July 18, 2025
Atheism

ഭഗത്തിന്റെ ഗതി!

ഒന്‍പതാം ക്ലാസിലെ ഹിന്ദി ഉപ പാഠപുസ്തകത്തില്‍ കഴിഞ്ഞ ഗവര്‍മെന്റിന്റെ കാലത്തും ഇപ്പോഴും പഠിപ്പിക്കുന്ന ഒരു കഥയാണിത്. എം എ ബേബി ദൈവനിന്ദ പഠിപ്പിക്കുന്നു എന്നാക്ഷേപിക്കുന്നവര്‍ ഈ പാഠമൊന്നു വായിക്കുന്നതു നന്നായിരിക്കും !

ഭഗത്തിന്റെ ഗതി

പരമഭക്തനായ ഭഗത്ജി ചരമം പ്രാപിച്ചപ്പോള്‍ ഞങ്ങള്‍ ഗ്രാമവാസികളെല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു:
“അദ്ദേഹം സ്വര്‍ഗ്ഗാ‍രോഹിതനായി.”
പക്ഷേ ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു; ഭഗത് സ്വര്‍ഗ്ഗത്തിലല്ല; നരകത്തിലാ‍ണു ചെന്നെത്തിയതെന്ന്. ഞാനിതു പറഞ്ഞാല്‍ പലര്‍ക്കും വിശ്വസിക്കാനാവില്ല. പക്ഷെ എനിക്കുറപ്പാണ് അയാള്‍ നരകത്തില്‍ തന്നെയാണെന്ന്. അദ്ദേഹത്തിന്റെ പേരില്‍ ചുമത്തപ്പെട്ടിരിക്കുന്നത് കൊടും പാതകങ്ങളാണെന്നും നരകത്തില്‍ നിന്നുള്ള മോചനം അയാളെ സംബന്ധിച്ചേടത്തോളം അസംഭവ്യം തന്നെയാണെന്നും ഞാന്‍ മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിനെ മോചിപ്പിക്കാനായി ഗ്രാമവാസികളൊന്നടങ്കം ശൊകസഭ ചേര്‍ന്നു കൂട്ട പ്രാര്‍ഥന നടത്തിയാലും അദ്ദേഹം രക്ഷപ്പെടാന്‍ പോകുന്നില്ല.
അര്‍ദ്ധരാത്രി വരെ ഭഗത്ജി ഭജന നടത്തിയിരുന്നതും ഒന്നിടവിട്ടുള്ള മിക്ക ദിവസങ്ങളിലും ഏതെങ്കിലുമൊരു സമ്പന്നഭക്തനെക്കൊണ്ട് ഉച്ചഭാഷിണി സ്പോണ്‍സര്‍ ചെയ്യിച്ച് കുടുംബത്തോടൊപ്പം നാമജപവും കീര്‍ത്തനങ്ങളുമായി അമ്പലത്തില്‍ കഴിച്ചു കൂട്ടിയിരുന്നതും ഞങ്ങള്‍ ഓര്‍ക്കുന്നു. 24 മണിക്കൂറും മൈക്ക് വെച്ചുള്ള പ്രാര്‍ത്ഥന കാരണം ചിലര്‍ അദ്ദേഹവുമായു ശണ്ഠ കൂടുകയുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഭക്തജനങ്ങളെ സംഘടിപ്പിച്ച് അതിനെ ചെറുക്കാന്‍ അദ്ദേഹത്തിനു പ്രയാസമുണ്ടായിരുന്നില്ല. ഈശ്വരനു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ മരിക്കാന്‍ വരെ ഭഗത്ജി തയ്യാറായിരുന്നു.
ഇപ്രകാരം നിത്യവും അനേകം തവണ ദൈവനാമം മുറതെറ്റാതെ ഉരുവിടുകയും ഭക്തിമാര്‍ഗ്ഗത്തില്‍ രക്തസാക്ഷിയാകാന്‍ പോലും സന്നദ്ധനാവുകയും ചെയ്യുന്ന ഒരു ഭക്തശിരോമണിയെ നരകത്തിലും, എപ്പോഴെങ്കിലും വഴി തെറ്റി മാത്രം ദൈവസന്നിധിയില്‍ എത്തി നോക്കുന്നവരെ സ്വര്‍ഗ്ഗാ‍രാമത്തിലും വാഴിക്കുന്നതിന്റെ നീതിശാസ്ത്രം ദുരൂഹം തന്നെ!
