ഭൂമിക്ക് ഏഴു തട്ടുകളുണ്ട് എന്ന പ്രസ്താവനയോട് ഖുര്‍ ആന്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടവരാരും കാര്യമായി പ്രതികരിച്ചു കാണുന്നില്ല. ഉചിതമായ ഒരു വ്യാഖ്യാനം മെനയാന്‍ പോലും അവര്‍ക്കിതു വരെ സാധ്യമായില്ല എന്നു വേണം കരുതാന്‍ .
ആകാശത്തിന് ഏഴടുക്കുകള്‍ ഒപ്പിക്കാന്‍ പലതരം കസര്‍ത്തുകളും നടത്തിയതായി കാണുന്നു. ഉപരിലോകത്തെ മൊത്തം പ്രപഞ്ചത്തെയാണ് ആകാശം കൊണ്ടുദ്ദേശിക്കുന്നത് എന്നും, ഏഴ് എന്ന സംഖ്യ അനന്തതയെ സൂചിപ്പിക്കക മാത്രമാണെന്നും , അതൊരു അലങ്കാരപ്രയോഗമാണെന്നുമൊക്കെയാണു ഭാഷ്യം. ഇന്നല്ലെങ്കില്‍ നാളെ ആകാശത്തിനു തന്നെ ഏഴു തട്ടുകള്‍ കണ്ടു പിടിക്കപ്പെടാതിരിക്കില്ല എന്ന ശുഭപ്രതീക്ഷയിലാണു വേറെ ചിലര്‍ . അന്തരീക്ഷവായുവിനെ പഠനസൌകര്യാര്‍ത്ഥം വിവിധ പാളികളായി കണക്കാക്കിയപ്പോള്‍ അതാണ് ഏഴാകാശങ്ങള്‍ എന്ന വ്യാഖ്യാനവുമായി ചിലര്‍ രംഗത്തു വന്നു. ഏഴാകാശങ്ങളെ അടുക്കി വെച്ച ശേഷം ഭൂമിയോടടുത്ത ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിച്ചു എന്നാണു ഖുര്‍ ആന്‍ പ്രസ്താവിക്കുന്നത്.وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُوماً لِّلشَّيَٰطِينِ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ (67:5)
ഭൌമാന്തരീക്ഷം എന്ന് ആകാശത്തിന് അര്‍ത്ഥം കണ്ടെത്തി ഏഴു പാളികള്‍ തരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഈ വാക്യം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരബദ്ധം അവതരിപ്പിക്കുമായിരുന്നില്ല. കാരണം ഈ വ്യാഖ്യാനപ്രകാരം സമുദ്രനിരപ്പില്‍ നിന്നും 12 കിലോമീറ്റര്‍ ഉയരത്തിലുള്ള വായുവിന്റെ ആദ്യ പാളിയെ (troposphere) ഒന്നാം ആകാശമായി കണക്കാക്കേണ്ടി വരും. അതോടെ കോടാനു കോടി നക്ഷത്രങ്ങള്‍ അന്തരീക്ഷവായുവിന്റെ ഒന്നാം തട്ടിലാണെന്ന മറ്റൊരു മഹാ മണ്ടത്തരം കൂടി അല്ലാഹുവിന്റെ തലയില്‍ വീഴും!
ആധുനിക വ്യാഖ്യാതാക്കള്‍ എന്തൊക്കെ പറഞ്ഞാലും ശരി ആകാശം ഉറപ്പുള്ള ഒരു ഖരവസ്തുവാണെന്നു തന്നെയാണ് ഖുര്‍ ആന്‍ ഉറപ്പിച്ചു പറയുന്നത്. ലോകാവസാന നാളില്‍ ആകാശം പൊട്ടിപ്പിളരുമെന്നും അന്നതു ലോലമായിരിക്കുമെന്നും (69:16)وَٱنشَقَّتِ ٱلسَّمَآءُ فَهِيَ يَوْمَئِذٍ وَاهِيَةٌ ആകാശം ഉരിച്ചു മാറ്റപ്പെടുമെന്നും (81:11) കടലാസു ചുരുട്ടുന്നതു പോലെ അല്ലാഹു അതിനെ ചുരുട്റ്റിപ്പിടിക്കുമെന്നും(21:104)يَوْمَ نَطْوِي ٱلسَّمَآءَ كَطَيِّ ٱلسِّجِلِّ لِلْكُتُبِ كَمَا بَدَأْنَآ أَوَّلَ خَلْقٍ نُّعِيدُهُ وَعْداً عَلَيْنَآ إِنَّا كُنَّا فَاعِلِينَ ആകാശത്തിനു വിടവുകളൊന്നും കാണാന്‍ സാധ്യമല്ല (50:6)أَفَلَمْ يَنظُرُوۤاْ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَاهَا وَزَيَّنَّاهَا وَمَا لَهَا مِن فُرُوجٍ എന്നും ,അതു ഭൂമിയിലേക്കു തകര്‍ന്നു വീഴാതിരിക്കാന്‍ അല്ലാഹു പിടിച്ചു വെച്ചിരിക്കുകയാണ് (22:65)أَلَمْ تَرَ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِي ٱلأَرْضِ وَٱلْفُلْكَ تَجْرِي فِي ٱلْبَحْرِ بِأَمْرِهِ وَيُمْسِكُ ٱلسَّمَآءَ أَن تَقَعَ عَلَى ٱلأَرْضِ إِلاَّ بِإِذْنِهِ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌ رَّحِيمٌ എന്നും മറ്റുമാണ് ഖുര്‍ ആനില്‍ വിവരിച്ചിട്ടുള്ളത്. ആകാശം തകര്‍ന്നു വീഴുമ്പോള്‍ , സിംഹാസനം താഴെ വീണ് അല്ലാഹുവിനു പരിക്കേല്‍ക്കാതിരിക്കാനിടയുള്ളതിനാലാകാം ലോകാവസാനദിവസം അവന്റെ സിംഹാസനം താങ്ങിപ്പിടിക്കാന്‍ എട്ടു മലക്കുകളെ പ്രത്യേകം നിയോഗിച്ചിട്ടുമുണ്ട്.(69:17)وَٱلْمَلَكُ عَلَىٰ أَرْجَآئِهَآ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ .[പേര്‍ഷ്യയിലെ രാജ സിംഹാസനങ്ങള്‍ക്ക് എട്ടു ഭുജങ്ങളാണുണ്ടായിരുന്നത്]
സിംഹാസനം വിട്ട് അല്ലാഹു താഴേക്കിറങ്ങുന്ന സന്ദര്‍ഭങ്ങളും ഹദീസുകളില്‍ വിവരിച്ചിട്ടുണ്ട്.
“അബൂഹുറൈറ പറയുന്നു: തിരുമേനി അരുളി: നന്മകളുടെ നാഥനും ഉന്നതനുമായ റബ്ബ് രാത്രിയുടെ മൂന്നിലൊന്ന് ശേഷിക്കുന്ന സമയമായാല്‍ ഒന്നാം ആകാശത്തേക്കിറങ്ങി വരും . എന്നിട്ടു വിളിച്ചു പറയും: “വല്ലവനും എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം അവനു ഞാന്‍ ഉത്തരം നല്‍കും. വല്ലവനും എന്നോടു ചോദിക്കുന്ന പക്ഷം ഞാനവനു കൊടുക്കും. വല്ലവനും എന്നോടു പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്ന പക്ഷം അവനു ഞാന്‍ പൊറുത്തു കൊടുക്കും.”( ബുഖാരി: 583)
അല്ലാഹുവിന്റെ ഭൂമി പരന്നതല്ലായിരുന്നെങ്കില്‍ രാത്രിയുടെ മൂന്നാം യാമം കഴിഞ്ഞ് സിംഹാസനത്തിലേയ്ക്കു തിരിച്ചു പോകാന്‍ കഴിയാതെ അല്ലാഹു ‘കറങ്ങി’യേനെ! രാവിന്റെ മൂന്നാം യാമം ഉരുണ്ട ഭൂമിക്കു ചുറ്റും കറങ്ങുമ്പോള്‍ അല്ലാഹുവിനു രാവിനൊപ്പം ഒന്നാം ആകാശത്തു തന്നെ കറങ്ങി നടക്കേണ്ടി വരുമായിരുന്നു എന്നര്‍ത്ഥം.