July 18, 2025
Islam Quran Quran & Science

ഇസ്ലാമിക ജനിതക ശാസ്ത്രം!

പത്തൊമ്പതാം നൂറ്റാണ്ടില്‍ ആസ്ത്രിയന്‍ ശാസ്ത്രജ്ഞനായ ഗ്രീഗര്‍ മെന്ഡല്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ് ജനിതകസംബന്ധമായ രഹസ്യങ്ങളുടെ ചുരുള്‍ അഴിയാന്‍ തുടങ്ങിയത്. ഇന്ന് മനുഷ്യന്റെയും മറ്റനേകം ജീവികളുടെയും സമ്പൂര്‍ണ്ണമായ ജനിതക മാപ്പുകള്‍ തയ്യാറായി വരുന്നു. ഇത് ജൈവസാങ്കേതികവിദ്യയുടെ ലോകത്ത് വന്‍ കുതിച്ചു ചാട്ടങ്ങള്‍ക്കു വഴി വെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതോടെ ജനിതകശാസ്ത്രവും ഖുര്‍ ആനിലുണ്ട് എന്ന വാദവും രംഗത്തിറക്കിക്കഴിഞ്ഞു!

“ഖുര്‍ ആനും മുഹമ്മദ് നബിയുടെ തിരുവചനങ്ങളും പ്രത്യുല്‍പ്പാദനം , ജനിതകശാസ്ത്രം, എന്നിവയെ കുറിച്ചു ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നത് അല്‍ഭുതകരമായ വസ്തുതയത്രേ.”(ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും)

നബി വെളിപ്പെടുത്തിയ പാരമ്പര്യശാസ്ത്രസംബന്ധിയായ ഒരു ‘അല്‍ഭുതജ്ഞാനം’ സഹീഹുല്‍ ബുഖാരി ഇങ്ങനെ ഉദ്ധരിക്കുന്നു:

“അനസ് പറയുന്നു: തിരുമേനി മദീനയിലേക്കു വന്ന വിവരം അബ്ദുല്ലാഹിബ്നു സലാമിനു കിട്ടി. അദ്ദേഹം തിരുമേനിയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “എനിക്ക് അങ്ങയോടു മൂന്നു കാര്യങ്ങള്‍ ചോദിക്കാനുണ്ട്. ഒരു നബിക്കല്ലാതെ അത് ഗ്രഹിക്കാന്‍ കഴിയില്ല. അന്ത്യപ്രളയം അടുത്തതിന്റെ ഒന്നാമത്തെ ലക്ഷണം എന്താണ്? സ്വര്‍ഗ്ഗവാസികള്‍ അവിടെ പ്രവേശിച്ച ഉടന്‍ ആദ്യം കഴിക്കുന്ന ആഹാരം എന്തായിരിക്കും? സന്താനത്തിനു പിതാവിനോടു സാദൃശ്യമുണ്ടാവാന്‍ കാരണമെന്താണ്?”
തിരുമേനി അരുളി: “ ഇതാ, ജിബ്രീല്‍ ഈ കാര്യങ്ങളെകുറിച്ച് ഇപ്പോള്‍ എന്നെ അറിയിച്ചു കഴിഞ്ഞതേയുള്ളു. ” അബ്ദുല്ല പറഞ്ഞു. “മലക്കുകളില്‍ ജൂതന്മാരുടെ ശ്ത്രുവാണു ജിബ്രീല്‍” തിരുമേനി തുടര്‍ന്ന് അരുളി: “അന്ത്യപ്രളയം സമീപിക്കുമ്പോള്‍ ഉണ്ടാകുന്ന ആദ്യലക്ഷണം ഒരു തീയാണ്. ആ തീ മനുഷ്യരെ കിഴക്കുനിന്ന് പടിഞ്ഞാറോട്ടു നീക്കിക്കൊണ്ടു പോകും. സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ആദ്യം കഴിക്കുന്ന ആഹാരം മീനിന്റെ കരളിന്മേല്‍ തടിച്ചു വളര്‍ന്നു നില്‍ക്കുന്ന ഒരു കഷ്ണമായിരിക്കും. സന്താനങ്ങള്‍ക്കു മാതാപിതാക്കളോടു രൂപസാദൃശ്യമുണ്ടാകാന്‍ കാരണം ഇതാണ്; ഒരു പുരുഷന്‍ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടു. എന്നിട്ട് അവനാണ് ആദ്യം ഇന്ദ്രിയസ്ഖലനമുണ്ടായത് എങ്കില്‍ സന്താനത്തിനു പുരുഷനോടാണു സാദൃശ്യമുണ്ടാവുക. മറിച്ച് അവള്‍ക്കാണ് ആദ്യം സ്ഖലനമുണ്ടായത് എങ്കില്‍ അവളോടാണ് സന്താനത്ത്നു രൂപസാദൃശ്യമുണ്ടാവുക. “ഇതു കേട്ടപ്പോള്‍ അബ്ദുല്ലാ ഹിബ്നു സലാം പറഞ്ഞു: അങ്ങ് ദെവദൂതന്‍ തന്നെയാണെന്ന് ഞാനിതാ സാക്ഷ്യം വഹിച്ചു കൊള്ളുന്നു.” (ബുഖാരി: 1361. സി എന്‍ അഹ്മദ് മൌലവി)