തികഞ്ഞ ആത്മവിശ്വാസത്തോടെയും നിറഞ്ഞ പ്രതീക്ഷയോടെയുമാണ് ഭഗത്ജി യമലോകത്തെത്തിയത്. സ്വര്‍ഗ്ഗ കവാടത്തില്‍ പ്രവേശിക്കും മുന്‍പ് ചുറ്റുമൊന്നു കറങ്ങി നടന്നശേഷം കവാടത്തിലെ കാവല്‍ക്കാരനോട് ചോദിച്ചു:
“ഇതു തന്നെയല്ലേ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി?”
“അതെ”!.
ദ്വാരപാലകന്‍ പറഞ്ഞു. അതു കേട്ട പാടെ ഭഗത് മുന്നോട്ടു നടക്കാന്‍ ഭാവിച്ചു.
“പാസ്സെവിടെ?”
കാവല്‍ക്കാരന്‍ കര്‍ക്കശസ്വരത്തില്‍ ചോദിച്ചു. ഭഗത്ജിക്കു കോപം വന്നു.
“എനിക്കും ഇവിടെ പാസ്സോ? ; ഞാന്‍ ജീവിതത്തില്‍ ഇതു വരെ എവിടെയും ടിക്കറ്റും പാസ്സുമൊന്നും എടുത്തിട്ടില്ല. ഞാന്‍ തീവണ്ടിയില്‍ ടിക്കറ്റു വാങ്ങാതെ യാണു ഇരുന്നു യാത്ര ചെയ്യാറ്. സിനിമാതിയേറ്ററില്‍ പോലും എന്നോട് ആരും ടിക്കറ്റ് ചോദിക്കാറില്ല. എന്നിട്ടിപ്പോള്‍ എന്നെപ്പോലൊരു ഭക്തനോട് സ്വര്‍ഗ്ഗകവാടത്തിങ്കല്‍ പാസ്സു ചോദിക്കുന്നു. എന്നെ അറിയില്ലെന്നുണ്ടോ? ഞാന്‍ ഭഗത്താണ്.”
ദ്വാരപാലകന്‍ ശാന്തനായി പറഞ്ഞു:
“അതൊക്കെ ശരിയായിരിക്കാം. പക്ഷെ എനിക്കു നിങ്ങളെ പാസ്സില്ലാതെ കടത്തി വിടാന്‍ കഴിയില്ല. അതാ ആ കാണുന്ന പടി കയറിപ്പോയാല്‍ അവിടെയാണു പാപ പുണ്യങ്ങള്‍ കണക്കാക്കി ടിക്കറ്റു കൊടുക്കുന്ന സ്ഥലം. അവിടെ നിന്ന് അങ്ങേയ്ക്കു പാസ്സ് കിട്ടും . അതു വാങ്ങി വന്നാല്‍ അകത്തു കടക്കാം.”
അതൊന്നും ഗൌനിക്കാതെ ഭഗത്ജി കവാടത്തിലേക്കു കടക്കാന്‍ ആഞ്ഞു. ദ്വാരപാലകന്‍ അയാളെ തടയുകയും പൊക്കിയെടുത്ത് പാപ പുണ്യ കാര്യാലയത്തിന്റെ പടിയില്‍ കൊണ്ടുപോയി തള്ളുകയും ചെയ്തു.
ഭഗത്ജി മനമില്ലാമനസ്സോടെ ഓഫീസിലേക്കു കയറിച്ചെന്നു. അവിടെ ഫയലുമായി ഒരു ദേവസേവകന്‍ ഇരിപ്പുണ്ടായിരുന്നു. ഭഗത് കൈ കൂപ്പിക്കൊണ്ടു പറഞ്ഞു:
“ആ എനിക്കു മനസ്സിലായി; അങ്ങ് ഭഗവാന്‍ കാര്‍ത്തികേയനല്ലേ?”
ഫയലില്‍നിന്നു മുഖം ഉയര്‍ത്തി സേവകന്‍ പറഞ്ഞു:
“ഞാന്‍ കാര്‍ത്തികേയനൊന്നുമല്ല; വെറുതെ മുഖസ്തുതിക്കൊന്നും മെനക്കെടേണ്ട. ജീവിതകാലം മുഴുവന്‍ ദുഷ് കര്‍മ്മങ്ങള്‍ ചെയ്ത് ഇവിടെ വന്നു സോപ്പിടുന്നു അല്ലേ? ; എന്താ പേര്?”
ഭഗത്ജി പേരും ജോലിയും പറഞ്ഞു.
“നിങ്ങളുടെ കാര്യം വളരെ പരുങ്ങലിലാണ്. നിങ്ങളുടെ പ്രശ്നം ഇതു വരെ നാം തീരുമാനിച്ചിട്ടില്ല. ദൈവം തന്നെ നേരിട്ടു തീരുമാനമെടുക്കേണ്ട കേസണ്.”
ഭഗത്ജി പറഞ്ഞു:
“എന്റെ കാര്യം തികച്ചും നേര്‍മാര്‍ഗ്ഗത്തിലുള്ളതാണ്. ഞാന്‍ ദീര്‍ഘകാലമായി ഭക്തിയുടെ മാര്‍ഗ്ഗത്തിലാണു സഞ്ചരിക്കുന്നത്. സദാസമയവും ഈശ്വരനെത്തന്നെ ഭജിക്കുന്നു. ഒരു കള്ളവും ചെയ്തിട്ടില്ല. ക്ഷേത്രത്തില്‍ ധാരാളം സ്ത്രീകള്‍ വരാറുണ്ട്. അമ്മയോടെന്നപോലെയേ അവരോടൊക്കെ ഞാന്‍ പെരുമാറീട്ടുള്ളു. ഒരു പാപവും ചെയ്യാത്ത എന്നെ ആര്‍ക്കും കണ്ണടച്ചു വിശ്വസിക്കാം.”
“ഭഗത്ജീ! താങ്കള്‍ വിചാരിക്കുമ്പോലെ ലളിതമല്ല താങ്കളുടെ ന്യായവിധി. ദൈവം സ്വയം അതില്‍ താല്‍പ്പര്യമെടുത്തിട്ടുള്ളതാണ്. ഞാന്‍ അങ്ങയെ ദൈവസന്നിധിയില്‍ നേരിട്ട് എത്തിക്കാം.”
ഒരു പരിചാരകന്‍ കടന്നുവന്ന് അദ്ദേഹത്തെ ദൈവത്തിന്റെ മുന്‍പിലേയ്ക്കു കൊണ്ടു പോയി. യമദേവന്റെ മുന്നിലെത്തും മുന്‍പേ ഭഗത്ജി സ്തുതിയും പ്രശംസയും തുടങ്ങി. ദേവസന്നിധിയിലെത്തിയതോടെ ഭജന യും കീര്‍ത്തനങ്ങളും ആലപിക്കാനും തുടങ്ങി.
തുടര്‍ന്ന് അദ്ദേഹം ഗദ്ഗദസ്വരത്തില്‍ പറഞ്ഞു:
“ജന്മ ജന്മാന്തരങ്ങളായി ഉള്ള എന്റെ അഭിലാഷങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തിയായി. പ്രഭോ അങ്ങയുടേത് വളരെ അത്യപൂര്‍വ്വമായ വിശിഷ്ട രൂപം തന്നെ; ഫോട്ടൊയിലും ചിത്രശില്‍പ്പങ്ങളിലുമൊക്കെ കണ്ടിട്ടുള്ളതില്‍നിന്നൊക്കെ എത്രയോ വിശിഷ്ടം.”
സ്തുതി കേട്ടു ബോറടിച്ച ദൈവം നീരസഭാവത്തില്‍ അരുളി:
“ശരി ശരി ഇപ്പോള്‍ വേണ്ടതെന്നാണു പറയൂ.”
ഭഗത്ജി അപേക്ഷാസ്വരത്തില്‍ തന്റെ ഇങ്കിതം ദൈവസന്നിധിയില്‍ ബോധിപ്പിക്കാന്‍ തുടങ്ങി :
“ഹേ ഭഗവാന്‍ ‍; അങ്ങയുടെ മുന്‍പില്‍ എനിക്കൊന്നും ഒളിക്കാനില്ല. അങ്ങ് എല്ലാം അറിയുന്നുവല്ലോ; പ്രഭോ, എനിക്ക് സ്വര്‍ഗ്ഗത്തില്‍ ഒരു നല്ല ഇരിപ്പിടം അനുവദിച്ചു തന്നാലും.”
“സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിക്കാന്‍ മാത്രം നീ എന്താണു ചെയ്തതെന്നു പറയൂ.” ദൈവം പറഞ്ഞു.
ഭഗത്ജിയ്ക്കു സങ്കടം വന്നു. ആര്‍ക്കു വേണ്ടിയാണോ താന്‍ ഇത്രയും കാലം ഈ സല്‍ക്കര്‍മ്മങ്ങളൊക്കെ ചെയ്തത് ആ ആള്‍ തന്നെയാണ് ഇപ്പോള്‍ തന്നെ ഈ വിധം ചോദ്യം ചെയ്യുന്നത്. ദെവത്തിനോട് ദേഷ്യപ്പെട്ടിട്ടു കാര്യമില്ലല്ലോ എന്നോര്‍ത്ത് അദ്ദേഹം തന്റെ വികാരം അടക്കിപ്പിടിച്ചു. ദൈന്യതയോടെ ആ ഭക്തന്‍ പറഞ്ഞു:
“ഞാന്‍ എല്ലാ ദിവസവും അങ്ങയ്ക്കായി ഭജന ചെയ്തിരുന്നു. ”
“അതിനെന്തിനാണു ലൌഡ് സ്പീക്കര്‍ ?”; ദൈവം ചോദിച്ചു.
ഭക്തിയാദരങ്ങളോടെ സ്വരം താഴ്ത്തി അദ്ദേഹം പറഞ്ഞു:
“അവിടെ എല്ലാവരും ലൌഡ് സ്പീക്കര്‍ വെക്കാറുണ്ട്. സിനിമക്കാരും പലഹാരവില്‍പ്പനക്കാരും സുറുമക്കച്ചവടക്കാരുമൊക്കെ . അതുകൊണ്ട് ഞാനും അതുപയോഗിച്ചു.”
ദെവം പറഞ്ഞു:
“അവരെല്ലാവരും സ്വന്തം കച്ചവടത്തിനുള്ള പരസ്യത്തിനാണ് അതുപയോഗിച്ചത്. നീയെന്താ എന്നെയും പരസ്യം ചെയ്തു കച്ചവടം ചെയ്യുകയായിരുന്നോ? നിനക്കു വില്‍ക്കാനുള്ള സാധനമാണോ ഞാന്‍ ?”
ഇതു കേട്ട ഭഗത്ജി സ്തബ്ധനായി നിന്നുപോയി. ഭഗവാന്‍ ഇതെന്തൊക്കെയാണു പറയുന്നത്.
“ നീ എന്നെ ആത്മാവില്‍ പ്രതിഷ്ഠിച്ചിരുന്നില്ലേ?”
“ഉണ്ട്”.
“നിന്റെ ആത്മാവില്‍ കുടിയിരിക്കുന്ന എനിക്കു കേള്‍ക്കാന്‍ നീയെന്തിനാണു ലൌഡ്സ്പീക്കര്‍ വെച്ചത്? ഞാന്‍ എന്താ ബധിരനാണോ? ഇവിടെ ദേവലോകത്ത് എല്ലാവരും എന്നെ കളിയാക്കിച്ചിരിക്കുന്നു. ഞാന്‍ ചെവി കേള്‍ക്കാത്തവനാണോ എന്നു ചോദിച്ച് എന്റെ ഭാര്യ പോലും പരിഹസിക്കുന്നു. ”
ഭഗത്ജി ഇതു കേട്ട് നിശ്ശബ്ദനായി.
ഭഗവാന്‍ അധികരിച്ച കോപത്തോടെ ത്ടര്‍ന്നു:
“ന്നി കുറെ വര്‍ഷങ്ങളായി ആ പ്രദേശത്തുള്ള മനുഷ്യരെ മുഴുവന്‍ ശല്യപ്പെടുത്തുകയായിരുന്നു. നീയുണ്ടാക്കുന്ന കോലാഹലം കൊണ്ട് ആ മനുഷ്യര്‍ക്കു ജോലി ചെയ്യാനോ സമാധാനത്തോടെ അല്‍പ്പനേരം വിശ്രമിക്കാനോ കഴിഞ്ഞിരുന്നില്ല. അവരെ മര്യാദക്ക് ഉറങ്ങാന്‍ നീ അനുവദിച്ചില്ല. അവരെല്ലാം എന്നെത്തന്നെ ശപിക്കാന്‍ തുടങ്ങിയിരുന്നു. “ഹോ ഈ ദൈവം ഇല്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ എന്നു പോലും അവരില്‍ ചിലര്‍ ചിന്തിച്ചിരുന്നു.”
ഭഗത് അല്‍പ്പം ധൈര്യം സംഭരിച്ച് പറഞ്ഞു:
“ഭഗവാനേ അങ്ങയുടെ നാമം ജനങ്ങളുടെ ചെവിയില്‍ എത്തിക്കാനും അതു വഴി അവര്‍ക്കു പുണ്‍യം ലഭിക്കാനുമേ ഞാന്‍ ആഗ്രഹിച്ചുള്ളു.”
ദൈവത്തിന് ഈ ഭക്തന്റെ വിഡ്ഡിത്തമോര്‍ത്തു ലജ്ജ തോന്നി .
‘“ഇതൊക്കെ ഇങ്ങനെ തുടരുന്നത് ഭക്തരൊക്കെ മണ്ടന്മാരായതുകൊണ്ടാണ്. എനിക്കു മുഖസ്തുതി കേല്‍ക്കുന്നത് ഇഷ്ടമാണെന്ന് ആരാ ഇവരോടു പറഞ്ഞത്? ഇവരൊക്കെ എന്താ മനസ്സിലാക്കിയിരിക്കുന്നത്? ദൈവം കൈക്കൂലിക്കാരനായ സര്‍ക്കാരുദ്യോഗസ്ഥനെപ്പോലെ പുകഴ്ത്തലും സ്തുതിയും കേട്ടാല്‍ പ്രസാദിക്കുമെന്നാണോ? നിങ്ങള്‍ കരുതും പോലെ മണ്ടനല്ല ഞാന്‍ ‍. മുഖസ്തുതിയല്ല കര്‍മ്മമാണു എന്നെ സംപ്തൃപ്തനാക്കുക.”
ഭഗത്ജി പറഞ്ഞു: “ഹേ ഭഗവാന്‍ ‍; ഞാന്‍ ഒരു പാപകര്‍മ്മവും ചെയ്തിട്ടില്ല.”
ദൈവം ചിരിച്ചു. “ഭഗത് , നീ കുറെ മനുഷ്യരെ കൊലചെയ്തിട്ടുണ്ട്. അവിടെ കോടതികളില്‍നിന്നെല്ലാം നീ നിന്റെ സാമര്‍ഥ്യം കൊണ്ട് രക്ഷപ്പെട്ടു. പക്ഷെ ഇവിടെ നീ രക്ഷപ്പെടാന്‍ പോകുന്നില്ല.”
ഭഗത്തിന്റെ എല്ലാ ആത്മവിശ്വാസവും ചോര്‍ന്നു പോയി. അദ്ദേഹത്തിനു തന്റെ ഭക്തിയില്‍ സംശയം ജനിച്ചു. ഈ ഭഗവാന്‍ നുണയല്ലേ പറയുന്നത്? കോപം അടക്കിനിര്‍ത്താനാവാതെ അയാള്‍ പറഞ്ഞു.:
“നുണ പറയുന്നത് അങ്ങേക്കൊട്ടും ഭൂഷണമല്ല. ഞാന്‍ ഒരു മനുഷ്യനെയും കൊന്നിട്ടില്ല. അങ്ങയുടെ ആരോപണത്തിനു തെളിവു തരാമോ? ”
ദൈവം:“ ഞാന്‍ തറപ്പിച്ചു പറയുന്നു, നീ കൊലപാതകങ്ങള്‍ ചെയ്തിട്ടുണ്ട്. തെളിവു നല്‍കാം.”
ദൈവം മധ്യവയസ്കനായ ഒരാളെ വിളിച്ചുവരുത്തി. ഭഗത്തിനോടായി ചോദിച്ചു. “നീ ഇയാളെ അറിയുമോ?”
“അറിയാം . ഇയാള്‍ എന്റെ നാട്ടുകാരനായ രാമനാഥന്‍ മാസ്റ്ററാണ്. കഴിഞ്ഞ കൊല്ലം രോഗം പിടിപെട്ടാണ് ഇയാള്‍ മരിച്ചത്.” ഭഗത് ഉറച്ച സ്വരത്തില്‍ പറഞ്ഞു. ദൈവം പറഞ്ഞു. : “അസുഖം മൂലമല്ല ഇയാള്‍ മരിച്ചത് . നിന്റെ ഭജനയാണിയാളുടെ മരണത്തിനു കാരണം. നിന്റെ ലൌഡ്സ്പീക്കറാണിയാളുടെ മരണത്തിനു കാരണം. രാമന്നാഥ്; പറയൂ; നിങ്ങള്‍ എങ്ങനെയാണു മരിച്ചത്? “
രാമനാഥ് പറഞ്ഞു : “പ്രഭോ; ഞാന്‍ ഹൃദ്രോഗിയായിരുന്നു. ഡോക്ടര്‍മാര്‍ എനിക്കു പൂര്‍ണ വിശ്രമവും ഉറക്കവും വിധിച്ചിരുന്നു. പക്ഷെ, ഭഗത്ജിയുടെ ഉച്ചഭാഷിണിയിലൂടെയുള്ള അഖണ്ഡനാമജപം കൊണ്ട് എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല. രണ്ടാമത്തെ ദിവസം എന്റെ ആരോഗ്യം വല്ലാതെ മോശമാവുകയും നാലാംദിവസം ഞാന്‍ മരിക്കുകയും ചെയ്തു. ”
ഇതു കേട്ട് ഭഗത് വല്ലാതെ പരിഭ്രമിച്ചു.
തുടര്‍ന്ന് ഒരു യുവാവ് ഹാജറാക്കപ്പെട്ടു. “സുരേന്ദ്രാ, നീ എങ്ങനെയാണു മരിച്ചത്?” ദൈവം ആ ചെറുപ്പക്കാരനോട് ചോദിച്ചു.
“ഞാന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.”
“എന്തിനാ നീ ആത്മഹത്യ ചെയ്തത്?”
“ഞാന്‍ പരീക്ഷയില്‍ തോറ്റു.ഭഗത്ജിയുടെ ലൌഡ്സ്പീക്കര്‍ കൊണ്ട് എനിക്കു പഠിക്കാന്‍ പറ്റിയില്ല. എന്റെ വീട് അമ്പലത്തിന്റെ അടുത്തായിരുന്നു.”
ഇതു കേട്ടപ്പോഴാണ് ഭഗത്തിനോര്‍മ്മ വന്നത്. ഈ കുട്ടി അദ്ദേഹത്തോട്, പരീക്ഷയുടെ സമയത്തെങ്കിലും ലൌഡ്സ്പീക്കര്‍ വെക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
ദൈവം ദൃഡസ്വരത്തില്‍ പറഞ്ഞു: “ നിന്റെ ഈ കൊടും പാപങ്ങള്‍ എല്ലാം പരിഗണിച്ചു നിന്നെ ഞാന്‍ നരകത്തിലേക്കയക്കാന്‍ കല്‍പ്പന നല്‍കുന്നു.”
ഭഗത്ജി ഓടാന്‍ ശ്രമിച്ചെങ്കിലും ഭീകരന്മാരായ യമകിങ്കരന്മാര്‍ അയാളെ പിടിച്ചു നരകത്തിലേക്കു കൊണ്ടുപോയി.
ധര്‍മ്മാത്മാവ് എന്നു നാമെല്ലാം വാഴ്തിയിരുന്ന ഭഗത്ജി അങ്ങനെ നരകത്തിലെ നിത്യ സാന്നിധ്യമായി.!!

Leave a Reply

Your email address will not be published. Required fields are marked *