September 7, 2025
Islam

ദൈവങ്ങള്‍ പല വിധം!

ദൈവം ഉണ്ടോ? എന്ന ചോദ്യത്തിനുത്തരം പറയണമെങ്കില്‍ , എന്താണു ദൈവം? എന്ന ചോദ്യത്തിനുത്തരം ലഭിക്കേണ്ടതുണ്ട്. അഥവാ ദൈവത്തിനൊരു നിര്‍വ്വചനം വേണം. നിരീശ്വരവാദികളോടും യുക്തിവാദികളോടും തര്‍ക്കിക്കാന്‍ വരുന്നവര്‍ വളരെ ആകര്‍ഷകമായ നിര്‍വ്വചനവും വ്യാഖ്യാനവും നല്‍കി ഭംഗിയാക്കിയ ഒരു ദൈവത്തെയും കൊണ്ടാണു രംഗത്തു വരുക. എന്നാല്‍ അവര്‍ ആരാധിക്കുന്ന ദൈവം അത്ര ഭംഗിയുള്ളതോ കുറ്റമറ്റതോ ആയിരിക്കുകയില്ല. പ്രാകൃത സമൂഹത്തിന്റെ ഗോത്ര ദൈവങ്ങളെയാണിന്നും മതവിശ്വാസികള്‍ മനസ്സിലും കോവിലുകളിലും പ്രതിഷ്ഠിച്ച് ആരാധിക്കുന്നത്.

അറിവിന്റെയും ചിന്തയുടെയും മേഖലയില്‍ വളരെയേറെ മുന്നേറിയ ഒരു നവസമൂഹത്തില്‍ പഴയ ഗോത്രകാലദൈവങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ലാതെ വന്നിരിക്കുന്നുവെന്ന തിരിച്ചറിവായിരിക്കാം, പുതിയ നിര്‍വ്വചനങ്ങളും വ്യാഖ്യാനങ്ങളുമൊക്കെയായി അടവും തന്ത്രവും മാറ്റി രംഗത്തു വരാന്‍ ദൈവശാസ്ത്രജ്ഞരെ നിര്‍ബ്ബദ്ധരാക്കുന്നത്.

ദൈവവിശ്വാസത്തിന്റെ സ്വഭാവമനുസരിച്ച് ആളുകളെ പല കാറ്റഗറികളാക്കി തരം തിരിക്കാവുന്നതാണ്.

1. THEIST: പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്നതോടൊപ്പം മനുഷ്യന്റെ ദൈനംദിന കാര്യങ്ങളില്‍ അതീവ ജാഗ്രതയോടെ ശ്രദ്ധിക്കുകയും ഇടപെടുകയും രക്ഷാശിക്ഷകള്‍ നിര്‍ണയിച്ച് നടപ്പിലാക്കുകയും മറ്റും ചെയ്യുന്ന ഒരു വ്യക്തിദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവരെയാണ് ഈ വിഭാഗത്തില്‍ പെടുത്താവുന്നത്. സെമിറ്റിക് മതങ്ങള്‍ പരിചയപ്പെടുത്തുന്ന അല്ലാഹു, യഹോവ തുടങ്ങിയ ദൈവങ്ങള്‍ ഉദാഹരണം

2. DEIST: പ്രപഞ്ചം സൃഷ്ടിക്കുകയും പ്രകൃതിനിയമങ്ങള്‍ നിര്‍ണയിക്കുകയും ചെയ്ത ഒരു ശക്തിയുണ്ടെന്നു മാത്രം വിശ്വസിക്കുന്നവര്‍ ഈ വിഭാഗക്കാരാണ്. മനുഷ്യന്റെ ജീവിതത്തില്‍ ദൈവത്തിനു പ്രത്യേക താല്‍പ്പര്യമൊന്നും ഉള്ളതായി ഇക്കൂട്ടര്‍ കരുതുന്നില്ല.

3. PANTHEIST: പ്രകൃതിശക്തിയെ ദൈവമായിക്കരുതുന്നവരാണ് ഈ ഗണത്തില്‍പ്പെടുന്നത്. പ്രപഞ്ചത്തിലെ എല്ലാ പദാര്‍ത്ഥങ്ങളിലും ഒരു ചൈതന്യം ഒളി മിന്നുന്നതായി ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. ആ ചൈതന്യത്തെ സ്തുതിക്കുകയോ ആരാധിക്കുകയോ ചെയ്യണമെന്ന നിബ്ബന്ധമൊന്നും പ്രകൃതിവാദികള്‍ക്കില്ല. മനുഷ്യനെയും പ്രകൃതിയുടെ ഭാഗമായി ഇവര്‍ കാണുന്നു. അദ്വൈതവാദികളെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

4. ATHEIST: ദൈവം എന്ന സങ്കല്‍പ്പത്തെ പൂര്‍ണ്ണമായും നിഷേധിക്കുന്നവരാണു നിരീശ്വരവാദികള്‍
.
ഇതു കൂടാതെ സന്ദേഹവാദികളും മായാവാദികളും മറ്റുമായി വേറെയും ചില വിഭാഗക്കാരുമുണ്ട്. ദൈവത്തെക്കുറിച്ച് തങ്ങളുടെ പക്കല്‍ ഒരറിവും ഇല്ല; ഉണ്ടോ ഇല്ലേ എന്നൊന്നും തങ്ങള്‍ക്കഭിപ്രായമില്ല എന്ന നിലപാടാണിക്കാര്യത്തില്‍ ചിലര്‍ക്കുള്ളത്.

നിര്‍ഗ്ഗുണ പരബ്രഹ്മമാണീശ്വരന്‍ എന്നു വാദിക്കുന്നവരും ,സത്യമാണു ദൈവം എന്നു പ്രഖ്യാപിക്കുന്നവരും , ദൈവം സ്നേഹമാകുന്നു എന്നു മൊഴിഞ്ഞ് ആളുകളെ കുപ്പിയിലിറക്കുന്നവരും , ഞാന്‍ തന്നെയാണെന്റെ ദൈവം എന്നു വാചകക്കസര്‍ത്തു നടത്തുന്നവരുമൊക്കെ നമുക്കിടയിലുണ്ട്.

ദൈവത്തെക്കുറിച്ചു സംവാദത്തിനൊരുങ്ങുമ്പോള്‍ ഇതൊക്കെ പരിഗണിക്കേണ്ടി വരും. തീര്‍ത്തും അമൂര്‍ത്തമായ ഒരു സങ്കല്‍പ്പമാണ് ഈശ്വരന്‍ എന്നതിനാല്‍ തന്നെ യുക്തിപരമായ ഒരു താരതമ്യത്തിനോ വിശകലനത്തിനോ ഇവിടെ സാധ്യത കുറവാണ്. ഓരോരുത്തരും അവരവരുടെ ഭാവനയിലും ചിന്തയിലും ഒതുങ്ങും വിധം ദെവത്തെ മനസ്സില്‍ കുടിയിരുത്തുകയാണു ചെയ്യുന്നത്. തങ്ങളുടേതാണ് ഏറ്റവും മികച്ചതെന്ന് ഓരോരുത്തരും അവകാശപ്പെടുകയും ചെയ്യുന്നു.

യുക്തിവാദികള്‍ക്ക് എളുപ്പത്തില്‍ `ആക്രമിക്കാന്‍ ` കഴിയുന്ന ദൈവം സെമിറ്റിക്മതങ്ങള്‍ പരിചയപ്പെടുത്തുന്ന ‘ആള്‍ ’ദൈവം [personal god] തന്നെ. അവയ്ക്കു നിന്നു പൊറുക്കാന്‍ ഗോത്രകാല മതം കുഴിച്ചു വെച്ച ഇത്തിരി വട്ടം മാത്രമുള്ള പൊട്ടക്കുഴിയാണുള്ളത്. യുക്തി കൊണ്ടുള്ള ചെറിയ തൊഴിപോലും മര്‍മ്മത്തു കൊള്ളും. മറ്റു ദൈവങ്ങള്‍ക്ക് ഓടിയൊളിക്കാന്‍ അല്‍പ്പം കൂടി വിശാലമായ മേച്ചില്‍പ്പുറമുണ്ട്.

ഇതാണു മതവിശ്വാസികളെ ഇന്നു വല്ലാതെ പ്രതിസന്ധിയിലാക്കുന്ന ഒരു പ്രത്യയശാസ്ത്ര ദൌര്‍ബ്ബല്യം. മതത്തെ കുറിച്ചും ,മതം പൊക്കിക്കാട്ടുന്ന കുട്ടിദൈവത്തെകുറിച്ചും വിമര്‍ശനം വരുമ്പോള്‍ സൂത്രത്തില്‍ വിഷയം മാറ്റി ചര്‍ച്ച വഴി തിരിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു.

ഈ സംവാദത്തിനു തുടക്കം കുറിച്ചുകൊണ്ട് ഞാന്‍ പോസ്റ്റു ചെയ്ത ഡോ. പി പി ആന്റണിയുടെ ലേഖനത്തിലുന്നയിച്ച പ്രധാന വിഷയങ്ങളൊന്നും ഒട്ടും തന്നെ ചര്‍ച്ച ചെയ്യപ്പെടാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല. ചര്‍ച്ച മറ്റൊരു വഴിക്കു തിരിച്ചു വിട്ട് തങ്ങളുടെ ദൈവങ്ങളെ രക്ഷപ്പെടുത്താന്‍ ചിലര്‍ കാണിച്ച കുതന്ത്രങ്ങളും അതിബുദ്ധിയും , ഒടുവില്‍ ബ്ലോഗ് തന്നെ തമസ്കരിക്കാന്‍ നടത്തിയ ഗൂഡശ്രമവും എല്ലാം നാം കണ്ടു.

ഏതായാലും ചര്‍ച്ച തുടരുകയാണ്. ഓരോ വിഭാഗത്തിലും പെട്ട ദൈവസങ്കല്‍പ്പങ്ങളെ നമുക്ക് വിശദമായിത്തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യാം. ഞാന്‍ ഒരു പൂര്‍ണ ദൈവ നിഷേധിയുടെ പക്ഷത്തു നിന്നുകൊണ്ടല്ല ഈ വിഷയം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. സത്യത്തെ അന്യേഷിക്കുന്ന ഒരു സ്വതന്ത്ര ചിന്തകന്‍ എന്ന നിലയില്‍ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കാമെന്നാണു കരുതുന്നത്. ഈ വിഷയത്തില്‍ താല്‍പ്പര്യമുള്ള എല്ലാ ബ്ലോഗ് സുഹൃത്തുക്കളും അഭിപ്രായം രേഖപ്പെടുത്തണമെന്നപേക്ഷിക്കുന്നു.

അടുത്ത പോസ്റ്റ്: `ചതുരാകൃതിയിലുള്ള പഞ്ചഭുജത്രികോണം`!

Leave a Reply

Your email address will not be published. Required fields are marked *