September 7, 2025
Islam Quran

പരാഗണം ഖുര്‍ആനില്‍

പരാഗണം അല്ലാഹുവിന്റെ കണ്ടുപിടുത്തമോ?

وَأَرْسَلْنَا ٱلرِّيَاحَ لَوَاقِحَ فَأَنزَلْنَا مِنَ ٱلسَّمَآءِ مَاءً فَأَسْقَيْنَاكُمُوهُ وَمَآ أَنْتُمْ لَهُ بِخَازِنِينَ 
വഹിച്ചു കൊണ്ടു പോകുന്ന കാറ്റുകളെ നാം അയച്ചു.
എന്നിട്ട് ആകാശത്തുനിന്നും നാം വെള്ളം ഇറക്കി.” (15:12)

ഈ സൂക്തത്തിലെ ‘ലവാകിഹ് ‘ لَوَاقِحَ എന്ന വാക്കിനു മേഘവാഹികളായ, നീരാവി വഹിക്കുന്ന, ജലാംശങ്ങള്‍ വഹിച്ച എന്നൊക്കെയാണു മിക്ക പരിഭാഷകരും അര്‍ത്ഥം നല്‍കിക്കാണുന്നത്. കാറ്റുകള്‍ വഹിക്കുന്നത് എന്തിനെയാണെന്നു ഖുര്‍ ആന്‍ വ്യക്തമാക്കുന്നില്ല. എങ്കിലും തുടര്‍ന്ന് മഴയുടെ കാര്യമാണു പറഞ്ഞിട്ടുള്ളത് എന്നതിനാല്‍ അതു മേഘത്തെ വഹിക്കുന്ന കാര്യമാണെന്നാണു വ്യാഖ്യാതക്കള്‍ പൊതുവെ നല്‍കുന്ന വിശദീകരണം. ഫലങ്ങളെ ഉല്പാദിപ്പിക്കുന്ന എന്ന അര്‍ത്ഥത്തിലും ഈ പദം ഉപയോഗിക്കാറുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇതു ചൂണ്ടിക്കാണിച്ചുകൊണ്ട് പൂമ്പൊടി വഹിച്ചുകൊണ്ട് പരാഗണത്തെ സഹായിക്കുന്ന കാര്യമാണിവിടെ പറയുന്നതെന്നും , ശാസ്ത്രം സമീപകാലത്തു മാത്രം കണ്ടെത്തിയ ഈ കാര്യം പണ്ടേ ഖുര്‍ ആന്‍ വെളിവാക്കിയിരിക്കുന്നു എന്നുമൊക്കെയാണിവിടെ ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണത്തിലേര്‍പ്പെട്ട നമ്മുടെ ആധുനിക മുഫസ്സിറുകളില്‍ ചിലരുടെ കണ്ടെത്തല്‍ !

ഇവിടെ പരാമര്‍ശവിഷയം പരാഗണമാണെന്നതിനു തന്നെ തെളിവില്ല. ഇനി അതാണു വിഷയമെന്നു വന്നാല്‍ പോലും ഇക്കാര്യത്തില്‍ അല്‍ഭുതകരമായ പുത്തന്‍ അറിവുകളൊന്നുമില്ല. കാറ്റിലൂടെ പരാഗണം നടക്കുന്ന കാര്യം മാത്രമല്ല , കൃത്രിമമായി പരാഗണം നടത്തി ഈത്തപ്പഴത്തിന്റെയും മറ്റും വിളവു വര്‍ദ്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ പോലും അന്നത്തെ കൃഷിക്കാരായ അറബികള്‍ക്കറിയാമായിരുന്നു. ഇ‍ക്കാര്യത്തില്‍ സര്‍വ്വജ്ഞത നടിച്ച് അഭിപ്രായം പറഞ്ഞ ‘പ്രവാചകന്‍’ ഭീമമായ അബദ്ധം പിണയുകയും ഒടുവില്‍ അതു മാറ്റിപ്പറയേണ്ടി വരികയും ചെയ്ത സംഭവം ബുഖാരി മുദ്ധരിക്കുന്ന ഹദീസില്‍ തന്നെയുണ്ട്.
കൃത്രിമ പരാഗണം നടത്തി വിളവു വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റി ‘ദൈവദൂത’ന്റെ അഭിപ്രായമറിയാനെത്തിയ കൃഷിക്കരോട് , “അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ വിളവു വര്‍ദ്ധിക്കൂ എന്നും പരാഗണം കൊണ്ടു വിശേഷമൊന്നുമില്ലെന്നും” നബി നിര്‍ദ്ദേശിച്ചുവത്രേ. അതനുസരിച്ച് കൃഷിക്കാര്‍ ആ തവണ കൃത്രിമ പരാഗണം വേണ്ടെന്നു വെച്ചു. വിളവു പതിവിലും വളരെ മോശമാവുകയായിരുന്നു ഫലം! അക്കാര്യം അവര്‍ വീണ്ടും പ്രവാചകനെ കണ്ടു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:
“ഭൌതിക കാര്യങ്ങളില്‍ നിങ്ങള്‍ക്കു തന്നെയാണു അറിവു കൂടുതലുള്ളത്. അതിനാല്‍ നിങ്ങളുടെ യുക്തം പോലെ ചെയ്തുകൊള്ളുക.”

അറബികള്‍ക്കജ്ഞാതമായ അല്‍ഭുതജ്ഞാനമായിരുന്നില്ല പരാഗണം എന്നു ചുരുക്കം.
എല്ലാ കാര്യവും ജിബ് രീല്‍ തന്നെ അറിയിച്ചുകൊണ്ടിരിക്കുന്നു എന്ന അവകാശവാദവുമായി സകല വിഷയങ്ങളിലും തലയിട്ട് അഭിപ്രായം പറഞ്ഞുകൊണ്ടിരുന്ന മുഹമ്മദിന് പറ്റിയ നിരവധി അമളികളിലൊന്നു മാത്രമായിരുന്നു ഈ കൃഷിയുപദേശം!

ചിന്തിക്കുന്നവര്‍ക്ക് ഇതിലും ഒരു പാടു ദൃഷ്ടാന്തങ്ങളുണ്ട്.!!

Leave a Reply

Your email address will not be published. Required fields are marked *