September 7, 2025
Islam

അന്റാര്‍ടിക്കയിലെ നിസ്കാരം! ചന്ദ്രനിലെ നോമ്പ് !!

[എന്റെ സുഹൃത്ത് ലത്തീഫ് ‘യുക്തിരേഖ’യിലേക്ക് അയച്ചു തന്ന കുറിപ്പ് അദ്ദേഹത്തിന്റെ അനുവാദത്തോടെ ഇവിടെ പോസ്റ്റ് ചെയ്യുന്നു.]

അന്റാര്‍ടിക്കയിലെ നിസ്കാരം!

ലതീഫ് കോവൂര്‍

ലോകാവസാനം വരേക്കുള്ള പ്രബോധനഗ്രന്ഥമോ ഖുര്‍ആന്‍ ?

ആര്‍ട്ടിക്കിലോ അന്റാടിക്കിലോ താമസിച്ച് ഗവേഷണം നടത്തുന്ന ഒരു മുസ്ലിം ശാസ്തജ്ഞന്‍ ഇസ്ലാമിക കര്‍മ്മശാസ്ത്രപ്രകാരം 5 നേരം എങ്ങനെ നിസ്കരിക്കും? സൂര്യോദയസമയത്തുള്ള സുബഹ് നമസ്കാരവും അസ്തമയ നേരത്തെ മഗ്രിബ് നിസ്കാരവും മാത്രമേ അവിടെ സാധിക്കൂ. അതും 6 മാസത്തിലൊരിക്കല്‍ മാത്രം! സൂര്യന്‍ തലയ്ക്കു മീതെ വരില്ല എന്നതുകൊണ്ട് ളുഹര്‍ നിസ്കാരം സാധ്യമാകില്ല. സൂര്യന്‍ 6 മാസം ചക്രവാളത്തില്‍ വട്ടം കറങ്ങിയ ശേഷം അസ്തമിക്കുകയും പിന്നെ ആറുമാസം കഴിഞ്ഞു ചക്രവാളത്തില്‍ ഉദിക്കുകയുമാണവിടെ. അസ്തമയശേഷമുള്ള ഇഷാ നിസ്കാരവും ഒപ്പിക്കാമെന്നു വെച്ചാലും 3 നിസ്കാരത്തിനേ സ്കോപ്പുള്ളു. ദിവസം 5 നേരം നിസ്കരിക്കാത്തവനു നരകം ഉറപ്പായതിനാല്‍ അന്റാര്‍ട്ടിക്കയില്‍ താമസിക്കുന്നവര്‍ക്കു നരകം ഉറപ്പ്. ഇനി ഈ മൂന്നു നിസ്കാരം അവര്‍ അനുഷ്ടിച്ചാല്‍ തന്നെ അതിനെടുക്കുന്ന സമയം കൊണ്ട് [വെറും മൂന്നു നമസ്കാരത്തിനെടുക്കുന്ന സമയം കൊണ്ട്] ഭൂമിയിലെ മറ്റു മേഖലകളിലെ വിശ്വാസികള്‍ 910 നേരം നിസ്കരിച്ചിട്ടുണ്ടാകും.[ 6 മാസക്കാലം 5 നേരം വീതം]. അത്രയും പുണ്യം ഇവര്‍ക്കു നഷ്ടമാകും. എല്ലാ കാര്യവും വിശദീകരിക്കാന്‍ അവതരിപ്പിച്ച ഖുര്‍ ആനിലോ അതു വിവരിക്കാന്‍ വന്ന ഹദീസിലോ ഈ പ്രശ്നം പരാമര്‍ശിച്ചിട്ടില്ല. അല്ലാഹുവിനും നബിക്കും ഭൂമിയില്‍ ഇങ്ങനെയും ചില സ്ഥലങ്ങള്‍ ഉണ്ടെന്ന കാര്യവും അവിടെയും മനുഷ്യര്‍ ചെന്നു പാര്‍കാനിടയുണ്ടെന്ന കാര്യവും അറിയുമായിരുന്നില്ല. ഭാവിയില്‍ ഇവിടെയും മനുഷ്യര്‍ സ്ഥിരവാസത്തിനും സുഖവാസത്തിനും പോയിക്കൂടായ്കയില്ല. അവരൊക്കെ നരകത്തിലായതു തന്നെ!

24 മണിക്കൂറില്‍ 50 നിസ്കാരമാണ് അല്ലാഹു ആദ്യം നിശ്ചയിച്ചിരുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ടറിയുന്ന നബി പിന്നെ അല്ലാഹുവിനെ ചെന്നു കണ്ട് കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി വിലപേശി പ്പേശി യാണു 5 നിസ്കാരമെന്നുറപ്പിച്ചത്. തൊഴില്‍ സമയം 8 മണിക്കൂറാക്കാന്‍ തൊഴിലാളികള്‍ സമരം നടത്തിയ പോലെ. മനുഷ്യന്റെ ബുദ്ധിമുട്ട് അല്ലാഹുവിനു മനസ്സിലായത് നബി ചെന്നു പറഞ്ഞപ്പോള്‍ മാത്രമാണ്. അല്ലാഹുവിന്റെ കാരുണ്യം കൊണ്ടോ പാറാവുകാരന്‍ മലക്കിന്റെ കയ്യില്‍ തോക്കില്ലാത്തതു കൊണ്ടോ എന്നറിയില്ല അന്നു വില പേശാന്‍ ചെന്ന നേതാവ് വെടി കൊണ്ടു മരിച്ചില്ല.
ഏതായാലും 24 മണിക്കൂറിലെ നിസ്കാരം 5 നേരമാക്കാന്‍ തന്നെ ഇത്രയും ബുദ്ധിമുട്ടിയ സ്ഥിതിക്ക് 4368 മണിക്കൂറില്‍ [182ദിവസം] വെറും 3 നേരം നിസ്കരിക്കുന്നത് അല്ലാഹു എങ്ങനെ സഹിക്കും?
ഇനി നോമ്പിന്റെ കാര്യമെടുക്കാം. സൂര്യോദയത്തിനു മുമ്പ് അത്താഴം കഴിച്ച് നോമ്പെടുത്താല്‍ ആ നോമ്പു തുറക്കണമെങ്കില്‍ ഇവിടെ 6 മാസം കഴിയേണ്ടതുണ്ട്. കാരണം അസ്തമയവും അടുത്ത ഉദയവും തമ്മില്‍ 6 മാസത്തെ അകലമുണ്ട്. പുലര്‍ച്ചേ നോമ്പെടുത്താല്‍ തുറക്കാറാകുമ്പോഴേക്കും വിശ്വാസി ശഹീദായിക്കാണും. നോമ്പെടുത്ത് അവശനായാല്‍ സര്‍ക്കാര്‍ അറസ്റ്റു ചെയ്ത് ആശുപത്രിയിലാക്കി ഗ്ലൂക്കോസ് നല്‍കും. അതിനെതിരെ മത സംഘടനകള്‍ക്കു പ്രതികരിക്കാനും കഴിയില്ല. അങ്ങനെ പ്രതികരിച്ചാല്‍ ‘വിശ്വസികള്‍‘ മരിച്ചു വീഴും. പ്രതികരിച്ചില്ലെങ്കില്‍ ‘വിശ്വാസവും‘ മരിച്ചു വീഴും.

ചില മതപ്രചാരകര്‍ ആര്‍ടിക്കില്‍ നിന്നും അന്റാര്‍റ്റിക്കു വരെ ദേശാടനപ്പക്ഷികള്‍ വഴി തെറ്റാതെ പറക്കുന്നതൊക്കെ പറയുന്നതു കാണാം. അല്ലാഹുവിന്റെ അത്തരം ഖുദ്രത്തുകളെകുറിച്ചല്ല ഇവര്‍ വ്യാകുലപ്പെടേണ്ടത്. ഈ സ്ഥലങ്ങളില്‍ ,ഫര്‍ളാക്കപ്പെട്ട അനുഷ്ഠാനങ്ങള്‍ എങ്ങനെ നടത്തും എന്നാണിവര്‍ വിശദീകരിക്കേണ്ടത്. താന്‍ അവസാനത്തെ നബിയാണെന്നു മുഹമ്മദ് നബി അവകാശപ്പെട്ടതിനാല്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ കാലോചിതമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ മറ്റൊരു പ്രവാചകനെ അവതരിപ്പിക്കാന്‍ പോലും പറ്റാത്ത സന്നിഗ്ധാവസ്ഥയിലാണു ഇന്ന് മതം. ഈ കുറവു നികത്താന്‍ ഏതായാലും ഇന്ന് പ്രവാചകന്മാരായി ചമയുന്ന ചിലര്‍ പണ്ഡിതന്മാരുടെ കൂട്ടത്തിലുണ്ട്. അവര്‍ ഖുര്‍ ആനിന്റെ ലിപി നിലനിര്‍ത്തുന്നുണ്ടെങ്കിലും അര്‍ഥം മാറ്റിയും പുതിയ നിഘണ്ടു നിര്‍മ്മിച്ചുമൊക്കെ പെടാപ്പാടു പെടുകയാണ്.

ചന്ദ്രനില്‍ ഇറങ്ങിയ മനുഷ്യര്‍ എങ്ങനെ നോമ്പും പെരുന്നാളും അനുഷ്ഠിക്കും?

അതി വിദൂരമല്ലാത്ത ഭാവിയില്‍ മനുഷ്യര്‍ ചന്ദ്രനിലും താമസം തുടങ്ങും. അവിടെ സുഖവാസകേന്ദ്രം പണി തുടങ്ങിക്കഴിഞ്ഞു ശാസ്ത്രലോകം. മുസ്ലിംങ്ങളും അവിടെ പോകാതിരിക്കില്ലല്ലോ?

നോമ്പും പെരുന്നാളും തുടങ്ങണമെങ്കില്‍ മാസപ്പിറവി കാണണം. പക്ഷെ ചന്ദ്രനിലെത്തിയ മനുഷ്യര്‍ എന്നും ചന്ദ്രനെ കണ്ടു കൊണ്ടിരിക്കുകയാണല്ലൊ. അപ്പോള്‍ അവര്‍ എന്തടിസ്ഥാനത്തിലാ നോമ്പു തുടങ്ങുക എന്നോ എപ്പഴാ പെരുന്നാളനുഷ്ഠിക്കുക എന്നോ ഖുര്‍ ആനില്‍ പറഞ്ഞിട്ടില്ല. പക്ഷേ ചന്ദ്രന്‍ രണ്ടായി പിളര്‍ന്നുവെന്നും അതു ഭൂമിയുടെ രണ്ടു ദിക്കിലായി വേറിട്ടു നിന്നുവെന്നും അതു നബിയും ഏതാനും അനുയായികളും കണ്ടു എന്നും അപ്പോഴേക്കും അല്ലാഹു അതു കൂട്ടിച്ചേര്‍ത്തു ശരിയാക്കി എന്നുമൊക്കെയുള്ള അല്‍ഭുത വൃത്താന്തങ്ങള്‍ ഖുര്‍ ആനിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. അനാവശ്യവും അവിശ്വസനീയവുമായ ഇത്തരം കഥകള്‍ പ്രചരിപ്പിക്കുന്നതിനു പകരം നിര്‍ബ്ബന്ധമായ നോമ്പും നിസ്കാരവും നിര്‍വ്വഹിക്കാന്‍ പ്രപഞ്ചത്തിലെവിടെയായാലും മനുഷ്യര്‍ എന്തു ചെയ്യണം എന്നു വിവരിക്കുകയായിരുന്നില്ലേ വേണ്ടത്?

ചന്ദ്രന്‍ ഭൂമിയെപ്പോലെ കല്ലും മണ്ണും നിറഞ്ഞ ഒരു ഗോളമാണെന്നും ഭാവിയില്‍ മനുഷ്യര്‍ അവിടെ പോയി താമസിക്കുമെന്നും നബിക്കറിയില്ലായിരുന്നെങ്കിലും ‘അല്ലാഹു’ അതൊക്കെ അറിയേണ്ടതല്ലേ? പാതിയായി മുറിക്കാനും പിന്നെ കൂട്ടി ഒട്ടിക്കാനും പറ്റുന്ന പപ്പടം പോലുള്ള ഒരു വെളിച്ചം മാത്രമാണു ചന്ദ്രന്‍ എന്നാണു അക്കാലത്തെ ആളുകള്‍ മനസ്സിലാക്കിയിരുന്നത്.
ചന്ദ്രനു സ്വയം ഒരു തവണ കറങ്ങാന്‍ ഭൂമിയിലെ 29.53 ദിവസം വേണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അവിടത്തെ ഒരു പകല്‍ നമ്മുടെ 14.75 ദിവസം വരും. അവിടെ സൂര്യോദയത്തിനു മുമ്പ് അത്താഴം കഴിച്ചു നോമ്പു നോറ്റാല്‍ സൂര്യനസ്തമിക്കുമ്പോഴേക്കും വിശ്വാസി അവശനാകും ചിലപ്പോള്‍ കാറ്റു പോകാനും മതി!

ചന്ദ്രന്‍ ഓരോ നാള്‍ ചെല്ലും തോറും വലുതാവുകയും ചെറുതാവുകയും ചെയ്യുന്നതെന്തു കൊണ്ടാണെന്ന ചോദ്യത്തിനു “അതു നിങ്ങള്‍ക്കു നേരം കണക്കാക്കാനാണെന്ന്” മറുപടിയാണു ദൈവം പറഞ്ഞത്. ചന്ദ്രന്‍ ഭൂമിയെ ചുറ്റുമ്പോള്‍ സംഭവിക്കുന്ന സ്ഥാനമാറ്റം മൂലം അവിടെ സൂര്യപ്രകാശം തട്ടി പ്രതിഫലിക്കുന്ന ഭാഗം ഭൂമിയില്‍നിന്നും നമുക്ക് ദൃശ്യമാകുന്നതില്‍ വ്യതിയാനം വരുന്നതാണു വൃദ്ധിക്ഷയത്തിനു കാരണം എന്നു പറഞ്ഞു മനസ്സിലാക്കാന്‍ അല്ലാഹുവിനോ നബിക്കോ കഴിഞ്ഞില്ല. ചന്ദ്രന്‍ സ്വയം പ്രകാശിക്കുന്നില്ലെന്നും സൂര്യവെളിച്ചം അവിടെ തട്ടി പ്രതിഫലിക്കുകയാണെന്നും നബിയോ അല്ലാഹുവോ പറഞ്ഞിട്ടില്ല.
എന്നാല്‍ ഇന്നു ചിലര്‍ അങ്ങനെയൊക്കെ വ്യാഖ്യാനിച്ചു വിയര്‍ക്കുന്നതു കാണുന്നു! ഭൂമിയിലുള്ളവര്‍ക്കു തന്നെ നോമ്പും പെരുന്നാളും എങ്ങനെ എപ്പോള്‍ തുടങ്ങണമെന്ന കാര്യത്തില്‍ വ്യക്തതയില്ല. തൊട്ടടുത്തുള്ള രണ്ടു വീടുകളില്‍ പോലും ഒരിടത്തു നോമ്പും മറ്റേടത്തു പെരുന്നാളും അടുത്തടുത്ത പള്ളികളില്‍ ഇതിന്റെ പേര്‍ല്‍ അടിയും നടക്കുന്നു. ഇസ്ലാമിന്റേതല്ലാത്ത ഒരു കലണ്ടറിലും ഇങ്ങനെയുള്ള ആശയക്കുഴപ്പമില്ല. കേരളത്തില്‍ ശവ്വാല്‍ ഒന്നാകുമ്പോള്‍ ഡല്‍ഹിയില്‍ റമസാന്‍ മുപ്പതാകാറുണ്ട്. അല്ലാഹു ഖുര്‍ ആനിലൂടെ നിര്‍ദ്ദേശിച്ച കലണ്ടറില്‍ മാത്രമാണ് ഈ വക അബദ്ധങ്ങള്‍ ഉള്ളത്. ഇതു ചൂണ്ടിക്കാണിച്ചാല്‍ അതൊന്നും മതത്തിന്റെ കുഴപ്പമല്ല, ആളുകളുടെ കുഴപ്പമാണെന്നാണു പറയുക. നോമ്പും പെരുന്നാളും ആചരിക്കാന്‍ അല്ലാഹു ഉണ്ടാക്കിത്തന്ന കലണ്ടറല്ലേ ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം?
അറിവും യുക്തിയുമുള്ള ഒരു ദൈവം അല്ല ഇതൊന്നും ഉണ്ടാക്കി വെച്ചത് എന്നല്ലേ ഇതൊക്കെ തെളിയിക്കുന്നത്?

Leave a Reply

Your email address will not be published. Required fields are marked *