പുരാതന ഗ്രീസിലും ബാബിലോണിയയിലും മറ്റും പ്രചാരത്തിലിരുന്ന സൃഷ്ടികഥകളാണ് മുഹമ്മദിന്റെ വെളിപാടുകളിലൂടെ ആവിഷ്കരിക്കപ്പെട്ടത്. ഇത്തരം കഥകളില്‍നിന്നും എത്രയോ വിഭിന്നമായിരുന്നു ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ പ്രചരിച്ചിരുന്ന പ്രപഞ്ചസങ്കല്‍പ്പങ്ങള്‍ . .ഭാരതീയദര്‍ശനങ്ങളില്‍തന്നെ ഇതിനുദാഹരണങ്ങള്‍ കാണാം. പദാര്‍ത്ഥവും ആത്മാവും അനാദിയാണെന്നു സിദ്ധാന്തിച്ച ജൈനമതദര്‍ശനങ്ങള്‍ ഭൌതികവാദപരമായിരുന്നു. ബ്രഹ്മത്തില്‍നിന്നു പദാര്‍ത്ഥമുണ്ടായി എന്നു വേദാന്തം പറയുമ്പോള്‍ ,അതു പരമാണുക്കളില്‍നിന്നു രൂപപ്പെട്ടുവെന്നാണ് വൈശേഷിക മതം. ചാര്‍വ്വാകന്റെ പഞ്ചഭൂത സിദ്ധാന്തം ഒരു സ്രഷ്ടാവിന്റെ പ്രസക്തി അംഗീകരിച്ചതായി കാണുന്നില്ല. സാംഖ്യദര്‍ശനവും സ്രഷ്ടാവിനെ നിരാകരിക്കുന്നു.
ബ്രഹ്മാണ്ഡത്തിലെ വിദൂര വിസ്മയങ്ങളെ കിരാതജനത അവരുടെ ഭാവനയുടെ മൂശയില്‍ ആവിഷ്കരിച്ചപ്പോള്‍ നമുക്കു ലഭിച്ചത് വൈവിധ്യമാര്‍ന്നതും മനോഹരവുമായ കുറെ മുത്തശ്ശിക്കഥകളാണ്. ആധുനിക ശാസ്ത്രം മികച്ച സാങ്കേതികോപകരണങ്ങളുടെ സഹായത്തോടെ നടത്തിയ സ്വതന്ത്രമായ പര്യവേക്ഷണങ്ങളാണ് പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളുകള്‍ ഓരോന്നായി അനാവരണം ചെയ്യാന്‍ ഇടയാക്കിയത്. ശാസ്ത്രം കണ്ടെത്തിയ വസ്തുതകള്‍ക്ക് , മതപുരാണങ്ങള്‍ അവതരിപ്പിച്ച പഴംകഥകളുമായി ഭീമമായ അന്തരമാണുള്ളത്. ‘ദിവ്യ’വെളിപാടുകളുടെ ആധികാരികതയെത്തന്നെ അവ തകര്‍ത്തു കളഞ്ഞു.
നിതാന്തശൂന്യതയില്‍ തനിച്ചിരുന്ന് ഒരു മഹാപ്രപഞ്ചത്തിന്റെ നിര്‍മ്മിതിക്കായി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്ന ഒരു ദൈവത്തിന്റെ ചിത്രം ഭാവനാസമ്പന്നവും കൌതുകകരവും തന്നെ. കാലം പോലും ഇല്ലാത്ത കാലത്തും അദ്ദേഹത്തിന്റെ കലണ്ടറില്‍ വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയുമൊക്കെയുണ്ടായിരുന്നു.!!
ശൂന്യതയുടെ അസ്തിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് അനന്തമായ ജലപ്പരപ്പും ദൈവതുല്യം അനാദിയായി നിലനിന്നിരുന്നു. പ്രപഞ്ചമുണ്ടാകും മുമ്പ് ദൈവം തനിച്ചിരുന്ന് ദുര്‍വ്യയം ചെയ്ത നിത്യതയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ; അതും വെള്ളത്തിനു നടുവില്‍ !
ഇരുട്ടത്തിരുന്ന് പ്ലാന്‍ വരക്കാനുള്ള ബുദ്ധിമുട്ടൂഹിക്കാവുന്നതേയുള്ളു. അതുകൊണ്ട് ഒന്നാം ദിവസം തന്നെ വെളിച്ചമുണ്ടാകട്ടെ എന്നാണു ദൈവം നിശ്ചയിച്ചത്. ഉചിതമയ ഒരു തീരുമാനമായിരുന്നു അതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇരുട്ടില്‍നിന്നും വെളിച്ചത്തെ ഊരി വേര്‍പെടുത്തി എടുത്തതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല. വെളിച്ചത്തിന്റെ അഭാവത്തെയാണല്ലോ നാം ഇരുട്ടെന്നു വിവക്ഷിക്കുന്നത്. ഇരുട്ടിനു കേവല്ലാസ്തിത്വമില്ല എന്നര്‍ത്ഥം. ഏതായാലും ഇരുളിനെ വകഞ്ഞു മാറ്റി ലോകം മുഴുവന്‍ വെള്ളിവെളിച്ചം വാരി വിതറുമ്പോഴും സൂര്യനും ചന്ദ്രനും മറ്റു നക്ഷത്രങ്ങളുമൊന്നും ജന്മമെടുത്തിരുന്നില്ല എന്ന വെളിപാട് നമ്മുടെ ചിന്തയ്ക്കു വെളിച്ചം പകരേണ്ട ഒന്നു തന്നെ. പ്രഭാകിരണങ്ങള്‍ തൂവിക്കൊണ്ട് ആകാശവാതില്‍ക്കല്‍ സൂര്യനും നക്ഷത്രങ്ങളും പ്രത്യക്ഷപ്പെടും മുമ്പേ ഭൂമിയില്‍ മുന്തിരിവള്ളികളും ഈന്തപ്പനകളും കായ്ക്കുലകളേന്തി നിന്നിരുന്നുവെന്ന വെളിപ്പെടുത്തല്‍ ജ്ഞാനസ്വരൂപനായ സര്‍വ്വേശ്വരന്റേതായിരുന്നാല്‍ പോലും ശാസ്ത്രവിജ്ഞാനത്തിന്റെ ബാലപാഠമുള്‍ക്കൊള്ളുന്നവര്‍ക്ക് അതു വിശ്വസിക്കാനാവില്ല.
ഒരു സ്രഷ്ടാവിന്റെ അഭാവത്തില്‍ ആകാശഭൂമികളൊക്കെ എങ്ങനെയുണ്ടാവാനാണ് എന്ന ചോദ്യവുമായി ഭൌതികവാദത്തെ മുട്ടുകുത്തിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ സ്വന്തം വിശ്വാസപ്രമാണങ്ങള്‍ വെളിപ്പെടുത്തുന്ന ‘പ്രപഞ്ചസത്യ’ങ്ങളുടെ ദൌര്‍ബല്യത്തെ കുറിച്ചോ അതുള്‍ക്കൊള്ളുന്ന വൈരുദ്ധ്യങ്ങളെകുറിച്ചോ ചിന്തിക്കാറില്ല.
വളരെ പരിമിതമായ അറിവേ മനുഷ്യനുള്ളു. അതിനാല്‍ നമുക്കറിവില്ലാത്ത കാര്യങ്ങളില്‍ തലയിട്ട് അഭിപ്രായങ്ങള്‍ പറയാതിരിക്കലാണ് ഉത്തമം. പ്രപഞ്ചത്തിന്റെ അതിരുകള്‍ നിര്‍ണയിക്കാന്‍ പരിമിതമായ നമ്മുടെ ബുദ്ധിക്കാവില്ല. അതുകൊണ്ടു തന്നെ പ്രപഞ്ചസീമയ്ക്കപ്പുറമുള്ള കര്യങ്ങളില്‍ നാം തലയിടുന്നത് അല്‍പ്പത്തവും വിഡ്ഡിത്തവുമായേ കലാശിക്കൂ. മതാചാര്യന്മാര്‍ക്കൊക്കെ അതാണു സംഭവിച്ചത്. സര്‍വ്വജ്ഞത നടിച്ചുകൊണ്ടവര്‍ എഴുന്നള്ളിച്ചതൊക്കെയും പമ്പരവിഢ്ഢിത്തങ്ങളായിരുന്നുവെന്ന് കാലം തെളിയിച്ചു കഴിഞ്ഞതാണ്. നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് തങ്ങളുടെ പൂര്‍വ്വികര്‍ക്കു പറ്റിയ തെറ്റിന്റെ പേരില്‍ മാര്‍പ്പാപ്പമാര്‍ക്കു തന്നെ മാപ്പു പറയേണ്ടി വന്നത് ബൈബിളില്‍ കടന്നു കൂടിയ അബദ്ധവെളിപാടുകള്‍ മൂലമായിരുന്നുവല്ലോ!
പ്രപഞ്ചം എപ്പോഴെങ്കിലും ഇല്ലാതിരുന്നിട്ടുണ്ടെന്നു തെളിയിക്കപ്പേടാത്തേടത്തോളം കാലം അതിന്റെ ഉല്‍പ്പത്തിയെക്കുറിച്ചും സ്രഷ്ടാവിനെപ്പറ്റിയുമുള്ള തര്‍ക്കം തന്നെ അപ്രസക്തമാണ്. ആശാരിയില്ലാതെ മേശയുണ്ടാകുമോ എന്നാണു പലപ്പോഴും കേട്ടിട്ടുള്ള ഒരു ചോദ്യം. ആശാരി മേശ സൃഷ്ടിക്കുന്നില്ല എന്നതാണു വസ്തുത. നിലവിലുള്ള വസ്തുക്കളില്‍ തന്റെ പണിയായുധം ഉപയോഗിച്ച് രൂപമാറ്റം വരുത്തുക മാത്രമേ ഒരാശാരി ചെയ്യുന്നുള്ളു. മേശയിലെ ഒരു ചെറുകണിക പോലും ആശാരി ശൂന്യതയില്‍നിന്നും സൃഷ്ടിക്കുന്നില്ല. പ്രപഞ്ചത്തിലെ പദാര്‍ത്ഥവും ഊര്‍ജ്ജവും അനാദിയായി നിലനിക്കുന്നു എന്നു തന്നെയാണ് ഇന്നു വരെയുള്ള ശാസ്ത്രീയാന്യേഷണങ്ങളില്‍നിന്നും എത്തിച്ചേരാവുന്ന നിഗമനം. മറിച്ചുള്ള ഒരു അറിവ് ശാസ്ത്രീയമായി സ്വീകരിക്കപ്പെടുകയാണെങ്കില്‍ അതംഗീകരിക്കുന്നതിന് ‘യുക്തി’ ഒരു തടസ്സമാകുമെന്നും തോന്നുന്നില്ല.
തുടരും..