ജാബിര്‍ പറയുന്നു: ഒരിക്കല്‍ തിരുമേനി ചോദിച്ചു: “ക അബ്ബ്നു അഷ്രഫിന്റെ കാര്യം ഏറ്റെടുക്കാന്‍ ആരുണ്ട്? അവന്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും വല്ലാതെ ഉപദ്രവിക്കുന്നുണ്ട്.” മുഹമ്മദ്ബ്നു മസ്ലമ എഴുന്നേറ്റുനിന്നു പറഞ്ഞു:“ഞാനവനെ കൊല്ലുന്നത് അവിടുന്ന് ഇഷ്ടപ്പെടുന്നുണ്ടോ?” “അതെ”. തിരുമേനി അരുളി. മുഹമ്മദ്ബ്നു മസ്ലമ പറഞ്ഞു: “എങ്കില്‍ ചില സൂത്രവാക്കുകള്‍ പറയാന്‍ അവിടുന്ന് എനിക്ക് അനുവാദം തന്നാലും.”.”അത്തരം വാക്കുകള്‍ നീ പറഞ്ഞു കൊള്ളുക”.-തിരുമേനി അരുളി. അങ്ങനെ മുഹമ്മദ്ബ്നു മസ്ലമ ക അബിന്റെ അടുക്കല്‍ ചെന്ന് ഇങ്ങനെ പറഞ്ഞു: “ഈ മനുഷ്യന്‍ (മുഹമ്മദ്) ഞങ്ങളോട് നികുതി ചോദിക്കുന്നു. അയാള്‍ ഞങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ വന്നത് കുറച്ച് കടം ചോദിക്കാനാണ്.” ഉടനെ ക അബ് പറഞ്ഞു: “അതെ അല്ലാഹുവാണ , നിങ്ങള്‍ അവനെ ഭാവിയില്‍ കൂടുതല്‍ വെറുക്കും.” മുഹമ്മദ്ബ്നു മസ്ലമ പറഞ്ഞു: “ഞങ്ങള്‍ അദ്ദേഹത്തെ പിന്‍പറ്റിപ്പോയി. ഇനി അദ്ദേഹത്തിന്റെ കാര്യത്തിന്റെ പരിണാമം എങ്ങിനെയാണെന്നു കണ്ടിട്ടല്ലാതെ അദ്ദേഹത്തെ കൈവിടുന്നതു ശരിയല്ലല്ലോ. താങ്കള്‍ ഒന്നോ രണ്ടോ വസ്ഖ് ധാന്യം ഞങ്ങള്‍ക്കു കടം തരണം. അതിനാണ് ഞാന്‍ വന്നത്.” അവന്‍ പറഞ്ഞു.: “ശരി തരാം പക്ഷെ ഉറപ്പിനു പണയം തരണം.” “എന്താണ് പണയമായി താങ്കള്‍ ആവശ്യപ്പെടുന്നത്?” മുഹമ്മദ് ചോദിച്ചു. “നിങ്ങളുടെ ഭാര്യമാരെ പണയമായി ഏല്‍പ്പിച്ചു തന്നേക്കുക.” അവന്‍ മറുപടി പറഞ്ഞു. മുഹമ്മദ് ചോദിച്ചു: “ഞങ്ങളുടെ ഭാര്യമാരെ താങ്കള്‍ക്കെങ്ങനെയാണ പണയമായി ഞങ്ങള്‍ ഏല്‍പ്പിച്ചു തരുക? താങ്കള്‍ അറബികളില്‍ വെച്ച് അതിസുന്ദരനാണല്ലോ.” അപ്പോള്‍ അവന്‍ പറഞ്ഞു: “എങ്കില്‍ മക്കളെ എനിക്കു പണയം തന്നേക്കൂ.” അദ്ദേഹം ചോദിച്ചു: “എങ്ങനെയാണു ഞങ്ങളുടെ മക്കളെ താങ്കള്‍ക്കു പണയം തരുക . ആളുകള്‍ അവരെ പരിഹസിക്കുമല്ലോ.“ഒരു വസ്ഖിന് അല്ലെങ്കില്‍ രണ്ടു വസ്ഖിന് പണയം വെക്കപ്പെട്ടവര്‍” എന്നു ജനങ്ങള്‍ പറയാന്‍ തുടങ്ങും. ഇത് ഞങ്ങള്‍ക്കപമാനകരമാണ്. താങ്കള്‍ക്കു ഞങ്ങള്‍ യുദ്ധായുധങ്ങള്‍ പണയം തരാം.” മുഹമ്മദ്ബ്നു മസ്ലമയോട് പിന്നീട് വരാനും കടം കൊടുക്കാനും നിശ്ചയിച്ച് ക അബ് വാക്കു കൊടുത്തു.
അനന്തരം ക അബിന്റെ മുലകുടിബന്ധത്തിലുള്ള ഒരു സഹോദരനായ അബൂ നാഇലയെയും കൂട്ടി രാത്രി മുഹമ്മദ്ബ്നു മസ്ലമ ക അബിന്റെ അടുക്കല്‍ ചെന്നു. ക അബ് അവരെ കോട്ടക്കുള്ളിലേക്കു വിളിച്ചു. അദ്ദേഹം അവരുടെ അടുക്കലേക്ക് ഇറങ്ങിച്ചെന്നു. അപ്പോള്‍ അവന്റെ ഭാര്യ ചോദിച്ചു. “ഈ സമയത്ത് അങ്ങ് എവിടെ പോകുന്നു.?” “ ഇത് മുഹമ്മദ്ബ്നു മസ്ലമയും എന്റെ സഹോദരന്‍ നാഇലയുമാണ്.” അവന്‍ മറുപടി പറഞ്ഞു. അവള്‍ പറഞ്ഞു: “ഞാനൊരു ശബ്ദം കേള്‍ക്കുന്നുണ്ട്. അതില്‍നിന്നും രക്തം ഇറ്റു വീഴുന്നതുപോലെ എനിക്കു തോന്നുന്നു.” അവന്‍ പറഞ്ഞു: “അത് എന്റെ സഹോദരന്‍ മുഹമ്മദ്ബ്നു മസ്ലമയും എന്റെ മുലകുടിബന്ധത്തിലെ സഹോദരന്‍ അബൂ നാഇലയും മാത്രമാണ്. രാത്രി കുന്തമെടുത്ത് കുത്താന്‍ ക്ഷണിച്ചാല്‍ പോലും ആ ക്ഷണം സ്വീകരിക്കുന്നവനാണു മാന്യന്‍ .” തുടര്‍ന്ന് അവന്‍ പറഞ്ഞു. മുഹമ്മദ്ബ്നു മസ്ലമയും കൂടെ രണ്ടു പേരും അകത്തു വരട്ടെ.
മുഹമ്മദ്ബ്നു മസ്ലമ തന്റെ കൂട്ടുകാരോട് പറഞ്ഞു: “അവനിങ്ങോട്ടു വന്നാല്‍ ഞാന്‍ അവന്റെ മുടി പിടിച്ചു ചായ്ച്ചു കൊണ്ട് വാസനിക്കും. അവന്റെ തല എന്റെ കയ്യില്‍ ഒതുങ്ങി എന്നു കണ്ടാല്‍ നിങ്ങളവനെ പിടിച്ച് വെട്ടിക്കൊള്ളണം.” ഒരിക്കല്‍ സംഭവം വിവരിച്ചുകൊണ്ട് റാവി പറഞ്ഞു: “പിന്നെ ഞാന്‍ നിങ്ങളെക്കൊണ്ട് വാസനിപ്പിക്കും.” അവസാനം ഒരു പുതപ്പ് പുതച്ചുകൊണ്ട് അവരുടെ അടുത്തേക്ക് അവന്‍ ഇറങ്ങി വന്നു. സുഗന്ധവസ്തുവിന്റെ പരിമളം അവന്റെ ശരീരത്തില്‍നിന്നു അടിച്ചു വീശിക്കൊണ്ടിരിക്കുന്നുണ്ട്. മുഹമ്മദ്ബ്നു മസ്ലമ പറഞ്ഞു: “ഇതിനെക്കാള്‍ നല്ല ഒരു പരിമളം ഇതിനു മുമ്പു ഞാന്‍ വാസനിച്ചിട്ടേയില്ല.” ഉടനെ അവന്‍ പറഞ്ഞു: “അതെ അറബികളില്‍ വെച്ച് ഏറ്റവും സുഗന്ധമുള്ളവളും സൌന്ദര്യമുള്ളവളുമായ ഒരു സ്ത്രീയാണ് എന്റെയടുക്കലുള്ളത്.”
മുഹമ്മദ്ബ്നു മസ്ലമ ചോദിച്ചു: “താങ്കളുടെ തലയൊന്നു വാസനിക്കാന്‍ എന്നെ അനുവദിക്കുമോ?” “അങ്ങിനെയാവട്ടെ” അവന്‍ മറുപടി പറഞ്ഞു. അപ്പോഴദ്ദേഹം അവന്റെ തല പിടിച്ചു വാസനിച്ചു. എന്നിട്ടു തന്റെ കൂട്ടുകാര്‍ക്കും വാസനിക്കാന്‍ കൊടുത്തു. പിന്നെയും അദ്ദേഹം ചോദിച്ചു: “എനിക്കൊന്നുകൂടി വാസനിക്കാന്‍ അനുവാദം തരുമോ?” “ഓ ആവട്ടെ” എന്നവന്‍ പറഞ്ഞു. അവന്‍ അദ്ദേഹത്തിന്റെ പിടുത്തത്തില്‍ ഒതുങ്ങിക്കഴിഞ്ഞപ്പോള്‍ കൂട്ടുകാരോടു പറഞ്ഞു: “നിങ്ങള്‍ നോക്കിക്കൊള്ളുക” .ഉടനെ അവരവന്റെ കഥ കഴിച്ചു. പിന്നീടവര്‍ തിരുമേനിയുടെ അടുക്കല്‍ വന്ന് വിവരങ്ങളെല്ലാം പറഞ്ഞു.[1572]
ബര്‍ റാ അ പറയുന്നു: അന്‍സാരികളില്‍ കുറെ പേരെ ജൂതനായ അബൂ റാഫി ഇന്റെ അടുക്കലേക്ക് തിരുമേനി അയച്ചു. നേതാവായി അബ്ദുല്ലാഹിബ്നുല്‍ അതീക്കിനെ നിശ്ചയിച്ചു. അബൂ റാഫി അ തിരുമേനിയെ ഉപദ്രവിക്കുകയും ശത്രുക്കളെ സഹായിക്കുകയും ചെയ്യാറുണ്ടായിരുന്നു. അവന്‍ ഹിജാസിലുള്ള ഒരു കോട്ടയിലാണു താമസിച്ചിരുന്നത്. അവര്‍ അവന്‍ താമസിക്കുന്നതിനടുത്തെത്തിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞിരുന്നു. ജനങ്ങള്‍ കാലികളുമായി വീടുകളിലേക്കു മടങ്ങി. അബ്ദുല്ല തന്റെ കൂട്ടുകാരോടു പറഞ്ഞു “നിങ്ങള്‍ ഇവിടെത്തന്നെ ഇരിക്കൂ .ഞാന്‍ പോയി ഗേറ്റ് കാവല്‍ക്കാരനോട് എന്തെങ്കിലും സൂത്രം പറഞ്ഞു അകത്തു കടക്കാന്‍ പറ്റുമോ എന്നു നോക്കട്ടെ.” ഇതു പറഞ്ഞുകൊണ്ടദ്ദേഹം ഗേറ്റിനടുത്തേക്കു നീങ്ങി. എന്നിട്ട് വസ്ത്രം കൊണ്ട് ശരീരം മറച്ച് മൂതമൊഴിക്കാനിരിക്കുമ്പോലെ ഇരുന്നു. കോട്ടക്കുള്ളില്‍ താമസിക്കുന്നവര്‍ അകത്തു കടന്നു കഴിഞ്ഞപ്പോള്‍ ഗേറ്റു കാവല്‍ക്കാരന്‍ ഇദ്ദേഹത്തിന്റെ നേര്‍ക്കു തിരിഞ്ഞുകൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു. ‘നീ അകത്തു കടക്കുന്നുണ്ടെങ്കില്‍ വേഗം കടക്കൂ. ഞാന്‍ ഗേറ്റ് അടക്കാന്‍ പോവുകയാണ്.” അപ്പോള്‍ ഞാന്‍ അകത്തു കടന്ന് ഒളിഞ്ഞിരുന്നു. ജനങ്ങളെല്ലാം കടന്നു കഴിഞ്ഞപ്പോള്‍ കാവല്‍ക്കാരന്‍ ഗേറ്റടച്ച് താക്കോല്‍ക്കെട്ട് ഒരു ആണിയില്‍ തൂക്കിയിട്ടു. കുറച്ചു കഴിഞ്ഞ് ഞാന്‍ എണീറ്റ് ആ താക്കോലുകള്‍ എടുത്ത് വാതില്‍ തുറന്നു. കോട്ടയുടെ മുകള്‍ഭാഗത്ത് അബൂറാഫീന്റെ അടുക്കലിരുന്ന് ചിലര്‍ രാക്കഥകള്‍ പറയുന്നുണ്ടായിരുന്നു. അവര്‍ പിരിഞ്ഞു പോയപ്പോള്‍ ഞാന്‍ അവന്റെ അടുക്കലേക്കു ചെന്നു. ഞാന്‍ കയറുമ്പോള്‍ ഓരോ വതിലും അകത്തുനിന്നു പൂട്ടിക്കൊണ്ടിരുന്നു. ജനങ്ങള്‍ എന്റെ വരവിനെക്കുറിച്ച് മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഞാന്‍ അവനെ കൊല്ലും വരേക്കും ആരും എന്റെയടുക്കല്‍ എത്തരുത് എന്നായിരുന്നു എന്റെ ഉദ്ദേശ്യം. ഞാന്‍ അവന്റെ അടുക്കല്‍ എത്തിക്കഴിഞ്ഞപ്പോള്‍ അവന്‍ ഒരു ഇരുട്ടുമുറിയില്‍ അവന്റെ കുടുംബാംഗങ്ങളോടൊപ്പം കിടക്കുകയാണ്. മുറിയുടെ ഏതു ഭാഗത്താണ് അവന്‍ കിടക്കുന്നത് എന്ന് എനിക്കറിഞ്ഞുകൂടാ. “അബൂ റാഫി അ”. ഞാന്‍ വിളിച്ചു. “ആരാണത്?” അവന്‍ ചോദിച്ചു. ഉടനെ ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞ് വാള്‍ ഓങ്ങി പരിഭ്രാന്തിയോടെ ഞാനൊരു വെട്ടു കൊടുത്തു. എന്റെ വെട്ടുകൊണ്ടു യാതൊരു ഫലവും ഉണ്ടായില്ല. അവന്‍ നിലവിളിക്കാന്‍ തുടങ്ങി. ഞാന്‍ മുറിക്കുള്ളില്‍നിന്നു പുറത്തു കടന്ന് അല്‍പ്പം അകലെ മാറിനിന്നു. ഞാനവന്റെ അടുക്കലേക്ക് കടന്നുചെന്നു ചോദിച്ചു:“അബൂ റാഫി അ! എന്താണിവിടെ ഒരൊച്ച കേട്ടത്?” അവന്‍ പറഞ്ഞു.” നിന്റെ ഉമ്മാക്ക് നാശം! വീട്ടിനുള്ളില്‍ ആരോ കടന്ന് അല്‍പ്പം മുമ്പ് എന്നെ വാളുകൊണ്ട് വെട്ടി.” അതു പറഞ്ഞ അവസരത്തില്‍ ഞാന്‍ അവനെ ഒരു വെട്ടു കൊടുത്തു. അവന്‍ അവശനായിപ്പോയി. പക്ഷെ കഥ കഴിഞ്ഞില്ല. ഉടനെ ഞാന്‍ എന്റെ വാള്‍ത്തല അവന്റെ വയറ്റത്തു വെച്ചു താഴ്ത്തി. അവന്റെ മുതുകില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞപ്പോള്‍ എനിക്കു മനസ്സിലായി,അവന്റെ കഥ കഴിഞ്ഞെന്ന്. പിന്നീട് ഞാന്‍ ഓരോ വാതിലും തുറന്നുകൊണ്ടിരുന്നു. അവസാനം ഒരു കോണിയുടെ അടുത്തെത്തിയപ്പോള്‍ താഴെ എത്തിക്കഴിഞ്ഞെന്നു വിചാരിച്ച് ഞാന്‍ കാല്‍ കീഴ്പ്പോട്ടു വെച്ചു. ഉടനെ ഞാന്‍ വീണു. എന്റെ കാല്‍ മുറിഞ്ഞു. ഒരു തലപ്പാവുകൊണ്ട് അത് കെട്ടിയിട്ട് ഞാന്‍ മുമ്പോട്ടു നടന്നു. വാതില്‍ക്കലെത്തിയപ്പോള്‍ അവിടെയിരുന്നു. ഈ രാത്രി അവന്‍ മരിച്ചോ എന്നറിയും വരേക്കും ഞാന്‍ പുറത്തു പോവുകയില്ല എന്നു തീരുമാനിച്ചു. കോഴി കൂവിയപ്പോള്‍ മരണവൃത്താന്തം അറിയിക്കുന്നവന്‍ ഒരു മതിലില്‍ കയറിനിന്നു ഒരു കാഹളത്തില്‍ വിളിച്ചു പറഞ്ഞു: “ഹിജാസുകാരുടെ കച്ചവടക്കാരനായിരുന്ന അബൂ റാഫി ഇന്റെ മരണവാര്‍ത്ത ഞാനിതാ അറിയിച്ചു കൊള്ളുന്നു” ഉടനെ ഞാന്‍ എന്റെ കൂട്ടുകാരുടെ അടുക്കലേക്കു പോയി. “വേഗം രക്ഷപ്പെട്ടുകൊള്ളുക. അബൂ റാഫി ഇനെ അല്ലാഹു കൊന്നു കഴിഞ്ഞിരിക്കുന്നു.” ഞാനവരെ ഉണര്‍ത്തി. ഞാന്‍ തിരുമേനിയുടെ അടുക്കലെത്തി വിവരങ്ങളെല്ലാം ഉണര്‍ത്തി. അവിടുന്ന് അരുളി: “നീ കാലു നീട്ടൂ” ഞാന്‍ കാല്‍ നീട്ടിക്കാണിച്ചു. അവിടുന്ന് അതിന്മേല്‍ തടവി. അപള്‍ ആ കാല്‍ യാതൊന്നും സംഭവിച്ചിട്ടില്ലാത്തപോലെയായിത്തീര്‍ന്നു.[1573]
ഉബൈദില്ലാ പറയുന്നു: അദ്ദേഹം ഒരിക്കല്‍ വഹ്ശി യോട് ചോദിച്ചു: “ഹംസയുടെ വധത്തെപ്പറ്റി താങ്കള്‍ ഞങ്ങള്‍ക്കു വിവരിച്ചു തരുമോ?” അദ്ദേഹം പറഞ്ഞു.“അതെ! ബദര്‍ യുദ്ധത്തില്‍ വെച്ച് ഹംസ തുഐമത്തിനെ വധിച്ചു. എന്റെ യജമാനന്‍ എന്നോടു പറഞ്ഞു. “എന്റെ പിതൃവ്യന്നു പകരമായി ഹംസയെ വധിക്കുന്ന പക്ഷം ആ നിമിഷം മുതല്‍ നീ സ്വതന്ത്രനാണ്.” പിന്നീട് ഉഹ്ദ് സംഭവ വര്‍ഷം ജനങ്ങളോടൊപ്പം ഞാനും പുറപ്പെട്ടു. ഇരു പക്ഷവും യുദ്ധത്തിനായി അണിനിരന്നു കഴിഞ്ഞപ്പോള്‍ ‘സിബാ അ’ മുന്നോട്ടു വന്ന് പോര്‍ വിളിച്ചു. “യുദ്ധത്തിനിറങ്ങാന്‍ ആര്‍ക്കെങ്കിലും ഒരുക്കമുണ്ടോ? “ ഹംസ അവന്റെ നേരെ വന്നിട്ടു പറഞ്ഞു:“സിബാ അ! ഉമ്മു അമ്മാറിന്റെ പുത്രാ!” തുടര്‍ന്നദ്ദേഹം അവനെ പരിഹാസപൂര്‍വ്വം അഭിസംബോധന ചെയ്തിട്ട് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും നേരെ നീ ശത്രുത പുലര്‍ത്തുകയാണോ?” എന്നു ചോദിച്ചു. അദ്ദേഹമവന്റെ നേരെ ചാടി. അതോടെ അവന്റെ കഥയും കഴിഞ്ഞു. ഞാന്‍ ഒരു പാറക്കല്ലിന്റെ കീഴെ ഹംസയെ പ്രതീക്ഷിച്ച് പതിയിരിക്കുകയായിരുന്നു. എന്റെ അടുത്തെത്തിയപ്പോള്‍ അദ്ദേഹത്തെ എന്റെ കുന്തം കൊണ്ട് ഞാന്‍ കുത്തി. നാഭിയിലാണ് കുത്തിയത്. എന്നിട്ടു രണ്ടു ചന്തിക്കടിയിലൂടെ പുറത്തു വന്നു. അങ്ങിനെയാണ് ഹംസയുടെ പര്യവസാനമുണ്ടായത്. അവസാനം മറ്റുള്ളവരോടൊപ്പം ഞാനും മക്കയിലേക്കു മടങ്ങി. ഇസ്ലാം സര്‍വ്വത്ര പ്രചരിക്കും വരേക്കും അവിടെത്തന്നെ ഞാന്‍ താമസിച്ചു. അവസാനം ഞാന്‍ താഇഫിലേക്കു പോയി. തായിഫുകാര്‍ നബിയുടെ അടുക്കലേക്കു ദൂതനെ അയച്ചപ്പോള്‍ നബി ദൂതന്മാരെ ദ്രോഹിക്കുകയില്ലെന്ന് ആളുകള്‍ എന്നോട് പറഞ്ഞു. ഞാനും അവരോടൊപ്പം ചേര്‍ന്നു തിരുമേനിയുടെ അടുക്കലേക്കു പോയി. എന്നെ കണ്ടപ്പോള്‍ “നീയാണോ വഹ്ശി?” എന്നു തിരുമേനി ചോദിച്ചു. “അതെ” എന്നു ഞാന്‍ ഉത്തരം പറഞ്ഞപ്പോള്‍ “ഹംസയെ കൊന്നതു നീയാണോ?” എന്നു തിരുമേനി ചോദിച്ചു. അങ്ങേക്കു ലഭിച്ച വാര്‍ത്തകളെല്ലാം യഥാര്‍ത്ഥമാണെന്നു ഞാന്‍ മറുപടി പറഞ്ഞു. “ നിന്റെ മുഖത്തെ എന്റെ ദൃഷ്ടിയില്‍നിന്നകറ്റി നിര്‍ത്താന്‍ നിനക്കു കഴിയുമോ?” തിരുമേനി ചോദിച്ചു. ഉടനെ ഞാനവിടം വിട്ടു പോന്നു. പില്‍ക്കാലത്തു തിരുമേനി പരലോകപ്രാപ്തനാവുകയും മുസൈലിമത്തുല്‍ കദ്ദാബ് പുറപ്പെടുകയും ചെയ്തപ്പോള്‍ ഞാന്‍ മുസൈലിമത്തിന്റെ നേരെ പുറപ്പെടാന്‍ തീരുമാനിച്ചു. ഒരു പക്ഷേ അവനെ കൊല്ലാന്‍ കഴിഞ്ഞെങ്കില്‍ അതു ഹംസയെ കൊന്നതിനു പ്രായശ്ചിത്തമായെങ്കിലോ എന്നാണു ഞാന്‍ ഓര്‍ത്തത്. മറ്റുള്ളവരോടൊപ്പം ഞാന്‍ മുസൈലിമത്തിന്റെ അടുക്കലേക്കു പുറപ്പെട്ടു. അവന്റെ സ്ഥിതി മുമ്പ് കേട്ടിരുന്നപോലെത്തന്നെ. യുദ്ധക്കളത്തില്‍ ഒരു മനുഷ്യനതാ ഒരു മതില്‍ പൊട്ടിയ സ്ഥലത്തു നില്‍ക്കുന്നു. മുടി പാറിപ്പറന്നു നില്‍ക്കുന്നുണ്ട്. ഒറ്റനോട്ടത്തില്‍ തവിട്ടുനിറത്തിലുള്ള ഒരൊട്ടകം പോലെയുണ്ട്. ഞാന്‍ അയാളുടെ നെഞ്ചില്‍ കുന്തം കൊണ്ടൊരു കുത്തു കൊടുത്തു. ആ കുന്തം രണ്ടു ചുമലിന്നടിയിലൂടെ പുറത്തു കടന്നു. അതിന്നിടയ്ക്ക് ഒരു അന്‍സാരി അവന്റെ നേരെ ചാടിയിട്ട് തന്റെ വാള്‍ കൊണ്ട് അവന്റെ തലമണ്ടക്ക് ഒരു വെട്ടു കൊടുത്തു.”[1579]