ആരോഗ്യ,വിദ്യാഭ്യാസ,സേവന രംഗങ്ങളപ്പാടെ മത ജാതി സംഘങ്ങള്‍ക്കു പങ്കിട്ടു കൊടുക്കാന്‍
ഭരണകൂടങ്ങള്‍ മത്സരിക്കുമ്പോള്‍ ദുര്‍ബ്ബലമാകുന്നത് നമ്മുടെ മതനിരപേക്ഷതാ സങ്കല്പം തന്നെ.
മതമൌലികവാദം തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും പുരോഗമിക്കുമ്പോള്‍ നമ്മുടെ
മുഖ്യധാരാ രാഷ്ട്രീയക്കാര്‍ മുപ്പത് ചില്ലി വോട്ടിനു വേണ്ടി ഏതു ഭീകരവാദിക്കും പരവതാനി
വിരിക്കാന്‍ ലജ്ജയില്ലാത്തവരായി അധപ്പതിച്ചുകൊണ്ടിരിക്കുന്നു.
രാഷ്ട്രീയക്കാരുടെ സാമൂഹ്യവീക്ഷണത്തിന്റെ റെയ്ഞ്ച് അടുത്ത തെരഞ്ഞെടുപ്പു വരേക്കു മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു.
മനുഷ്യനെ മനുഷ്യനായിക്കാണാന്‍ പരിശീലിച്ച ഒരു തലമുറ നമുക്കുണ്ടായിരുന്നു.
അതു കണ്ണിയറ്റുകൊണ്ടിരിക്കുന്നു.
വിദ്യാസമ്പന്നരെന്ന് മേനി നടിക്കുന്ന മലയാളിക്ക് ശാസ്ത്ര ബോധവും യുക്തിബോധവും അന്യം നിന്നുപോയിരിക്കുന്നു.
13നെ പടി കടത്താന്‍ പാടുപെടുന്ന ഹൈക്കോടതിയും ‘ കാലക്കേടും കോലക്കേടും മാറ്റാന്‍ മന്ത്രിമന്ദിരത്തിന്റെ പടിപ്പുരയും കോലായും പൊളിക്കുന്ന മന്ത്രിയും ; മന്ത്രിക്ക് അയിത്തം
വിധിക്കുന്ന തന്ത്രിയും പെറ്റുപെരുകുന്ന ചാത്തന്‍ മഠങ്ങളും ആളെപ്പിടിക്കും ആള്‍ദൈവങ്ങളും എല്ലാം നമ്മുടെ വളരുന്ന യുക്തിബോധത്തിന്റെ സൂചകങ്ങളത്രേ! ഇടയലേഖനങ്ങള്‍ കാട്ടി `രൂപ`താ…പ്പട കണ്ണുരുട്ടുമ്പോള്‍ ഇടതുപക്ഷത്തിനുപോലും കാലിടറുന്നുവെങ്കില്‍ പ്രതീക്ഷക്കു വകയെവിടെ?
നവോഥാനമൂല്യങ്ങളുടെ കരിന്തിരി കത്തുന്ന ചിരാതുകളില്‍ ഒരിറ്റ് എണ്ണ പകര്‍ന്ന് ആ തിരിനാളം വീണ്ടെടുക്കാന്‍ മലയാളക്കരയിലെ മനുഷ്യസ്നേഹികള്‍ ഒന്നിക്കേണ്ടിയിരിക്കുന്നു.