരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ഇതിലും നിഷ്കരുണമായതാണ്. ഒരു രാജാവ് അദ്ദേഹത്തിന്റെ അടിമകളെ വിട്ടയക്കാഞ്ഞതിന് ആ നാട്ടിലുള്ള എല്ലാവരുടേയും പ്രഥമ പുത്രന്മാരെ ഈശ്വരന്‍ വധിച്ചുകളഞ്ഞു. മാതൃത്വം, പരിഹാരമാവശ്യമുള്ള ഒരു പാപമായി അദ്ദേഹം നിശ്ചയിച്ചു. അടിമക്കച്ചവടത്തിന് ഈ ദൈവം അനുകൂലിയായിരുന്നു. ആരെങ്കിലും അയാളുടെ അടിമയെ തല്ലിയാല്‍ അവന്‍ അന്നുതന്നെ ചത്തില്ലെങ്കില്‍ അതൊരു കുറ്റമല്ലെന്നായിരുന്നു ഈ ദൈവത്തിന്റെ നിയമം. അടിമ ഉടമസ്ഥന്റെ മുതലാകകൊണ്ട് ഒരു ദിവസം കഴിഞ്ഞു ചാകുന്ന വിധത്തില്‍ കൊല്ലാന്‍ അയാള്‍ക്ക് അവകാശമുണ്ടെന്നാണ് ദൈവത്തിന്റെ ന്യായം. അന്യ മതമാണു നല്ലതെന്ന് ഒരാളുടെ ഭാര്യയോ മക്കളോ മറ്റോ ഉപദേശിച്ചാല്‍ അവരെ അയാള്‍ ഉടനെ കൊന്നു കളയണമെന്ന് ഈ ദൈവം കല്‍പ്പിച്ചിരിക്കുന്നു. ഒരു പട്ടണവാസികളാണ് ഈ ഈശ്വരനു കീഴ്പ്പെടാതിരിക്കുന്നതെങ്കില്‍ ആ പട്ടണത്തിലുള്ള സര്‍വ്വ ജീവികളെയും -കുഞ്ഞുകുട്ടികളേയും കന്നുകാലികളേയും-വാളുകൊണ്ടു വെട്ടിക്കൊന്നു കളയേണമെന്നുള്ളത് ഈ ദൈവത്തിന്റെ കല്‍പ്പനയാണ്‍. “പുരുഷവര്‍ഗ്ഗത്തില്‍പ്പെട്ടവരെല്ലാം -കുട്ടികളേയും കൂടി- വധിപ്പിന്‍ പുരുഷസ്പര്‍ശമുണ്ടായിട്ടുള്ള സ്ത്രീകളെയെല്ലാം കൊന്നു കളയുവിന്‍ ; എന്നാല്‍ പെണകുട്ടീകളെയും അവിവാഹിതകളായ സ്ത്രീകളേയും നിങ്ങള്‍ക്കായി രക്ഷിച്ചു കൊള്ളുവിന്‍ ; എന്നിട്ടു നിങ്ങള്‍ പോയി ഏഴു ദിവസം കൂടാരത്തിനു പുറത്തു താമസിക്കുവിന്‍ ” എന്നിങ്ങനെ ഈശ്വരപക്ഷത്തു ചേരാത്ത ജാതിക്കാരോടു ചെയ്യണമെന്നും ഈശ്വരന്‍ മോശ മുഖേന കല്‍പ്പിച്ചു. 32000 സ്ത്രീകളെ അന്ന് ഈശ്വരപക്ഷക്കാര്‍ക്ക് ദൈവം കല്‍പ്പിച്ചു കൊടുത്തു എന്നാണു ബൈബിളില്‍ കാണുന്നത്. ഇത്തരം സംഗതികള്‍ ആ ഗ്രന്ഥത്തില്‍ അനേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു ദേവനെപ്പറ്റിയോ ദേവിയെപ്പറ്റിയോ ഉപദൈവങ്ങളേയോ ദുഷ്ടമൂര്‍ത്തികളേയോപറ്റി പറയുന്ന കഥകളല്ല. സര്‍വ്വലോകനിയന്താവായി ,സര്‍വ്വ ശക്തനായി ,കരുണാമൂര്‍ത്തിയായി,അനാദ്യന്തനായിരിക്കുന്ന സാക്ഷാല്‍ ദൈവത്തെപറ്റി ഈശ്വരാവിഷ്കൃതമായ `സത്യവേദ`ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ള സംഗതികളുടെ ഒരു നിഴല്‍ മാത്രമാണ്.
ഇങ്ങനെയുള്ള ഒരു സങ്കല്‍പ്പ ദൈവത്തിന്റെ മുമ്പില്‍ വമ്പിച്ച ഒരു ജനതതി വീണും കേണും ബുദ്ധിമുട്ടുന്നത് കണ്ട് ഉള്ളലിഞ്ഞു സഹോദരസ്നേഹത്തോടു കൂടി “നിങ്ങള്‍ വന്ദിക്കുന്ന ഈശ്വരന്‍ അറബിരാജ്യത്തിന്നടുത്ത് പണ്ടുണ്ടായിരുന്ന ഒരപരിഷ്കൃതജാതിക്കാരുടെ സങ്കല്‍പ്പസൃഷ്ടി മാത്രമാണ്‍, അതു നിങ്ങളുടെ ആരാധനയെ അര്‍ഹിക്കുന്നില്ല, ഈ ഈശ്വരാദൃശം നിങ്ങളെ പല ക്രൂര കൃത്യയങ്ങള്‍ക്കും പ്രേരിപ്പിക്കും” എന്നെല്ലാം പറയുന്നവരോട് കയര്‍ക്കുന്നതണു കഷ്ടം. ഈ അതിക്രൂരമായ ഈശ്വരസങ്കല്‍പ്പം എത്രമാത്രം ഭയങ്കര കൊലപാതകങ്ങള്‍ക്കും നിഷ്ടൂരകൃത്യങ്ങള്‍ക്കും നിദാനമായിട്ടുണ്ടെന്നു കണക്കാക്കുവാന്‍ പോലും സാധിക്കില്ല. എത്ര മഹാത്മാക്കളേയും സാധുക്കളായ നിരപരാധികളേയും അവിശ്വാസികളെന്നും ക്ഷുദ്രപ്രയോഗക്കാരെന്നും പറഞ്ഞ് കുറ്റിയില്‍ കെട്ടി ദഹിപ്പിച്ചു കളഞ്ഞിരിക്കുന്നു. എത്രപേരുടെ ജീവശ്ശരീരത്തില്‍നിന്നും മാംസം വലിച്ചു കീറിയെടുത്തിരിക്കുന്നു.! എത്ര പേരുടെ മുതുക് അടി കൊണ്ട് തകര്‍ന്നിരിക്കുന്നു! തണ്ടെല്ലൊടിഞ്ഞും ചോര വിയര്‍ത്തും ഉണ്ടാക്കിയ പണം കൊണ്ട് എത്ര അലസന്മാര്‍ കൊഴുത്തിരിക്കുന്നു.! ഈശ്വരനെ ഭയന്നും ഈശ്വരസേവയ്ക്കു വേണ്ടിയും മറ്റും പള്ളി പണിയിച്ചും വസ്തുക്കള്‍ വിട്ടുകൊടുത്തും എത്ര പേര്‍ ശരിയായ അവകാശികളെ നിരാശപ്പെടുത്തുകയും നിര്‍ധനരാക്കുകയും ചെയ്തിരിക്കുന്നു.
ക്രിസ്ത്യന്‍ ദൈവത്തിന്റെ -ക്രിദ്ത്യന്‍ പൌരോഹിത്യത്തിന്റെ -ഭരണശക്തി എവിടെയെങ്കിലും പുനസ്ഥാപിതമായാല്‍ അവിടത്തെ ക്രൈസ്തവരുടെ മനസ്സിനും അക്രൈസ്തവരുടെ ദേഹത്തിനും സംഭവിക്കാന്‍ പോകുന്ന ഇടിച്ചിലും ഉടച്ചിലും എത്ര ഭയങ്കരമായിരിക്കുമെന്ന് അറിവാന്‍ അധികം ആലോചിക്കേണ്ട ആവശ്യമില്ല. ഈശ്വരത്വത്തെ അതിശയിക്കുന്ന മനുഷ്യത്വം പരിഷ്കൃതരാജ്യങ്ങളെ ഭരിക്കുന്നതിന് ഇയ്യിടെ തുടങ്ങിയതു കൊണ്ടാണ് ഇപ്പോള്‍ കുറെ കിടക്കപ്പൊറുതിയുണ്ടായത്. അന്യഭരണങ്ങള്‍ക്കു കീഴമര്‍ന്നു കിടക്കുന്ന ശക്തികളുടെ യഥാര്‍ഥ സ്വഭാവം അതിന്നു മേല്‍ കിടക്കുന്ന ചാരം കളഞ്ഞു നോക്കിയാല്‍ മാത്രമേ കണ്ടെത്തുകയുള്ളു. ക്രിസ്ത്യാനികള്‍ ബൈബിളിലെ ഈ ദൈവത്തെ അംഗീകരിക്കയും അനുകരിക്കയും ആരാധിക്കയും ചെയ്യുന്ന കാലത്തോളം അവരുടെ ധാര്‍മ്മികബോധം ഒരിക്കലും ഉല്‍കൃഷ്ടനിലയില്‍ എത്തുകയില്ല. ക്രിസ്ത്യനാമധാരികളായ ബലമേറിയ രാജ്യക്കാര്‍ അവരുടെ നിയമങ്ങള്‍ക്കു പകരം അവരുടെ ദൈവത്തിന്റെ നിയമങ്ങളും അവരുടെ ശാസ്ത്രങ്ങള്‍ക്കു പകരം വേദപുസ്തകത്തിലെ ശാസ്ത്രങ്ങളും സ്വീകരിച്ചിരുന്നുവെങ്കില്‍ കരുണാനിധിയായ ഈശ്വരന്‍ സജ്ജീകരിച്ചിട്ടുള്ള നിത്യനരകത്തിന്റെ ഏകദേശ സമ്പ്രദായം നമുക്ക് ഇവിടെത്തന്നെ അനുഭവമാകുവാന്‍ ഇടവരുമായിരുന്നു.
ഈശ്വരന്‍ നമ്മുടെ പിതാവാണെങ്കില്‍
ഈശ്വരനെപറ്റിയുള്ള അനേകം നിര്‍വ്വചനങ്ങളില്‍ ഏറ്റവും ഹൃദ്യവും ഉത്തമവും ആയത് `അദ്ദേഹം നമ്മുടെ എല്ലാവരുടെയും അച്ഛനാണ്‍` എന്നുള്ളതാണ്. പക്ഷെ, അച്ഛന്‍ സര്‍വജ്ഞനും സര്‍വ്വശക്തനും കൂടിയാണെന്നു വരുമ്പോള്‍ അച്ഛന്നു നമ്മോടുള്ള പിതൃസ്നേഹത്തെപ്പറ്റി ചില ആശങ്കകള്‍ തുടങ്ങും. തന്റെ മക്കളില്‍ അനേകം പേര്‍ ദുഷ്ടന്മാരായിത്തീരണമെന്നും തന്നിമിത്തം അവരെല്ലാം തീക്കുഴിയില്‍ കിടന്നു തപിക്കേണ്ടി വരികയോ അല്ലെങ്കില്‍ പോത്തും തവളയും മറ്റുമായി ജനിച്ച് കഷ്ടപ്പെടേണ്ടി വരുകയോ ചെയ്യുമെന്നും അറിഞ്ഞിട്ട് അങ്ങിനെയുള്ള മക്കളെ സര്‍വ്വജ്ഞനായ ഈശ്വരന്‍ സൃഷ്ടിച്ചുവെന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ പിതൃസ്നേഹം അനുകരണീയമല്ലെന്നു തോന്നിപ്പോകുന്നു. ഒരു വിവാഹത്തിന്റെ ഫലമായി ഉണ്ടാകുന്ന മക്കളില്‍ അധികം പേരും കഴു കയറുന്നത് കാണേണ്ടി വരുമെന്ന് തീര്‍ച്ചയായി അറിഞ്ഞിട്ട് അങ്ങനെയുള്ള വിവാഹത്തിന് യാതൊരു സങ്കോചവും കൂടാതെ പുറപ്പെടാന്‍ കഴിവുള്ള ആളുകള്‍ അധികം ഈ ലോകത്തില്‍ ഉണ്ടാകയില്ലെന്നാണ് വിചാരിക്കേണ്ടത്.
പ്രകൃതി രമണീയമാണ്. മനോഹരയാണ്; എല്ലാം ശരി തന്നെ. എങ്കിലും പരക്ലേശംകാണുന്ന കണ്ണു കൊണ്ട് ജീവജാലങ്ങളെ അരക്ഷണം വീക്ഷിക്കുന്ന പക്ഷം ഏതോ ഒരു മഹാന്‍ പറഞ്ഞതുപോലെ അവള്‍ സര്‍വ്വാംഗം നഖവും ദംഷ്ട്രവും ഉള്ളവളാണെന്നും കാണുന്നതാണ്. തന്റെ അരുമ സന്താനങ്ങള്‍ക്ക് താമസിക്കാനുള്ള ഈ വീട്ടില്‍ എന്തിനാണ് അദ്ദേഹം ഇത്രയേറെ കഷ്ടതകള്‍ വാരി വലിച്ചിട്ടിരിക്കുന്നത്.? ഈ കഷ്ടതകളില്‍കൂടി യാത്ര ചെയ്തല്ലാതെ സ്വര്‍ഗ്ഗവാസത്തിന് അര്‍ഹരാകുവാന്‍ മറ്റൊരു മാര്‍ഗ്ഗം ഈശ്വരന്‍ കണ്ടെത്താത്തതുകൊണ്ടല്ലെന്നുള്ളതു തീര്‍ച്ചയാണ്. അദ്ദേഹം സ്വര്‍ഗ്ഗവാസത്തിന് അര്‍ഹനായത് അങ്ങനെയൊന്നുമല്ലല്ലോ. അദ്ദേഹത്തിന്റെ സ്തുതിപാഠകന്മാരായ ദൈവദൂതന്മാരും അങ്ങിനെയല്ലല്ലോ സ്വര്‍ഗ്ഗം പ്രാപിച്ചത്. പിന്നെ എന്തിനാണ് നമ്മുടെ അച്ഛനായ ദൈവം ഇഹലോകം കഷ്ടതകള്‍കൊണ്ടു നിറച്ചത്? ഒന്നുകില്‍ ഈശ്വരന്‍ തന്നെ ലോകത്ത് തിന്മകള്‍ ഉണ്ടാക്കി; അല്ലെങ്കില്‍ അവയ്ക്കു പ്രവേശനം അനുവദിച്ചു. തിന്മയുടെ ആവിര്‍ഭാവവും ഈ രണ്ടു തരത്തില്‍ ഒന്നാകാതെ തരമില്ല. ഏതു വിധത്തിലായാലുമതു നമ്മുടെ പിതൃപദത്തിനര്‍ഹനായിരിക്കേണ്ട ഈശ്വരനു യോജിച്ചതല്ല. തമ്മില്‍ തമ്മില്‍ കൊന്നൊടുക്കുകയും തിന്നൊടുക്കുകയും ചെയ്യുന്ന സ്വഭാവവും ദേഹപ്രകൃതിയും തന്റെ മക്കളായ ജീവികള്‍ക്ക് കല്‍പ്പിച്ചു കൊടുത്തതും വലിയ കഷ്ടമായിരിക്കുന്നു.
നമ്മുടെ പിതാവായ ഈശ്വരന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനും സര്‍വ്വകാരുണികനും മറ്റുമൊക്കെയാണെന്നു പറകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം അത്യധികം വര്‍ദ്ധിച്ചു പോകുക മാത്രമാണു ചെയ്യുന്നത്. സാധാരണ ഒരു പിതാവിനെപ്പോലെ മാത്രം ഈശ്വരനെ വിചാരിക്കയാണെങ്കില്‍ക്കൂടി അദ്ദേഹത്തിന്റെ പുത്രവാത്സല്യം മൂന്നാംതരത്തില്‍ താഴെയാണെന്നു കാണാം.
നമ്മുടെ ഒരു കുട്ടിക്ക് ഒരു പുസ്തകം വാങ്ങിക്കേണമെന്നു വിചാരിക്കുക . പുസ്തകം കുട്ടിക്ക് ആവശ്യമാണെന്ന് അറിഞ്ഞാല്‍ നാം അത് ഉടനെ വാങ്ങിക്കൊടുക്കും. ഒട്ടും താമസം വരുത്തുകയില്ല. പുസ്തകം വേണമെങ്കില്‍ കുട്ടി വന്ന് നമ്മുടെ മുമ്പില്‍ നിന്ന് “അച്ഛാ ! അച്ഛന്‍ എത്ര തടിയനാണ്, അച്ഛന്റെ മുഖം എത്ര ഭംഗിയുള്ളതാണ്. ഞാന്‍ അച്ഛനേക്കാള്‍ ബലം കുറഞ്ഞവനാണ്”എന്നൊക്കെ പറയണമെന്നോ; നമ്മുടെ കസാലക്കു ചുടും പതിനാറു വട്ടം ഓടി അതിന്മേല്‍ തല മുട്ടണമെന്നോ ; മറ്റൊരു കുട്ടിയുടെ ശുപാര്‍ശ കൊണ്ടു വരണമെന്നോ; ആ കുട്ടിക്കു നാം വാങ്ങിക്കൊടുത്ത സ്ലെയ്റ്റു പെന്‍സിലിന്റെ ഒരു കഷ്ണം നമ്മുടെ മുമ്പില്‍ കൊണ്ടുവന്ന് വെച്ച് കുമ്പിടണമെന്നോ; കുട്ടിയുടെ പാവയെ നമ്മുടെ മുമ്പില്‍ കൊണ്ടു വന്ന് ഉടച്ചു കളയണമെന്നോ നാം ആവശ്യപ്പെടുകയില്ല. ന്യായമായ അഭീഷ്ടം സാധിക്കണമെങ്കില്‍ -ചിലപ്പോള്‍ ഒന്നും സാധിക്കാനില്ലെങ്കില്‍കൂടി – ഈശ്വരനെ സ്തുതിക്കണമെന്നും തപസ്സു ചെയ്യണമെന്നും മദ്ധ്യസ്ഥം വേണമെന്നും വഴിപാടു കഴിക്കണമെന്നും ബലിയര്‍പ്പിക്കണമെന്നും മറ്റും ആവശ്യപ്പെടുന്ന ഈശ്വരന്റെ പ്രവൃത്തി ഒരു മാനുഷ പിതാവിന്റെ പ്രവൃത്തിയേക്കാള്‍ താഴ്ന്നതാണെന്നുള്ളതിനു സംശയമില്ല.
നമ്മുടെ മകന്‍ ഒരു ദ്രോഹിയായിരുന്നുവെന്നാല്‍ക്കൂടിയും നാം മകന്റെ മകനെ ആ കാരണത്തിനു കുറ്റക്കാരനാക്കാറില്ല. ഏതോ പണ്ടത്തെ ഒരു കാര്‍ണവര്‍ ഈശ്വരന്റെ സീമന്തപുത്രന്‍ ഒരു പഴം തിന്നതിന് ഈയുള്ളവരെയെല്ലാം കുറ്റക്കാരാക്കുന്നത് കഷ്ടം തന്നെ. നമ്മുടെ അപരാധം കൊണ്ടാണ് ഈശ്വരന്‍ നമുക്കു വേണ്ടതെല്ലാം തരാത്തതെന്നും വേണ്ടാത്തതെല്ലാം തരുന്നതെന്നും വിചാരിപ്പാനും ന്യായമില്ല. നമ്മുടെ മക്കള്‍ നമ്മെ ദ്രോഹിച്ചാല്‍ അതിനെപ്പറ്റി അനുതപിക്കയും പിന്നീടതു ചെയ്യാതിരിക്കയും ചെയ്യുന്നതിനെക്കാള്‍ അധികം നമ്മെ സന്തോഷിപ്പിക്കുകയും തൃപ്തിപ്പെടുത്തുകറ്യും ചെയ്യുന്ന മാര്‍ഗ്ഗമുണ്ടെന്നു തോന്നുന്നില്ല. എന്നു തന്നെയല്ല. നമ്മുടെ ഒരു കുട്ടി ദുസ്വഭാവിയായി വര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ക്കൂടി ആ കുട്ടിയെ വെട്ടാനും മുറിക്കാനും അരയ്ക്കാനും പിന്നെ കൊല്ലാതെ തീച്ചട്ടിയിലിട്ടു പൊരിച്ചുകൊണ്ടിരിക്കാനും നമ്മുടെ പിതൃ ഹൃദയം അനുവദിക്കുമോ? നമ്മുടെ കുട്ടികള്‍ നന്നാകേണമെന്നുള്ള ആഗ്രഹത്തോടുകൂടി അവര്‍ക്കു ഹാനി തട്ടാത്ത വിധത്തില്‍ നാം അവരെ ശിക്ഷിച്ചു എന്നു വരാം. അതു തന്നെ കുട്ടിയെ വേറെ വിധത്തില്‍ നന്നാക്കുവാന്‍ നമുക്കു കഴിവില്ലാത്തതുകൊണ്ടാണ്. നമ്മെ എളുപ്പത്തില്‍ നന്നാക്കുവാന്‍ കഴിവുള്ള നമ്മുടെ പിതാവിനു നമ്മെ നല്ലവരാക്കാന്‍ വെള്ളപ്പൊക്കം, അഗ്നിപ്രവാഹം, പകര്‍ച്ചവ്യാധി മുതലായ ഉപകരണങ്ങള്‍ വേണമോ? നമ്മോടുകൂടി നിരപരാധികളായ അസംഖ്യം മിണ്ടാപ്രാണികളേയും വധിക്കണോ?
നമുക്ക് നമ്മുടെ മക്കളോട് ചില ഉപദേശങ്ങള്‍ പറഞ്ഞു കൊടുക്കാനുണ്ടെങ്കില്‍ നാം എല്ലാവരെയും വിളിച്ചു വരുത്തി ഉപദേശിക്കയല്ലേ ചെയ്യുക. എല്ലാവരും അറിയേണ്ട ഒരു ഉപദേശം ഒരു മകനെ മാത്രം വിളിച്ച് സ്വകാര്യമായി പറയുന്ന ഏര്‍പ്പാട് നന്നാണോ? അങ്ങിനെ പറകയാണെങ്കില്‍ക്കൂടി ഞാന്‍ ഇന്ന മകനോട് എല്ലാ കാര്യങ്ങളും പറഞ്ഞേല്‍പ്പിച്ചിട്ടുണ്ടെന്നെങ്കിലും നമ്മോടു നേരിട്ടു പറയേണ്ടതല്ലേ? രണ്ടുമൂന്നു സഹോദരന്മാര്‍,എന്നോടാണ് എല്ലാം പറഞ്ഞു തന്നിരിക്കുന്നത്, അല്ല എന്നോടാണ്‍, എന്നെ അനുസരിക്കണം എന്നിങ്ങനെ പറഞ്ഞു തമ്മില്‍ മത്സരിച്ചാല്‍ ബാക്കിയുള്ള മക്കള്‍ എന്തു ചെയ്യും? നമ്മളാണെങ്കില്‍ മരിച്ചു പോകേണ്ടവരാണ്. പ്രായം ചെന്ന മക്കളോട് പറയാനുള്ളത് പറഞ്ഞുപോകയല്ലാതെ നമുക്കു ഗത്യന്തരമില്ല.. എന്നാല്‍ മരണമില്ലാത്ത ഈശ്വരന്‍ പണ്ടൊരാളോടെന്തോ പറഞ്ഞുംവെച്ച് ബാക്കിയുള്ളവരോടൊന്നും മിണ്ടാതിരിക്കുന്നത് എന്തുകൊണണെന്നാണു മനസ്സിലാകാത്തത്. പുത്രവാത്സല്യം അസാരം പോരാഞ്ഞിട്ടാണെന്ന് പറയാതെ നിവൃത്തിയില്ല. അല്ലെങ്കില്‍ മക്കള്‍ തമ്മില്‍ തല്ലി തല പൊളിക്കാനുള്ള ഈ ഗൂഡോപദേശപ്രയോഗം അദ്ദേഹം എന്തിനു ചെയ്തു?
ഈശ്വരന് നമ്മോടു പിതൃനിര്‍വിശേഷമായ സ്നേഹമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ മക്കളായ നമ്മുടെ ക്ഷേമത്തെക്കാള്‍ അധികം മറ്റൊന്നും അദ്ദേഹത്തെ ആനന്ദിപ്പിക്കയില്ല. നമ്മുടെ ദുഖവും ക്ലേശവും അദ്ദേഹത്തെ തപിപ്പിക്കണം. തപവും പട്ടിണിയും ബലിയും നരകവും അദ്ദേഹത്തിനു മര്‍മ്മഭേദകമായിരിക്കണം. മക്കള്‍ തമ്മില്‍ തല്ലാനും തമ്മില്‍ തിന്നാനും ഉള്ള ഏര്‍പ്പാടുകളൊന്നും അദ്ദേഹം ചെയ്യരുതാത്തതാണ്. പിശാചുക്കളേയും മറ്റും അദ്ദേഹം ഉണ്ടാക്കരുതാണ്.
—————————————————————————————————————————————————-
ദൈവത്തെ കുറിച്ചുള്ള ചര്‍ച്ച തുടങ്ങുകയാണ്.
സെമിറ്റിക് മത സങ്കല്‍പ്പപ്രകാരമുള്ള ഒരു ദൈവത്തെ യാണിവിടെ വിശകലനം ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത്. എല്ലാ ദൈവങ്ങള്‍ക്കും ഏറെക്കുറെ ഈ വിശേഷണങ്ങള്‍ യോജിച്ചു പോകും . ഇക്കാലത്തു ദൈവത്തെകുറിച്ചു യുക്തിവാദികളോടും മറ്റും സംവാദത്തിലേര്‍പ്പെടാന്‍ വരുന്നവര്‍ പലപ്പോഴും അവരുടെ യഥാര്‍ഥ ദൈവത്തെ ഒളിപ്പിച്ചു വെച്ച് വളരെ ആകര്‍ഷകമായ നിര്‍വ്വചനങ്ങളും വ്യാഖ്യാനങ്ങളും കൊണ്ടാണ് രംഗത്തു വരാറുള്ളത്. മതഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവസങ്കല്‍പ്പങ്ങളുമായി ഒരു ബന്ധവുമില്ലാത്ത അത്തരം ദൈവങ്ങളും നമ്മുടെ ചര്‍ച്ചയില്‍ വരാതിരിക്കില്ല.
അത്യന്താധുനിക ദൈവങ്ങള്‍ മുതല്‍ ഏറ്റവും പ്രാകൃതാവസ്ഥയിലുള്ള ദൈവങ്ങള്‍ വരെ പോസ്റ്റ്മോര്‍ട്ടം ചെയ്യപ്പെടുന്ന ഈ സംവാദത്തിലേക്ക് ചിന്താശീലരായ എല്ലാ സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നു…!