September 1, 2025
Islam

മഹല്ലുകമ്മിറ്റിയുടെ ഊരുവിലക്ക്

 എൻ്റെ സ്വന്തം അനുഭവം മുമ്പു പറഞ്ഞതാണെങ്കിലും ആവർത്തിക്കുന്നു. ബാപ്പ മരിച്ചതിനു പിറ്റേന്നു മഹല്ലുകമ്മിറ്റി കൂടി എനിക്കെതിരെ ഊരുവിലക്കു തീരുമാനിച്ചു,തീരുമാനം അറിയിക്കാൻ വീട്ടിലെത്തിയ കമ്മിറ്റി പ്രതിനിധികൾ എൻ്റെ ഉമ്മയോടു മകൻ വേണോ ദീൻ വേണോ എന്ന ചോദ്യമുയർത്തി. ദീൻ വേണമെങ്കിൽ ഈ മകനെ ഉപേക്ഷിച്ചു മറ്റേ മകൻ്റെ വീട്ടിലേക്കു പോണം . അല്ലെങ്കിൽ മരിച്ചാൽ മയ്യത്ത് പള്ളിയിലേക്കെടുക്കില്ല എന്നായിരുന്നു ഭീഷണി. മകനെ ഉപേക്ഷിച്ചിട്ടുള്ള ദീനൊന്നും എനിക്കു വേണ്ട എന്ന ധീരമായ നിലപാടായിരുന്നു ഉമ്മ അവരെ അറിയിച്ചത് . അക്ഷരാർത്ഥത്തിൽ കണ്ടം വഴി ഓടിയ കമ്മിറ്റിക്കാർ നേരെ എനിക്കു സാധനങ്ങൾ വിൽക്കുന്ന അലവിക്കാക്കാൻ്റെ പീടികയിൽ പോയി എനിക്കു സാധനങ്ങൾ വിൽക്കരുത് എന്നും പള്ളിക്കമ്മിറ്റി തീരുമാനമാണെന്നും അറിയിച്ചു. ശമ്പളദിവസം തന്നെ ഒരു നയാപൈസ ബാക്കി വെക്കാതെ പറ്റു തീർക്കുന്ന ഒരാളേ ഉള്ളു. അതു ജബ്ബാർമാഷാണു എനിക്കയാളെ ഒഴിവാക്കനൊന്നും പറ്റൂല, അയാളുടെ വിശ്വാസവും രാഷ്ട്രീയവും എനിക്കു നോക്കേണ്ടതില്ല, ഇതായിരുന്നു അലവിക്കാക്കാൻ്റെ പ്രതികരണം. മറ്റൊരു തമാശ കൂടി നടന്നു. കമ്മിറ്റി പ്രതിനിധികളായി വന്ന രണ്ടു മഹാന്മാർ അലവികാക്കാക്കു പഴയ കടം വീട്ടാനുള്ളവരൂമായിരുന്നു. അവരോടോയി അദ്ദേഹം ഇങ്ങനെയും പറഞ്ഞു: ഇജ്ജ് ദീൻ നന്നാക്കാൻ ഉപദേശിക്കും മുമ്പ് എനിക്കു തരാനുള്ള കാശ് തന്നു തീർക്ക് ! അതോടെ കുടുംബവിലക്കും ഊരുവിലക്കും കാറ്റായിപ്പോയി. ഇവിടെ എൻ്റെ ഉമ്മാക്കും ആ പാവം അലവിക്കാക്കാകും മിതമായ അളവിൽ ദീനും വിശ്വാസവുമൊക്കെ ഉണ്ടായിരുന്നെങ്കിലും കുർ ആനും ഹദീസും ആഴത്തിൽ വെട്ടി വിഴുങ്ങിയ മുന്തിയതരം ദീനീബോധം ഇല്ലായിരുന്നു. അതുകൊണ്ടാണു ഞാനന്നു വിലക്കിൽ നിന്നും രക്ഷ്പെട്ടത്. ഇനി എൻ്റെ തന്നെ ഒരു ബന്ധുവിൻ്റെ അനുഭവം പറയാം. ഡയറ്റ് അധ്യാപകനായ അദ്ദേഹം ഒരു ക്രിസ്ത്യാനിപ്പെണ്ണിനെ സ്നേഹിച്ചു ദീനില്ലാതെ കല്യാണം കഴിച്ചു. അദ്ദേഹത്തിൻ്റെ കുടുംബം കുറച്ചു കടുപ്പമുള്ള ദീനികളായിരുന്നു ജമാ അത്ത് അനുഭാവികൾ . മരുമകളെ ദീനിൽ കൂട്ടി വന്നാലേ കുടുംബം സ്വീകരിക്കൂ എന്ന നിലപാടിൽ അവരിന്നും ഉറച്ചു നിൽക്കുന്നു. വർഷങ്ങൾ അനവധി കഴിഞ്ഞു. മതമില്ലാതെ അവർക്കു ജനിച്ച രണ്ടു മക്കളും വളർന്നു വലുതായി. അദ്ദേഹം ദൈവവിശ്വാസിയല്ലാത്തതിനാൽ ആ കുടുംബം മതമില്ലാതെ സന്തോഷമായി കഴിയുന്നു. കല്യാണം കഴിഞ്ഞ ഉടൻ ക്രിസ്തുമതവിശ്വാസികളായ ഭാര്യവീട്ടുകാർ അവരെ സ്വീകരിച്ചു. ഇന്നു വരെ മരുമകനോടു ക്രിസ്തുമതം സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടില്ല. ആ കുടുംബ ബന്ധം ഊഷ്മളമായി ഇന്നും നില നിൽക്കുന്നു. ഇനി ഇന്നലെ ഉണ്ടായ ഒരു അനുഭവം കൂടി പറയാം. ഈയിടെയായി മുർതദ്ദായ ഒരു ചെറുപ്പക്കാരൻ . അദ്ദേഹത്തിൻ്റെ മൂന്നു സഹോദരന്മാരും സുഡാപ്പി സംഘടനയുടെ ജില്ലാ സംസ്ഥാന നേതാക്കളും ദീനീപ്രസംഗത്തിനു പോകുന്നവരുമാണു. അവർ അടുത്ത ദിവസം കുടുംബ യോഗം ചേർന്നു മർതദ്ദായ സഹോദരനെ കുടുംബത്തിൽ നിന്നും പുറത്താക്കാനും കടുത്ത തുടർനടപടികൾസ്വീകരിക്കാനും തീരുമാനിച്ചു. ആദ്യം ഉമ്മയെ ബോധവൽക്കരിച്ചു മകനെ ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. . ഉമ്മാക്കു പിന്നെ ഊണുമില്ല ഉറക്കവുമില്ല. അർദ്ധരാത്രി വിളിച്ച് ഉമ്മ മകനോടു കരഞ്ഞപേക്ഷിക്കുന്നു. സഹോദരന്മാരുടെ ഡിമാൻ്റ് ഉമ്മ മകനെ അറിയിക്കുന്നു. അവനു വിശ്വാസമില്ലെങ്കിൽ വേണ്ട , അവൻ ഫൈസ് ബുക്കിലും വാട്സപ്പിലുമൊക്കെ ദീനിനെതിരെ സംസാരിക്കുന്ന പണി തുടങ്ങീട്ടുണ്ട് അതു നിർത്തണം .ഇല്ലെങ്കിൽ… ! ഇതു പറഞ്ഞ് അർദ്ധരാത്രി 2 മണിക്കു ഉമ്മ മകനെ വിളിച്ചു കരയുന്നു. ആ മകൻ രാവിലെ എന്നെ വിളിച്ചു ഇതാണു അവസ്ഥ എന്ന് അറിയിക്കുന്നു. മതം ഉപ്പേക്ഷിക്കൂ മനുഷ്യരാകൂ എന്ന വാക്യം കണ്ടു കുരു പൊട്ടി അപ്പൊ ഞങ്ങൾ മതവിശ്വാസികളൊന്നും മനുഷ്യരല്ലേ? എന്നു ചോദിക്കുന്ന ദീനികളോട്: മനുഷ്യനിൽനിന്നും മനുഷ്യത്വം ഊറ്റിക്കളയുന്ന നിങ്ങളുടെ മതം മനുഷ്യനെ സൃഷ്ടിക്കുന്നുവോ അതോ പിശാചിനെ സൃഷ്ടിക്കുന്നുവോ? ഇതാണു മതം എങ്കിൽ ഈ മതം ഉപേക്ഷിക്കാതെ മനുഷ്യനാവുമോ? നിങ്ങൾ തന്നെ പറയൂ ! ഇതാ ഇത്രയും എഴുതിക്കഴഞ്ഞപ്പോൾ വീണ്ടും ആ സുഹൃത്തിൻ്റെ കാൾ വന്നു. ഇന്നത്തെ വിശേഷങ്ങൾ കുറെ പറഞ്ഞു. ഉമ്മ ഇന്നലെ രാത്രിയും വിളിച്ചു, മോനേ ഞാൻ മരിച്ചെന്നോ എനിക്കു സുഖമില്ലെന്നോ ഒക്കെ പറഞ്ഞ് ആരെങ്കിലും വിളിച്ചാൽ നീ അവർ പറയുന്നേടത്തേക്കൊന്നും പോകല്ലേ? എനിക്കാകെ ഭയമാകുന്നു. ആ ചേകനൂർ മൗലവിയുടെ കാര്യമൊക്കെ ഓർത്തിട്ട് എനിക്ക് ഉറക്കമില്ല…” തുടങ്ങി ഉമ്മ പറഞ്ഞ മറ്റു വിശേഷങ്ങൾ കുറെ പറഞ്ഞു. എല്ലാം തൽക്കാലം ഞാനിവിടെ പറയുന്നില്ല. മറ്റൊരു വിശേഷം കൂടി അദ്ദേഹം പറഞ്ഞത് ഇന്നലെ ചില ബന്ധുക്കൾ അദ്ദേഹത്തെ കാണാൻ വന്നു ബിസിനസുമായി ബന്ധപ്പെട്ട ഇടപാടുകൾ തീർക്കാനായിരുന്നു വന്നത്. അതായതു ബന്ധം മുറിക്കൽ ഏതാണ്ടു പൂർത്തിയായി എന്നു സാരം. ! ആറാം നൂറ്റാണ്ടിൽ അരേബ്യൻ മരുഭൂമിയിൽ ജീവിച്ച ഒരു നാടോടിക്കുണ്ടായ മാനസിക വിഭ്രാന്തി ഇന്നും ലോകമാകെ മനുഷ്യനെ മനുഷ്യനല്ലാതാക്കിക്കൊണ്ടിരിക്കുന്നു എന്നതിൻ്റെ നേർസാക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *