July 19, 2025
Islam

ഈമാൻ പോയതങ്ങിനെയാണു ?

മനുഷ്യൻ്റെ ഇന്ദ്രിയജ്ഞാനങ്ങൾക്കപ്പുറം അറിവുകൾ ഇല്ല എന്നാരും പറയുന്നില്ല. ആ അറിവുകൾ എന്തൊക്കെ എന്നറിയാൻ മനുഷ്യർക്കാവില്ല എന്നതാണു സത്യം.  തങ്ങൾക്കു ഇന്ദ്രിയാതീതമായി അറിവു ലഭിച്ചിട്ടുണ്ട് എന്ന അവകാശവാദം ഉന്നയിക്കുന്ന പലരുമുണ്ട്. അമൃതാനന്ദമയി മുതൽ മുഹമ്മദ് വരെയുള്ള ഇത്തരക്കാരുടെ “വെളിപാടുകൾ” യഥാർത്ഥത്തിൽ ഇന്ദ്രിയാതീതം അല്ല. അവരുടെ ഇന്ദ്രിയങ്ങൾക്കധീനം തന്നെയാണു. അവരുടെ മനോഗതങ്ങളും ആഗ്രഹാഭിലാഷങ്ങളും അവരുടെ പരിമിതമായ ഇന്ദ്രിയാനുഭവജ്ഞാനവും മാത്രമേ അത്തരം വെളിപാടുകളിൽ ഉള്ളു. അതിനാലാണു അത്തരം അറിവുകളെ യുക്തിവാദികൾ തള്ളിക്കളയുന്നത്.  വെളിപാടുകളുടെ നിലവാരം വെളിപാടുരുവിടുന്ന മനുഷ്യവ്യക്തിയുടെ നിലവാരം മാത്രമേ പുലർത്തുന്നുള്ളുവെങ്കിൽ, അയാളുടെ പരിമിതജ്ഞാനം മാത്രമേ പ്രകടിപ്പിക്കുന്നുള്ളുവെങ്കിൽ, അയാളുടെ വൈകാരിക നിലവാരമേ പ്രസരിപ്പിക്കുന്നുള്ളുവെങ്കിൽ ആ വെളിപാടുകളെ ഇന്ദ്രിയാതീതമായി കാണേണ്ട കാര്യമില്ല.  അതെല്ലാം ആ വ്യക്തിയുടെ മനോവിഭ്രാന്തികൾ മാത്രമേ ആകുന്നുള്ളു.
കുർ ആൻ തന്നെയാണു ഇപ്പറഞ്ഞതിൻ്റെ ലക്ഷണമൊത്ത ദൃഷ്ടാന്തം.  മുഹമ്മദിൻ്റെ ജ്ഞാനപരിമിതി കുർ ആനിൽ വളരെ പ്രകടമായി നമുക്കു കാണാം. അദ്ദേഹത്തിൻ്റെ വിചാര വികാരങ്ങളുടെ നിലവാരമില്ലാത്ത വാചകാവിഷ്കാരങ്ങൾ മാത്രമേ കുർ ആനിലുള്ളു.  അതൊക്കെ ഒരു ദൈവത്തിൽ നിന്നും “ഇറക്കി”ക്കിട്ടിയ ഇന്ദ്രിയാതീത ജ്ഞാനമാണെന്നു പറയുന്നത് ദൈവമെന്ന സങ്കല്പത്തിനു തന്നെ നാണക്കേടാണു.
മുഹമ്മദിനു പെണ്ണു കെട്ടാൻ തോന്നുമ്പോൾ കെട്ടിച്ചു കൊടുക്കാനും , മുഹമ്മദിനു അന്യ ഗോത്രങ്ങളെ ആക്രമിച്ചു കൊള്ള ചെയ്യാൻ ആയത്തിറക്കി സഹായിക്കലും ‘ മുഹമ്മദിൻ്റെ യുദ്ധക്കളത്തിൽ വന്ന് മറ്റേ ഗോത്രക്കാരുടെ ഹൃദയങ്ങളിൽ ഭീതി ജനിപ്പിച്ച് കഴുത്തു വെട്ടിക്കാനും, മുഹമ്മദിൻ്റെ വീട്ടിൽ സൊറപറഞ്ഞു ശല്യമുണ്ടാക്കുന്നവരെ “ലജ്ജയില്ലാതെ” പറഞ്ഞു വിടാനും , മുഹമ്മദിനെ സന്ദർശിക്കാൻ വരുന്നവർ വല്ലതും കൈമടക്കു കൊടുത്തു പോകണമെന്നുപദേശിക്കാനും  മുഹമ്മദ് മരിച്ചാലും അദ്ദേഹത്തിൻ്റെ ഭാര്യമാരെ ആരും കല്യാണം കഴിച്ചു കൂടാ അതു പെരുത്തു ഗൗരവമുള്ള കാര്യമാണു എന്നൊക്കെ മുഹമ്മദിൻ്റെ നാവിലൂടെത്തന്നെ വിളിച്ചു പറയാനുമൊക്കെയാണു കുർ ആനിലെ ദൈവം വെളിപാടുകൾ ഇറക്കിക്കാണുന്നത്.  ഇതിലൊക്കെ എന്തു അതീന്ദ്രിയമാണുള്ളത്? ഇതൊക്കെ പറയാൻ മുഹമ്മദ് തന്നെ ധാരാളം മതിയല്ലോ.
ഇതൊക്കെ വായിച്ചറിഞ്ഞതോടെയാണു എനിക്കു പാരമ്പര്യമായിക്കിട്ടിയ ഈമാൻ എന്നെ വിട്ടു പോയത്. ! 

Leave a Reply

Your email address will not be published. Required fields are marked *