മതം മാറിയാല്‍ വധശിക്ഷ!
ഇസ്ലാമിന്റെ തനിനിറം
ഗോത്രാചാരങ്ങളെ ലംഘിക്കുന്നവരെ കൊന്നു കളയുകയോ നാടു കടത്തുകയോ ചെയ്യുക എന്നതായിരുന്നു പ്രാകൃത ഗോത്രനീതി. മതം ഉപേക്ഷിക്കുന്നവരെ കൊന്നുകളയണമെന്നാണ് ഇസ്ലാമിന്റെയും നിലപാട്.
“അല്ലാഹുവില്‍ വിശ്വസിച്ച ശേഷം ആ വിശ്വാസം ഉപേക്ഷിച്ച് പോകുന്നവരാരോ അവരുടെ നേരെയാണ് അല്ലാഹുവിന്റെ കോപം. അവര്‍ക്കാണു കഠിനമായ ശിക്ഷയും.” (കുര്‍ ആന്‍-16:106)
അല്ലാഹുവിന്റെ കോപം അല്ലാഹുവിന്റെ പ്രതിനിധികളായ മതപുരോഹിതരെയും പ്രകോപിതരാക്കുക സ്വാഭാവികം!. ശിക്ഷ പരലോകത്തേക്കു മാറ്റിവെക്കാന്‍ അവര്‍ക്കാവില്ലല്ലോ. പ്രവാചകനും ഖലീഫമാരും മതപരിത്യാഗികളെ എങ്ങനെ കയ്കാര്യം ചെയ്തു എന്ന് മതപ്രമാണങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
“ഇബ്നു അബ്ബാസ് പറയുന്നു: ഒരു സംഘം ആളുകളെ അലി തീയിലിട്ടു കൊന്നുകളഞ്ഞ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഇബ്നു അബ്ബാസ് പറഞ്ഞു. അലിയുടെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവരെ തീയിലിട്ടു കൊല്ലുകയില്ലായിരുന്നു. വല്ലവനും തന്റെ മതം മാറിയാല്‍ അവനെ കൊന്നു കളയുക എന്നു തിരുമേനി അരുളിയതനുസരിച്ച് അവരെ ഞാന്‍ മറ്റു വിധത്തില്‍ കൊലപ്പെടുത്തുകയാണു ചെയ്യുക. അല്ലാഹു ശിക്ഷിക്കും പോലെ തീ കൊണ്ട് ആരെയു ശിക്ഷിക്കരുതെന്ന് തിരുമേനി കല്‍പ്പിച്ചിട്ടുണ്ട്.” [ബുഖാരി-1256 സി എന്‍ ]
“ അബൂ മൂസ പറയുന്നു. തിരുമേനി എന്നെയും മുആദിനെയും യമനിലേക്ക് ഗവര്‍ണര്‍മാരായി അയച്ചു. ഓരോരുത്തരെയും ഓരോ സ്റ്റേറ്റിലേക്കാണ് അയച്ചത്. യമന്‍ അന്നു രണ്ടു സ്റ്റേറ്റുകളായിരുന്നു. …ഒരിക്കല്‍ മുആദ് എന്റെ സംസ്ഥാനത്തുകൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ കോവര്‍കഴുതയുടെ പുറത്തു കയറിക്കൊണ്ട് എന്റെ അടുക്കല്‍ വന്നു. ഞാന്‍ ഇരിക്കുകയായിരുന്നു. ജനങ്ങള്‍ ചുറ്റും സമ്മേളിച്ചിട്ടുണ്ട്. ഒരു മനുഷ്യനെ കൈകള്‍ രണ്ടും കഴുത്തിലേക്കു ചേര്‍ത്തു കട്ടി നിര്‍ത്തിയിട്ടുണ്ട്. മുആദ് ചോദിച്ചു അബൂ മൂസാ ആരാണീ മനുഷ്യന്‍? ഞാന്‍ പറഞ്ഞു. ‘ഇയാള്‍ ഇസ്ലാം സ്വീകരിച്ച ശേഷം വീണ്ടും കാഫിറായിരിക്കുകയാണ്’ . മുആദ് പറഞ്ഞു. ‘അവനെ കൊന്നിട്ടല്ലാതെ ഞാന്‍ ഈ കഴുതപ്പുറത്തുനിന്ന് ഇറങ്ങുകയില്ല’. ഞാന്‍ പറഞ്ഞു ‘അവനെ അതിനു വേണ്ടിത്തന്നെയാണു കൊണ്ടു വന്നിട്ടുള്ളത്. താങ്കള്‍ ഇറങ്ങിക്കൊള്ളു.’ മുആദ് പറഞ്ഞു ‘ഇല്ല; അവനെ കൊന്നിട്ടല്ലാതെ ഞാനിറങ്ങില്ല’. ഞാന്‍ കല്‍പ്പിച്ചതനുസരിച്ച് ആ മനുഷ്യന്‍ വധിക്കപ്പെട്ടു. പിന്നീട് മുആദ് വാഹനത്തില്‍നിന്നിറങ്ങി….”[ബുഖാരി-1632]
ഇസ്ലാം മതത്തെക്കാള്‍ ആകര്‍ഷകമായ നവീന ദര്‍ശനങ്ങളാരെങ്കിലും അവതരിപ്പിച്ചാല്‍ അവരെ എന്തു ചെയ്യണമെന്നും നബിതിരുമേനി ഉപദേശിച്ചു തന്നിട്ടുണ്ട്.
“അലി പറയുന്നു. ഞാന്‍ തിരുമേനിയില്‍നിന്നും ഒരു വാര്‍ത്ത ഉദ്ധരിക്കുമ്പോള്‍ തിരുമേനിയുടെ പേരില്‍ കള്ളം പറയാനിടവരുന്നതിനേക്കാള്‍ എനിക്കിഷ്ടം ആകാശത്തുനിന്നും താഴേക്കു വീഴുന്നതാണ്. ഞാനും നിങ്ങളുമായി സംസാരിക്കുമ്പോഴാകട്ടെ ,യുദ്ധം ശത്രുവിനെ കീഴടക്കാനുള്ള ഒരു ഗൂഡതന്ത്രമായതുകൊണ്ട് , ചിലതെല്ലാം തുറന്നു പറഞ്ഞില്ലെന്നും വരാം. തിരുമേനി അരുളുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. ‘അവസാനകാലത്ത് ,ബുദ്ധിക്കു പക്വത പ്രാപിച്ചിട്ടില്ലാത്ത ചില ചെറുപ്പക്കാര്‍ വരും . ഏറ്റവും ഉത്തമമായ വാക്കുകളാണ് അവര്‍ പറയുക. അമ്പ് മൃഗത്തിന്റെ ശരീരം തുളച്ചു പോകും പോലെ അവര്‍ ഇസ്ലാമില്‍ നിന്നും പുറത്തു പോകും. അവരുടെ ‘ഈമാന്‍’ അവരുടെ തൊണ്ടക്കപ്പുറം കടക്കുകയില്ല. അവരെ നിങ്ങള്‍ എവിടെ വെച്ചു കണ്ടാലും കൊന്നു കളയുക. അവരെ കൊല്ലുന്നവര്‍ക്ക് പുനരുത്ഥാന നാളില്‍ പുണ്യം ഉറപ്പാണ്.”[ബുഖാരി-1466]
ഇസ്ലാമികഭീകരവാദത്തിന്റെ ദാര്‍ശനികാചാര്യനായ മൌദൂദി ഇസ്ലാമിക വിപ്ലവം നടക്കുന്ന സ്ഥലങ്ങളില്‍ മുര്‍ത്തദ്ദിന്റെ[മതപരിത്യാഗി] കാര്യത്തില്‍ സ്വന്തം നിലക്ക് ചില ഇളവുകള്‍ അനുവദിച്ചു തരുന്നുണ്ട്. പാരമ്പര്യ മതം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കൊല്ലത്തെ “പ്രൊബേഷന്‍” അനുവദിക്കാവുന്നതാണെന്നത്രെ മൌദൂദിയന്‍ ഇജ്തിഹാദ്.!
“ഏതൊരു നാട്ടിലാണോ ഇസ്ലാമിക വിപ്ലവം ഉണ്ടാകുന്നത് അവിടെയുള്ള മുസ്ലിം ജനതയ്ക്ക് ഒരു നോട്ടീസ് നല്‍കപ്പെടും. അതായത് ആരാണോ ഇസ്ലാമില്‍നിന്നും വിശ്വാസപരവും കര്‍മ്മപരവുമായ കാര്യങ്ങളില്‍നിന്നും വിട്ടു നില്‍ക്കാനാഗ്രഹിക്കുന്നത് എന്നാരാഞ്ഞു കൊണ്ടുള്ള നോട്ടീസ്. ഈ വിളംബരത്തിനു ശേഷം ഒരു വര്‍ഷത്തിനകം അമുസ്ലിം ആകാന്‍ ആഗ്രഹിക്കുന്നവര്‍ അമുസ്ലിംങ്ങളാണെന്നു പ്രഖ്യാപിച്ചുകൊണ്ട് മുസ്ലിം സൊസൈറ്റിയില്‍നിന്നും പുറത്തു പോകേണ്ടതാണ്. ഈ കാലപരിധിക്കു ശേഷം ജന്മനാ മുസ്ലിംങ്ങളെല്ലാം മുസ്ലിംങ്ങളായി കണക്കാക്കപ്പെടും. ഇസ്ലാമിന്റെ എല്ലാ നിയമങ്ങളും അവരില്‍ പ്രാവര്‍ത്തികമാക്കപ്പെടും. ഇസ്ലാമിലെ എല്ലാ നിര്‍ബ്ബന്ധിത കര്‍മ്മങ്ങളും ബാധ്യതകളും നടപ്പാക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരായിത്തീരും. ഇതിനു ശേഷം ആരെങ്കിലും ഇസ്ലാമികവൃത്തത്തില്‍നിന്നും പുറത്തു പോകാന്‍ ആഗ്രഹിച്ചാല്‍ അവര്‍ വധിക്കപ്പെടും. കുഫ്രിന്റെ മടിത്തട്ടില്‍ വീഴാന്‍ പോകുന്ന ധാരാളം സ്ത്രീപുരുഷന്മാരെ ഈ വിധം രക്ഷപ്പെടുത്താന്‍ ശ്രമിക്കും. അതായത് ഒരു വിധത്തിലും രക്ഷപ്പെടുത്താന്‍ സാധിക്കാത്തവരെ നമ്മുടെ സൊസൈറ്റിയില്‍നിന്നും വിഛേദിച്ചെറിയപ്പെടും. (വധിക്കപ്പെടും). ഈ ശുദ്ധീകരണത്തിനു ശേഷം സ്വമനസ്സാലെ മുസ്ലിമായിക്കഴിയാന്‍ ആഗ്രഹിക്കുന്നവരെക്കൊണ്ട് പുതിയൊരു ഇസ്ലാമിക സൊസൈറ്റിയുടെ ആരംഭം കുറിക്കുന്നതാണ്.”.(മുര്‍ത്തദ് കീ ശസായേം ഇസ്ലാമി ഖാനൂന്‍ മെം 1950-പേ.80)
മൌദൂദിയുടെ വ്യാഖ്യാനമനുസരിച്ച് ഇസ്ലാം ഒരു എലിക്കെണിയാണ്. അകത്തേക്കു കടക്കാം. പക്ഷേ പുറത്തേക്കു വാതിലില്ല.
മതത്തില്‍ ബലപ്രയോഗമില്ല എന്ന ഖുര്‍ ആന്‍ വാക്യത്തിനു മൌദൂദി നല്‍കുന്ന വ്യാഖ്യാനം ഇങ്ങനെയാണ്. : ‘ലാ ഇക്രാഹഫിദ്ദീന്‍ എന്ന ആയത്തിന്റെ അര്‍ത്ഥം ഞങ്ങളുടെ മതം സ്വീകരിക്കാന്‍ ആരെയും ഞങ്ങള്‍ നിര്‍ബ്ബന്ധിക്കുന്നില്ല എന്നാണ്. -ഞങ്ങളുടെ നിലപാടിതാണ്. എന്നാല്‍ വന്നിട്ട് തിരിച്ചു പോകാനാണ് ഭാവമെങ്കില്‍ ഈ വാതില്‍ സ്വതന്ത്രമായ ഗതാഗതത്തിനു തുറന്നിടപ്പെട്ടിട്ടുള്ള ഒന്നല്ല എന്ന് ആദ്യമേ തന്നെ മുന്നറിയിപ്പു നല്‍കുകയാണ്. അതുകൊണ്ട് വരുന്നുവെങ്കില്‍ തിരിച്ചു പോകാന്‍ പാടുള്ളതല്ല. അല്ലെങ്കില്‍ നിങ്ങള്‍ വരാതിരിക്കുന്നതാണു നല്ലത്.’ (അതേ പുസ്തകം)
മൌദൂതിയുടെ സംഘടനയില്‍ അംഗമായവര്‍ക്കും പിന്നെ പുറത്തു പോകാന്‍ അവകാശമില്ല:
“മതപരിത്യാഗിയെ വധിക്കുക എന്നതിന് ഈ അര്‍ത്ഥം കൊടുക്കുന്നതും തെറ്റാണ്. അതായത് ഒരാള്‍ക്ക് മരണഭയം നല്‍കിക്കൊണ്ട് കപടത സ്വായത്തമാക്കാന്‍ നിര്‍ബ്ബന്ധിക്കുക എന്നാണ് ഇതിനര്‍ത്ഥം. വസ്തുത നേരെ മറിച്ചാണ്. ഞങ്ങള്‍ അത്തരത്തിലുള്ളവരുടെ നേരെ ഞങ്ങളുടെ ജമാ അത്തിലേക്കു കയറാനുള്ള വാതില്‍ കൊട്ടിയടക്കാനാണ് ആഗ്രഹിക്കുന്നത്. അവര്‍ പല വിധത്തിലുള്ള രോഗങ്ങള്‍ക്കും അടിമകളാണ്. അവരുടെ വിശ്വാസം ഇടക്കിടെ മാറ്റുക എന്നത് അവര്‍ക്കൊരു തമാശപോലെയാണ്. അതുകൊണ്ട് ഈ ജമാ അത്തിനകത്ത് കയറാനാഗ്രഹിക്കുന്നവരോട് ആദ്യമേതന്നെ താക്കീതായി പറയുന്നത് ഇവിടെനിന്നു തിരിച്ചു പോകുന്നതിനുള്ള ശിക്ഷ മരണമാകുന്നു. അങ്ങിനെ ഇതില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഒരു നൂറു പ്രാവശ്യം ചിന്തിക്കട്ടെ ഈ ജമാ അത്തില്‍ പ്രവേശിക്കണോ വേണ്ടേ എന്ന്. എന്നാല്‍ മാത്രമേ ഇനിയൊരിക്കലും തിരിച്ചു പോകുന്നതല്ല എന്ന ഉറപ്പോടെ ഇതില്‍ വരാന്‍ അവര്‍ക്കു സാധിക്കുകയുള്ളു.”(അതേ പുസ്തകം)
മനുഷ്യാവകാശങ്ങള്‍ സ്വന്തം മതക്കാര്‍ക്കു മാത്രമായുള്ളതായി പരിമിതപ്പെടുത്തുന്നു മൌദൂദി.-
“മതപരിത്യാഗത്തിനു വധശിക്ഷയാണെന്നു തീരുമാനിക്കപ്പെട്ടതോടെ പ്രശ്നം പരിഹരിച്ചു. ഒരു മുസ്ലിമിനെയും അന്യമതം സ്വീകരിക്കാന്‍ നാം അനുവദിക്കുന്നതല്ല. എന്നു വരുമ്പോള്‍ നമ്മുടെ അധികാരപരിധിയില്‍ അന്യമതസ്ഥര്‍ക്കു പ്രചാരണം നടത്തുക എന്ന പ്രശ്നം തന്നെ ഉല്‍ഭവിക്കുന്നില്ല. നാം ഒരിക്കലും അതു സഹിക്കുകയില്ല. …അത്തരം വ്യാജമതങ്ങള്‍ ലോകത്ത് പ്രചരിപ്പിക്കാന്‍ ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല. വ്യാജമതങ്ങളുടെ പ്രബോധകര്‍ക്ക് അതു ലോകത്തു പ്രചരിപ്പിക്കാനും മറ്റുള്ളവരെ അഗ്നിയിലേക്ക് ആകര്‍ഷിക്കാനും അനുവാദം കൊടുക്കാമോ? അവര്‍ സ്വയം തന്നെ അഗ്നിയിലേക്കു പാഞ്ഞടുക്കുകയാണ്. ” (അതേ പുസ്തകം)
ഇനി മൌദൂദിയുടെ കേരളത്തിലെ അനുയായികളുടെ നിലപാടു കൂടി നോക്കാം. അടുത്തയിടെ ഒരു ചര്‍ച്ചയില്‍ ഈ വിഷയത്തെ കുറിച്ചു ശ്രീ ഓ അബ്ദുറഹിമാന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. “ശരിയായ മതത്തില്‍ എത്തിയാല്‍ പിന്നെ മതപരിവര്‍ത്തനം ആവശ്യമില്ലാത്തതിനാല്‍ മതപരിത്യാഗിയുടെ വിഷയം തന്നെ അപ്രസക്തമാണല്ലോ”.
ഇദ്ദേഹം ഒരു പുസ്തകത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നതുകൂടി കാണുക.
“ഇസ്ലാം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കെ , അതു സത്യമാണെന്നു മനസ്സിലാക്കി സ്വമേധയാ അതില്‍ പ്രവേശിച്ചവന്‍ പിന്നീട് അത് ഉപേക്ഷിച്ചു പോകുന്നുവെങ്കില്‍ തികഞ്ഞ വഞ്ചനയും മുസ്ലിം സൊസൈറ്റിയെ ശിഥിലീകരിക്കാനുള്ള കപടതന്ത്രവുമായിട്ടാണ് ഇസ്ലാം അതിനെ കാണുന്നത്. അവരെ പിടി കൂടാനോ ശിക്ഷിക്കാനോ വ്യക്തികള്‍ക്ക് അധികാരമില്ലെങ്കിലും ഇസ്ലാമിക സ്റ്റേറ്റിന്റെ ഭദ്രത നിലനിര്‍ത്താന്‍ ദ്രോഹകാരികളായ ഇത്തരം ആളുകളെ ഇസ്ലാമിക കോടതി വിചാരണ ചെയ്യും. കുറ്റം തെളിഞ്ഞാല്‍ തെറ്റു തിരുത്താന്‍ അവസരം നല്‍കും. തിരുത്താനും തയ്യാറായില്ലെങ്കില്‍ വധശിക്ഷയ്ക്കു വിധിക്കും” (യുക്തിവാദികളും ഇസ്ലാമും. ഒ അബ്ദുറഹിമാന്‍ . പേജ്.141)
ഇസ്ലാമിന്റെ വിമര്‍ശകരെ “രാജ്യത്ത് ഇസ്ലാമികനിയമങ്ങള്‍ നിലവിലില്ലാത്തതുകൊണ്ടു മാത്രം ആയുസ്സു നീട്ടിക്കിട്ടിയവര്‍” എന്നു പരിഹസിച്ചുകൊണ്ട് തന്റെ അസഹിഷ്ണുതയും വിദ്വേഷവും വെളിപ്പെടുത്തുന്ന ഈ ജമാ അത്തു ബുദ്ധിജീവി , മൌദൂദിസ്റ്റുകളല്ലാത്ത ലിബറല്‍ പണ്ഡിതന്മാരെ ഉദ്ധരിച്ചുകൊണ്ടാണ് മുര്‍ത്തദ്ദിനു പുതിയ നിര്‍വ്വചനം ചമയ്ക്കാന്‍ ശ്രമിക്കുന്നത്.
വിശ്വാസസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും മറ്റും വ്യക്തിയുടെ മൌലികാവകാശത്തിലുള്‍പ്പെടുന്നുവെന്നാണു പരിഷ്കൃത സമൂഹത്തിന്റെ നിലപാട്. .ഒരാള്‍ക്കു കരുതിക്കൂട്ടി ചെയ്യാവുന്ന ഒരു പ്രവൃത്തിയല്ലല്ലോ വിശ്വാസം. അന്ധമായി അനുകരിക്കപ്പെടുന്നതോ അടിച്ചേല്‍പ്പിക്കപ്പെടുന്നതോ ആയ വിശ്വാസങ്ങള്‍ സ്വതന്ത്രവും യുക്തിപരവുമായ പരിശോധനകള്‍ കൂടാതെയാണ് ഓരോരുത്തരും സ്വായത്തമാക്കുന്നത്. തെളിവുകളില്ലാത്ത സങ്കല്‍പ്പകഥകളാണ് മതങ്ങളുടെ അടിസ്ഥാനം. ഒരു വിശ്വാസം മറ്റൊന്നിനെക്കാള്‍ മെച്ചപ്പെട്ടതാണെന്നു തെളിയിക്കാനോ ബോധ്യപ്പെടുത്താനോ ആര്‍ക്കും സാധ്യവുമല്ല. അതിനാല്‍ ഒന്നു പുണ്യവും മറ്റൊന്നു പാപവുമാണെന്നു വിധിക്കുന്നതും അയുക്തികമാണ്.
ബോധ്യപ്പെടാത്തതു കണ്ണടച്ചു വിശ്വസിക്കാന്‍ ഒരാള്‍ വിസമ്മതിക്കുന്നുവെങ്കില്‍ അയാളെ കുറ്റവാളിയെന്നു മുദ്രകുത്തി മരണശിക്ഷക്കു വിധേയമാക്കുന്നതില്പരം ക്രൂരമായ അനീതി മറ്റെന്തുണ്ട്? തന്റെ അന്ധമായവിശ്വാസങ്ങള്‍ തെറ്റാണെന്നൊരാള്‍ക്കു ബോധ്യം വന്നാല്‍ അതുപേക്ഷിച്ച് മറ്റൊരാശയം സ്വീകരിക്കുന്നത് ഒരു ക്രിമിനല്‍ കുറ്റമാകുന്നതെങ്ങനെ?
ഇല്ലാത്ത ദൈവങ്ങളുടെ പേരില്‍ മതസ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കുന്ന നിയമസംഹിതകളെ നിരുപാധികം അനുസരിക്കുക എന്നതിനപ്പുറം മനുഷ്യര്‍ക്കു മറ്റൊരു അവകാശവും അംഗീകരിച്ചു കൊടുക്കുവാന്‍ ഇസ്ലാം എന്ന പ്രാകൃതസിദ്ധാന്തം തയ്യാറല്ല. സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കാനോ തന്റെ പ്രവര്‍ത്തനങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം വഹിക്കാനോ കെല്‍പ്പുള്ള ഒരു സ്വതന്ത്ര വ്യക്തിയായി മനുഷ്യനെ ഈ മതം അംഗീകരിക്കുന്നില്ല.
മനുഷ്യാവകാശങ്ങളും മാനവികമൂല്യങ്ങളും ആദരിക്കപ്പെടുന്ന ഒരു സമൂഹം സാധ്യമാകണമെങ്കില്‍ മതമൂഢവിശ്വാസങ്ങളെ യുക്തിചിന്തയാകുന്ന ഇരുമ്പു ഗദ കൊണ്ട് അടിച്ചു തകര്‍ക്കുകതന്നെ വേണം.