ഖുർആൻ പതിപ്പുകൾ

മറ്റു മതങ്ങളെയും മതഗ്രന്ഥങ്ങളേയും പരിഹസിക്കാൻ ഇസ്ലാം എന്നും ഉപയോഗിക്കുന്ന ഒരു വാദമാണ് ഖുർആൻ ഇക്കാലം വരെയും യാതൊരു മാറ്റങ്ങൾക്കും വിധേയമാകാതെ, വള്ളി പുള്ളി വ്യത്യാസമില്ലാതെ നിലകൊള്ളുന്നു എന്നത്. ലോകാവസാനം വരെ ഖുർആൻ സംരക്ഷിക്കും എന്നൊരു വെല്ലുവിളി തന്നെ അല്ലാഹു ഖുറാനിൽ നടത്തുന്നുണ്ട്. എന്താണ് ഇതിനു പിന്നിലെ വാസ്തവം?

പരസ്പരം വ്യത്യസ്ഥങ്ങൾ ആയ പത്തോളം ഖുർആൻ വേർഷനുകൾ ഉണ്ടെന്നുള്ളതാണ് സത്യം. ഹഫ്സ് (സൗദിയിലും കേരളത്തിലും ഒക്കെ ഉള്ളത്), ഖാലൂൻ (ലിബിയ, ടുണീഷ്യ), വർശ് (മൊറോക്കോ), ദൂരി (സുഡാൻ) എന്നിവയാണ് ഏറ്റവും പ്രചാരത്തിൽ ഉള്ള നാല് വേർഷനുകൾ. ഭൂരിഭാഗം വിശ്വാസികളെ സംബന്ധിച്ചിടത്തോളവും, അവർ ഇന്നുവരെ കേട്ടു കാണാൻ സാധ്യത ഇല്ലാത്ത ഒരു വസ്തുതയാണ് ഇത്. ഇനി എന്തൊക്കെ ആണ് ഈ വേർഷനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ന് പരിശോധിക്കാം.

ഇങ്ങനൊരു ആരോപണം ആദ്യമായി കേൾക്കുന്ന വിശ്വാസി അതിനുള്ള ന്യായീകരണം തേടി പോകുമ്പോൾ ആദ്യം കിട്ടുന്ന ഉത്തരം “അതൊക്കെ പാരായണത്തിൽ ഉള്ള വ്യത്യാസം” ആണെന്ന് ആയിരിക്കും. എന്നാൽ പലയിടത്തും ഹർകത്തുകൾ (അറബി ഭാഷയിലെ സ്വരചിഹ്നങ്ങൾ) മാറിപ്പോയിരിക്കുന്നു, ചിലയിടത്തു അക്ഷരങ്ങൾ മാറിപ്പോയിരിക്കുന്നു, ചിലയിടത്തു വാക്കുകൾ തന്നെ നഷ്ടപെട്ടിരിക്കുന്നു. ഈ വ്യത്യാസങ്ങൾ ആകട്ടെ, വാക്യത്തെയും (the whole sentence) അതിന്റെ അർത്ഥത്തേയും മാറ്റിയിരിക്കുന്നു.

ഒരു ഉദാഹരണം തരാം:
“ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.” [Hafs Quran 30:22]
ഇവിടെ “ആലിമീൻ” എന്ന വാക്കാണ് “അറിവുള്ളവർക്ക്” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതേ ആയത്ത് ഖാലൂൻ വേർഷനിൽ “ആലിമീൻ” എന്നതിന് പകരം “ആലമീൻ” എന്നാണുള്ളത്. അപ്പോൾ അർത്ഥം മാറി ഇങ്ങനെ ആയി.
“തീര്‍ച്ചയായും അതില്‍ ലോകങ്ങൾക്കു ദൃഷ്ടാന്തങ്ങളുണ്ട്‌.” [Qaloon Quran 30:22]
യുക്തിയുടെ ഒരു അംശം എങ്കിലും ബാക്കി ഉണ്ടെങ്കിൽ ഇതു വെറും പാരായണത്തിൽ ഉള്ള വ്യത്യാസം ആണോ എന്ന് സ്വയം വിലയിരുത്തുക. ഇതു ഒരു ഉദാഹരണം മാത്രം. ഇതുപോലെ ആയിരത്തോളം വ്യത്യാസങ്ങൾ എല്ലാ വേർഷനുകളിലും ആയി ഉണ്ട്.

ഇനി എന്ത് കൊണ്ടാണ് ഈ വ്യത്യാസം ഉണ്ടായത് എന്നത് വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന കാര്യമാണ്. ഖുർആൻ ആദ്യമായി ക്രോഡീകരിക്കുന്നതും പല ദേശങ്ങളിലേക്കു കോപ്പികൾ കൊടുത്തയക്കുന്നതും ഖലീഫ ഉസ്മാൻ ആണ്. അന്നത്തെ അറബി ലിപിയിൽ മേൽപ്പറഞ്ഞ സ്വരചിഹ്നങ്ങൾ (ഹർകത്തുകൾ) ഉണ്ടായിരുന്നില്ല. അതു പിന്നീട് വന്നവയാണ്. “ആലമീൻ” എന്ന വാക്കും, “ആലിമീൻ” എന്ന വാക്കും തമ്മിൽ ഉള്ളത് ഒരു ഹർകത്തിന്റെ വ്യത്യാസം ആണ്. അതായതു ‘ല’ യുടെ അടിയിൽ ആണ് വര എങ്കിൽ “ലി” യും അതല്ല മുകളിലാണ് വര എങ്കിൽ അതു “ല” യും ആണ്. അറബി ഭാഷ കുറച്ചെങ്കിലും അറിയാവുന്നവർക്കു ഇതു പെട്ടെന്ന് മനസ്സിലാവും. മറ്റൊരു ദേശത്തു എത്തിപ്പെട്ടപ്പോ അവിടെ ഉള്ളവർ അതു “ആലമീൻ” ആയി ഓതി. കാരണം “ആലമീൻ” ആയാലും ആ വാക്യത്തിന് (വേറൊന്നാണെങ്കിലും) അർത്ഥം ഉള്ളത് കൊണ്ട്.

ഇനി “പാരായണ ന്യായീകരണം” പൊളിയുമ്പോൾ വരുന്ന അടുത്ത ന്യായീകരണം ആണ് “അഹ്‌റൂഫ് സിദ്ധാന്തം”. അതായത് ഖുർആൻ അന്നു മക്കയിൽ ഉണ്ടായിരുന്ന 7 ഗോത്രങ്ങൾക്ക് വേണ്ടി അവരുടെ 7 വ്യത്യസ്ഥ dialect ഇൽ ആണ് അന്നേ ഇറങ്ങിയത് എന്നാണ് ആ വാദം. അങ്ങനെ ആണത്രേ 7 ഖുർആൻ വേർഷനുകൾ ഉണ്ടായത്. സ്വരചിഹ്നങ്ങളിൽ വന്ന വ്യത്യാസം (അല്ലാത്തവയും ഉണ്ട്) ആണ് പ്രധാനമായും പല വേർഷനുകൾ ഉണ്ടാക്കിയത് എന്ന് സാമാന്യ യുക്തി ഉള്ള ആർക്കും മനസ്സിലാകും എന്നിരിക്കെ, ഇക്കൂട്ടർക്ക് അത് അംഗീകരിക്കാൻ പറ്റാത്തത് മേൽപറഞ്ഞ ഖുറാന്റെ വെല്ലുവിളി (ലോകാവസാനം വരെ അതേപടി സംരക്ഷിക്കും എന്ന വെല്ലുവിളി) പൊളിയും എന്നതിനാലാണ്. അങ്ങനെ ആണ് അഹ്‌റൂഫ് സിദ്ധാന്തം വരുന്നത്. ഇനി അങ്ങനെ ആണെങ്കിൽ തന്നെ എങ്ങനെ ഈ വേർഷനുകൾക്കു geographical isolation (അതായത് സൗദിയിൽ നിങ്ങൾക്ക് ഹഫ്സ് വേർഷൻ മാത്രമേ കാണാൻ കഴിയൂ) ഉണ്ടായി എന്ന് ചോദിച്ചാൽ വ്യാഖ്യാന ഫാക്ടറികൾക്ക് മറുപടി ഉണ്ടാവില്ല. ഒരു വേർഷൻ അംഗീകരിക്കപ്പെട്ടിരിക്കുന്ന രാജ്യത്തു മറ്റു വേർഷനുകൾ നിരോധിച്ചിരിക്കുന്നു എന്നും നമുക്ക് കാണാം. ഈ നിരോധനം തന്നെ ഖുറാന്റെ സമ്പൂർണതാ വാദം കാരണം ആണ്. തങ്ങളുടെ പക്കൽ ഉള്ളതാണ് യഥാർത്ഥ ഖുർആൻ എന്ന് ഓരോ വിഭാഗക്കാരും വിശ്വസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *