September 5, 2025
Fiqh Islam

പെണ്‍സുന്നത്ത് (FGM)

കേരളത്തിലെ മുസ്ലിംങ്ങള്‍ക്കിടയില്‍ പെണ്‍സുന്നത്ത് നിലവിലില്ലെങ്കിലും മുസ്ലിം ലോകത്ത് വ്യാപകമായിത്തന്നെ ഇതും ആചരിക്കപ്പെടുന്നുണ്ട്. നിഗൂഢമായും രഹസ്യമായും ആചരിക്കപ്പെടുന്നതുകൊണ്ടാവാം ഈ അത്യാചാരത്തെക്കുറിച്ച് അടുത്ത കാലം വരെ പുറം ലോകത്തിനു‍ വേണ്ടത്ര അറിവുണ്ടായിരുന്നില്ല. 1984ല്‍ സുഡാന്‍ തലസ്ഥാനമായ ഖര്‍ത്തൂമില്‍ Scientific Association for Women Studies എന്ന സംഘടന WHOയുടെ സഹായത്തോടെ നടത്തിയ ഒരു പഠനത്തിന്റെ അവലോകന സെമിനാറും വര്‍ക് ഷോപ്പുമാണ്, സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഈ പ്രാകൃതാചാരത്തെക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന ഒട്ടേറെ വിവരങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നത്. ആഫ്രിക്കയിലെ മുപ്പതോളം രാജ്യങ്ങളില്‍ നടത്തിയ വ്യാപകമായ ഒരു പഠനസര്‍വ്വേയുടെ ഫലങ്ങളാണു സെമിനാറിലൂടെ പ്രസിദ്ധം ചെയ്യപ്പെട്ടത്.

മുസ്ലിം സ്വാധീനമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലെ 80% സ്ത്രീകളും ക്രൂരമായ ഈ ആചാരത്തിന്റെ ഇരകളാണെന്ന് പഠനത്തില്‍ കണ്ടെത്തി. സുഡാന്‍ , സൊമാലിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ ചേലാകര്‍മ്മത്തിനു വിധേയരാകാത്ത സ്ത്രീകള്‍ വിരളമാണ്. ഗാംബിയ, നൈജീരിയ, ദക്ഷിണ ഈജിപ്ത്, മാലി എന്നിവിടങ്ങളിലും ഇത് വ്യാപകമായി ആചരിക്കപ്പെടുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു പുറമെ സൌദി അറേബ്യ, യമന്‍ , ഉമാന്‍ , ബഹറൈന്‍ , യു എ ഇ. തുടങ്ങിയ അറബ് രാജ്യങ്ങളിലും ഇറാനിലും മലേഷ്യ, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം അനുഷ്ഠിക്കപ്പെടുന്നുണ്ട്.

അനുഭവസ്ഥയായ ഒരു ഈജിപ്ഷ്യന്‍ ഡോക്ടര്‍ ആത്മകഥയില്‍ തന്റെ ബാല്യസ്മരണ അയവിറക്കിക്കൊണ്ടെഴുതുന്നു:-

ആ കാളരാത്രിയില്‍ ഞാനെന്റെ കിടക്കയില്‍ അര്‍ദ്ധമയക്കത്തിലായിരുന്നു. അന്നെനിക്ക് ആറു വയസ്സാണു പ്രായം. ചേതോഹരമായ കിനാവുകള്‍ കണ്ടു ഞാനുറങ്ങുമ്പോള്‍ , പുതപ്പിനടിയിലൂടെ എന്തോ തണുത്ത ഒരു വസ്തു എന്നെ തഴുകുമ്പോലെ തോന്നി. അത് ഒരു പരുപരുത്ത കയ്യായിരുന്നു. എന്റെ ശരീരത്തിലെന്തോ തിരയുമ്പോലെ ; അപ്പോഴേക്കും മറ്റൊരു കൈ കൂടി വന്നു. അതും തണുത്തതും പരുപരുത്തതും തന്നെ. പെട്ടെന്നാ കൈകള്‍ എന്റെ മുഖവും വായും മൂടിപ്പൊത്തി; ഞാന്‍ കരയാതിരിക്കാനായി…..
അവരെന്നെ ക്കുളിമുറിയില്‍ കൊണ്ടുപോയി. അവര്‍ എത്ര പേരുണ്ടായിരുന്നു എന്നറിയില്ല. അവരുടെ മുഖങ്ങളും എനിക്കോര്‍മ്മിക്കാനാവുന്നില്ല. അവര്‍ സ്ത്രീകളായിരുന്നോ അതോ പുരുഷന്മാരായിരുന്നോ എന്നും എനിക്കറിയില്ല. എന്റെ ചുറ്റും ലോകം ഇരുള്‍ മൂടിയതായിരുന്നു. ഒന്നും കാണാനാവാതെ അവരെന്റെ കണ്ണുകള്‍ പൊതിഞ്ഞു കെട്ടിയിരുന്നു. എനിക്കൊന്നു മാത്രം ഓര്‍മ്മയുണ്ട്. ഞാനാകെ ഭയചകിതയായിരുന്നു. അവര്‍ കുറേയേറെ പേരുണ്ടായിരുന്നു എന്നു മാത്രം ഓര്‍ക്കുന്നു. ഇരുമ്പു മുഷ്ടികളാല്‍ അവര്‍ എന്റെ കയ്യും കാലും മുറുകെ പിടിച്ചിരുന്നു. എനിക്കൊന്നനങ്ങാന്‍ പോലും കഴിയാത്തവിധം . കുളിമുറിയിലെ തണുത്ത തറയിലാണവര്‍ എന്നെ കിടത്തിയിരിക്കുന്നതെന്ന് എനിക്കു മനസ്സിലായി. ഞാന്‍ നഗ്നയായിരുന്നു. അപരിചിതമായ പിറുപിറുപ്പും സംസാരവും ഞാന്‍ കേട്ടുകൊണ്ടിരുന്നു. അതിനിടയില്‍ കേട്ട കത്തിയണയ്ക്കുന്ന ഒച്ച എന്നില്‍ ഒരറവുശാലയുടെ ഭീകരസ്മരണയുണര്‍ത്തി. ബലിയറുക്കപ്പെടാന്‍ പോകുന്ന ഒരാട്ടിന്‍കുട്ടിയാണു ഞാനെന്നു തോന്നിപ്പോയി. എന്റെ ധമനികളില്‍ ചോര കട്ട പിടിക്കുന്നപോലെ തോന്നി. ഏതോ കൊള്ളക്കാര്‍ എന്റെ മുറിയില്‍ അതിക്രമിച്ചു കടന്ന് കിടക്കയില്‍നിന്നെന്നെ തട്ടിക്കൊണ്ടു പോവുകയാണെന്നു ഞാന്‍ കരുതി. ഗ്രാമത്തിലെ മുത്തശ്ശി എപ്പോഴും പറയാറുള്ള കഥകളിലെപ്പോലെ , അവരെന്റെ കഴുത്തറുക്കാനൊരുങ്ങുകയാണോ?… ഞാന്‍ കാതോര്‍ത്തു. ആ കത്തിയുടെ ശബ്ദം അടുത്തു വരുന്നു. കത്തിയണയ്ക്കുന്ന ശബ്ദം നിന്നതും എന്റെ ഹൃദയമിടിപ്പു നിലച്ചപോലായി. കണ്ണുകള്‍ മങ്ങിപ്പോയി. ഒരു വേള ശ്വാസവും നിന്നപോലായി. മൂര്‍ച്ച കൂട്ടിക്കൊണ്ടിരുന്ന ആയുധം എന്റെ അടുത്തേക്കു അടുത്തേക്കു വരുമ്പോലെ. പക്ഷേ അതെന്റെ കഴുത്തിനു നേരെയല്ല വരുന്നത്. അതെ! എന്റെ അരക്കെട്ടിനു നേരെ. എന്റെ കാലുകള്‍ക്കിടയില്‍ എന്തോ പരതുന്നതുപോലെ. അപ്പോഴെനിക്കു മറ്റൊരു കാര്യം കൂടി മനസ്സിലായി. എന്റെ രണ്ടു കാലുകളും വലിച്ചകറ്റിയിരിക്കുന്നു. പരമാവധി അകലത്തിലായി അവ രണ്ടും ആരോ മുറുക്കി പിടിച്ചിരിക്കുന്നു. പെട്ടെന്നതു സംഭവിച്ചു. മൂര്‍ച്ചയേറിയ കത്തി എന്റെ അരക്കെട്ടില്‍നിന്നൊരു മാംസക്കഷ്ണവുമായി താഴെ പതിച്ചു. വേദന കൊണ്ടു പുളഞ്ഞു ഞാന്‍ ഉറക്കെ നിലവിളിച്ചു. വായ പൊത്തിപ്പിടിച്ചിരുന്നതിനാല്‍ ശബ്ദം പുറത്തു വന്നില്ല. വേദന വെറും വേദനയായിരുന്നില്ല. അതെന്റെ ശരീരത്തെ ആകെ എരിച്ചു കളയുന്ന അഗ്നിയായിരുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം എന്റെ അരക്കെട്ടിനു ചുറ്റും ചോരകൊണ്ടൊരു തളം എനിക്കു കാണാന്‍ കഴിഞ്ഞു. അവരെന്റെ ശരീരത്തില്‍നിന്നെന്താണു മുറിച്ചതെന്ന് എനിക്കറിയാമായിരുന്നില്ല. ഞാനതിനു ശ്രമിച്ചുമില്ല. ഞാന്‍ ഉമ്മയെ വിളിച്ചു കരഞ്ഞുകൊണ്ടിരുന്നു. പക്ഷെ മറ്റെല്ലാത്തിനെക്കാളും എന്നെ ഞെട്ടിച്ചതും ആശ്ചര്യപ്പെടുത്തിയതും ഉമ്മയും ഈ ക്രൂരകൃത്യത്തില്‍ പങ്കാളിയായിരുന്നു എന്ന യാഥാര്‍ത്ഥ്യമാണ്!! ചുറ്റും കൂടി നിന്നവരോട് സംസാരിക്കുമ്പോള്‍ ഉമ്മയുടെ മുഖത്തു കണ്ട ആ ചിരി -അതാണെനിക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നത്. സ്വന്തം മകളുടെ കഴുത്തറുക്കാന്‍ ഒരുങ്ങിയവരോട് ചിരിച്ചു വര്‍ത്തമാനം പറയാന്‍ ഉമ്മയ്ക്കെങ്ങനെ കഴിയുന്നു എന്നതായിരുന്നു എന്നെ ആശ്ചര്യപ്പെടുത്തിയത്…
അവരെന്നെ കിടക്കയിലേക്കെടുത്തു. അപ്പോഴാണു ഞാന്‍ മറ്റൊരു കാഴ്ച്ച കൂടി കണ്ടത്. അവരെന്റെ അനിയത്തിയേയും എന്നെ പിടിച്ചുകൊണ്ടു പോയതുപോലെ കൊണ്ടുപോകുന്നു. ഞാനുറക്കെ നിലവിളിച്ചു. അരുതേ! അരുതേ! എന്റെ അനിയത്തിയുടെ മുഖവും ആ ഉരുക്കു കരങ്ങളില്‍ ഞെരിഞ്ഞമരുന്നത് നിസ്സഹായയായി ഞാന്‍ നോക്കി. അവളുടെ വിളറിയ കണ്ണുകള്‍ എന്റെ നേരെ ദയനീയമായ ഒരു നോട്ടമെയ്തു. ആ രംഗം എനിക്കൊരിക്കലും മറക്കാനാവില്ല. നിമിഷങ്ങള്‍ക്കകം കുളിമുറിയില്‍നിന്നും അവളുടെ നിലവിളി ഞാന്‍ കേട്ടു..” 
[‘The hidden face of Eve’-Nawal El Saadawi] (1980)

മരുഭൂമിയിലെ കുസുമം എന്ന തന്റെ ആത്മകഥയില്‍ പാരീസിലെ ഫാഷന്‍ മോഡലായിരുന്ന വാരിസ് ഡീരി എന്ന സോമാലിയക്കാരി എഴുതുന്നു:-

ഒരു രാത്രിയില്‍ അമ്മ എനിക്കു ഒരു ഗ്ലാസ് ഒട്ടകപ്പാല്‍ തന്നു. അതു പതിവില്ലാത്തതാണ്. ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് പാല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും പങ്കു വെക്കുന്നതാണു പതിവ്. നാളെ നീയൊരു പെണ്ണാകാന്‍ പോകുന്നു എന്നു പറഞ്ഞാണ് അമ്മ എനിക്കു പാല്‍ തന്നത്. അന്നു രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. പുലരും മുമ്പേ ഞാനും അമ്മയും മരുഭൂമിയിലേക്കു നീങ്ങി. അവിടെ വെച്ച് രണ്ടു നാടോടി സ്ത്രീകള്‍ ഞങ്ങളോടൊപ്പം കൂടി. വലിയൊരു പാറക്കു മുകളില്‍ ഞങ്ങള്‍ കയറി. എന്നെ അണച്ചുപിടിച്ചുകൊണ്ട് അമ്മ പറഞ്ഞു.: ‘നിന്നെ നിലത്തു പിടിച്ചു നിര്‍ത്താനുള്ള കരുത്തില്ല എനിക്ക്. ബഹളമുണ്ടാക്കാതെ കിടന്നോളൂ.’ വേദനയുണ്ടായാല്‍ ഇത് അമര്‍ത്തി കടിച്ചു പിടിച്ചോളൂ എന്നു പറഞ്ഞുകൊണ്ട് ഒരു വേര് എന്റെ വായില്‍ തിരുകി വെക്കുകയും ചെയ്തു. അതു പറയുമ്പോള്‍ അമ്മയുടെ സ്വരം ഇടറിയിരുന്നു.
ഞങ്ങളോടൊപ്പമുണ്ടായിരുന്ന നാടോടി സ്ത്രീ തിളക്കമില്ലാത്ത ഒരു ബ്ലേഡ് പുറത്തെടുത്തു. പിന്നെ ഒന്നും ഓര്‍മ്മയില്ല. അവസാനിക്കാത്ത വേദന എനിക്കനങ്ങാന്‍പോലും കഴിഞ്ഞില്ല. ശരീരമാകെ കഠിനമായി വിറച്ചു. മുറിവില്‍ അക്കേഷ്യയുടെ മുള്ളുകള്‍ സൂചിയാക്കി തുന്നി. ആ മരുഭൂമിയില്‍ അനസ്തേഷ്യയോ വേദനസംഹാരികളോ എവിടെ! അരക്കെട്ടു മുതല്‍ പാദം വരെ തുണി കൊണ്ട് കെട്ടിയുള്ള കിടപ്പാണു പിന്നെ. മുറിവ് അകലാതിരിക്കാനാണിത്. ഒരു മാസത്തോളം ഭക്ഷണം കഴിക്കാനാവില്ല. അന്നു തൊട്ടിന്നുവരെ അല്ലെങ്കില്‍ മരിക്കുവോളം തുടരുന്ന വേദന. മൂത്രമൊഴിക്കുമ്പോഴും ആര്‍ത്തവസമയത്തും അനുഭവപ്പെടുന്ന അസഹ്യമായ വേദന. പല പെണ്‍കുട്ടികളും ഈ ആചാരത്തിനൊടുവില്‍ മരിക്കുന്നു. ഒന്നുകില്‍ മസ്തിഷ്കാഘാതം , അല്ലെങ്കില്‍ ടെറ്റനസ് ബാധ. അതുമല്ലെങ്കില്‍ രക്തം വാര്‍ന്ന്. മരിക്കാത്തവര്‍ക്ക് ജീവിതം മുഴുവന്‍ ആവര്‍ത്തിക്കുന്ന അണുബാധ. വേദനാജനകമായ രതി. അതിലും കഠിനമായ വേദനയോടെയുള്ള പ്രസവം.
….”

ആഫ്രിക്കയിലെ പഠനസംഘത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് നാലു വിധത്തിലുള്ള ചേലാ കര്‍മ്മമാണു പ്രധാനമായും നടക്കുന്നത്.
1.Clitoridectomy. താരതമ്യേന ലഘുവായി നടത്തപ്പെടുന്ന ഈ രീതിയനുസരിച്ച് യോനീഛദം[clitoris] പൂര്‍ണമായും മുറിച്ചു മാറ്റുന്നു.
2.Infibulation .ക്ലിറ്റോറിസ് പൂര്‍ണമായും മുറിച്ചു നീക്കുന്നതിനു പുറമെ യോനി ചുണ്ടുകളായ labia minora, labia majora എന്നീ ഭാഗങ്ങളും മുറിച്ചു മാറ്റുന്നു.

മുറിച്ച ഭാഗങ്ങള്‍ ചേര്‍ത്തുവെച്ച് തുന്നി ,യോനിയുടെ വായ്ഭാഗം പരമാവധി ചെറുതാക്കുന്നു. വിവാഹസമയത്ത്, ഭര്‍ത്തൃ ബന്ധുക്കളെ ‘പരിശുദ്ധി’ ബോധ്യപ്പെടുത്തിയ ശേഷം രണ്ടാമതൊരു ശസ്ത്രക്രിയയിലൂടെ അതു വലുതാക്കുന്നു.

3.Excision or intermediate circumcision. മേല്‍പ്പറഞ്ഞ രണ്ടു രീതികള്‍ക്കും മധ്യേയുള്ള നില. clitoris, labia minora എന്നിവ ഏതാണ്ട് പൂര്‍ണ്ണമായും labia majoraയില്‍നിന്ന് അല്‍പ്പഭാഗവും നീക്കം ചെയ്യുന്നു.
4.Sunna circumcision. നിര്‍ബ്ബന്ധമായ ഒരു മത ചടങ്ങ് നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി വളരെ ലഘുവായ തോതില്‍ നടത്തപ്പെടുന്ന ആചാരമാണിത്. വടക്കന്‍ ഈജിപ്തിലാണ് ഈ രീതിയില്‍ സുന്നത്ത് ചെയ്യുന്നത്. clitoris ന്റെ മേല്‍ഭാഗം മാത്രം നാമമാത്രമായി ഛേദിച്ചു കളയുന്ന രീതിയാണിത്.

ഗോത്ര ദേശ ഭേദങ്ങള്‍ക്കനുസരിച്ച് വൈചിത്ര്യമാര്‍ന്ന ഒട്ടേറെ അനുബന്ധാചാരങ്ങളും നടന്നു വരുന്നുണ്ട്. സുഡാനിലെ കുലുങ്കോ, മാന്‍ഡിഗോ വര്‍ഗ്ഗക്കാര്‍ വിവാഹാലോചനാ വേളയില്‍ പെണ്‍കുട്ടികളുടെ നഗ്നത ഭര്‍തൃവീട്ടുകാരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് പരിശുദ്ധി ബോധ്യപ്പെടുത്തുന്നു. സുന്നത്ത് രക്തം പുരണ്ട തുണി ഉണക്കി സൂക്ഷിക്കുകയും അതു വെള്ളിത്താലത്തില്‍ വെച്ച് വിവാഹച്ചടങ്ങില്‍ പ്രദര്‍ശിപ്പികുകയും ചെയ്യുന്ന രീതിയും സാധാരണമാണ്.

പ്രത്യാഘാതങ്ങള്‍
സംവേദന നാഡികളാലും രക്തക്കുഴലുകളാലും സജീവമായ ലൈംഗികാവയവത്തില്‍ കത്തി പ്രയോഗിക്കുന്നത് അതികഠിനമായ വേദനക്കും അമിതമായ രക്തസ്രാവര്‍ത്തിനും ഇടവരുത്തുന്നതിനു പുറമെ ടെറ്റനസ് പോലുള്ള മാരകരോഗങ്ങള്‍ക്കും സാധ്യതയേറെയാണ്. ക്ലിറ്റോറിസിലേക്കു രക്തമെത്തിക്കുന്ന dorsal artery മുറിയുന്നതോടെ രക്തസ്രാവം അപകടകരമായ തോതിലാകും. ഹീമോഫീലിയ ഉള്ളവരാണെങ്കില്‍ മരണം തന്നെ സംഭവിക്കാനിടയുണ്ട്. മുറിവിലൂടെയുള്ള അണുബാധ മൂത്ര നാളിയിലേക്കും തുടര്‍ന്ന് കിഡ്നിയുള്‍പ്പെടെയുള്ള ആന്തരാവയവങ്ങളിലേക്കും പടരാനും സാധ്യതയേറെയാണ്. മൂത്ര തടസ്സം മൂലമുണ്ടാകുന്ന പ്രയാസം കൂടാതെ കടുത്ത മാനസികാഘാതവും ഈയവസരത്തില്‍ സ്വാഭാവികമാണ്.
മുറിവുണങ്ങുന്നതോടെ ക്ലേശങ്ങള്‍ അവസാനിക്കുന്നില്ല. ദൂരവ്യാപകമായ ഫലങ്ങള്‍ പെണ്‍കുട്ടിയുടെ ജീവിതം തന്നെ ദുരിതപൂര്‍ണ്ണമാക്കിത്തീര്‍ക്കുന്നു. യോനീമുഖം വികൃതമാക്കപ്പെടുന്നു എന്നതിനു പുറമെ ആര്‍ത്തവകാലത്തും വിവാഹശേഷമുള്ള ജീവിതത്തിലുടനീളവും തീരാത്ത വേദനയാണവള്‍ക്കു സമ്മാനിക്കപ്പെടുന്നത്. ഇടവിട്ടുള്ള അണുബാധ മൂലം മൂത്ര നാളിയും മൂത്രാശയവും തകരാറിലാവാനിടയുണ്ട്. സുഖപ്രസവത്തിനും തടസ്സം നേരിടുന്നു. ലൈംഗിക ജീവിതത്തെ ഇതു പലവിധത്തിലും പ്രതികൂലമായി ബാധിക്കുന്നു. നിരന്തരവേദന (DYSPAREUNIA) മൂലം ലൈംഗികാസ്വാദനം തീര്‍ത്തും അസാധ്യമായിത്തീരുകയും അതു ദാമ്പത്യബന്ധത്തില്‍ തന്നെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തേക്കാം.
ഒരു പെണ്‍കുട്ടിയുടെ കുരുന്നു മനസ്സില്‍ , നിഗൂഢവും രക്തപങ്കിലവുമായ ഇത്തരമൊരു കഠോരകൃത്യം ഏല്‍പ്പിക്കുന്ന ആഘാതം എത്രമാത്രം തീക്ഷ്ണമായിരിക്കുമെന്നതിന് നടേ ഉദ്ധരിച്ച അനുഭവക്കുറിപ്പുകള്‍ തന്നെ നല്ല ഉദാഹരണങ്ങളാണ്. ഭയം, ഉല്‍ക്കണ്ഠ,നിദ്രാരാഹിത്യം, വിരക്തി,വിഷാദം തുടങ്ങിയ മനോവൈകല്യങ്ങള്‍ സുന്നത്തിനിരയാകുന്ന കുട്ടികളില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. AIDS പകരാനുള്ള സാധ്യത, സുന്നത്തിനു വിധേയരായ സ്ത്രീകളില്‍ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇസ്ലാമിന്റെ അനുഷ്ഠാനശാസ്ത്രം ആണിനും പെണ്ണിനും പരിച്ഛേദന വേണമെന്നാണു അനുശാസിക്കുന്നത്. പുരുഷ സുന്നത്തിനു ശാസ്ത്രീയ വ്യാഖ്യാനങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നവര്‍ക്ക് പെണ്‍കുട്ടികളുടെ ശരീരത്തില്‍ പ്രയോഗിക്കപ്പെടുന്ന ഈ നിഷ്ഠൂരതയ്ക്ക് എന്ത് ആരോഗ്യശസ്ത്രമാണു അവതരിപ്പിക്കാനുള്ളത്?. ഇസ്ലാമിലതില്ല എന്നാണു വാദമെങ്കില്‍ ഇസ്ലാമിലെവിടെ ആണിന്റെ ചേലാകര്‍മ്മം എന്നചോദ്യത്തിനും ഉത്തരം വേണ്ടതുണ്ട്. പ്രവാചകന്‍ ഈ ആചാരങ്ങളെ നിരോധിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തതിനു തെളിവില്ല. എന്നാല്‍ അതംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നാണു മതപ്രമാണങ്ങളില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. ഒരിക്കല്‍ പെണ്‍കുട്ടികള്‍ക്കു ചേലാകര്‍മ്മം ചെയ്യാറുള്ള ഒരു സ്ത്രീ നബിയെ സന്ദര്‍ശിക്കാന്‍ വന്നതിന്റെ ഒരു വിവരണം ഹദീസിലുണ്ട്. അദ്ദേഹം അവരോട് “ശ്രദ്ധയോടെ ചെയ്യണം” എന്നുപദേശിക്കുകയാണു ചെയ്തത്.!

Leave a Reply

Your email address will not be published. Required fields are marked *