September 5, 2025
Islam Quran

വിശ്വാസികളുടെ `യുക്തിവാദം`!

ഞാന്‍ ഈ ബ്ലോഗ് തുടങ്ങിയത് ഇസ്ലാം മതത്തിന്റെ വിശ്വാസപരവും ദാര്‍ശനികവുമായ ദൌര്‍ബ്ബല്യങ്ങള്‍ തുറന്നു കാണിക്കാനും മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥയ്ക്കും അവരുടെ അസഹിഷ്ണുതയ്ക്കും മതം എത്രത്തോളം കാരണമാകുന്നു എന്നു ഈ സമുദായത്തിലും പുറത്തുമുള്ള സ്വതന്ത്ര ചിന്തകരെ ബോധ്യപ്പെടുത്താനും ഉദ്ദേശിച്ചു തന്നെയാണ്. ചര്‍ച്ചയുടെ ആരംഭഘട്ടത്തില്‍ തന്നെ ഇക്കാര്യത്തില്‍ ഏറെ മുന്നേറാന്‍ സാധിച്ചു എന്നതില്‍ എനിക്കു സന്തോഷമുണ്ട്. രാജനും സൂപ്പിയും പ്രചാരകനുമൊക്കെ ഇക്കാര്യത്തില്‍ വളരെ സഹായിക്കുന്നുണ്ട്. നന്ദി!

മതവിശ്വാസികള്‍ പൊതുവെ നല്ല യുക്തിവാദികളാണ്; അന്യമതങ്ങളുടെ വിശ്വാസാചാരങ്ങളെ വിമര്‍ശിക്കുന്ന കാര്യത്തില്‍ ! സ്വന്തം മതത്തിലെ ഏതന്ധവിശ്വാസത്തെയും സങ്കോചമേതുമില്ലാതെ ന്യായീകരിക്കുന്ന കാര്യത്തിലും.!

മുസ്ലിം പ്രസിദ്ധീകരണങ്ങളില്‍ ഇത്തരത്തിലുള്ള യുക്തിവാദപ്രബന്ധങ്ങള്‍ സര്‍വ്വസാധാരണമാണ്. ഒന്നു രണ്ടുദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം: ജമാ അത്തെ ഇസ്ലാമി പ്രസിദ്ധീകരണമായ പ്രബോധനം വാരികയില്‍ ക്രിസ്തു മതത്തിന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്ന ലേഖനപരംബര വളരെക്കാലമായി തുടരുന്നുണ്ട്. മുമ്പൊരിക്കല്‍ യാദൃച്ഛികമായി അതിന്റെ ഒരു ലക്കം ശ്രദ്ധയില്‍പ്പെട്ടു. അതില്‍ വായിച്ച ഒരു ഖണ്ഡിക ഞാന്‍ ഉദ്ധരിക്കാം:-

“ഭൂമിയില്‍ വന്നു തൂങ്ങി മരിക്കേണ്ടും വിധം ഗതികേടു ദൈവത്തിനു വന്നു എന്നു വിശ്വസിക്കണമെങ്കില്‍ തീര്‍ച്ചയായും ബുദ്ധിശക്തിക്കു ഗുരുതരമായ കുഴപ്പം സംഭവിച്ചിരിക്കണം. ആര്‍ക്കെങ്കിലും എതിരായി ആത്മഹത്യ എന്ന ഭീഷണിയോ ആരെയെങ്കിലും പ്രീതിപ്പെടുത്താനായുള്ള ആത്മബലിയോ നടത്തേണ്ട വിധം നിസ്സാരനാണോ ദൈവം?”(97 ഡിസംബര്‍ )

ഈ ചോദ്യം വളരെ യുക്തിസഹമായ ഒന്നാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. യേശു ദൈവപുത്രനാണെന്ന ക്രിസ്തീയ സങ്കല്‍പ്പം ദൈവനിന്ദാപരമാണെന്ന വിശദീകരണവും തുടര്‍ന്നെഴുതിയിട്ടുണ്ട്. എന്നാല്‍ ഈ വിമര്‍ശനം ഉയര്‍ത്തുന്ന പ്രബോധനക്കാരുടെ മതത്തില്‍ യേശുവിന്റെ ജനനത്തെക്കുറിച്ചു പറഞ്ഞിട്ടുള്ള കാര്യം എത്രമാത്രം യുക്തിഭദ്രവും ദൈവത്തിന്റെ അന്തസ്സിനു ചേര്‍ന്നതും ആണെന്നു കൂടി പരിശോധിച്ചാലോ?
ഖുര്‍ ആന്‍ പറയുന്നു:
“ ഇമ്രാന്റെ പുത്രി മറിയം തന്റെ ഫര്‍ജ്ജ്[യോനി] കാത്തു സൂക്ഷിച്ചു. അങ്ങിനെ നമ്മുടെ ആത്മാവില്‍നിന്നും നാം അതില്‍ ഊതി….”[66:12}

നോക്കൂ! മറിയം ഗര്‍ഭം ധരിച്ചത് ഇപ്രകാരമാണെങ്കില്‍ യേശു അക്ഷരാര്‍ഥത്തില്‍ തന്നെ ദെവപുത്രനല്ലേ? യേശുവിന്റെ പിതാവ് അല്ലാഹുവല്ലെങ്കില്‍ പിന്നെ ആരാണ്? ക്രിസ്ത്യാനികള്‍ ദൈവത്തെ പുത്രവത്സലനായ ഒരു പിതാവിന്റെ സ്ഥാനത്തു സങ്കല്‍പ്പിക്കുകയല്ലാതെ ദെവം ഒരു മനുഷ്യസ്ത്രീയുടെ യോനിയില്‍ വന്ന് ഊതി എന്നൊന്നും പറയുന്നില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ഇവിടെ യുക്തികൊണ്ട് അവരുടെ വിശ്വാസത്തെ പരിഹസിക്കുന്നവര്‍ സ്വന്തം വിശ്വാസത്തിനു വല്ല യുക്തിയുമുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടതല്ലേ? ഭൂമിയില്‍ വന്നു തൂങ്ങി മരിക്കേണ്ട ഗതികേടു ദൈവത്തിനുണ്ടായി എന്നു വിശ്വസിക്കുന്ന ക്രിസ്ത്യാനിക്കു ബുദ്ധിപരമായ കുഴപ്പം കണ്ടെത്തി പരിഹാസം മുഴക്കുന്നവര്‍ ഞാന്‍ ഇതിനു മുന്‍പു ഉദ്ധരിച്ച ഖുര്‍ ആന്‍ വാക്യങ്ങള്‍ ഒന്നോര്‍ത്തു നോക്കുക. മുഹമ്മദിന്റെ വീട്ടി ല്‍ ഒരു കാര്യസ്ഥനെപ്പോലെ പെരുമാറാന്‍ വിധിക്കപ്പെട്ട ഒരു ദൈവത്തിന്റെ ഗതികേടിനെക്കുറിച്ച് ആലോചിച്ചാല്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവരുടെ ബുദ്ധിക്കും ഗുരുതരമായ കുഴപ്പം തന്നെയല്ലേ സംഭവിച്ചിട്ടുള്ളത്? ഒരു ദൈവത്തിന്റെ അന്തസ്സിനു ചേര്‍ന്ന കാര്യങ്ങള്‍ തന്നെയാണോ ഖുര്‍ ആനിലും ഉള്ളതെന്നു യുക്തി കൊണ്ടു പരിശോധിക്കാതെ അന്യ മതക്കാരുടെ വിശ്വാസത്തില്‍ അയുക്തികത കണ്ടെത്താന്‍ ഗവേഷണം നടത്തുന്നത് മര്യാദയാണോ?

ഇനി മറ്റൊരു ഉദാഹരണം:- ജമാ അത്ത് പത്രത്തില്‍ മുന്‍പു വന്ന ഒരു മുഖപ്രസംഗത്തില്‍ നിന്ന്:
“ഹിന്ദുക്കള്‍ പൂജിച്ചാരാധിക്കുന്ന ശിവലിംഗം ചിരപരിചിതത്വം മൂലം ശ്ലീലതയുടെ പട്ടികയില്‍ പെട്ടു എന്നല്ലാതെ നഗ്നതയുടെ പൂര്‍ണ്ണപ്രകടനത്തിനു മറ്റു വിശദീകരണങ്ങളില്ല. …ഇക്കാലത്ത് കവലച്ചട്ടമ്പികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ഗോപസ്ത്രീകള്‍ വിവസ്ത്രകളായി കുളിക്കുന്നത് ഒളിച്ചു നോക്കാന്‍ മരത്തില്‍ കയറിയിരിക്കുന്നവനും തരം കിട്ടിയാല്‍ പാല്‍ കട്ടു കുടിക്കുന്നവനും യുദ്ധത്തില്‍ ചതി പ്രയോഗിക്കുന്നവനുമായി ശ്രീകൃഷ്ണനെ വ്യാസന്‍ പരിചയപ്പെടുത്തുമ്പോള്‍ അതിനെ എങ്ങനെയാണു കാണേണ്ടത്?…..കല്ലു കരട് കാഞ്ഞിരക്കുറ്റികളെ പൂജിക്കുകയും കാവുകളെയും കുറ്റിക്കാടുകളെയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ ആരാധനാമൂര്‍ത്തികളില്‍ പാമ്പും കുരങ്ങും മൂഷികനും പെടും….”[ മാധ്യമം 98 മെയ്4]
എം എഫ് ഹുസൈന്റെ വീട് ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ആക്രമിച്ചതിന്റെ അവസരം മുതലാക്കിക്കൊണ്ടാണ് മാധ്യമം ഈ പരിഹാസം അവതരിപ്പിച്ചത്. കേരളത്തിലെ ഹിന്ദുക്കളില്‍ സംഘ്പരിവാര്‍ നടത്തിയ ആ ആക്രമണത്തെ അനുകൂലിക്കുന്നവര്‍ എത്രപേരുണ്ടാകുമെന്നു കൂടി നാം ഈ അവസരം ഓര്‍ക്കണം .എന്നാല്‍ ഇവിടെയുള്ള ഭൂരിപക്ഷം ഹിന്ദുക്കളും ശ്രീകൃഷ്ണനെയും ശിവനെയുമൊക്കെ ആരാധിക്കുന്നവരും ഈ മിത്തുകളെ ആദരിക്കുന്നവരുമാണുതാനും.
ഈ എഴുതിയത് ഹിന്ദുക്കളായ വല്ല യുക്തിവാദികളുമാണെങ്കില്‍, ഞാന്‍ ഖുര്‍ ആനിനെ വിമര്‍ശിക്കുന്നതു പോലെ അതിനെ കണ്ടാല്‍ മതി. പക്ഷെ ഒരു മുസ്ലിം പത്രത്തില്‍ ഒരു ജമാ അത്തു നേതാവ് ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിക്കുന്നത് എത്ര മാത്രം ഉചിതമായിരുന്നു എന്നാലോചിക്കുക.

നൈജീരിയയില്‍ സൌന്ദര്യമത്സരം നടക്കുന്നതിനിടെ ഉണ്ടായ വര്‍ഗ്ഗീയ കലാപം ഓര്‍മ്മയില്ലേ? നൂറുക്കണക്കിനാളുകള്‍ കൊല്ലപ്പെടാനിടയായ ആ കലാപത്തിനു‍ ഹേതുവായത് ഒരു പത്രത്തില്‍ മുഹമ്മദ് നബിയെ ക്കുറിച്ച് ഒരു തമാശ ആരോ അച്ചടിച്ചതായിരുന്നു. സൌന്ദര്യമത്സരത്തിനെതിരെ മുസ്ലിം തീവ്രവാദികള്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണു പത്രം നബിയെ പരിഹസിക്കുന്ന ചില പരാമര്‍ശങ്ങള്‍ നടത്തിയത്.

ഇവിടെ കേരളത്തില്‍ ഹിന്ദുക്കള്‍ക്കാര്‍ക്കെങ്കിലും മാധ്യമം എഡിറ്റോറിയല്‍ വായിച്ചിട്ടു വല്ല അപസ്മാരവും ഇളകിയോ? പ്രബോധനം വായിച്ച ക്രിസ്ത്യാനികളാരെങ്കിലും അവരുടെ ഓഫീസില്‍ വിളിച്ചു രണ്ടു തെറിയെങ്കിലും പറഞ്ഞോ?
വിശ്വാസികളായ പ്രിയ സ്നേഹിതരേ, നാം ജീവിക്കുന്നത് ഒരു ബഹുമതസമൂഹത്തിലാണ്. ഒരു പരിഷ്കൃതലോകത്തിലാണ്. ഇവിടെ മുസ്ലിങ്ങള്‍ ന്യൂനപക്ഷമാണ്. മതനിരപേക്ഷതയുടെ നിലനില്‍പ്പ് അപകടപ്പെടുന്നതു മൂലം ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കുക ന്യൂനപക്ഷത്തിനായിരിക്കും. അല്‍പ്പം കൂടി യാഥാര്‍ത്ഥ്യബോധത്തോടെയും സഹിഷ്ണുതയോടെയും കാര്യങ്ങളെ നോക്കിക്കാണാന്‍ നാം പരിശീലിക്കേണ്ടതുണ്ട്.

ഞാന്‍ ഖുര്‍ ആനിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് ആരെയും പ്രകോപിപ്പിക്കാനല്ല. ഈ മതത്തിലും മറ്റു മതങ്ങളിലുള്ളപോലെ വിഡ്ഡിത്തങ്ങളും വൈരുദ്ധ്യങ്ങളും‍ ഉണ്ടെന്നും മറ്റു മതങ്ങളെ കുറ്റപ്പെടുത്താന്‍ മുസ്ലിങ്ങള്‍ക്കും അര്‍ഹതയില്ല എന്നും ബോധ്യപ്പെടുത്താന്‍ മാത്രമാണ്. മത ദെവങ്ങളൊക്കെയും മനുഷ്യന്റെ സങ്കല്‍പ്പസൃഷ്ടിയാണെന്നതിനു ഈ ദൈവങ്ങളുടെ മനുഷ്യസ്വഭാവം തന്നെയാണു തളിവ്.
എല്ലാ മതങ്ങളെയും ഒരുപോലെ കണക്കാക്കാനുള്ള വിശാലമനസ്കത എല്ലാവര്‍ക്കുമുണ്ടായിരിക്കണം. നമ്മുടെ രാഷ്ട്രപിതാവായ ആ മഹാത്മാവ് ജീവന്‍ വെടിഞ്ഞത് എന്തിനു വേണ്ടിയായിരുന്നു എന്നു നാം ഓറ്ക്കണം. അദ്ദേഹം പാടി നടന്ന ഒരു പ്രാര്‍ത്ഥനാമന്ത്രം ഓര്‍മ്മയില്ലേ? “ഈശ്വര അള്ളാ തേരേ നാം; സബ്കോ സന്മതി ദേ ഭഗവാന്‍ ” എന്താണതിന്റെ അര്‍ഥം? ലാ ഇലാഹ ഇല്ലല്ലാ എന്നതിനു അല്ലാഹുവല്ലാത്ത ദെവമില്ല എന്നര്‍ത്ഥം നല്‍കി ഇതര മതങ്ങളെക്കൂടി അംഗീകരിക്കാനുള്ള ഒരു നല്ല മനസ്സെങ്കിലും മുസ്ലിം സമൂഹത്തിനെന്നാണു കൈവരുക?

ഖുര്‍ ആനില്‍ നിന്നും ഹദീസില്‍നിന്നും ഞാന്‍ ഉദ്ധരിക്കുന്ന വാക്യങ്ങള്‍ എന്റെ സ്വന്തം അക്കൌണ്ടില്‍ ഉള്‍പ്പെടുത്തി തെറി വിളിക്കുന്നവര്‍ മലര്‍ന്നു കിടന്നു തുപ്പുകയാണു ചെയ്യുന്നത്. അവരുടെ ആട്ടും തുപ്പും ചെന്നു പതിക്കുക അവരുടെ പുണ്യപ്രമാണങ്ങളുടെ തിരു മുഖത്തു തന്നെയായിരിക്കും!

Leave a Reply

Your email address will not be published. Required fields are marked *