“മാഷേ..കണ്ണ് കൊണ്ട് കേള്‍ക്കാനും , കാതുകൊണ്ട് കാണാനും, വായ് കൊണ്ട് കേള്‍ക്കാനും, ശ്രമിക്കാതിരിക്കുക.
മേല്‍പറഞ്ഞ അവയവങ്ങള്‍ ഉപയോഘിച്ചു സുഘമായി ജീവിക്കുക! ദൈവ വിശ്വാസം എന്നത് ജീവിതത്തിനു അര്‍ഥം കിട്ടുന്ന ഒന്നാണ്. താങ്കള്‍ക്ക് അത് ഇല്ലെങ്കില്‍ പിന്നെന്തിന്നാണ് അതുള്ളവരെ ബ്ലോഗില്‍ വികലമായ പോസ്ടിങ്ങുകള്‍ നടത്തി കടന്നാക്രമിക്കുന്നത്.” Salaam
salaam ന്റെ ചോദ്യം വളരെ പ്രസക്തം തന്നെ. അതില്‍ അല്‍പ്പം കാര്യമില്ലാതെയുമില്ല. മനുഷ്യര്‍ക്ക് പല പ്രതിസന്ധി ഘട്ടങ്ങളിലും ഒരാശ്വാസമേകുന്ന ജീവിതത്തിനു സ്വന്തമായി അര്‍ഥം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് അര്‍ത്ഥം പ്രദാനം ചെയ്യുന്ന നിരുപദ്രവകരമായ വിശ്വാസങ്ങളെ അന്ധമായി എതിര്‍ക്കേണ്ടതില്ല. ദൈവ വിശ്വാസം മാത്രമല്ല, മറ്റു ചില അന്ധവിശ്വാസങ്ങള്‍ക്കും ഇതു ബാധകമാണ്. സായിബാബ ജപിച്ചു നല്‍കിയ ഒരു മോതിരമോ, പാണക്കാട്ടെ തങ്ങള്‍ മന്ത്രിച്ചു നല്‍കിയ ഒരു ഏലസ്സോ ഒരു പാവം വിശ്വാസി ധരിക്കുന്നുവെങ്കില്‍ അയാള്‍ക്കത് ആശ്വാസം നല്‍കുന്നുവെങ്കില്‍ അതിനെ നാമെന്തിനെതിര്‍ക്കണം? ഖബറിനടുത്തു പോയി പ്രാര്‍ഥിക്കുമ്പോള്‍ ഒരാള്‍ക്ക് ആശ്വാസം കിട്ടുന്നുവെങ്കില്‍ ശിര്‍ക്കാരോപിച്ച് അയാളെ നാമെന്തിന് എതിര്‍ക്കണം?
പക്ഷെ വിശ്വാസങ്ങള്‍ക്ക് ഈയൊരു നിഷ്കളങ്കമായ മാനം മാത്രമാണോ ഉള്ളത്? ലോകത്തെവിടെയും ഒരു മനുഷ്യനും സമാധാനമായി അന്തിയുറങ്ങാന്‍ പറ്റാത്തവിധം കൊടും ഭീകരന്മാര്‍ ആക്രമങ്ങള്‍ നടത്തുമ്പോള്‍ , ആ ഭീകരര്‍ക്ക് അതിനു പ്രചോദനമാകുന്നത് അവരുടെ ദൈവവിശ്വാസമാണെങ്കില്‍ ആ വിശ്വാസത്തെ നമുക്ക് നിഷ്കളങ്കമായി കാണാന്‍ ആവുമോ? ഒരു ചാവേര്‍ ഭീകരന്റെ മനശ്ശാസ്ത്രത്തെ കുറിച്ചൊന്നു ചിന്തിച്ചു നോക്കുക. അയാള്‍ക്ക് ഏറ്റവും വിലപ്പെട്ട അയാളുടെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടാണ് അയാള്‍ മറ്റുള്ളവരെ കൊല്ലാന്‍ സ്വയം ബോമ്പായി പൊട്ടിത്തെറിക്കുന്നത്. ഈ കടും കൈക്ക് പ്രേരകമാകാന്‍ മാത്രം തീവ്രമാണയാളുടെ വിശ്വാസമെങ്കില്‍ ആ വിശ്വാസത്തെ ഒരു മനുഷ്യസ്നേഹിക്ക് എതിര്‍ക്കാതിരിക്കാന്‍ കഴിയുന്നതെങ്ങനെ?
ഒരാളുടെ വിശ്വാസങ്ങള്‍ അന്യര്‍ക്ക് ഒരു തരത്തിലും ഉപദ്രവമാകുന്നില്ലെങ്കില്‍ ആ വിശ്വാസം എതിര്‍ക്കപ്പെടേണ്ടതില്ല. “നിങ്ങളുടെ അയല്‍ വാസി മറ്റൊരു ദൈവത്തെയാണാരാധിക്കുന്നതെങ്കില്‍ അയാളോടു പരുഷമായി മാത്രം പെരുമാറുക” എന്നു വെളിപാടുരുവിടുന്ന വൃത്തി കെട്ട ദൈവങ്ങളിലുള്ള വിശ്വാസം എതിര്‍ക്കപ്പെടേണ്ടതു തന്നെയല്ലേ? ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ കൂട്ടുകാരാക്കരുത് എന്നു വേദോപദേശം നല്‍കുന്നത് ദൈവമാണെങ്കില്‍ ആ ദൈവ വിശ്വാസം നിഷ്കളങ്കമാണോ? ഫിത്ന അവസാനിക്കുകയും ദീന്‍ മുഴുവന്‍ അല്ലാഹുവിന്റെതാകും വരെ വാളെടുത്ത് യുദ്ധം ചെയ്യുവിന്‍ എന്നു കല്‍പ്പിക്കുന്ന ദൈവം നന്മയോ തിന്മയോ ? മനുഷ്യന്റെ കഴുത്തു വെട്ടുന്നതും മിണ്ടാപ്രാണികളെ കൂട്ടക്കശാപ്പു ചെയ്യുന്നതും കണ്ട് പുളകം കൊള്ളുന്ന ഗോത്ര ദൈവങ്ങളെ നമുക്കു വേണോ? ഭാര്യാഭര്‍ത്തക്കന്മാര്‍ തമ്മില്‍ പിണങ്ങിപ്പിരിഞ്ഞാല്‍ അല്‍പ്പ കാലത്തിനു ശേഷം അവരെ ഒന്നിപ്പിക്കാനാണു മനുഷ്യത്വമുള്ളവരൊക്കെ ശ്രമിക്കുക. എന്നാല്‍ നിങ്ങളുടെ ദൈവം പ്രാകൃതമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിച്ചു കൊണ്ട് ഈ പാവം മനുഷ്യരുടെസ്വകാര്യതയില്‍ കയ്യേറ്റം നടത്താന്‍ മതപ്രമാണികളെ പ്രേരിപ്പിക്കുന്നു. ഞാന്‍ സ്നേഹസംവാദം ബ്ലോഗില്‍ ഇട്ട ഊരുവിലക്കിന്റെ കഥ നോക്കുക.
വിശ്വാസത്തിന്റെ പേരില്‍ മനുഷ്യന്റെ കഴുത്തു വെട്ടാന്‍ ആജ്ഞ നല്‍കുന്ന അല്ലാഹു വിനെപ്പോലുള്ള പ്രാകൃത ദൈവങ്ങള്‍ മനുഷ്യത്വത്തെ കൊഞ്ഞനം കാട്ടുമ്പോള്‍ ആ ദൈവവിശ്വാസത്തെ നിഷ്കളങ്കമായി കാണാനാവുമോ? തങ്ങളുടെ മതത്തെ കുറിച്ച് ഒരു എതിരഭിപ്രായം പറയുന്നവരെ പോലും ഓടിച്ചിട്ടു പിടിച്ച് കൊല്ലണമെന്നാജ്ഞാപിക്കുന്ന താലിബാന്‍ ദൈവങ്ങളെ എതിര്‍ക്കണ്ടേ? നൌഷാദിന്റെ കണ്ണുകള്‍ക്കു നേരെ കത്തി ചൂണ്ടിയ ദൈവത്തെ അംഗീകര്‍ക്കാനാവുമോ? സ്വന്തം നാട്ടിലെ മതന്യൂനപക്ഷങ്ങള്‍ക്ക് അല്‍പ്പം നീതി കൊടുക്കൂ എന്നു മാത്രം പറഞ്ഞതിന്റെ പേരില്‍ ഒരു എഴുത്തുകാരിയെ ലോകത്തൊരിടത്തും ജീവിക്കാന്‍ അനുവദിക്കില്ല എന്നു പറയുന്ന ഭ്രാന്തന്മതത്തെയും ഈ ഭ്രാന്തിനു വെളിപാടുഭാഷ്യം നല്‍കിയ ദൈവത്തെയും അനുകൂലിക്കുന്നതെങ്ങനെ?
മനുഷ്യനു സമാധാനമായും സന്തോഷമായും ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്ന ഇത്തരം വിശ്വാസങ്ങളെ എതിര്‍ക്കുക എന്നത് ഒരു മനുഷ്യസ്നേഹിയുടെ കടമയാണെന്നു കരുതുന്നതുകൊണ്ടാണ് ഞാന്‍ മതവിമര്‍ശനം നടത്തുന്നത്. .. മതപരമായ ഇത്തരം അനാചാരങ്ങളെയും അരുതായ്മകളെയും കാര്യകാരണസഹിതം വിമര്‍ശിക്കുമ്പോള്‍ അതില്‍നിന്നും ചര്‍ച്ച വഴി തിരിച്ചു വിടാനായി “ദൈവം ഉണ്ടോ ഇല്ലേ? അതാദ്യം പറയൂ” എന്നും പറഞ്ഞു നിങ്ങള്‍ വരും .അപ്പോള്‍ അള മുട്ടി ദൈവത്തെ കുറിച്ചെന്തെങ്കിലും പറയേണ്ടി വരുന്നു. അതല്ലാതെ കേവലം ദൈവനിഷേധം ഞങ്ങള്‍ യുക്തിവാദികളുടെ വിഷയമല്ല.
ചര്‍ച്ച യാവാം.