September 5, 2025
Islam Quran

ബഹിരാകാശ ശാസ്ത്രം ഖുര്‍ആനില്‍

ബഹിരാകാശത്ത് ഓക്സിജന്‍ ഇല്ലെന്ന് ഖുര്‍ ആന്‍ !

َمَن يُرِدِ ٱللَّهُ أَن يَهْدِيَهُ يَشْرَحْ صَدْرَهُ لِلإِسْلَٰمِ وَمَن يُرِدْ أَن يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقاً حَرَجاً كَأَنَّمَا يَصَّعَّدُ فِي ٱلسَّمَآءِ كَذٰلِكَ يَجْعَلُ ٱللَّهُ ٱلرِّجْسَ عَلَى ٱلَّذِينَ لاَ يُؤْمِنُونَ

ഈ സൂക്തത്തിനു‍ മൌദൂദിയുടെ പരിഭാഷ ഇങ്ങനെ:

“ആര്‍ക്ക് അലാഹു സന്മാര്‍ഗ്ഗമരുളണമെന്ന് ഇച്ഛിക്കുന്നുവോ , അയാളുടെ ഹൃദയം അവന്‍ ഇസ്ലാമിനു വേണ്ടി തുറന്നു കൊടുക്കുന്നു. ആരെ അവന്‍ ദുര്‍മ്മാര്‍ഗ്ഗത്തിലാക്കണമെന്ന് ഇച്ഛിക്കുന്നുവോ , അയാളുടെ ഹൃദയം സങ്കുചിതമാക്കുകയും ചെയ്യുന്നു. (ഇസ്ലാമിനെ ഓര്‍ക്കുന്നതു തന്നെ) അയാള്‍ക്കു തന്റെ ജീവന്‍ മാനത്തേക്കുയര്‍ന്നു പോകുന്നതു പോലെ അസഹ്യമായി അനുഭവപ്പെടുന്നു.” (6:125)

ഖുര്‍ ആനിലെ ശാസ്ത്രീയ സത്യങ്ങളെ അനാവരണം ചെയ്യാന്‍ തൂലികയേന്തിയ മറ്റൊരു പണ്ഡിതന്‍ നല്‍കുന്ന പരിഭാഷയും വ്യാഖ്യാനവും ഇങ്ങനെ:

“വല്ലവനും അല്ലാഹു മാര്‍ഗ്ഗ ദര്‍ശനം നല്‍കാന്‍ തീരുമാനിച്ചാല്‍ ഇസ്ലാമിലേക്ക് അവന്റെ ഹൃദയം വിശാലമാക്കിക്കൊടുക്കും. പിഴവിലാക്കാനുദ്ദേശിച്ചാല്‍ അവന്റെ ഹൃദയത്തെ കുടുസ്സായി തീരെ ഇടുങ്ങിയതായി അവന്‍ വെക്കുന്നു. അവന്‍ ആകാശത്തില്‍ കയറിപ്പോവുകയാണ് എന്ന പോലെ.”

“മേലോട്ടു സഞ്ചരിക്കുന്ന ഒരാള്‍ക്ക് 35000 നാഴിക കഴിഞ്ഞാല്‍ ഓക്സിജന്‍ ലഭിക്കുകയില്ല. ഓക്സിജന്‍ അതിനു താഴെ മാത്രമേ ലഭിക്കുകയുള്ളു എന്ന സത്യം അടുത്ത കാലത്താണു അറിവായത്. ഖുര്‍ ആനിതു നേരത്തേ പഠിപ്പിച്ചിരുന്നു. ”(ഖുര്‍ ആനും ശാസ്ത്രീയ സത്യങ്ങളും. പേജ് 17)

ആകാശത്തേക്കു പറന്നകലുന്ന പക്ഷികളും മറ്റും ചെറുതായി ചെറുതായി വരുന്നതു പോലെ അവിശ്വാസികളുടെ ഹൃദയങ്ങളും ചുരുങ്ങിച്ചുരുങ്ങി വരും എന്ന ഒരു ഉപമയാണിവിടെ ഖുര്‍ ആന്‍ അവതരിപ്പിക്കുന്നത്. ഇതൊക്കെ ബഹിരാകാശ ശാസ്ത്രമായി വ്യാഖ്യാനിച്ചു കാടു കയറുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഖുര്‍ ആനിനെയും അല്ലാഹുവിനെയും കൊച്ചാക്കുകയല്ലേ ചെയ്യുന്നത്? ദൈവത്തിന്റെ കൃതിയാണിതെന്ന് വിശ്വസിക്കുന്നവര്‍ക്ക് ആ കൃതിയില്‍ ഇതു പോലെ എന്തു തന്നിഷ്ടവും പ്രയോഗിക്കാന്‍ ധൈര്യം വരുമോ? .ഇവരൊന്നും യഥാര്‍ത്ഥത്തില്‍ വിശ്വാസികളേയല്ല. വിശ്വാസം വിറ്റു കാശാക്കുന്ന കള്ള നാണയങ്ങളാണ്.
ആകാശത്ത് ഓക്സിജനില്ലെന്നൊക്കെ മനുഷ്യരോടു പറയാന്‍ ദൈവമുദ്ദേശിച്ചിരുന്നുവെങ്കില്‍ അതൊക്കെ വളച്ചുകട്ടില്ലാതെ നേരെയങ്ങു പറഞ്ഞാല്‍ പോരെ?

