ശിര്‍ക്കില്‍ മുങ്ങിയ തൌഹീദ്!!

ലാത്തമനാത്തദൈവങ്ങളെ അംഗീകരിക്കുന്ന വെളിപാട് പിശാചിന്റേതാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞതിനാല്‍ ഖുര്‍ ആനില്‍ നിന്നും ഒഴിവാക്കി പകരം വേറെ ആയത്തിറക്കുകയുണ്ടായല്ലോ. എന്നാല്‍ നബിക്കോ അല്ലാഹുവിനോ തിരിച്ചറിയാനും തിരുത്താനും സാധിക്കാതെ പോയ നിരവധി പൈശാചിക വചനങ്ങള്‍അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ ഇനിയുമുണ്ടെന്നു ന്യായമായും കരുതാം. ഇതാ ഒരുദാഹരണം:-
“നിശ്ചയം സഫായും മര്‍വായും അല്ലാഹുവിന്റെ പ്രതീകങ്ങള്‍ തന്നെ. അതിനാല്‍ അവയെ തവാഫ് ചെയ്യുന്നതില്‍ തെറ്റില്ല.”[2:158]
ശിര്‍ക് ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ആട്ടിയോടിക്കപ്പെട്ടവനാണല്ലോ ഇബ് ലീസ്. ഇറങ്ങിപ്പോരുമ്പോള്‍ ഇബ് ലീസ് ദൈവത്തോട് പറഞ്ഞത് “എന്നോട് ചെയ്ത ചതിക്കു ഞാന്‍ പകരം വീട്ടും.” എന്നാണ്.. മനുഷ്യരെക്കൊണ്ട് ശിര്‍ക് ചെയ്യിക്കാന്‍ പിശാച് തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. അതു ചെയ്തിട്ടുണ്ടെന്നു തന്നെയാണ് ഖുറ് ആനിലെ നിരവധി വചനങ്ങളും മുസ്ലിംങ്ങളുടെ പല ചെയ്തികളും വ്യക്തമാക്കുന്നത്.
ബിംബാരാധന തെറ്റാണെന്ന് സ്വന്തം അനുയായികളെ പഠിപ്പിച്ച പ്രവാചകന്‍ ഒടുവില്‍ തന്റെ സമുദായത്തെ വിഗ്രഹാരാധനയുടെ ചളിക്കുണ്ടിലേക്കു തന്നെ ആഴ്ത്തി വിട്ടതെന്തുകൊണ്ടാണെന്ന കാര്യം ഇസ്ലാമിക ചിന്തകരെത്തന്നെ ഒരുപാട് ആശയക്കുഴപ്പത്തിലാക്കിയ സംഗതിയാണ്. മക്ക തനിക്കു കീഴടങ്ങിയതോടെ മുഹമ്മദിന്റെ വിഗ്രഹവിരോധം പമ്പ കടന്നു!
ഹജ്ജ് എന്ന പേരില്‍ അവിടെ നടന്നു വന്ന പ്രാകൃതാചാരങ്ങളെല്ലാം നില നിര്‍ത്താന്‍ മുഹമ്മദ് ഉത്തരവിടുകയായിരുന്നു. ഇത് അദ്ദേഹത്തിന്റെ അന്നത്തെ അനുയായികളെപ്പോലും അമ്പരപ്പിച്ചതായി വ്യാഖ്യാതാക്കളും ചരിത്രകാരന്മാരും പറയുന്നു. മേല്‍ ഉദ്ധരിച്ച ഖുര്‍ ആന്‍ വാക്യത്തിന് കെ വി മുഹമ്മദ് മുസ്ലിയാര്‍ നല്‍കുന്ന വിശദീകരണം കാണുക:
“ഇസ്ലാമിന്റെ ആരംഭകാലത്ത് മുശ്രിക്കുകള്‍ ആ രണ്ടു പര്‍വ്വതങ്ങളിലും ഓരോ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് അവയെ പ്രദക്ഷിണം ചെയ്യുകയും ആരാധിക്കുകയും ചെയ്തു വന്നിരുന്നു. എന്നാല്‍ ഇസ്ലാം വരികയും വിഗ്രഹങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ചെയ്ത ശേഷവും ആ പര്‍വ്വതങ്ങളെ പ്രദക്ഷിണം ചെയ്യുവാന്‍ മുസ്ലിംങ്ങള്‍ക്കു വെറുപ്പു തോന്നി. കാരണം ബിംബങ്ങളോടും അവയോടു ബന്ധപ്പെട്ട പശ്ചാത്തലങ്ങളോടും ജനമനസ്സുകളില്‍ ഇസ്ലാമുണ്ടാക്കിയ പരിവര്‍ത്തനം അത്രമാത്രം ഉഗ്രവും അഗാധവുമായിരുന്നു. അക്കാരണത്താല്‍ സഫാമര്‍വയെ ഇനിയും പ്രദക്ഷിണം ചെയ്യുന്നതില്‍ തങ്ങള്‍ക്ക്ക്കുള്ള മനപ്രയാസം നബിയോടവര്‍ പറയുകയും ചെയ്തു. അപ്പോഴായിരുന്നു അവ രണ്ടും അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതായിരിക്കയാല്‍ അവയെ ത്വവാഫ് ചെയ്യല്‍ കുറ്റമല്ല എന്നു അല്ലാഹു ഉണര്‍ത്തിയത്.”
ഹജ്ജ് എന്ന പ്രാകൃതവും മൂഡവുമായ ജാഹിലിയ്യ ആചാരം ഇസ്ലാമില്‍ നിലനിര്‍ത്തിയതിന്റെ പിന്നില്‍ പിശാചിന്റെ കൈകള്‍ പ്രവര്‍ത്തിച്ചിരിക്കാന്‍ സാധ്യതയില്ലേ? ഈ ആയത്തുള്‍പ്പെടെ വിഗ്രഹാരാധനക്കു പ്രേരകമായ പല വെളിപാടുകളും പിശാചിന്റെതാകാന്‍ ഇടയില്ലേ? എന്തൊക്കെയാണ് ഹജ്ജിന്റെ പേരില്‍ അവിടെ നടക്കുന്നത്? കല്ലിനെ ചുറ്റുക, കല്ലിനെ ചുംബിക്കുക, കല്ലിനെ കല്ലെറിയുക,തല മൊട്ടയടിക്കുക, ഒട്ടകങ്ങളെ ബലിയറുക്കുക എന്നിങ്ങനെ അറബിനാടോടികളുടെ എല്ലാ അനാചാരങ്ങളും ഇതിന്റെ ചടങ്ങുകളായി നടക്കുന്നു. ഹിന്ദുക്കളും മറ്റും അവരുടെ പ്രാര്‍ഥനയ്ക്കു മാത്രമേ വിഗ്രഹങ്ങളെ പരിഗണിക്കാറുള്ളൂ. മുസ്ലിംങ്ങള്‍ മലമൂത്രവിസര്‍ജ്ജനം നടത്തുമ്പോള്‍ പോലും ഈ വിഗ്രഹങ്ങളുടെ പരിശുദ്ദി കാക്കുന്നു!! അതേ സമയം തഞ്ചം കിട്ടുമ്പോഴൊക്കെ മറ്റുള്ളവരെ വിഗ്രഹാരാധകര്‍ എന്നു കളിയാക്കുകയും ചെയ്യും!
“നീ വെറും കല്ലു മാത്രമാണ്. നബി നിന്നെ ചുംബിക്കുന്നതു കണ്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ തിരിഞ്ഞു നോക്കില്ലായിരുന്നു” എന്ന് ഉമര്‍ കാബയിലെ കല്ലിനെ നോക്കി പ്പറഞ്ഞതായി ഹദീസിലുണ്ട്. നബിയെത്തന്നെ കല്ലാരാധനയിലകപ്പെടുത്തി ,മുസ്ലിം സമൂഹത്തെ കാലാകാലം ശിര്‍ക്കില്‍ കുരുക്കിയിടാന്‍ പിശാചിനു കഴിഞ്ഞു! കാബ എന്ന കല്‍മണ്ഡപം കൊല്ലം തോറും പുണ്യജലം കൊണ്ടു സ്നാനം ചെയ്യിക്കാറുണ്ട്. അതില്‍ തൂക്കിയിടുന്ന ഖില്ല [കര്‍ട്ടണ്‍ ] വര്‍ഷം തോറും മാ‍റ്റിപ്പണിയുകയും പഴയ തുണി കഷ്ണങ്ങളാക്കി ഭക്തജനങ്ങള്‍ക്കു വീതിച്ചു കോടുക്കുകയും ചെയ്യാറുണ്ടത്രേ. ആ തുണിക്കഷ്ണം ആളുകള്‍ ഭക്തി പുരസ്സരം സൂക്ഷിച്ചു വെക്കുന്നു.!
ഇസ്ലാം വിഗ്രഹാരാധനയില്ലാ‍ത്ത മതമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *