പ്രവാചകത്വം പരീക്ഷിക്കപ്പെടുന്നു!

പൂര്‍വ്വ വേദങ്ങളിലെ കാര്യങ്ങളെല്ലാം അല്ലാഹു തനിക്കറിയിച്ചു തരുന്നു എന്നായിരുന്നു മുഹമ്മദിന്റെ അവകാശവാദം. ഇതൊന്നു പരീക്ഷിക്കാനായി ജൂതന്മാരുടെ നിര്‍ദ്ദേശപ്രകാരം മുശ്രിക്കുകള്‍ നബിയോട് ചില ചോദ്യങ്ങല്‍ ചോദിച്ചു. ഗുഹാവാസികള്‍ എത്ര പേരായിരുന്നു എന്നതായിരുന്നു ഒരു ചോദ്യം. ഇതിനെക്കുറിച്ച് ഒന്നും അറിയാത്ത നബി പെട്ടെന്നു പതറിപ്പോയി. നാളെപ്പറയാം എന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറി. ദിവസങ്ങളും ആഴ്ച്ചകളും കഴിഞ്ഞിട്ടും കഥയുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും ശത്രുക്കള്‍ പരിഹാസം ശക്തമാക്കി.

നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ കിട്ടിയ ഊഹാപോഹങ്ങള്‍ വെച്ച് ഒരു വെളിപാട് അവതരിപ്പിച്ചു:

ഗുഹാവാസികള്‍ മൂന്നു പേരാണ്,നാലാമത്തേത് അവരുടെ നായയും എന്നു ചിലര്‍ പറയുന്നു. അവര്‍ അഞ്ചു പേരാണെന്നും ആറാമത്തേത് നായയുമാണെന്നാണു മറ്റു ചിലരുടെ വാദം. അദൃശ്യ കാര്യങ്ങളില്‍ ഊഹിച്ചു പറയുക മാത്രമാണവര്‍ .ഏഴു പേരാണെന്നും എട്ടാമത്തേത് നായയാണന്നുമാണു വേറെ ചിലരുടെ ഭാഷ്യം. പറയുക : എന്റെ റബ്ബ് അവരുടെ എണ്ണത്തെ ക്കുറിച്ച് നല്ല പോലെ അറിവുള്ളവനാകുന്നു. അല്പം ചിലര്‍ക്കല്ലാതെ അവരെകുറിച്ച് അറിവില്ല. അതുകൊണ്ട് അവരുടെ കാര്യത്തില്‍ താങ്കള്‍ തര്‍ക്കിക്കാന്‍ പോകണ്ട. ജനങ്ങളില്‍ ആരോടും അതിനെകുറിച്ച് അന്യേഷിക്കാനും പോകണ്ട.”[18-22]
ഗുഹാവാസിക്കഥയുടെ വിശദാംശങ്ങള്‍ തേടി ഒരുപാട് അലഞ്ഞെങ്കിലും ആരില്‍നിന്നും വേണ്ടത്ര വിവരങ്ങള്‍ ലഭിച്ചില്ല എന്ന് ഈ വെളിപാടില്‍നിന്നും സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. അദൃശ്യലോകത്തുനിന്ന് ജ്ഞാനം ലഭിക്കുന്നു എന്ന അവകാശവാദം പൊള്ളയാണെന്നു വ്യക്തമായതോടെ എതിരാളികള്‍ നബിയെ വീണ്ടും കളിയാക്കി. മറുപടിയായി നബി പിന്നീടു കണ്ടെത്തിയ മുറിന്യായം അതിലും വിചിത്രമായിരുന്നു.:

ഒരു കാര്യത്തെ സംബന്ധിച്ചും നാളെ ഞാനതു ചെയ്യുമെന്ന് `ഇന്‍ശാ അല്ലാ` എന്നു ചേര്‍ത്തുകൊണ്ടല്ലാതെ താങ്കളൊരിക്കലും പറഞ്ഞു പോകരുത് . .” [18-23]
ഇതിന്റെ വ്യാഖ്യാനം കാണുക: “ആത്മാവ് ,ദുല്‍കര്‍ നൈന്‍, ഗുഹാവാസികള്‍ എന്നിവ സംബന്ധിച്ച് യഹൂദികളുടെ നിര്‍ദ്ദേശപ്രകാരം ഖുറൈശികള്‍ ചോദിച്ചപ്പോള്‍ നാളെ വരൂ അപ്പോള്‍ പറയാം എന്ന് നബി ഉത്തരം നല്‍കി.. ഇന്‍ശാ അല്ലാ[അല്ലാഹു ഉദ്ദേശിച്ചാല്‍] എന്നു പറഞ്ഞില്ല. പിന്നീട് വഹ്യ് വരാന്‍ കുറെ താമസിച്ചു….നാളെ മറുപടി തരാമെന്ന് പറഞ്ഞിട്ട് ദിവസങ്ങളോളം അതിനു കഴിയാതെ വന്നപ്പോള്‍ ഖുറൈശികള്‍ അതൊരു സുവര്‍ണ്ണാവസരമായി കണ്ട് നബിയെ കളിയാക്കി. മുഹമ്മദിന്റെ റബ്ബ് കോപിക്കുകയും കൈ വെടിയുകയും ചെയ്തിരിക്കുന്നു എന്നവര്‍ തട്ടിവിട്ടു. തിരുമേനിക്ക് ഇതു വളരെ പ്രയാസകരമായി തോന്നി . തത്സമയത്താണ് ഈ സൂക്തം അവതരിച്ചത്.”[വിശുദ്ധ ഖുര്‍ ആന്‍ വ്യാഖ്യാനം.പേ.343 വോ.3] ഇന്‍ശാ അല്ലാ എന്നു പറയാത്തതിനാല്‍ ജിബ്രീല്‍ പിണങ്ങിപ്പോയി എന്ന വാദം പരിഹാസത്തിനാക്കം കൂട്ടാനേ ഉതകൂ എന്ന് പോലും ചിന്തിക്കാന്‍ ദൈവത്തിനു കഴിഞ്ഞില്ല.!

ശത്രുക്കളുടെ മുമ്പില്‍ അപമാനിതനായി ആത്മഹത്യക്കൊരുങ്ങിയ ദൂതനെ ഇതുപോലൊരു നിര്‍ണായക ഘട്ടത്തില്‍ നിസ്സാരമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് ദൈവം ചതിക്കാന്‍ ശ്രമിച്ചു എന്നാണോ നാം വിശ്വസിക്കേണ്ടത്.? അദൃശ്യന്ജ്ഞാനം പരീക്ഷിക്കാന്‍ ചോദ്യമുന്നയിച്ചവരോട് നാളെപ്പറയാം എന്ന് ഒഴിവുകഴിവു പറയാന്‍ ദൈവം ഇട വരുത്തിയതെന്തിന്‍? ചോദിച്ച ഉടനെ വെളിപാട് ഇറക്കി മറുപടി നല്‍കിയിരുന്നെങ്കില്‍ അല്ലാഹുവിനും ദൂതനും ഈ അപമാനം നേരിടേണ്ടി വരുമായിരുന്നോ?‍
പ്രപഞ്ചം സൃഷ്ടിക്കും മുന്‍പേ എഴുതപ്പെട്ട ഒരു മഹാ ഫലകത്തിലെ ദിവ്യ സൂക്തങ്ങളാണു ഖുര്‍ ആന്‍ എങ്കില്‍ ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍ പ്രചരിച്ചിരുന്ന ഒരു യക്ഷിക്കഥയ്ക്ക് അതില്‍ എന്താണു പ്രസക്തി?

200 വര്‍ഷം ഏതോ ഒരു മടയില്‍ ഒരു പട്ടിയോടൊപ്പം ഉറങ്ങിക്കിടന്ന ഏതാനും ചെറുപ്പക്കാരുടെ കഥ അല്ലാഹുവിന്റെ കിതാബില്‍ സ്ഥാനം പിടിച്ചത് പ്രസ്തുത രാക്കഥ സത്യമാണെന്നു വിശ്വസിച്ചിരുന്ന ജാഹിലിയ്യാ അറബികള്‍ പ്രവാചകനെ പരീക്ഷിക്കാന്‍ ചോദ്യം ഉന്നയിച്ചതുകൊണ്ടാണല്ലോ. എത്ര പേരാണാ പട്ടിയോടൊപ്പമുണ്ടായിരുന്നതെന്ന കാര്യം ലൌഹുല്‍ മഹ്ഫൂളില്‍ എഴുതി വെക്കാന്‍ അല്ലാഹു മറന്നു പോയതായിരിക്കാം! ഖുറൈശികള്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ച് തന്റെ അന്ത്യ ദൂതനെ വെള്ളം കുടിപ്പിക്കാനിടയുണ്ടെന്നു മുന്‍ കൂട്ടി അറിയാന്‍ പാവം അല്ലാഹുവിനു കഴിഞ്ഞില്ല.!!

അഞ്ചാം നൂറ്റാണ്ടിലെ ഒരു സിറിയന്‍ ബിഷപ്പാണ് ഈ കെട്ടുകഥയുടെ ഉപജ്ഞാതാവ് എന്നു പറയപ്പെടുന്നു. ഡേഷ്യസ് ചക്രവര്‍ത്തിയുടെ പീഡനം ഭയന്ന് ഏതാനും ക്രിസ്ത്യന്‍ യുവാക്കള്‍ ഒരു ഗുഹയില്‍ അഭയം തേടുകയും പിന്തുടര്‍ന്നു വന്ന അക്രമികള്‍ അവരെ ഗുഹയില്‍ ജീവനോടെ മൂടുകയും ചെയ്തുവെന്നും പിന്നീട് 200 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഗുഹയില്‍നിന്ന് മാറ്റമില്ലാതെ പുറത്തു വന്നു എന്നുമാണു ഈ കഥയുടെ ചുരുക്കം. സിരിയയുമായി കച്ചവടബന്ധമുള്ളവരാണ് ഈ കഥ അറേബ്യയില്‍ എത്തിച്ചതെന്നു കരുതപ്പെടുന്നു.
മുഹമ്മദിന്റെ പ്രവാചകത്വവും ഒരു കെട്ടുകഥയാണെന്ന് ഈ സംഭവം തെളിയിച്ചു!

Leave a Reply

Your email address will not be published. Required fields are marked *