September 7, 2025
Islam

ലിംഗവും യോനിയും ദൈവത്തിന്!

ആഫ്രിക്കയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം എന്ന വിചിത്രമായ ആചാരമുണ്ടെന്നും യുക്തിവാദിയായ ഞാന്‍ എന്തുകൊണ്ടാണ് അതൊന്നും കാണാതെ മുസ്ലിങ്ങളുടെ മതവിശ്വാസത്തെ മാത്രം എതിര്‍ക്കുന്നതെന്നും മറ്റും വിമര്‍ശിച്ചുകൊണ്ട് മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഒരു നവ ബ്ലോഗര്‍ എന്റെ ബ്ലോഗില്‍ കമന്റിട്ടിരുന്നു. അതാണ് ഈ കുറിപ്പിനിപ്പോള്‍ പ്രചോദനമായത്. പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം ആഫ്രിക്കയിലെ വിചിത്രമായ ഗോത്രാചാരം മാത്രമാണെന്നു മനസ്സിലാക്കിയ ആ കൊച്ചു സഹോദരിക്ക്, അത് ഇസ്ലാം അംഗീകരിക്കുന്ന ആചാരമാണെന്നകാര്യവും, ആണ്‍കുട്ടികളുടെ സുന്നത്തും ഒരു വിചിത്ര ഗോത്രാചാരം തന്നെയാണെന്ന വസ്തുതയും അറിയില്ലെന്നു തോന്നുന്നു.

നമ്മുടെ സമൂഹം ഇന്നും ആചരിച്ചു വരുന്ന മിക്ക ആചാരങ്ങളും വിശ്വാസങ്ങളും പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് കാട്ടിലും ഗുഹകളിലും മറ്റും ജീവിച്ചിരുന്ന അപരിഷ്കൃതമനുഷ്യരില്‍ നിന്നും തലമുറകള്‍ കൈമാറി വന്നതാണെന്ന സത്യം നമ്മില്‍ പലര്‍ക്കും അറിയില്ല. അതെല്ലാം ആധുനിക മതങ്ങള്‍ കണ്ടെത്തിയ ദൈവികമായ അനുഷ്ഠാനങ്ങളാണെന്നാണു പലരും തെറ്റിദ്ധരിച്ചിട്ടുള്ളത്. സുന്നത്ത് എന്ന ആചാരം കിരാതരുടെ ലിംഗബലിയാണെന്ന സത്യം അറിയാതെയാണു നമ്മള്‍ പലരും അതനുകരിക്കുന്നത്.

ഇസ്ലാമിന്റെ വര്‍ഗ്ഗവും ലിംഗവും’ എന്ന പുസ്തകത്തില്‍നിന്നുള്ള ഒരധ്യായം രണ്ടു ഭാഗങ്ങളായി ഇവിടെ പോസ്റ്റുന്നു.

ലിംഗവും യോനിയും ദൈവത്തിന്‍!

അതിപ്രാചീന കാലം തൊട്ടേ മനുഷ്യര്‍ പ്രകൃതിശക്തികളെയും പരേതാത്മാക്കളെയും പ്രീതിപ്പെടുത്തുന്നതിനായി പല തരം ബലികര്‍മ്മങ്ങള്‍ നടത്തിവന്നിരുന്നു. രക്താര്‍പ്പണം കൊണ്ട് ഈശ്വരന്മാരുടെ കോപം ശമിപ്പിക്കാനാവുമെന്നായിരുന്നു കിരാതരുടെ വിശ്വാസം. രക്തത്തെകുറിച്ചുള്ള ഭയപ്പാടും ദുരൂഹതയുമായിരിക്കാം ഇത്തരം വിശ്വാസങ്ങളിലേക്കു നയിച്ചത്. ദൈവകോപത്തിനു ഹേതുവായേക്കും വിധം പാപം ചെയ്യാനിടയായാല്‍ പ്രായശ്ചിത്തമായി ദൈവത്തിനു രക്തം നല്‍കുകയായിരുന്നു പതിവ്. ബൈബിളില്‍തന്നെ ഇതിനു വേണ്ടുവോളം ഉദാഹരണങ്ങളുണ്ട്. ലേവ്യാ പുസ്തകത്തില്‍നിന്നുള്ള ഏതാനും ഭാഗങ്ങള്‍ കാണുക:-
കര്‍ത്താവു വീണ്ടും മോശയോടരുള്‍ ചെയ്തു: ‘ഇസ്രായേല്‍ ജനങ്ങളോട് ഇങ്ങനെ പറയുക: കര്‍ത്താവു വിലക്കിയിട്ടുള്ള ഏതെങ്കിലും കാര്യം അനവധാനതയാല്‍ ആരെങ്കിലും ചെയ്തുപോകുന്നു എന്നു കരുതുക. അഭിഷിക്തപുരോഹിതനാണ് ഇങ്ങനെ പാപം ചെയ്ത് ജനങ്ങള്‍ക്ക് അപരാധം വരുത്തിവെച്ചത് എങ്കില്‍ , താന്‍ ചെയ്ത പാപത്തിനു പരിഹാരമായി ന്യൂനതയില്ലാത്ത ഒരു കാളക്കുട്ടിയെ അയാള്‍ പാപബലിയായി കര്‍ത്താവിനു അര്‍പ്പിക്കണം. അയാള്‍ ആ കാളക്കുട്ടിയെ സമ്മേളനക്കൂടാരത്തിന്റെ കവാടത്തില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ കൊണ്ടുവന്ന് അതിന്റെ തലയില്‍ കൈ വെച്ച ശേഷം കര്‍ത്താവിന്റെ സന്നിധിയില്‍ അതിനെ കൊല്ലണം. അഭിഷിക്ത പുരോഹിതന്‍ ആ കാളക്കുട്ടിയുടെ കുറച്ച് ര‍ക്തം എടുത്ത് സമ്മേളനക്കൂടാരത്തിലേക്കു കൊണ്ടുവരണം. പുരോഹിതന്‍ ആ രക്തത്തില്‍ വിരല്‍ മുക്കി അതില്‍ ഒരു ഭാഗം കര്‍ത്താവിന്റെ സന്നിധിയില്‍ വിശുദ്ധ സ്ഥലത്തിന്റെ വിരിക്കു മുമ്പില്‍ ഏഴു പ്രാവശ്യം തളിക്കണം. പുരോഹിതന്‍ കാളക്കുട്ടിയുടെ കുറച്ചു രക്തം സമ്മേളനക്കൂടാരത്തില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ സുഗന്ധ ധൂപപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. കാളക്കുട്ടിയുടെ ശേഷിച്ച രക്തം സമ്മേളനക്കൂടാരത്തിന്റെ കവാടത്തിലുള്ള ഹോമ ബലി പീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം. അയാള്‍ പാപബലിക്കുള്ള കാളക്കുട്ടിയുടെ മേദസ്സു മുഴുവന്‍ എടുക്കണം. കുടലിനെ പൊതിഞ്ഞിരിക്കുന്നതും കുടലിലുള്ളതുമായ മേദസ്സും വൃക്കകളോടൊപ്പം എടുത്ത കരളിന്റെ അനുബന്ധഭാഗവും. ഇവ പുരോഹിതന്‍ ഹോമബലിപീഠത്തില്‍ ദഹിപ്പിക്കണം. എന്നാല്‍ കാളക്കുട്ടിയുടെ തോലും മാംസവും തലയും കാലുകളും കുടലുകളും ചാണകവും കാളക്കുട്ടിയെ മുഴുവന്‍ തന്നേയും പാളയത്തിനു വെളിയില്‍ വെണ്ണീറ് ഇടുന്ന സ്ഥലത്ത് കൊണ്ടുപോയി കത്തുന്ന വിറകിന്മേല്‍ വെച്ച് ചുട്ടു കളയണം”.(ലേവിയര്‍ ; 4:1-12)

മനുഷ്യന്‍ ചെയ്യുന്ന പാപങ്ങളെ നിരപരാധിയായ ഒരു കാളയുടെ ചോരകൊണ്ട് കഴുകിക്കളയാമെന്ന വിശ്വാസം എത്ര പ്രാകൃതവും നിന്ദ്യവും യുക്തിഹീനവുമാണെന്നോര്‍ത്തു നോക്കുക.

ലൈംഗികതയെകുറിച്ചും ആര്‍ത്തവം പോലുള്ള ശാരീരികപ്രതിഭാസങ്ങളെകുറിച്ചുമൊക്കെ നിരവധി മൂഡവിശ്വാസങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. തലമുറകളിലൂടെ പകര്‍ന്നു കിട്ടിയ ഇത്തരം മൂഡ ധാരണകളും അനുബന്ധമായി തുടര്‍ന്നു പോരുന്ന അത്യാചാരങ്ങളും ആധുനിക കാലത്തും കാര്യമായ മാറ്റങ്ങളില്ലാതെ നിലനില്‍ക്കുന്നു എന്നതാണ് ആശ്ചര്യകരമായ മറ്റൊരു വസ്തുത.
ആര്‍ത്തവക്കാരിയോടുള്ള ബൈബിളിന്റെ ഉപദേശം ഇങ്ങനെ:
സ്ത്രീക്ക് ആര്‍ത്തവസ്രാവമുണ്ടായാല്‍ ഏഴു ദിവസം അശുദ്ധിയുണ്ടായിരിക്കും. അവളെ സ്പര്‍ശിക്കുന്നവനും സായാഹ്നം വരെ അശുദ്ധനായിരിക്കും. അശുദ്ധിയുടെ ഈ കാലയളവില്‍ ഈ സ്ത്രീ എന്തില്‍ കിടക്കുന്നുവോ അതും എന്തില്‍ ഇരിക്കുന്നുവോ അതും അശുദ്ധമായിരിക്കും. അവളുടെ ശയ്യയില്‍ സ്പര്‍ശിക്കുന്നവന്‍ അടിച്ചു നനച്ചു കുളിക്കണം. എന്നാലും സായാഹ്നം വരെ അശുദ്ധനായിരിക്കും. അവളുടെ ഇരിപ്പിടത്തില്‍ സ്പര്‍ശിക്കുന്നവന്‍ അടിച്ചു നനച്ചു കുളിക്കണം . എന്നാലും സായാഹ്നം വരെ അശുദ്ധന്‍ ആയിരിക്കും.
അവളോടൊത്തു ശയിക്കുന്ന ഏതു പുരുഷനും ഏഴു ദിവസം അശുദ്ധനായിരിക്കും. അയാള്‍‍ ശയിക്കുന്ന എല്ലാ കിടക്കകളും അശുദ്ധമായിരിക്കും…. രക്തസ്രാവം നിലച്ചാല്‍ ഏഴു ദിവസം കഴിഞ്ഞു അവള്‍ ശുദ്ധയാകും. എട്ടാം ദിവസം രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളെയോ എടുത്തുകൊണ്ട് അവള്‍ സമ്മേളനക്കൂടാരത്തിന്റെ കവാടത്തില്‍ ചെന്നു അവ പുരോഹിതനെ ഏല്‍പ്പിക്കണം. അവയില്‍ ഒന്നു പാപബലിയായും മറ്റൊന്ന് ഹോമബലിയായും പുരോഹിതന്‍ അര്‍പ്പിക്കണം. പുരോഹിതന്‍ അവളുടെ സ്രാവാശുദ്ധിക്കു കര്‍ത്താവിന്റെ സന്നിധിയില്‍ പ്രായശ്ചിത്തം ചെയ്യണം.”(
ലേവ്യര്‍ ‍; 15:19-30)

ആര്‍ത്തവം എന്തോ ചീത്ത സംഗതിയാണെന്നും അക്കാലത്തു സ്ത്രീകളെ സ്പര്‍ശിച്ചവര്‍ തൌബ(പ്രായശ്ചിത്തം) ചെയ്യണമെന്നും ഖുര്‍ ആനും ഉപദേശിക്കുന്നുണ്ട്:

ആര്‍ത്തവത്തെ കുറിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക അതൊരു ചീത്ത സാധനമാണ്. അതുകൊണ്ട് ആര്‍ത്തവകാലത്ത് നിങ്ങള്‍ സ്ത്രീകളില്‍നിന്ന് അകന്നു നില്‍ക്കുക. ശുദ്ധരാകുന്നതുവരെ അവരോട് നിങ്ങള്‍ അടുത്തു പോകരുത്. … നിശ്ചയമായും അല്ലാഹു തൌബ ചെയ്യുന്നവരെയും ശുദ്ധിയുള്ളവരെയും ഇഷ്ടപ്പെടുന്നു.”(2:222)

ലോകത്തുള്ള മുഴുവന്‍ സ്ത്രീകളും മാസം തോറും അവര്‍ക്കുണ്ടാകുന്ന സ്രാവാശുദ്ധിക്കു പ്രായശ്ചിത്തമായി പ്രാവുകളെ അറുത്തു ദൈവത്തിനു ചോര കൊടുക്കണമെന്നുപദേശിക്കുന്ന ബൈബിള്‍ , ഏതു കിരാത ജനതയുടെ വേദഗ്രന്ഥമാണെന്ന് ഊഹിച്ചു നോക്കുക! തന്റെ ശരീരത്തില്‍ തന്റെതായ കുറ്റം കൊണ്ടല്ലാതെ സംഭവിക്കുന്ന ഒരു ജൈവപ്രക്രിയയ്ക്കു, സ്ത്രീ പക്ഷിക്കുരുതി നടത്തി പ്രായശ്ചിത്തം തേടണമത്രേ!

ചോരക്കൊതിയനായ ദൈവത്തിന്റെ കോപം ശമിപ്പിക്കാനുള്ള മറ്റൊരു തരം രക്ത യാഗമാണു ചേലാ കര്‍മ്മം, അഥവാ സുന്നത്ത്. യഹൂദര്‍ക്കിടയില്‍ പ്രായശ്ചിത്തബലിയായും രക്ത ശുദ്ധീകരണ യാഗമായും നിലനിന്നിരുന്ന ഒരനുഷ്ഠാനമാണിത്.
ഈജിപ്തിലേക്കുള്ള യാത്രാമധ്യേ ഒരു വഴിത്താവളത്തില്‍ വെച്ച് കര്‍ത്താവ് മോശയെ വധിക്കാന്‍ ഭാവിച്ചു. അപ്പോള്‍ സിപ്പോറ ഒരു കല്‍ച്ചീള്‍ ഏടുത്ത് തന്റെ പുത്രന്റെ അഗ്രചര്‍മ്മം മുറിച്ച് അത് മോശയുടെ പാദത്തില്‍ തൊടുവിച്ചുകൊണ്ടു പറഞ്ഞു; ‘നീ എനിക്കു രക്തമണവാളന്‍ ആകുന്നു!’ അപ്പോള്‍ അവന്‍ മോശയെ വിട്ടൊഴിഞ്ഞു. പരിച്ഛേദനം നിമിത്തം നീ എനിക്കു രക്തമണവാളന്‍ ആണ് എന്ന് അവള്‍ പറഞ്ഞത് അപ്പോള്‍ ആയിരുന്നു.”(പുറപ്പാട്;4:24-26)

കല്‍ച്ചീളുകൊണ്ട് അഗ്രചര്‍മ്മം മുറിച്ച് ദൈവകോപം ശമിപ്പിച്ചു എന്ന വിവരണം ഈ ആചാരത്തിന്റെ പഴക്കം സൂചിപ്പിക്കുന്നുണ്ട്. യഹൂദര്‍ക്കു മുമ്പു തന്നെ പ്രാചീന ഗോത്രസമൂഹങ്ങളില്‍ ഒരു രക്താഭിഷേക ബലി എന്ന നിലയില്‍ ഈ സമ്പ്രദായം ഉണ്ടായിരുന്നു. വിചിത്രമായ ഒട്ടേറെ അനുബന്ധാചാരങ്ങളും സുന്നത്തിനൊപ്പം അനുഷ്ഠിച്ചുവന്നിരുന്നു.
ആഫ്രിക്കയിലെ വക്കിക്കൂയു ഗോത്രക്കാര്‍ അഗ്രചര്‍മ്മം മുറിച്ച് തറയില്‍ കുഴിച്ചു മൂടുമായിരുന്നു. ബാരാ ഗോത്രക്കാര്‍ അതു നദിയിലെറിയുകയാണു ചെയ്തിരുന്നത്. കൂടോത്രത്തിനുപയോഗിക്കാതിരിക്കാന്‍ തുര്‍ക്കികള്‍ അഗ്രചര്‍മ്മം ആഴത്തില്‍ കുഴിച്ചു മൂടുമായിരുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ അതു കുട്ടി തന്നെ വിഴുങ്ങണമെന്നായിരുന്നു ചട്ടം! അള്‍ജിയേഴ്സിലെ അറബികള്‍ അതു തുണിയില്‍ പൊതിഞ്ഞ് മരമുകളില്‍ കെട്ടിവെക്കും. മെഡഗാസ്കറിലെ ഹോവാ വംശജര്‍ വാഴയിലയില്‍ പൊതിഞ്ഞ് പശുവിനു തിന്നാന്‍ കൊടുക്കുകയാണു ചെയ്തിരുന്നത്. വോളോഫ് ഗോത്രക്കാര്‍ക്കിടയില്‍ സുന്നത്തിനു വിധേയനായ കുട്ടി അഗ്രചര്‍മ്മം ഉണക്കി കൂടെ കൊണ്ടുനടക്കുകയായിരുന്നു പതിവ്!

പ്രാകൃതമായ അന്ധവിശ്വാസങ്ങളില്‍ വേരുറപ്പിച്ചിട്ടുള്ള രക്തപങ്കിലമായ ഒരനുഷ്ഠാനമാണു സുന്നത്ത് എന്ന കാര്യത്തില്‍ തര്‍ക്കത്തിനിടമില്ല. ഇസ്ലാം പൂര്‍വ്വ അറേബ്യയിലും സുന്നത്ത് കര്‍മ്മം ആചരിച്ചിരുന്നു. യഹൂദര്‍ക്കിടയില്‍നിന്നാണ്‍ ഇസ്ലാമിലേക്കിതു കടന്നു വന്നതെന്നും പറയപ്പെടുന്നു.

ഖുര്‍ ആനില്‍ ഇതു നിര്‍ബ്ബന്ധമാക്കുന്ന വെളിപാടുകളൊന്നും കാണുന്നില്ല. പ്രാമാണികമെന്നു വിവക്ഷിക്കപ്പെടുന്ന ഹദീസ് ഗ്രന്ഥങ്ങളിലും സുന്നത്ത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നുമില്ല. അഹ്മദുബ്നു ഹംബലും അബൂദാവൂദും ഉദ്ധരിച്ച പ്രായേണ ദുര്‍ബ്ബലമായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം:
ചേലാകര്‍മ്മം ആണുങ്ങള്‍ക്ക് ഒരു നിര്‍ബ്ബന്ധാചാരവും പെണ്ണുങ്ങല്‍ക്ക് അഭികാമ്യമായ ഒരു ഉപചാരവുമാണ് ‍”. ഈ ഹദീസിനെ അവലംബിച്ചാണ് കര്‍മ്മശാസ്ത്രപണ്ഡിതന്മാര്‍ സുന്നത്ത് നിര്‍ബ്ബന്ധമാണെന്നു വിധിച്ചിട്ടുള്ളത്.

നമ്മുടെ മതപാഠശാലകളിലെ പ്രധാന കര്‍മ്മശാസ്ത്ര; നിയമ സംഹിതയായ ‘ഫത് ഹുല്‍ മുഈന്‍ ’എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ കാണാം: –
ചേലാകര്‍മ്മം ചെയ്യാത്ത നിലയില്‍ പ്രസവിക്കപ്പെട്ട കുട്ടിയുടെ; അത് ആണായാലും പെണ്ണായാലും ശരി , ചേലാകര്‍മ്മം നടത്തേണ്ടത് നിര്‍ബ്ബന്ധമാകുന്നു. ‘ഇബ്രാഹിമിന്റെ മാര്‍ഗ്ഗത്തെ നിങ്ങള്‍ പിന്തുടരുക’ എന്ന ദിവ്യവചനമാണിതിനു ലക്ഷ്യം . ചേലാ കര്‍മ്മം ഹസ്രത്ത് ഇബ്രാഹിമിന്റെ ആചാരത്തില്‍ പെട്ടതാകുന്നു. അദ്ദേഹത്തിനു‍ 80 വയസ്സു പ്രായമുള്ളപ്പോഴാണു ചേലാ കര്‍മ്മം നടത്തപ്പെട്ടത്. ചേലാ കര്‍മ്മം പുരുഷന്മാര്‍ക്കു നിര്‍ബ്ബന്ധവും സ്ത്രീകള്‍ക്കു സുന്നത്തുമാണെന്ന് വേറൊരഭിപ്രായമുണ്ട്. മൂടിക്കിടക്കുന്ന ചര്‍മ്മം ലിംഗശിരസ്സ് വ്യക്തമാകുവോളം ഛേദിക്കുക എന്നതാണ് പുരുഷനെ സംബന്ധിച്ച നിര്‍ബ്ബന്ധചേലാകര്‍മ്മത്തിന്റെ പരിധി. മൂത്രദ്വാരത്തിനു മീതെയായി ഗുഹ്യസ്ഥാനത്തുനിന്നും കോഴിപ്പൂവിന്റെ ആകൃതിയില്‍ തുറിച്ചു നില്‍ക്കുന്ന മാംസക്കഷ്ണത്തില്‍നിന്നും ചേലാകര്‍മ്മം നിര്‍വ്വഹിക്കുന്നതിനു കണക്കാക്കിയ അംശം ഛേദിക്കുക ; അതാണു സ്ത്രീകളെ സംബന്ധിച്ചേടത്തോളം ചേലാകര്‍മ്മത്തിനുള്ള സ്ഥാനം. മേല്‍പ്പറഞ്ഞ മാംസക്കഷ്ണത്തിനു ബള്ര്‍ എന്നാണു പേര്‍.” (ഫത് ഹുല്‍ മുഈന്‍ -ഭാഗം 4 .പേ.60)

പ്രവാചകന്റെ കാലത്ത് ഈ ആചാരത്തിനു വേണ്ടത്ര പ്രാധാന്യം കല്‍പ്പിക്കപ്പെട്ടിരുന്നില്ല എന്നാണു മതപ്രമാണങ്ങളില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് . വളരെ നിസ്സാരമായ ശൌചാലയ ചിട്ടകള്‍ പോലും പരത്തിവിശദീകരിക്കുന്ന നിരവധി ഹദീസുകളും കര്‍മ്മശാസ്ത്രവിധികളും ലഭ്യമായിരിക്കെ താരതമ്യേന പ്രാധാന്യമര്‍ഹിക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്നതുമായ ഇത്തരമൊരു മതാചാരത്തിന്റെ വിശദാംശങ്ങളൊന്നും ആദ്യകാലമതഗ്രന്ഥങ്ങളില്‍ കാണുന്നില്ല എന്നതു തന്നെ , പില്‍ക്കാലത്ത് യഹൂദരുടെസ്വാധീനത്താല്‍ ഇസ്ലാമില്‍ സ്ഥാനം പിടിച്ചതാകാം ഇതെന്ന അനുമാനത്തെ സാധൂകരിക്കുന്നു.

നരബലിക്കും മൃഗബലിക്കും ന്യായീകരണം കണ്ടെത്തുന്ന മതവക്താക്കള്‍ക്ക് ലിംഗാഗ്രബലിക്കും ശാസ്ത്രീയവ്യാഖ്യാനമുണ്ട്. മനുഷ്യന്റെ ആരോഗ്യ കാര്യത്തില്‍ താല്‍പ്പര്യമുള്ളതുകൊണ്ടാണത്രേ മതം ഇങ്ങനെയൊരാചാരം നടപ്പിലാക്കിയത്! അഗ്രചര്‍മ്മത്തിനടിയില്‍ അഴുക്കുകള്‍ അടിഞ്ഞുകൂടാനിടയുണ്ടെന്നും അതു ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു കാരണമാകുമെന്നും അഗ്രചര്‍മ്മം നീക്കം ചെയ്യുക വഴി അത്തരം രോഗ ബാധകള്‍ തടയാമെന്നും മറ്റും മതപണ്ഡിതന്മാര്‍ വ്യാഖ്യാനക്കസര്‍ത്തു നടത്തുമ്പോള്‍ വിശ്വാസികള്‍ തങ്ങളുടെ മതത്തിന്റെ ‘ശാസ്ത്രീയത’യില്‍ ഊറ്റം കൊള്ളുന്നു.

സൃഷ്ടികളുടെ ആരോഗ്യപരിരക്ഷയില്‍ ബദ്ധശ്രദ്ധനായ ഒരു സ്രഷ്ടാവ് ,പ്രയോജനരഹിതവും അപകടകാരിയുമായ ഒരു അധികചര്‍മ്മം പിന്നെയെന്തിനു സൃഷ്ടിച്ചുവെച്ചുവെന്ന ന്യായമായ ചോദ്യത്തിനു പക്ഷേ ‘വിശ്വാസ’ത്തിന്റെ യുക്തിക്കു മറുപടിയില്ല. തന്റെ സൃഷ്ടിപ്പ് അന്യൂനമാണെന്നും അതില്‍ മാറ്റം വരുത്താവതല്ലെന്നും മേനി പറയുന്ന ‘ദൈവം’ ലിംഗചര്‍മ്മം ഛേദിക്കണമെന്ന ആവശ്യം ഖുര്‍ ആനില്‍ ഉന്നയിച്ചതായും കാണുന്നില്ല.

തലമുറകള്‍ കൈമാറി അനുകരിച്ചു പോരുന്ന അനുഷ്ഠാനങ്ങള്‍ക്കെല്ലാം ഒരാധുനിക യുക്തി കണ്ടെത്തുക എന്നത് അന്ധവിശ്വാസികളുടെ പതിവു രീതിയാണ്. സുന്നത്താചാരത്തിനു‍ ആധുനിക അന്ധവിശ്വാസികള്‍ നിരത്തുന്ന ന്യായീകരണങ്ങളൊന്നും തന്നെ പ്രാരംഭ കാലത്തോ ഇന്നലെ വരെയോ അതനുവര്‍ത്തിച്ചു വന്ന ആരും ചിന്തിച്ചിട്ടില്ലാത്തതാണ്. യഹൂദരുടെ ‘ഫിഖ് ഹ്’ അനുസരിച്ച് , ജീവനില്ലാതെ പിറക്കുന്ന കുട്ടിയെ അന്ത്യകര്‍മ്മങ്ങള്‍ക്കു വിധേയമാക്കും മുമ്പ് സുന്നത്ത് ചെയ്യേണ്ടതുണ്ട്. അഗ്രചര്‍മ്മമില്ലാതെ ജനിക്കുന്ന കുട്ടിയുടെ മറ്റേതെങ്കിലും ശരീരഭാഗത്ത് മുറിവുണ്ടാക്കി രക്തബലി നല്‍കേണ്ടതാണ്. ആരോഗ്യപരിപാലനത്തിനല്ല സുന്നത്ത് നടത്തിയിരുന്നതെന്ന് ഇതില്‍നിന്നും വ്യക്തമാണല്ലോ.

ഇനി ഇതാരോഗ്യപരിപാലനത്തിനാണ് ‍ അനുഷ്ഠിക്കുന്നതെന്ന് വാദത്തിനായി സമ്മതിക്കുന്നുവെന്നിരിക്കട്ടെ. എങ്കില്‍ ആര്‍ക്കാണു സുന്നത്ത് ആവശ്യമായി വരുന്നത്.? അഗ്രചര്‍മ്മത്തിനടിയിലെ അഴുക്ക് സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയാക്കാന്‍ കഴിയുംവിധം അതു വകഞ്ഞു മാറ്റാന്‍ സാധ്യമാകുന്നവര്‍ക്ക് , എന്തിനതു മുറിച്ചു മാറ്റണം? അപ്രകാരം സാധ്യമാകാത്തവര്‍ക്ക്, ചര്‍മ്മം പൂര്‍ണ്ണമായും അടിയോടെ ചെത്തി നീക്കേണ്ട ആവശ്യമെന്ത്? വളരെ ലഘുവായ ഒരു ശസ്ത്രക്രിയയിലൂടെ അഗ്രചര്‍മ്മത്തിന്റെ വിടവ് വര്‍ദ്ധിപ്പിച്ചാല്‍ പ്രശ്നം പരിഹരിക്കാവുന്നതല്ലേയുള്ളു.?
അഴുക്കു നീക്കാന്‍ അഗ്രചര്‍മ്മം മുറിച്ചു നീക്കണമെന്നു പറയുന്നവര്‍ ശാസ്ത്രീയമായ എന്തു പഠനമാണ് ഇതു സംബന്ധിച്ച് നടത്തിയിട്ടുള്ളത്? ശരീരം വൃത്തിയാക്കാന്‍ സുന്നത്ത് എന്ന ഈ പ്രാകൃതാചാരത്തിനു പകരം ശാസ്ത്രീയവും അപകടരഹിതവുമായ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലേ? അരോഗ്യ പരിപാലനത്തിന്റെ പേരു പറഞ്ഞ് സുന്നത്തിനെ ന്യായീകരിക്കുന്ന ഡോക്ടര്‍മാരെങ്കിലും ഈ ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞേ തീരൂ.

സുന്നത്തിന്റെ പേരില്‍ മുറിച്ചു നീക്കപ്പെടുന്ന ചര്‍മ്മാവരണം ,ശാരീരികമായ ധര്‍മ്മങ്ങളൊന്നും നിര്‍വ്വഹിക്കാനില്ലാത്ത , തീര്‍ത്തും അനാവശ്യമായ ഒരവയവമാണോ എന്നതാണടുത്തതായി പരിശോധിക്കേണ്ടത്. അല്ല; എന്ന് ശരീരശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ അറിയാവുന്നവര്‍ക്കൊക്കെ അറിയാം. കണ്‍പോളകള്‍ കണ്ണിനെ സംരക്ഷിക്കും പോലെ ,ലിംഗാഗ്രഭാഗത്തിന്റെ സംവേദനക്ഷമതയും മൃദുത്വവും കാത്തു സംരക്ഷിക്കുക; പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികാസ്വാദനത്തിനു സഹായിക്കുക എന്നിങ്ങനെയുള്ള പല ധര്‍മ്മങ്ങളും ലിംഗാഗ്രചര്‍മ്മത്തിനു നിര്‍വ്വഹിക്കാനുണ്ട്. രക്തക്കുഴലുകളും സംവേദനനാഡികളും ഏറെയുള്ള ചമ്മഭാഗമാണത്. . കുഞ്ഞു നാളിലേ ഇതു മുറിച്ചു മാറ്റുന്നതിനാല്‍ ലിംഗത്തിന്റെ സെന്‍സേഷന്‍ ഗണ്യമായി കുറയും. അതു ലൈംഗികാസ്വാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

കുട്ടികളെ ശാരീരികമായും മാനസികമായും വലിയ തോതില്‍ പീഡിപ്പിക്കുന്ന ഈ ആചാരം വളരെയേറെ അപകടം പിടിച്ച ഒന്നാണെന്ന കാര്യം പലരും ഓര്‍ക്കാറില്ല.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ ഇക്കാലത്ത് ഇത് ഏറെക്കുറെ അപായരഹിതമായി ചെയ്യാന്‍ കഴിയുന്നു എന്നത് ആശ്വാസകരം തന്നെ. എന്നാല്‍ വേദനസംഹാരികളും അണുബാധ തടയാനുള്ള മരുന്നുകളും മറ്റും കണ്ടു പിടിക്കുന്നതിനും മുമ്പു തന്നെ , എത്രയോ സഹസ്രാബ്ദങ്ങളായി ഈ നിഷ്ഠൂരമായ ആചാരം മനുഷ്യര്‍ അനുഷ്ഠിച്ചുവന്നിരുന്നു. ടെറ്റനസ് പോലുള്ള രോഗങ്ങള്‍ പിടിപെട്ട് ധാരാളം കുഞ്ഞുങ്ങള്‍ മരണപ്പെട്ടിട്ടുണ്ട്. അണുബാധയേറ്റ് അംഗവൈകല്യം വന്നവര്‍ അതിലേറെ. ഹീമോഫീലിയ യുള്ളവര്‍ അമിത രക്തസ്രാവം മൂലം മരിക്കുകയോ മറ്റു വിധത്തിലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിരയാവുകയോ ചെയ്തിട്ടുമുണ്ട്.

സുന്നത്തിനു ശാസ്ത്രീയവ്യാഖ്യാനം മെനയുന്നവര്‍ ഈ വക കാര്യങ്ങള്‍ വല്ലതും ആലോചിച്ചിട്ടുണ്ടോ? അഴുക്കു കഴുകിക്കളയുക എന്ന നിസ്സാരമായ ഒരാവശ്യത്തിനായി ,ആ അഴുക്കു മൂലമുണ്ടാകാനിടയുള്ള ശാരീരിക ദൂഷ്യങ്ങളുടെ പതിനായിരം മടങ്ങ് ദൂഷ്യങ്ങള്‍ വരുത്തിവെക്കാവുന്ന ഒരത്യാചാരം മനുഷ്യരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ മാത്രം ബുദ്ധിശൂന്യന്യും വിവരദോഷിയുമാണോ ദൈവം? കണ്ണുകള്‍ വൃത്തിയാക്കാന്‍ കണ്‍പോളകള്‍ മുറിച്ചു കളയണമെന്ന മൌഡ്യം അംഗീകരിക്കാനാവുമോ? പല്ലുകള്‍ക്കിടയില്‍ അഴുക്കു കെട്ടിക്കിടന്നാല്‍ ദന്തക്ഷയവും വേദനയുമുണ്ടാകുമെന്നതിനാല്‍ പല്ലുകളെല്ലാം കിളിര്‍ത്തു വരുമ്പഴേ പറിച്ചുകളയണമെന്നാരെങ്കിലും പറഞ്ഞാല്‍ അതും ശാസ്ത്രീയമാകുമോ? ആമസോണ്‍ പ്രദേശത്തെ ചില ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പെണ്‍കുട്ടികളുടെ മുലയും മുലക്കണ്ണും മുറിക്കുന്ന ഒരാചാരമുണ്ടത്രേ. ! അതുപോലൊന്ന് ഇസ്ലാമിലുണ്ടായിരുന്നെങ്കില്‍ ലോകത്തേറ്റവും ശാസ്ത്രീയമായ മതം തങ്ങളുടേതാണെന്നു വാദിക്കാന്‍ , നമ്മുടെ മുസ്ലിം ബുദ്ധിജീവികള്‍ അതും ആയുധമാക്കിയേനെ! കാരണം ക്യാന്‍സര്‍ രോഗം ഏറ്റവുമധികം പിടിപെടുന്നത് സ്തനങ്ങളിലാണല്ലോ. സ്തനം മുറിച്ചു കളയുന്നത് ക്യാന്‍സര്‍ തടയാനാണെന്ന വ്യാഖ്യാനം എന്തായാലും ആമസോണിലെ ആദിവാസികള്‍ ഉന്നയിച്ചിരിക്കാനിടയില്ല. അവര്‍ക്കതിനുള്ള ശാസ്ത്രവിജ്ഞാനമില്ലല്ലോ!!!

{അടുത്ത ഭാഗം: “ പെണ്‍കുട്ടികളുടെ സുന്നത്ത്” ഉടനെ…!)

Leave a Reply

Your email address will not be published. Required fields are marked *