ലോകമെമ്പാടുമുള്ള മുസ്ലിം ജനതയുടെ അടിസ്ഥാന വിശ്വാസപ്രമാണമാണ് ഖുര്‍ ആന്‍ .ദൈവം തന്റെ അവസാനത്തെ ദൂതനായ മുഹമ്മദ് മുഖേന മനുഷ്യരാശിക്കെത്തിച്ചു കൊടുത്ത സമ്പൂര്‍ണവേദഗ്രന്ഥം! അതു ലോകാവസാനം വരെ കുത്തോ കോമയോ മാറ്റാതെ പിന്തുടരാന്‍ എല്ലാ മനുഷ്യര്‍ക്കും ബാധ്യതയുണ്ട്. ശുദ്ധമായ അറബിഭാഷയിലാണതു രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും അതൊക്കെത്തന്നെയാണു താനും.
ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6000ത്തില്പരം വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം.അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു. നിസ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേറ്‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.
ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കാം. ഇസ്ലാം സമാധാന ത്തിന്റെ മതമോ അതോ അക്രമത്തിന്റെ മതമോ?; ഇക്കാലത്തു ലോകത്താകെയും പ്രത്യേകിച്ചു പാശ്ചാത്യ ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിലൊന്നാണിത്. സെപ്തംബര്‍ 11 ന്റെ ആക്രമണത്തെ തുടര്‍ന്നു ഇസ്ലാമും അതിന്റെ പ്രവാചകനും ഭീകരവാദമാണു ലോകത്തിനു സംഭാവന ചെയ്തത് എന്ന മട്ടില്‍ വന്‍ തോതിലുള്ള പ്രചാരണമാണു നടക്കുന്നത്. ഇസ്ലാം വിരുദ്ധ പ്രചരണം ലക്ഷ്യമാക്കി നിരവധി വെബ്സൈറ്റുകളും പുസ്തകങ്ങളും അടുത്ത കാലത്തു രംഗത്തു വന്നിട്ടുണ്ട്. അതേ സമയം ഇസ്ലാം സമാധാനമാണു ആഗ്രഹിക്കുന്നതെന്ന് മിതവാദികളായ മുസ്ലിംകളും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു. കൌതുകകരമായ വസ്തുത രണ്ടുവിഭാഗവും മുഖ്യാവലംബമാക്കുന്നത് ഖുര്‍ ആന്‍ തന്നെ എന്നതാണ്!
സമാധാനവാദികള്‍ സാധാരണ ഉദ്ധരിക്കാറുള്ള ചില സൂക്തങ്ങള്‍ ഇവയാണ്:
1:“ മതത്തില്‍ ബലപ്രയോഗം പാടില്ല; (16:125)“
2:“ നിങ്ങള്‍ക്കു നിങ്ങളുടെ മതം, ഞങ്ങള്‍ക്കു ഞങ്ങളുടെ മതം;(109:6)“
3: “ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല;(2:272)“
4:“ യുക്തിപൂര്‍വമായ സംവാദങ്ങളിലേര്‍പ്പെടുകയാണു വേണ്ടത്;(16:125)“
5:“ ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“
6:“ വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല;(2:62)“
മതത്തിനു ഭീകരവാദപരമായ വ്യാഖ്യാനം നല്‍കി അക്രമത്തിനു പ്രോത്സാഹനം കൊടുക്കുന്നവര്‍ക്കും അവലംബം ഖുര്‍ ആന്‍ തന്നെ!
1: “അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്ത ,സത്യമതത്തെ സ്വന്തം മതമായി സ്വീകരിക്കാത്ത,വേദക്കാരോട് യുദ്ധം ചെയ്യുവീന്‍ . അവര്‍ വിനയപുരസ്സരം കീഴടങ്ങിക്കൊണ്ട് സ്വന്തം കരങ്ങളാല്‍ ജിസ് യ നല്‍കുന്നതു വരെ അവരോട് യുദ്ധം ചെയ്യുവീന്‍ .” (9:29)
2: “ഫിത്ന അവസാനിക്കുകയും ദീന്‍ പൂര്‍ണമായും അല്ലാഹുവിന്റെതാവുകയും ചെയ്യും വരെയും അവിശ്വാസികളോട് യുദ്ധം ചെയ്യുക”.(8:39)
3:“അല്ലയോ വിശ്വാസികളേ നിങ്ങളുടെ അയല്‍ക്കാരായ കാഫിറുകളോട് യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ പരുക്കന്‍ സ്വഭാവം കാണട്ടെ”(9:123)
4:“അല്ലയോ വിശ്വാസികളേ ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ കൂട്ടുകാരാക്കരുത്.നിങ്ങളിലൊരുവന്‍ അവരെ കൂട്ടുകാരാക്കിയാല്‍ അവനും അവരില്‍ പെട്ടവനായി കണക്കാക്കപ്പെടും.”(5:51)
5:“മുശ്രിക്കുകള്‍ അശുദ്ധരാണ്.”(9:28)
6;സ്വന്തം മാതാപിതാക്കളോ സഹോദരങ്ങളോ വിശ്വാസം സ്വീകരിക്കുന്നില്ലെങ്കില്‍ അവരുമായുള്ള ബന്ധം ഉപേക്ഷിക്കുക”(9:23)
ഇവിടഫിത്ന
എന്നതിനു കുഴപ്പം, മര്‍ദ്ദനം എന്നൊക്കെയാണ് സമാധാനവാദികള്‍ ഇക്കാലത്ത് അര്‍ഥം കൊടുക്കുന്നത്. എന്നാല്‍ മൌദൂദിയെപ്പോലുള്ള ഭീകരവാദികള്‍ ഫിത്ന
ക്ക് അനിസ്ലാമിക ഭരണം എന്നും അവിശ്വാസം എന്നുമൊക്കെയാണ് അര്‍ഥം നല്‍കിയിട്ടുള്ളത്. ലോകം മുഴുവന്‍ ഇസ്ലാമിക ഭരണം സ്ഥാപിതമാകും വരെ യുദ്ധം മാത്രമാണു മുസ്ലിങ്ങളുടെ കടമ എന്നവര്‍ സിദ്ധാന്തിക്കുന്നു.
ചേകനൂര്‍ മൌലവിയെ പോലുള്ള മനുഷ്യസ്നേഹികള്‍ ഇതേ ഖുര്‍ ആന്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും വാദിക്കുന്നു!