ഗോത്രകാലത്തെ പ്രാകൃത നിയമങ്ങള്‍ക്ക് ദൈവത്തിന്റെ ശാശ്വതീകരണം ലഭിച്ചതിനുള്ള മറ്റൊരു ഉദാഹരണമിതാ:-
“ജീവനു ജീവന്‍ , കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്, മുറിവുകള്‍ക്കു മുറിവുകള്‍ ; ഇങ്ങനെ പകരം വീട്ടണമെന്ന് തൌറാത്തിലും അവരോടു നാം കല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ വല്ലവനും അതു മാപ്പു ചെയ്തു കൊടുത്താല്‍ അതു അവനുള്ള ഒരു പാപ പരിഹാരമാകുന്നു. അല്ലാഹു ഇറക്കിയതനുസരിച്ച് വല്ലവരും വിധിച്ചിട്ടില്ലെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍ .”[5:45]
ശരീ അത്ത് നിയമപ്രകാരം കണ്ണു ചൂഴ്ന്നെടുക്കാന്‍ വിധിക്കപ്പെടുകയും ,ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും മറ്റും ശക്തമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന്, പരാതിക്കാരനെക്കൊണ്ട് മാപ്പു നല്‍കിച്ചു വിട്ടയക്കുകയും ചെയ്ത മലയാളിയായ നൌഷാദിന്റെ അനുഭവം ഓര്‍മ്മയില്ലേ?
ഇവിടെയും കുറ്റവാളിയെ ശിക്ഷിക്കുകയും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുന്നതിനു പകരം ‘തുല്യ നഷ്ടം’ വരുത്തി പ്രതികാരം ചെയ്യുക എന്നാണു ‘ദൈവം’ ഉപദേശിക്കുന്നത്! മൂസാ നബിക്ക് പലകയിലെഴുതിക്കൊടുത്ത തൌറാത്തില്‍ അല്ലാഹു ഇക്കാര്യം വിശദമായിത്തന്നെ പറഞ്ഞിട്ടുണ്ട്.
“അയല്‍ക്കാരനെ ഏതെങ്കിലും വിധത്തില്‍ വിരൂപപ്പെടുത്തണം. ഒടിവിന് ഒടിവ്, കണ്ണിനു കണ്ണ്, പല്ലിനു പല്ല്, അയാള്‍ എങ്ങനെ അംഗഭംഗപ്പെടുത്തിയോ അങ്ങനെത്തന്നെ അയാളെയും അംഗഭംഗപ്പെടുത്തണം.”(ലേവിയര്‍ :-24:19-20)
“മനുഷ്യര്‍ തമ്മില്‍ കലഹിക്കുമ്പോള്‍ ….അപകടം സംഭവിച്ചാല്‍ ജീവനു ജീവന്‍ , കണ്ണിനു കണ്ണ്, പല്ലിനു പല്ല്, കൈക്കു കൈ, കാലിനു കാല്‍, പൊള്ളലിനു പൊള്ളല്‍ ,മുറിവിനു മുറിവ്, അടിക്ക് അടി, എന്ന മുറയ്ക്കു ശിക്ഷ നല്‍കണം. ആണടിമയുടെയോ പെണ്ണടിമയുടെയോ കണ്ണ് അടിച്ചു പൊട്ടിച്ചാല്‍ അതിനു പകരമായി ആ അടിമക്കു സ്വാതന്ത്ര്യം നല്‍കണം. …കാള ഒരു ആണടിമയേയോ പെണ്ണടിമയേയോ കുത്തിക്കൊന്നാല്‍ കാളയുടെ ഉടമസ്ഥന്‍ അടിമയുടെ ഉടമസ്ഥന് 30 ശേക്കല്‍ വെള്ളി കൊടുക്കണം. കാളയെ കല്ലെറിഞ്ഞു കൊല്ലണം”(പുറപ്പാട്:- 21:22-32)
അല്ലാഹു എന്ന യഥാര്‍ത്ഥ ദൈവം തന്റെ പ്രവാചകര്‍ മുഖേന ലോകാവസാനം വരേക്കുള്ള മനുഷ്യകുലത്തിനാകെയും നടപ്പിലാക്കാനായി [നടപ്പിലാക്കാത്തവര്‍ അക്രമികളാണ് എന്ന മുഖവുരയോടെ] ഇറക്കിത്തന്ന നീതിന്യായവ്യവസ്ഥയാണിത്. സൌദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ പോലും ഇന്നു നടപ്പിലാക്കാന്‍ അറയ്ക്കുന്ന ഈ പ്രാകൃതത്വം ഒരു പരിഷ്കൃതലോകത്തിന്റെ മുമ്പില്‍ എത്രമാത്രം പരിഹാസ്യമാണെന്നു നോക്കൂ!
ഇതൊക്കെ ഗോത്രകാലത്തെ മനുഷ്യന്റെ പരിമിതബുദ്ധിയില്‍നിന്നു ഉരുവം കൊണ്ടതാണെന്നൂഹിക്കാന്‍ സാമാന്യബുദ്ധി പോരേ?