രതിമൂര്‍ഛയുടെ വേളയില്‍ കൂടിക്കലരുന്ന ‘ഇന്ദ്രിയ മിശ്രിതം’ കട്ടപിടിച്ചാണ് കുട്ടിയുണ്ടാകുന്നതെന്നായിരുന്നു അക്കാലത്തെ വിശ്വാസം. കുഞ്ഞുങ്ങള്‍ക്കു മാതാപിതാക്കളോട് രൂപസാദൃശ്യമുണ്ടാകുന്നതിന്റെ കാരണമെന്താണെന്ന് അന്നത്തെ അറബികള്‍ക്കറിയില്ലായിരുന്നു. മൌലികമായ ഒരു ചോദ്യത്തിന് ‍ ദെവദൂതന്‍ നല്‍കിയ ആധികാരികമായ ഉത്തരമാണിത്. അതും “ജിബ്രീല്‍ ഇതാ ഇപ്പോള്‍ വന്ന് അറിയിച്ചു പോയതേയുള്ളു” എന്ന മുഖവുരയോടെ! അന്നത്തെ ആളുകള്‍ക്കു കൌതുകം പകര്‍ന്ന ഒരു വിജ്ഞാനം തന്നെയായിരുന്നിരിക്കണം ഇത്.

ശീഘ്രസ്ഖലനം ഉള്ളവര്‍ക്ക് സ്വന്തം മുഖഛായയുള്ള കുട്ടികള്‍ ജനിക്കുമെന്ന ഈ ഇസ്ലാമിക ജനിതകവിജ്ഞാനം അന്നത്തെ അറബികള്‍ പരീക്ഷണവിധേയമാക്കിയിരുന്നോ എന്നറിയില്ല. അങ്ങനെയൊരു പരീക്ഷണം നടന്നിരുന്നെങ്കില്‍ “താങ്കള്‍ ദൈവദൂതനല്ല എന്നു ഞങ്ങളിതാ സാക്ഷ്യം വഹിക്കുന്നു” എന്നവര്‍ മൊഴി മാറ്റിപ്പറഞ്ഞേനേ!

കുഞ്ഞിന്റെ ജനനത്തിനു ഹേതുവാകുന്ന സ്ത്രീ ബീജം[ovum] ,സംഭോഗവേളയില്‍ സ്രവിക്കുന്ന ഒരു കുഴമ്പല്ല എന്നും , പാകമാകുന്ന മുറയ്ക്ക് മാസത്തിലൊരിക്കല്‍ അണ്ഡാശയത്തില്‍നിന്നും അണ്ഡനാളി വഴി ഇറങ്ങിവരുന്നതാണെന്നും , രതിക്രീഡയുമായി ഈ അണ്ഡസ്രാവത്തിനു നേരിട്ടു ബന്ധമില്ലെന്നും ,നാം ഇന്നു മനസ്സിലാക്കുന്നതു ശാസ്ത്രീയമാര്‍ഗ്ഗത്തിലൂടെയാണ്. ഗര്‍ഭധാരണത്തിനു സ്ത്രീയുടെ രതിമൂര്‍ഛയുമായി ബന്ധമില്ല. അബോധാവസ്ഥയില്‍ ബലാത്സംഗത്തിനിരയായാല്പോലും ഗര്‍ഭം ധരിച്ചേക്കാം. ഈ വക കാര്യങ്ങളെകുറിച്ചൊന്നും കൃത്യമായി മനസ്സിലാക്കാന്‍ പറ്റുന്ന ഉയര്‍ന്ന തരം സാങ്കേതികവിദ്യകളൊന്നും അന്നു ദെവദൂതന്റെയും ജിബ്രീലിന്റെയും കയ്യില്‍ ഉണ്ടായിരുന്നില്ല. എങ്കിലും അറിയാത്ത കാര്യങ്ങളില്‍ തലയിട്ടു വിഡ്ഡിത്തങ്ങള്‍ പറയുന്ന ശീലം മറ്റു പല സന്ദര്‍ഭങ്ങളിലുമെന്നപോലെ ഇവിടെയും ആവര്‍ത്തിക്കുകയാണ് ജിബ്രീലും ദൂതനും ചെയ്തത്!

വൃഷണം മുതുകിലെത്തിക്കാന്‍ കഴിവുള്ള വ്യാഖ്യാതാക്കളെ സംബന്ധിച്ചേടത്തോളം ഇതൊന്നും അത്ര വലിയ ആനക്കാര്യമല്ലായിരിക്കാം. അവര്‍ ഇതൊക്കെ നിഷ്പ്രയാസം ശാസ്ത്രീയസത്യമാക്കി മാറ്റിയെടുക്കും. ആധുനിക ജനിതകശാസ്ത്രം തന്നെ ഇസ്ലാമിന്റെ സംഭാവനയാണെന്നവര്‍ അവകാശപ്പെടാനും ഇടയുണ്ട്!!

Leave a Reply

Your email address will not be published. Required fields are marked *