July 19, 2025
Islam Q & A

മുസ്ലിം സ്നേഹമാണ് ഇസ്ലാം വിരോധത്തിനു കാരണം!

പ്രിയ ജബ്ബാര്‍ മാഷെ
താങ്കളീ വേലികെട്ടി കുറ്റിയടിച്ച ദൈവത്തിന്റെ പിന്നാലെ നടക്കാതെ, യുക്തിവാദവും അതിന്റെ പ്രസക്തിയും പ്രാധാന്യവും, അതിന്റെ അടിസ്ഥാന പ്രമാണങ്ങള്‍, അതിന് ജനങ്ങളോടുള്ള ബാധ്യതകള്‍, അതിന്റെ ലക്ഷ്യം, ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗം ഇതൊക്കെയൊന്ന് ജനങ്ങളെ പഠിപ്പിച്ചിരുന്നതെങ്കില്‍ എത്ര നന്നായിരുന്നു. താങ്കളുടെ എല്ലാ ബ്ലോഗുകളും ഇസ് ലാം വിരോധത്തിന്റെയും, വിദ്വേശത്തിന്റെയും മാത്രമല്ലാതെ ഏതെങ്കിലും ഒരു ഗുണം പോലും അതിനുണ്ടെന്ന് ഏതെങ്കിലും ഒരു സൂചന പോലുമില്ലല്ലോ?”
സലാഹുദ്ദീൻ

നമ്മുടെ സുഹൃത്ത് സലാഹുദ്ദീന് ദൈവത്തെകുറിച്ചുള്ള ചര്‍ച്ച അവസാനിച്ചാല്‍ കൊള്ളാം എന്നു തോന്നിത്തുടങ്ങിയതിന്റെ സൂചനയാണ് ഈ കമന്റെന്ന് അനുമാനിക്കുന്നു. സത്യം പറഞ്ഞാല്‍ എനിക്കും യുക്തിവാദികള്‍ക്കു പൊതുവിലും ഒട്ടും താല്‍പ്പര്യമുള്ള വിഷയമല്ല ദൈവം. ഞങ്ങള്‍ മനുഷ്യന്റെ ജീവിതം ഇന്നത്തേതിലും സമാധാനപൂര്‍ണ്ണവും സന്തോഷപ്രദവുമാക്കാനുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കു തന്നെയാണ് എക്കാലത്തും മുന്തൂക്കം നല്‍കിയിട്ടുള്ളത്. ശാസ്ത്രത്തിന്റെ രീതി അഥവാ യുക്തിയുടെ മാര്‍ഗ്ഗം അവലംബിച്ച് നമ്മുടെ ജീവല്പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രമിക്കുകയെന്നതാണു യുക്തിവാദികള്‍ ലക്ഷ്യമായി കാണുന്നത്. പക്ഷെ , സാമൂഹ്യ പ്രശ്നങ്ങള്‍ എന്തെങ്കിലും ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങിയാല്‍ ഉടനെ ദെവത്തെയും മതത്തെയും വലിച്ചിഴച്ചുകൊണ്ട് ശ്രദ്ധ തിരിക്കുകയും , മതത്തിന്റെ പേരില്‍ നടക്കുന്ന മനുഷ്യഹത്യ പോലുള്ള അധാര്‍മ്മികപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചാല്‍ ഉടനെ, നിങ്ങള്‍ക്കു ദൈവമുണ്ടോ? എന്ന ചോദ്യവുമായി മതത്തിന്റെ രക്ഷക്കെത്തുകയും ചെയ്യുന്നത് മതവക്താക്കളാണ്‍. കഴിഞ്ഞ പത്തു മുപ്പതു കൊല്ലത്തെ അനുഭവങ്ങളില്‍നിന്നും ഇക്കാര്യം മനസ്സിലാക്കിയതു കൊണ്ടു തന്നെയാണ് ദൈവത്തെ ആദ്യം തന്നെ ചര്‍ച്ചക്കെടുക്കാമെന്നു തീരുമാനിച്ചത്. സദാചാരമാണ് ഇതുപോലെ മതക്കാര്‍ വിഷയം മാറ്റാന്‍ കൊണ്ടുവരുന്ന മറ്റൊരു കാര്യം. അതിനാല്‍ അക്കാര്യവും ഈ ബ്ലോഗില്‍ ആദ്യം തന്നെ പോസ്റ്റു ചെയ്തു. സ്നേഹസംവാദം ബ്ലോഗിലും ഖുര്‍ ആന്‍ ബ്ലോഗിലും ആദ്യമൊക്കെ വന്നിരുന്ന കമന്റുകള്‍ നോക്കിയാല്‍ തന്നെ ഇപ്പറഞ്ഞതിനു ദൃഷ്ടാന്തമുണ്ട്. ദൈവമുണ്ടോ എന്നാദ്യം പറയണം ;എന്നിട്ടു മതി മറ്റു വിമര്‍ശനങ്ങള്‍ എന്ന നിലപാടുമായി വരുന്നവര്‍ക്ക്,ദൈവം യുക്തിക്കു നിരക്കാത്ത ഒരു സങ്കല്‍പ്പം മാത്രമാണെന്നു കാര്യകാരണസഹിതം ബോദ്ധ്യപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ മറ്റു കാര്യങ്ങളിലേക്കു കടക്കാമല്ലോ.