അല്ലാഹുവനു‍ ഓക്സിജനെപ്പറ്റിയൊക്കെ വല്ല പിടിപാടുമുണ്ടായിരുന്നൊ? ഹൃദയം കുടുസ്സാകുന്നതിനെ പറ്റി പറഞ്ഞത് മനസ്സ് ഇടുങ്ങിപ്പോകുന്ന കാര്യമല്ലേ? അതെങ്ങനെ ഓക്സിജന്റെ കുറവാകുന്നത്? വിശ്വാസികളുടെ വിശ്വാസം നിലനിര്‍ത്താന്‍ ഇമ്മാതിരി വിഡ്ഡിത്തങ്ങള്‍ എഴുന്നള്ളിക്കേണ്ട അവശ്യമുണ്ടോ? വിശ്വാസികളല്ലാത്തവരെ ഇതു പോലുള്ള പൊള്ളവാദങ്ങള്‍ കൊണ്ട് വിഡ്ഡികളാക്കാമെന്നാണോ ഇവരൊക്കെ ധരിച്ചു വെച്ചിട്ടുള്ളത്?

ഇലക്ട്രോണും പ്രോടോണും ഖുര്‍ ആനില്‍ !

سُبْحَانَ ٱلَّذِي خَلَق ٱلأَزْوَاجَ كُلَّهَا مِمَّا تُنبِتُ ٱلأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لاَ يَعْلَمُونَ

“എല്ലാ ഇണവര്‍ഗ്ഗങ്ങളെയും സൃഷ്ടിച്ചവന്‍ പരിശുദ്ധന്‍ ‍; ഭൂമി ഉല്‍പ്പാദിപ്പിക്കുന്നതില്‍ നിന്നും അവരുടെ ശരീരത്തില്‍നിന്നും അവര്‍ക്ക് അറിയാത്തതില്‍ നിന്നും.”(36:36)

ഇലക്ട്രോണിനു നെഗറ്റിവ് ചാര്‍ജ്ജും പ്രോടോണിനു പോസിറ്റിവ് ചാര്‍ജ്ജുമാണുള്ളത്. ഇക്കാര്യം 1400 കൊല്ലം മുന്‍പ് ഖുര്‍ ആന്‍ വെളിപ്പെടുത്തിയതു കണ്ടില്ലേ? കാര്യം മനസ്സിലായില്ലെങ്കില്‍ ഇതാ വ്യാഖ്യാനം :

“എല്ലാ വസ്തുക്കള്‍ക്കും ഇണകളുണ്ട് എന്ന സൂക്തം അഭിനവഗവേഷണങ്ങളിലേക്കു വെളിച്ചം പകരുന്നു. വൈദ്യുതിയുടെയും പരമാണുവിന്റെയും ഘടകങ്ങള്‍ കണ്ടു പിടിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. വൈദ്യുതിയുടെ പോസിറ്റീവ് നെഗറ്റീവ് എന്നീ ഘടകങ്ങളണ് അവയുടെ ഗുണനിലവാരം സൃഷ്ടിക്കുന്നത്. കാന്തത്തിലും സൌത്ത് പോള്‍ നോര്‍ത്ത് പോള്‍ എന്നീ ഘടകങ്ങളുണ്ട്. പതിനെട്ടാം നൂറ്റാണ്ടു വരെ പരമാണു, വിഭജനം സ്വീകരിക്കാത്ത ചെറിയ ഘടകമാണെന്നായിരുന്നു ധാരണ. 1858ല്‍ തോംസണ്‍ എന്ന ശാസ്ത്രജ്ഞന്‍ ആറ്റം വിഭജിച്ചു. അതിലെ ഇലക്ട്രോണ്‍ എന്ന ഘടകം കണ്ടു പിടിച്ചു. ഇതിനു നെഗറ്റീവ് ഗുണമാണുള്ളത്. റൂഥര്‍ഫോര്‍ഡാണു പോസിറ്റീവ് ചാര്‍ജ്ജുള്ള പ്രോടോണ്‍ കണ്ടു പിടിച്ചത്. അന്തിമ വിശകലനത്തില്‍ വസ്തുക്കളെല്ലാം ആറ്റമാണ്. അതിന്റെ ഗുണനിലവാരവും രണ്ടിനങ്ങള്‍ കൊണ്ടാണു ശാസ്ത്രം വിശദീകരിക്കുന്നത്. തൊണ്ണൂറോളം വരുന്ന പരമാണുക്കള്‍ പലവിധത്തിലും സങ്കലനം ചെയ്തിട്ടുള്ളതാണ് പ്രാപഞ്ചിക വസ്തുക്കള്‍ . അഖിലവും ഇണകളാണെന്ന ഖുര്‍ ആന്റെ അധ്യാപനം എത്ര ശാസ്ത്രീയമാണ്. ! ” (ഖുര്‍ ആനും ശാസ്ത്രീയ സത്യങ്ങളും പേജ് 24)

ഇവിടെ ഈത്തപ്പന പോലുള്ള സസ്യങ്ങള്‍ ആണ്‍ സസ്യവും പെണ്‍ സസ്യവുമായി വ്യത്യാസപ്പെട്ടിരിക്കുന്നതും ജന്തുക്കള്‍ ഇണകളായി ജീവിക്കുന്നതും കണ്ടു മനസ്സിലാക്കിയതു കൊണ്ടായിരിക്കാം ഇണവര്‍ഗ്ഗങ്ങള്‍ എന്നു മുഹമ്മദ് പ്രസ്താവിച്ചത്. അതില്‍ അറബികള്‍ക്കറിയാത്ത കാര്യമൊന്നുമില്ല. പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും ഇണകളാണെന്നിവിടെ പറഞ്ഞിട്ടുമില്ല. എല്ലാ ഇണവര്‍ഗ്ഗങ്ങളെയും സൃഷ്ടിച്ചവന്‍ എന്നാണുള്ളത്. പരമാണു ഘടകങ്ങളെക്കുറിച്ചൊക്കെ ശാസ്ത്രജ്ഞന്മാര്‍ കഷ്ടപ്പെട്ടു കണ്ടു പിടിച്ച കാര്യങ്ങളൊക്കെ വിളമ്പിയതു കണ്ടാല്‍ , ഇതൊക്കെ ഖുര്‍ ആന്‍ വായിച്ചു കണ്ടു പിടിച്ചതാണെന്നു തോന്നും. ഇതൊക്കെ ഈ കിതാബില്‍ പറഞ്ഞതാണെങ്കില്‍ പിന്നെ അതൊക്കെയങ്ങു കണ്ടു പിടിക്കാന്‍ എന്തേ ഈ ഖുര്‍ ആന്‍ ശാസ്ത്രക്കാര്‍ ഇതയും കാലം ശ്രമിക്കാതിരുന്നത്? ഇനി കണ്ടു പിടിക്കാനുള്ള കാര്യമെങ്കിലും ഈ ഗവേഷണ്‍ക്കാര്‍ക്കു മുന്‍ കൂട്ടി പറഞ്ഞു കൂടേ?

എല്ലാ തരം ജീവികളും ഇണകളായാണു സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും പഴങ്ങള്‍ക്കെല്ലാം ഈരണ്ടു വീതം ഇണകളുണ്ടെന്നും ഖുര്‍ ആനിലെ വേറെ ചില സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ചിലര്‍ വ്യാഖ്യാനിക്കുന്നു. പഴങ്ങളിലെ ഇണകള്‍ പൂക്കളിലെ ആണ്‍പെണ്‍ ബീജങ്ങളാണെന്നും ജീവികളെല്ലാം ഇണ ചേര്‍ന്നാണു പ്രത്യുല്പാദനം നടത്തുന്നതെന്നുമാണു വാദം.

ഒരു തരത്തിലുള്ള ഇണചേരലും കൂടാതെ അലൈംഗിക പ്രത്യുല്പാദനം നടത്തുന്ന കോടിക്കണക്കിനു സസ്യങ്ങളും ജന്തുക്കളും പ്രകൃതിയിലുണ്ടെന്ന കാര്യം ഈ വ്യാഖ്യാനക്കാര്‍ക്കറിയില്ല. എല്ലാ ജീവജാലങ്ങള്‍ക്കും ഇണകളുണ്ട് എന്നാണു ഖുര്‍ ആനിലുള്ളതെങ്കില്‍ അതു ശാസ്ത്രവിരുദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *