September 7, 2025
Islam Quran

പക്ഷിശാസ്ത്രം ഖുര്‍ആനില്‍

പക്ഷികളെ താങ്ങിപ്പിടിക്കുന്നത് അല്ലാഹു!

ആകാശത്ത് വട്ടമിട്ടു പറക്കുകയും വായുവിനെ കീറിമുറിച്ച് അതിശീഘ്രം സഞ്ചരിക്കുകയും ചെയ്യുന്ന പക്ഷികള്‍ എക്കാലത്തും മനുഷ്യര്‍ക്കൊരു വിസ്മയം തന്നെയായിരുന്നു. കൌതുകപൂര്‍വ്വം അവയെ നിരീക്ഷിച്ച മനുഷ്യര്‍ ഒരു കാലത്ത് പറവകളെപ്പോലെ വാനസഞ്ചാരം നടത്തുന്നതു സ്വപ്നം കണ്ടിരുന്നു. മണിക്കൂറില്‍ 7000 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന വിമാനങ്ങള്‍ കണ്ടു പിടിച്ച ആധുനിക മനുഷ്യനു പക്ഷേ പക്ഷികളുടെ ആകാശ ഗമനം ഇന്നൊരല്‍ഭുതമല്ല. പറക്കലിന്റെ പ്രകൃതി രഹസ്യം അവനിന്നറിയാം. മുഹമ്മദ് ജീവിച്ച കാലത്താകട്ടെ , പക്ഷികള്‍ക്കു താഴെ വീഴാതെ പറക്കാന്‍ കഴിയുന്നതിന്റെ ശാസ്ത്രം വിശദീകരിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. മനുഷ്യനറിയാത്തതൊന്നും അവന്റെ ദൈവങ്ങള്‍ക്കും അറിയുവാനിടയില്ലല്ലോ! ഇതാ ഖുര്‍ ആനില്‍ ഒന്നാന്തരമൊരു ദൃഷ്ടാന്തം :-

أَلَمْ يَرَوْاْ إِلَىٰ ٱلطَّيْرِ مُسَخَّرَٰتٍ فِي جَوِّ ٱلسَّمَآءِ مَا يُمْسِكُهُنَّ إِلاَّ ٱللَّهُ إِنَّ فِي ذٰلِكَ لأََيٰتٍ لِّقَوْمٍ يُؤْمِنُونَ

ആകാശത്ത് അധീനമാക്കപ്പെട്ട പക്ഷികളെ അവര്‍ കാണുന്നില്ലേ? അല്ലാഹു അല്ലാതെ ആരാണ് അവയെ പിടിച്ചു നിര്‍ത്തുന്നത്? (16:79)

പക്ഷികള്‍ പറക്കുമ്പോള്‍ അവ താഴെ വീഴാതിരിക്കുന്നത് ദൈവം അവയെ പിടിച്ചു നിര്‍ത്തുന്നതു കൊണ്ടാണെന്ന ലളിതയുക്തിക്കപ്പുറം ശാസ്ത്രീയമായ ഒരറിവും ഖുര്‍ ആന്‍ ഇവിടെ അവതരിപ്പിക്കുന്നില്ല. അതേ സമയം ഖുര്‍ ആന്റെ ഈ പോരായ്മയും ആധുനിക പണ്ഡിതന്മാര്‍ പരിഹരിച്ചിരിക്കുന്നു. !

‘ഖുര്‍ ആനും പക്ഷി ശാസ്ത്രവും’ എന്ന പേരില്‍ തന്നെ നിരവധി പുസ്തകങ്ങളും വീഡിയോ ചിത്രങ്ങളുമെല്ലാം ഇതിനകം പുറത്തു വന്നിട്ടുണ്ട്. പറക്കാന്‍ സഹായകമായ ശരീരഘടന തൊട്ട് , ഭൂഖണ്ഡങ്ങള്‍ താണ്ടി ദേശാന്തര ഗമനം നടത്തുന്ന പറവകളെ , ദിശയും മാര്‍ഗ്ഗവും തെറ്റാതെ മടങ്ങിയെത്താന്‍ സഹായിക്കുന്ന ജനിതക രഹസ്യം വരെ , സവിസ്തരം വിശകലനം ചെയ്യുന്ന ഈ രചനകള്‍ പക്ഷിശാസ്ത്ര പഠനത്തിനു വളരെ സഹായകം തന്നെ . പക്ഷേ ആദ്യാവസാനം സൂക്ഷിച്ചു വായിച്ചാലും ഖുര്‍ ആനിലെന്തു പക്ഷിവിജ്ഞാനമാണുള്ളതെന്ന് മാത്രം ആര്‍ക്കും പിടി കിട്ടുകയില്ല. !

പക്ഷിയുടെ ശരീരഘടനയും സൌന്ദര്യവും വര്‍ണ്ണിച്ച ശേഷം , ദൈവത്തിന്റെ സൃഷ്ടി വൈഭവത്തെ വാഴ്ത്തുകയും പരിണാമവാദത്തെ പരിഹസിക്കുകയും ചെയ്യുന്നു വെന്നല്ലാതെ ഖുര്‍ ആന്റെ ദൈവികത സ്ഥാപിക്കാനുതകുന്ന യാതൊന്നും ഈ കൃതികളിലോ ചിത്രങ്ങളിലോ പ്രതിപാദിക്കുന്നില്ല.

വിശ്വാസികളായ ആളുകള്‍ക്ക് ഈ കെട്ടുകാഴ്ച്ചകള്‍ കണ്ട് “ഹാവൂ ഇതൊക്കെ നമ്മുടെ ഖുര്‍ ആനിലും ഉണ്ടല്ലോ!” എന്ന് ഊറ്റം കൊള്ളാന്‍ ഇതൊക്കെ ധാരാളം മതിയാകും. പക്ഷെ യുക്തിബോധം മരവിച്ചിട്ടില്ലാത്ത സ്വതന്ത്ര ചിന്തകരെ ഇങ്ങനെയൊക്കെ വിഡ്ഡികളാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.

പക്ഷികള്‍ പറക്കുമ്പോള്‍ അവയെ വീഴാതെ പിടിച്ചു നിര്‍ത്തുന്നത് വായുമര്‍ദ്ദമാണല്ലോ. വായുമര്‍ദ്ദത്തിന്റെ പര്യായമാണോ അല്ലാഹു ? ആകാശത്തു നിന്നു മഴ ഇറക്കുന്നത് അല്ലാഹുവാണെന്നു ഖുര്‍ ആന്‍ പറയുമ്പോള്‍ , സൂര്യതാപം, വായുവിന്റെ മര്‍ദ്ദം, വെള്ളത്തിന്റെ അവസ്ഥാമാറ്റം എന്നിങ്ങനെയുള്ള പല പ്രകൃതി പ്രതിഭാസങ്ങളും ഒത്തു ചേര്‍ന്നുണ്ടാകുന്ന മഴ യില്‍ അല്ലാഹുവിന്റെ റോള്‍ ഏതാണ്? പ്രകൃതിനിയമങ്ങള്‍ എന്നതാണോ അല്ലാഹു എന്നതിന്റെ അര്‍ത്ഥം? തേനീച്ച കൂടുണ്ടാക്കുന്നത് പാരമ്പര്യ ജനിതക ഗുണങ്ങളുടെ ഫലമാണെങ്കില്‍ അല്ലാഹുവിന്റെ ‘വഹ് യ്’ , എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും പ്രകൃതിയിലെ വ്യവസ്ഥകള്‍ എന്നല്ലേ? മുഹമ്മദിനു അല്ലാഹു ഇറക്കിക്കൊടുത്ത വഹ് യും ആ ഗണത്തിലുള്‍പ്പെടുമോ? എങ്കില്‍ മുഹമ്മദിന്റെ ബുദ്ധിയിലുണ്ടായ തോന്നലുകള്‍ എന്നു മാത്രം അര്‍ത്ഥം നല്‍കിയാല്‍ പോരേ? അപ്പോള്‍ മുട്ടത്തു വര്‍ക്കിയുടെയും പമ്മന്റെയും കൃതികളും ‘ദൈവികം’ തന്നെയാകുമല്ലോ? എന്റെ ബ്ലോഗെഴുത്തും ദൈവത്തിന്റെ ‘വഹ് യു’ തന്നെയല്ലേ?

ഒരു ചര്‍ച്ചയും പ്രതീക്ഷിക്കുന്നില്ല .എങ്കിലും ചോദിക്കുവാ , ചുമ്മാ!

Leave a Reply

Your email address will not be published. Required fields are marked *