July 18, 2025
Islam

വിശ്വാസവും സന്മാര്‍ഗവും

ദൈവഭയവും പരലോകവിശ്വാസവുമാണ് മനുഷ്യനെ സന്മാര്‍ഗ്ഗജീവിതത്തിനു പ്രേരിപ്പിക്കുന്നത് എന്ന മിഥ്യാധാരണ പരത്താന്‍ മതവക്താക്കള്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്. നമ്മുടെ ബ്ലോഗ് സുഹ്ര്ത്തുക്കളില്‍ ചിലരും ഈ വാദം ഉന്നയിക്കാന്‍ ശ്രമിച്ചു കാണുന്നു.
സാമൂഹ്യരംഗത്തെ പഠനങ്ങളും അനുഭവങ്ങളും തെളിയിക്കുന്നത് വിശ്വാസവും ഭക്തിയും കൂടുന്നതനുസരിച്ച് സാമൂഹ്യബോധവും സന്മാര്‍ഗചിന്തയും കുറയുന്നു എന്നാണ്‍. വിശ്വാസത്തിന്റെ തീവ്രത, ഭക്തിയും ഭ്രാന്തും വര്‍ധിപ്പിക്കുമെന്നല്ലാതെ നീതിബോധത്തെ അതുത്തേജിപ്പിക്കുന്നില്ല. കേരളത്തിലെ അനുഭവംതന്നെ ഇതിനു ദ്രഷ്ടാന്തമാണ്. മതപഠനവും ഉല്‍ബോധനവും വര്‍ധിത തോതില്‍ നടക്കുന്ന സമുദായങ്ങളില്‍നിന്നാണു കുറ്റവാളികളേറെയും വരുന്നത്. മതപഠനമെന്ന ഏര്‍പ്പടു തന്നെയില്ലത്ത സമുദായം താരതമ്യേന ഉയര്‍ന്ന നീതിബോധവും സന്മാര്‍ഗവും പുലര്‍ത്തുന്നുമുണ്ട്. ഇതിന്റെ മനശ്ശാസ്ത്രം പഠനവിധേയമാക്കേണ്ടതാണ്‍.

പൌരബോധമുള്ള മനുഷ്യര്‍ തെറ്റുകളില്‍നിന്നകന്നു നില്‍ക്കുന്നതും സദ് വ്ര്ത്തികളില്‍ വ്യാപ്ര്തരാകുന്നതും പരലോകശിക്ഷ ഭയന്നിട്ടോ സ്വര്‍ഗ്ഗത്തിലെ `ഭോഗങ്ങളി`ല്‍ കണ്ണുവച്ചിട്ടോ അല്ല. പരദ്രോഹം തനിക്കു തന്നെ വിനയാകുമെന്നും സ്നേഹവും നന്മയും പങ്കിട്ടുള്ള ജീവിതം കൂടുതല്‍ ആനന്ദപ്രദമാകുമെന്നും അനുഭവങ്ങളില്‍നിന്നു തന്നെ വിവേചിച്ചറിയാന്‍ മനുഷ്യനു കഴിവുണ്ട്. സ്നേഹം, ദയ ,കാരുണ്യം, സഹകരണമനോഭാവം തുടങ്ങിയ സല്‍ഗുണങ്ങള്‍ വിശ്വാസത്തില്‍നിന്നുണ്ടായതല്ല.ജന്മസിദ്ധമായിത്തന്നെ മനുഷ്യരിലും കുറെയൊക്കെ ഇതര ജീവികളിലും ഇത്തരം സദ് വികാരങ്ങള്‍ കാണപ്പെടുന്നു. സാമൂഹ്യ ജീവിത വ്യവഹാരങ്ങളില്‍നിന്നുള്ള അനുഭവപാഠങ്ങളും സഹജമായ ജന്മവാസനകളും ചേര്‍ന്ന് ക്രമത്തില്‍ വികസിച്ചു വന്നതാണ് മനുഷ്യരിലെ സദാചാരസങ്കല്‍പ്പങ്ങളെല്ലം.

വിശ്വാസവും ഭക്തിയും മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിക്കുകയും സഹജീവിയില്‍നിന്ന് അകറ്റുകയും ചെയ്യുന്നതിനാലാണ് വിശ്വാസികളില്‍ സാമൂഹ്യ നീതിബോധം കുറഞ്ഞു കാണപ്പെടുന്നത്. ദൈവത്തിനു വേണ്ടതെല്ലാം[മുഖസ്തുതിയും കൈക്കൂലിയും ബലിയും മറ്റും] മുറ തെറ്റാതെ വിശ്വാസി നല്‍കുന്നു. സഹജീവികളായ മനുഷ്യരോട് ചെയ്യുന്ന കുറ്റങ്ങളെ ഭക്തികൊണ്ട് ബാലന്‍സ് ചയ്യാമെന്ന കണക്കുകൂട്ടലാണു വിശ്വാസിയെ സമൂഹത്തില്‍നിന്നകറ്റുന്നത്. ദേവാലയങ്ങളിലും ഹുണ്ഡികപ്പെട്ടികളിലും വന്‍ തോതില്‍ പണം നിക്ഷേപിക്കുന്നത് കള്ളക്കടത്തും വഞ്ചനയും നടത്തി സമ്പത്തു കുന്നു കൂട്ടുന്നവരാണ്. കുറ്റഭാരം ഇറക്കിവെക്കാനുള്ള അത്താണിയാണവര്‍ക്കു ദൈവം!

അനാഥാലയത്തില്‍നിന്നു കോടികള്‍ മോഷ്ടിക്കുന്നയാള്‍ ആണ്ടു തോറും ഹജ്ജു നിര്‍വഹിക്കുന്നതും പള്ളിയില്‍ തപസ്സിരിക്കുന്നതും പാപങ്ങള്‍ ഭക്തി കൊണ്ടു കഴുകിക്കളയാമെന്ന വിശ്വാസത്താല്‍തന്നെയാണ്.ഒരു ഹജ്ജ് കൊണ്ട് അതുവരെ ചെയ്ത പാപമെല്ലാം പൊറുക്കപ്പെടുമെന്ന വിശ്വാസം കുറ്റക്ര്ത്യങ്ങള്‍ തുടരാനുള്ള ഉള്‍പ്രേരണയായി വര്‍ത്തിക്കുന്നു. ക്ഷേത്രത്തില്‍നിന്നു വിഗ്രഹം മോഷ്ടിച്ചു കടത്തുന്നതിനിടെ തിരുവാഭരണങ്ങളില്‍നിന്ന് ഒന്നെടുത്ത് മറ്റൊരു ദൈവത്തിന്റെ ഭണ്ഡാരപ്പെട്ടിയില്‍ നിക്ഷേപിക്കുന്ന ഭക്തന്റെ (കള്ളന്റെ) മനോവ്യാപാരം വിചിത്രമല്ലേ? [ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ത്ര്ശൂരില്‍ സംഭവിച്ചതാണിത്.]

മനുഷ്യനും മനുഷ്യനും തമ്മിലുള്ള ജീവിത ബന്ധമാണു സന്മാര്‍ഗബോധത്തിന്റെ ഉല്പത്തിക്കും വികാസത്തിനും കാരണമായത്. ഗോത്രങ്ങളായി ജീവിച്ചു തുടങ്ങിയ കാലത്തു തന്നെ അതിജീവനത്തിനും നിലനില്പിനും ചില പെരുമാറ്റച്ചട്ടങ്ങള്‍ ആവശ്യമാണെന്ന് മനുഷ്യര്‍ തിരിച്ചറിഞ്ഞിരുന്നു. സാമൂഹ്യ ബന്ധങ്ങള്‍ സങ്കീര്‍ണമായതോടെ സദാചാരസംഹിതകള്‍ വികസിപ്പിക്കേണ്ടതായും വന്നു. മതവും ദൈവവും പോയാല്‍ സന്മാര്‍ഗം നശിക്കില്ലേ എന്നുല്‍ക്കണ്ഠപ്പെടുന്നവര്‍ ഒരുകാര്യം സമ്മതിക്കുന്നു; സന്മാര്‍ഗം പോയാല്‍ ജീവിതം അസാധ്യമാകും. ഈ തിരിച്ചറിവ് മനുഷ്യര്‍ക്കുണ്ടായാല്‍ പിന്നെ സന്മാര്‍ഗം വേണ്ടെന്നു വെക്കാന്‍ ആരും മുതിരുകയില്ലല്ലോ.സന്തോഷകരവും സമാധനപൂര്‍വവുമായ ജീവിതം തന്നെയല്ലേ അവിശ്വാസികളും ആഗ്റഹിക്കുന്നത്.

ഒന്നര വയസ്സുള്ള ഒരു കുട്ടിയെക്കൊണ്ട് മരുന്നു കുടിപ്പിക്കാന്‍ അമ്മ ചിലപ്പോള്‍ ബലൂണ്‍ കാട്ടി പ്രലോഭിപ്പിക്കുകയും `കോത്താമ്പി` കാട്ടി പേടിപ്പിക്കുകയും ചെയ്തെന്നു വരാം. പക്ഷെ പതിനഞ്ചു വയസ്സായ കുട്ടിക്കു മരുന്നു കൊടുക്കാന്‍ ഈ പ്രയോഗങ്ങള്‍ വേണ്ടതുണ്ടോ? സമൂഹം അതിന്റെ ശൈശവാവസ്ഥയിലായിരുന്ന കാലത്ത് അപരിഷ്ക്ര്തരായിരുന്ന ആളുകളെക്കൊണ്ട് സാമൂഹ്യ നിയമങ്ങള്‍ അനുസരിപ്പിക്കാന്‍ സ്വര്‍ഗം നരകം ദൈവം തുടങ്ങിയ കോത്താമ്പിപ്രയോഗങ്ങള്‍ വേണ്ടിവന്നിരിക്കാം. എന്നാല്‍ ഒരു പരിഷ്ക്ര്ത സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് നന്മതിന്മകള്‍ വിവേചിച്ചറിയാന്‍ പഴയ മുത്തശ്ശിക്കഥകളൊന്നും ആവശ്യമില്ല. ഇന്നു മതവിശ്വാസം തന്നെ സന്മാര്‍ഗ്ഗജീവിതത്തെ തടസ്സപ്പെടുത്താന്‍ മാത്രം ഉപകരിക്കുന്ന ഒരു തിന്മയായി മാറിയിരിക്കുന്നു എന്നതാണു സത്യം!! [തുടരും]

Leave a Reply

Your email address will not be published. Required fields are marked *