പ്രപഞ്ചസ്രഷ്ടാവായ
അല്ലാഹു തന്റെ സൃഷ്ടികളായ മനുഷ്യരെ സാഹിത്യ രചനക്കു വെല്ലു വിളിക്കുന്നുണ്ട് ഖുര്‍ ആനില്‍ !.
“പറയുക, ഈ ഖുര്‍ ആനോടു തുല്യമായ ഒരു ഗ്രന്ഥം കൊണ്ടു വരാന്‍ മനുഷ്യരും ജിന്നുകളും ഒന്നായിച്ചേര്‍ന്ന് ശ്രമിച്ചാലും അവര്‍ക്കതിനു കഴിയുകയില്ല.”[17:88]
“ഖുര്‍ ആന്‍ മുഹമ്മെദിന്റെ കൃതിയാണെന്നവര്‍ പറയുന്നുവോ? പറയുക, എങ്കില്‍ ഖുര്‍ ആനിലെ അധ്യായങ്ങള്‍ക്കു സമാനമായ പത്ത് അധ്യായങ്ങള്‍ നിങ്ങള്‍ കൊണ്ടു വരിക; അല്ലാഹുവിനെ വിട്ട് നിങ്ങളുടെ കഴിവില്‍ പെട്ടവരെയെല്ലാം നിങ്ങള്‍ വിളിക്കുകയും ചെയ്യുക; നിങ്ങള്‍ സത്യവാദികളാണെങ്കില്‍ .”[11:13]
“ഈ ഖുര്‍ ആന്‍ നബി സ്വയം ഉണ്ടാക്കിയതാണെന്ന് അവര്‍ പറയുന്നുവോ?, എന്നാല്‍ ഇതിലെ സൂറത്തു പോലെയുള്ള ഒരു സൂറത്ത് നിങ്ങള്‍ കൊണ്ടു വരിക എന്നു താങ്കള്‍ പറയുക. അല്ലാഹുവെ വിട്ട് നിങ്ങളുടെ കഴിവില്‍ പെട്ടവരെയെല്ലാം നിങ്ങള്‍ വിളിക്കുകയും ചെയ്തുകൊള്ളുക; നിങ്ങള്‍ സത്യവാദികളാണെങ്കില്‍ .”[10:38]
“നമ്മുടെ അടിമയ്ക്കു നാം അവതരിപ്പിച്ചിട്ടുള്ളതില്‍ നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ തുല്യമായ ഒരധ്യായം നിങ്ങള്‍ കൊണ്ടു വരിക. അല്ലാഹുവിനെ വിട്ടു നിങ്ങളുടെ സഹായികളെ നിങ്ങള്‍ വിളിക്കുകയും ചെയ്യുക, നിങ്ങള്‍ സത്യവാദികളാണെങ്കില്‍ .”[2:23]
അല്ലാഹുവിന്റെ വെല്ലുവിളിയില്‍ ഊറ്റം കൊള്ളുന്ന ഒരു പണ്ഡിതന്‍ വ്യഖ്യാനമായി എഴുതുന്നതു കൂടി കാണുക:
“ഈ വെല്ലുവിളിയെല്ലാം നടത്തിയിട്ടും സാഹിത്യകുശലന്മാരായ ശത്രുക്കള്‍ക്ക് ഒരൊറ്റ അധ്യായം പോലും നിര്‍മ്മിച്ചു കൊണ്ടു വരാന്‍ കഴിഞ്ഞില്ല. ആ വെല്ലുവിളി ഇന്നും ഖുര്‍ ആനില്‍ സജീവമായി കിടക്കുന്നു. അതിനെ നേരിടുവാന്‍ ആര്‍ക്കും ഇതു വരെ കഴിഞ്ഞിട്ടില്ല. ഇനി ഒരു കാലത്തും കഴിയുകയുമില്ല.”[കെ വി മുഹമ്മദ് മുസ്ലിയാര്‍ ]
ലോകത്തൊരു സാഹിത്യകാരനും തന്റെ കൃതിക്കു തുല്യമായ മറ്റൊരു കൃതി രചിച്ചുകൊണ്ടു വരാന്‍ മറ്റുള്ളവരെ വെല്ലുവിളിച്ചതായി കേട്ടിട്ടില്ല. അത്തരം വിലകുറഞ്ഞ വെല്ലുവിളികളുമായി വരുന്ന അല്‍പ്പന്മാരെ ആരും ആദരിക്കുമെന്നും തോന്നുന്നില്ല. കലോത്സവങ്ങളിലും മറ്റും രചനാ മത്സരങ്ങള്‍ നടത്താറുണ്ട്. അതാകട്ടെ തുല്യനിലയിലുള്ളവര്‍ തമ്മിലാണു മത്സരം നടക്കുന്നത്. സാഹിത്യകാരനായ കോളേജ് പ്രൊഫസര്‍ നെഴ്സറിക്ലാസിലെ കുട്ടികളെ രചനാ മത്സരത്തിനു വെല്ലു വിളിച്ചാല്‍ ആ പ്രൊഫസറുടെ സാഹിത്യ വൈഭവം കണ്ട് നാം ഊറ്റം കൊള്ളുകയല്ല , അയാളുടെ അല്‍പ്പത്തരമോര്‍ത്തു സഹതപിക്കുകയായിരിക്കും ചെയ്യുക!
ഇവിടെയാകട്ടെ പ്രപഞ്ചസ്രഷ്ടാവായ ദൈവമാണു തന്റെ നിസ്സാര സൃഷ്ടികളായ മനുഷ്യരെ സാഹിത്യം രചിക്കാന്‍ വെല്ലു വിളിക്കുന്നത്. അതും ലോകത്തിന്റെ ഒരു മൂലയില്‍ മാത്രം പ്രചാരത്തിലുള്ള ഒരു പ്രാദേശികഭാഷയില്‍ ! ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ തയ്യാറായി വന്നുവെന്നു കരുതുക. മത്സരത്തിനു വേണ്ട നിയമാവലിയും മറ്റും ആരാണു തയ്യാറാക്കുക? അല്ലാഹുവിന്റെ സൂറത്താണോ മത്സരാര്‍ത്ഥിയുടെ രചനയാണോ മികച്ചത് എന്നു പരിശോധിക്കാന്‍ എന്തെല്ലാം മനദണ്ഡങ്ങളായിരിക്കും പരിഗണിക്കപ്പെടുക? മാനദണ്ഡങ്ങള്‍ ആരു നിശ്ചയിക്കും? ആരാണു രചനകളെ മൂല്യനിര്‍ണയം ചെയ്യുക? അന്തിമ വിധികര്‍ത്താവായി ആരെ നിശ്ചയിക്കും? സാധാരണ ഇത്തരം സാഹിത്യ മത്സരങ്ങളില്‍ വിധികര്‍ത്താക്കളായി വരുന്നത് മത്സരത്തില്‍ പങ്കെടുക്കുന്നവരെക്കാള്‍ കഴിവും പ്രാഗല്‍ഭ്യവുമുള്ള എഴുത്തുകാരോ നിരൂപകരോ ഒക്കെ ആയിരിക്കും. അല്ലാഹുവും മനുഷ്യരും തമ്മില്‍ മത്സരം നടക്കുമ്പോള്‍ ഒരു അംബയറെ
കണ്ടെത്തുക എന്നതു തന്നെ അപ്രായോഗികമായിരിക്കുമെന്നിരിക്കെ ഇങ്ങനെയൊരു വെല്ലുവിളിക്കു തന്നെ സാംഗത്യമില്ലല്ലോ. ബാലിശവും നിരര്‍ത്ഥകവും അപക്വവുമായ ഇത്തരമൊരു വെല്ലുവിളി ഖുര്‍ ആന്‍ ഉയര്‍ത്തി എന്നതു തന്നെ ആ ഗ്രന്ഥത്തിന്റെ നിലവാരത്തകര്‍ച്ചയെയാണു കാണിക്കുന്നത്. ദൈവം സൃഷ്ടികള്‍ക്കു മുന്നില്‍ പിന്നെയും ചെറുതാവുകയാണു ചെയ്യുന്നതെന്നു പോലും വിശ്വാസിവൃന്ദം മനസ്സിലാക്കുന്നില്ല!
ഇത്തരം വെല്ലുവിളികള്‍ ആര്‍ക്കും ഏതു കൃതിയെ മുന്‍ നിര്‍ത്തിയും ഉന്നയിക്കവുന്നതാണ്. ‘ബാലരമ‘യിലും ‘പൂമ്പാറ്റ’യിലും അച്ചടിച്ചു വരുന്ന ഏതെങ്കിലും കഥയോ കവിതയോ പൊക്കിപ്പിടിച്ചു കൊണ്ട് ഒരാള്‍ ഇതിനു തുല്യമായ ഒന്നു കൊണ്ടു വരിക എന്നു വെല്ലുവിളി നടത്തിയാല്‍ അതിനു തുല്യമായതു രചിക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ? സാഹിത്യത്തില്‍ ഒന്നും മറ്റൊന്നിനു തുല്യമാകുന്നില്ല.
അവിശ്വാസികള്‍ ഈ വെല്ലുവിളി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അവര്‍ക്ക് അല്ലാഹുവിന്റെ വക സമ്മാനം എന്താണെന്നു കൂടി കാണുക:
“നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ -അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ക്കൊരിക്കലും സാധ്യമല്ല-മനുഷ്യരെയും കല്ലുകളെയും വിറകാക്കി കത്തിക്കപ്പെടുന്ന അഗ്നിയെ നിങ്ങള്‍ സൂക്ഷിക്കുക. അത് കാഫറുകള്‍ക്കായി ഒരുക്കി വെക്കപ്പെട്ടിരിക്കുന്നു.”[2:24]
ഈ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് രചന നടത്താന്‍ മുതിരുന്നവര്‍ക്കുള്ള സമ്മാനമെന്തായിരിക്കുമെന്നു കൂടി അറിയണമെങ്കില്‍ ഇസ്ലാമിന്റെ ചരിത്രം ഒന്നു മറിച്ചു നോക്കിയാല്‍ മതി. മക്കയിലും മദീനയിലും പ്രവാചകന്‍ ഇത്തരം വെല്ലുവിളികളുമായി രംഗത്തുള്ളപ്പോള്‍ തന്നെ ഖുര്‍ ആന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന നിരവധി സാഹിത്യസൃഷ്ടികള്‍ അറേബ്യയില്‍ രൂപം കൊള്ളുകയുണ്ടായി. ഖുര്‍ ആനിലെ പല സൂറത്തുകള്‍ക്കും പാരഡികള്‍ രചിക്കപ്പെട്ടു. അതൊക്കെ പരിശോധിക്കാനും മൂല്യനിര്‍ണയം ചെയ്യാനും ഭാഷാവിദഗ്ധരെ ഏല്‍പ്പിക്കുകയല്ല മുഹമ്മദ് ചെയ്തത്. ചാരന്മാരെയും ചാവേറുകളെയും അയച്ച് ഈ കവികളുടെ കഴുത്തറുക്കുകയും അവരുടെ ശിരസ്സുകള്‍ തന്റെ സന്നിധിയില്‍ ഹാജറാക്കുവാന്‍ കല്‍പ്പിക്കുകയുമാണ് പ്രവാചകന്‍ ചെയ്തത്. കഴുത്തറുക്കപ്പെട്ടവരുടെ കൂട്ടത്തില്‍ 115 വയസ്സുള്ള വൃദ്ധകവിയും കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരുന്ന കവയിത്രിയുമൊക്കെ ഉള്‍പ്പെടുന്നു.
നബിയുടെ കാലശേഷവും ഖുര്‍ ആന്റെ നേരെ വെല്ലുവിളികളുയര്‍ത്തുന്ന നിരവധി രചനകള്‍ അറബി സാഹിത്യലോകത്തുണ്ടായിട്ടുണ്ട്. സിറിയന്‍ കവിയായിരുന്ന അബുല്‍ അലാ അല്‍ മ അര്‍ രി ഖുര്‍ ആനിനു ഏതാണ്ട് സമ്പൂര്‍ണമായ പാരഡി തന്നെ രചിച്ചിട്ടുണ്ട്. ഖുര്‍ ആനിന്റെ മുമ്പുള്ള അറബി കവിതകള്‍ക്കു തന്നെ ഖുറ് ആനിനെക്കാള്‍ സാഹിത്യമികവുണ്ടെന്നു പല നിരൂപകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. വിശ്വാസത്താല്‍ ബുദ്ധി മരവിച്ചവര്‍ ഇതൊന്നും സമ്മതിച്ചു തരില്ലെങ്കിലും സത്യം അതാണ്.
അലിഗര്‍ സര്‍വ്വകലാശാലയിലെ മുന്‍ വൈസ്ചാന്‍സ്ലറും അറബി ഭാഷാവിഭാഗം തലവനുമായിരുന്ന ഡോ.അബ്ദുല്‍ അലീം, ബെര്‍ളിന്‍ സര്‍വ്വകലാശാലയില്‍നിന്നും ഡോക്ടറേറ്റു നേടിയത് ഖുര്‍ ആന്‍ മുഹമ്മദിന്റെ കൃതിയാണ്
എന്ന ഗവേഷണപ്രബന്ധത്തിനായിരുന്നു എന്ന കാര്യവും ഇതോടൊപ്പം ഓര്‍മ്മിക്കേണ്ട കാര്യമാണ്.
ജാഹിലിയ്യാ കാലത്തെ ‘മുഅല്ലകാത്ത്’ പോലും ഖുര്‍ ആനിനെക്കാള്‍ മികച്ചതാണത്രേ. അതില്‍ നിന്നുള്ള ചില വരികള്‍ ഖുര്‍ ആനില്‍ കോപ്പിയടിച്ചിട്ടുമുണ്ട്.! ഖുര്‍ ആനിലെ മക്കീ വെളിപാടുകളായ ചെറിയ സൂറത്തുകള്‍ക്കാണു പ്രാസഭംഗിയും താളഭംഗിയുമൊക്കെ അല്‍പ്പമെങ്കിലും ഉള്ളത്. മദീനയിലെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ അവതരിക്കപ്പെട്ട വെളിപാടുകള്‍ വെറും സാധാരണ ഗദ്യം മാത്രമാണ്. സര്‍വ്വ ശക്തനായ ഒരു ദൈവമാണ് അവതാരകനെങ്കില്‍ ആദ്യാവസാനം താള വൃത്ത നിബദ്ധമായിത്തന്നെ ഗ്രന്ഥം രചിക്കപ്പെടുമായിരുന്നു.
മഹാ ഇതിഹാസമായ രാമായണ കഥയത്രയും ഒരേ വൃത്തത്തിലും താളത്തിലും ആവിഷ്കരിക്കാന്‍ ഒരു ദൈവത്തിന്റെയും സഹായമില്ലാതെത്തന്നെ എഴുത്തച്ഛനു സാധിച്ചത് എന്തുകൊണ്ട്? എഴുത്തച്ഛന്റെ, കിളി
യുടെ മുമ്പില്‍ പോലും മുഹമ്മദിന്റെ അല്ലാഹു വെറും വട്ടപ്പൂജ്യം മാത്രമാണ്.
സാഹിത്യമത്സരത്തിനു മാത്രമല്ല, വാളെടുത്തുള്ള യുദ്ധത്തിനും അറബികളെ വെല്ലു വിളിക്കുന്നുണ്ട് ഈ സര്‍വ്വശക്തന്‍ !“ നിങ്ങളുടെ പട്ടാളത്തെയും കൊണ്ട് നിങ്ങള്‍ വന്നോളൂ; എന്റെ പട്ടാളത്തെയും കൊണ്ട് ഞാനും വരാം” എന്നൊക്കെ സ്വന്തം സൃഷ്ടികളുടെ നേരെ ഭീഷണി മുഴക്കുന്ന ഒരു ദൈവത്തെ കുറിച്ച് എന്തു പറയാനാ! പ്രാകൃത മനുഷ്യരുടെ ഭാവനാലോകത്തെ കുട്ടിദൈവങ്ങളെ ഊതി വീര്‍പ്പിച്ച് പ്രപഞ്ച ദൈവമാക്കുമ്പോള്‍ ഇതുപോലുള്ള വൈരുദ്ധ്യങ്ങളും വിഡ്ഡിത്തങ്ങളും സ്വാഭാവികമാണ്.