എന്തുകൊണ്ട് ഇസ്ലാം വിരോധം? വിദ്വേഷം?. ഇതാണല്ലോ പ്രധാന ചോദ്യം. പറയാം:

ഞാന്‍ ജനിച്ചു വളര്‍ന്ന സമുദായം എന്ന നിലയില്‍ മുസ്ലിം സമൂഹത്തോട് എനിക്കു സ്വാഭാവികമായും അല്‍പ്പം വൈകാരികമായ അടുപ്പമുണ്ട്. എന്റെ സമുദായത്തിന്റെ പിന്നാക്കാവസ്ഥയിലും ധാര്‍മ്മികത്തകര്‍ച്ചയിലും ഞാന്‍ ഏറെ ദുഖിക്കുന്നു. അതു പരിഹരിച്ച് ഈ സമൂഹത്തെയും മുഖ്യധാരയിലെത്തിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അന്ധവിശ്വാസങ്ങളുടെ പടുകുഴിയില്‍ കിടന്നു വീര്‍പ്പു മുട്ടുന്ന എന്റെ സമുദായത്തെ ഈ അവസ്ഥയില്‍നിന്നു മോചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് എന്റെ ഉയര്‍ന്ന മനുഷ്യസ്നേഹവും നീതിബോധവും കൊണ്ടു മാത്രമാണ്. അതിനൊരു പ്രതിഫലവും ഞാന്‍ മോഹിക്കുന്നില്ല.

രോഗകാരണം കണ്ടെത്തി ചികിത്സിക്കുകയാണു രോഗം മാറാനുള്ള ശാസ്ത്രീയ മാര്‍ഗ്ഗം. അതു തന്നെയാണു യുക്തിവാദവും. ഇവിടെ രോഗത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ യുക്തിയുടെ വഴിയിലൂടെ സഞ്ചരിച്ചതുകൊണ്ട് എനിക്കു സാധിച്ചു എന്നാണു ഞാന്‍ കരുതുന്നത്. മുസ്ലിം സമൂഹത്തിന്റെ എല്ലാ പിന്നാക്കാവസ്ഥയ്ക്കും കാരണം ,ആറാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്ര സമൂഹത്തിനു വേണ്ടി അറേബ്യയില്‍ രൂപം കൊണ്ട ഈ മതസംഹിതയും അതിലെ ബാലിശമായ ദൈവവിശ്വാസവുമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. രോഗാണു ഇസ്ലാം എന്ന പ്രത്യയശാസ്ത്രമാണെന്നു കണ്ടെത്തിയതിനാല്‍ രോഗത്തിനെതിരായ പോരാട്ടം ആ രോഗാണുവിനെതിരായ പോരാട്ടം മാത്രമാണെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതു രോഗിയോടുള്ള വിദ്വേഷമായി രോഗി തെറ്റിദ്ധരിക്കുന്നതു സ്വാഭാവികമാണ്. രോഗി ഒന്നര വയസ്സുള്ള കുട്ടിയാണെങ്കില്‍ മരുന്നു കുത്തിവെക്കാന്‍ വരുന്ന നെര്‍സിനോട് ആ കുട്ടിക്കു വെറുപ്പും വിദ്വേഷവും തോന്നും . നെര്‍സിനെ തന്റെ ശത്രുവായി ആ കുട്ടി കാണും. തന്റെ രോഗം മാറാനുള്ള മരുന്നാണു കുത്തിവെക്കുന്നതെന്നും തന്നെ വെറുതെ കുത്തി നോവിക്കാനല്ല നെര്‍സു വരുന്നതെന്നും തിരിച്ചറിയാനുള്ള പ്രായവും മനോവികാസവും ഉണ്ടാകുമ്പോള്‍ മാത്രമേ കുട്ടിയുടെ തെറ്റിദ്ധാരണ നീങ്ങുകയുള്ളു.

വിമര്‍ശിക്കപ്പെടുന്നത് ഇസ്ലാമാകുമ്പോള്‍ ഗുളികയും സിറപ്പും വേണ്ടത്ര ഫലം ചെയ്യില്ല എന്ന് അനുഭവങ്ങളില്‍നിന്നും മനസ്സിലാക്കിയതുകൊണ്ടാണ് അല്‍പ്പം കടുത്ത ഇഞ്ചക്ഷന്‍ തന്നെ പ്രയോഗിക്കുന്നത്.

യുക്തിവാദത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവുമെല്ലാം വിശദമാക്കുന്ന പോസ്റ്റ് പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *