കുര്‍ ആന്റെ ക്രോഡീകരണത്തില്‍ അതിഗുരുതരമായ പാകപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട് എന്നതിനുള്ള അനിഷേധ്യമായ തെളിവുകളാണു മതഗ്രന്ഥങ്ങള്‍ തന്നെ നമ്മുടെ മുമ്പില്‍ നിരത്തുന്നത്. കുര്‍ ആനാകട്ടെ അല്ലാഹുവിന്റെ “സംരക്ഷണം” അവകാശപ്പെടുകയും ചെയ്യുന്നു. ഇതെങ്ങനെയാണു പൊരുത്തപ്പെടുന്നത്? മതാചാര്യന്മാര്‍ ,പക്ഷേ ഈ പ്രശ്നത്തിനും പരിഹാരം കണ്ടെത്തിയിരിക്കുന്നു.!
അതി വിചിത്രവും പരിഹാസ്യവുമായ ഒരു മുടന്തന്‍ വാദത്തിലൂടെ യാണവര്‍ അല്ലാഹുവിനെയും കുര്‍ ആനിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നത്. ‘മന്‍സൂഖ്’ എന്ന സാങ്കേതിക വിഭാഗത്തില്‍ , അല്ലാഹു ‘നാസിഖ്’ മുഖേന കുര്‍ ആനില്‍ തന്നെ ദുര്‍ബ്ബലപ്പെടുത്തിയ വചനങ്ങള്‍ക്കു പുറമെ , സമാഹരണവേളയില്‍ നഷ്ടപ്പെട്ടു പോയവയെയും ഉള്‍പ്പെടുത്താം എന്നതാണു പ്രസ്തുത വാദം. ഇപ്രകാരം മന്‍സൂഖായ കുര്‍ ആന്‍ സൂക്തങ്ങള്‍ മൂന്നു കാറ്റഗറിയായി വിഭജിക്കപ്പെട്ടിരിക്കുന്നു.
1. പദങ്ങളും ആശയങ്ങളും ദുര്‍ബ്ബലപ്പെടുത്തിയവ.
2. ആശയം ദുര്‍ബ്ബലപ്പെടുത്തി പദങ്ങള്‍ നില നിര്‍ത്തിയവ,
3. പദങ്ങളെ നീക്കം ചെയ്ത് ആശയം നില നിര്‍ത്തിയവ.
ഇതില്‍ ഒന്നാമതു പറഞ്ഞ വിഭാഗത്തില്‍ പെട്ടവ വിരളമാണ്. അത്തരത്തില്‍ വല്ലതുമുണ്ടെങ്കില്‍ അതു സാമാന്യബുദ്ധിക്കുള്‍ക്കൊള്ളാവുന്നതുമാണ്. ഒരാശയം നേരത്തെ അവതരിപ്പിച്ചു.; പിന്നീടതു വേണ്ടെന്നു വെക്കുകയും മൂലഗ്രന്ഥത്തില്‍നിന്നവ ഒഴിവാക്കുകയും ചെയ്തു എന്നു മനസ്സിലാക്കാം. (സര്‍വ്വജ്ഞാനിയായ അല്ലാഹുവിനും മനുഷ്യനെപ്പോലെ , പ്രായോഗിക അനുഭവങ്ങളുടെ വെളിച്ചത്തില്‍ വീണ്ടു വിചാരമുണ്ടാവുകയും , തീരുമാനങ്ങള്‍ മാറ്റേണ്ടി വരുകയുമൊക്കെ ചെയ്യുന്നതിലെ വൈരുദ്ധ്യം തല്‍ക്കാലം നമുക്കു മറക്കാം. നോമ്പു കാലത്തൊരു മാസം ബ്രഹ്മ്മചര്യമാചരിക്കാനുള്ള ക്ഷമയൊന്നും തന്റെ സൃഷ്ടികള്‍ക്കില്ലെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ഇല്ലാത്തതുകൊണ്ടാണല്ലോ, ഇക്കാര്യത്തില്‍ അപ്രായോഗികമായ ഒരു വെളിപാട് ആദ്യം ഇറക്കി പിന്നീടതു തിരുത്തേണ്ടി വന്നത്. )
രണ്ടാമത്തെ വിഭാഗം- അതായത് ആശയങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തിയെങ്കിലും വാക്യങ്ങള്‍ നിലനിര്‍ത്തിയെന്നു പറയുന്നവ – ഗ്രന്ഥം തയ്യാറാക്കിയവരുടെ പിടിപ്പുകേടും വിവരക്കുറവും കൊണ്ട് ഉള്‍പ്പെട്ടു പോയതാകയാല്‍ അല്ലാഹു അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു എന്നെങ്കിലും കരുതാവുന്നതാണ്.
എന്നാല്‍ മൂന്നാമത്തെ വിഭാഗത്തിന്റെ , അതായത് ആശയം നിലനില്‍ക്കെ വാക്യങ്ങള്‍ ഒഴിവാക്കിയതിന്റെ യുക്തി എന്താണെന്ന് എത്രയാലോചിച്ചിട്ടും പിടി കിടന്നില്ല. മതപണ്ഡിതന്മാര്‍ പറയുന്നത് ഇതിന്റെയൊക്കെ യുക്തി അല്ലാഹുവിനേ അറിയൂ എന്നാണ്.!
മനുഷ്യന്‍ തന്റെ ചിന്താ ശക്തിയെ പൂര്‍ണ്ണമായും ഒരന്ധവിശ്വാസത്തിനു പണയം വെക്കുമ്പോള്‍ അവന്‍ ചെന്നു വീഴുന്നത് എന്തുമാത്രം ദുര്‍ബ്ബലവും യുക്തിഹീനവുമായ ഒരാശയ ഗര്‍ത്തത്തിലാണെന്നോര്‍ത്തു നോക്കൂ.!
സുദീര്‍ഘമായ കുറേ അധ്യായങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു എന്നു നാം കണ്ടു. ,ആ അധ്യായങ്ങളില്‍ എന്തെല്ലാം ആശയങ്ങളാണുണ്ടായിരുന്നതെന്നോ, അതു മനുഷ്യര്‍ക്കെന്തെങ്കിലും പ്രയോജനം ചെയ്യുമായിരുന്നോ എന്നോ അറിയാന്‍ പോലും നമുക്കു നിവൃത്തിയില്ല. കുര്‍ ആന്‍ അല്ലാഹു സംരക്ഷിച്ചു എന്നു പറഞ്ഞാല്‍ , അതില്‍ ഇപ്പോള്‍ എന്തൊക്കെയുണ്ടോ അത്രയും സംരക്ഷിച്ചു എന്നും അതില്‍നിന്നും പോയതൊക്കെ അല്ലാഹുവിന്റെ തീരുമാനമനുസരിച്ചു പോയതാണെന്നും അങ്ങു വിശ്വസിച്ചു സമാധാനിക്കണമത്രേ!
അതാണു വിശ്വാസത്തിന്റെ യുക്തി.!!!