പ്രപഞ്ചത്തിലെ അതി നിസ്സാരമായ ഒരു ചെറുകണിക മാത്രമാണു നമ്മുടെ ഭൂമിയെന്നു നാമിന്നു തിരിച്ചറിയുന്നു. ഭൂമിയിലെ ഒരു നിസ്സാരജീവി മാത്രമായ മനുഷ്യനു വേണ്ടിയാണ് ഈ മഹാപ്രപഞ്ചം മുഴുവനും സൃഷ്ടിച്ചിട്ടുള്ളതെന്നും മനുഷ്യര്‍ , തന്നെ സ്തുതിച്ചു കൊണ്ടും പുകഴ്ത്തിക്കൊണ്ടും ആരാധിക്കാനാണു ദൈവം ഈ പണിയെല്ലാം ചെയ്തു വെച്ചിട്ടുള്ളതെന്നുമാണു മതം നമ്മോടു പറയുന്നത്. ഇതെത്രമാത്രം ബാലിശവും യുക്തിഹീനവുമാണെന്നു പറയേണ്ടതില്ലല്ലോ.
മതഗ്രന്ഥങ്ങളിലുള്ളതെല്ലാം ദൈവത്തിന്റെ വെളിപാടുകളാണന്നും അതിനാല്‍ അതന്യൂനമാണെന്നും മതക്കാര്‍ ശാഠ്യം പിടിക്കുന്നു. തെളിവെന്ത് എന്ന ചോദ്യത്തെ അവര്‍ അസഹിഷ്ണുതയോടെയാണു നേരിടുന്നത്. തെളിവു ചോദിക്കുന്നതു തന്നെ ക്രിമിനല്‍ കുറ്റമാണെന്ന മട്ടിലാണു മതം പെരുമാറുന്നത്. “യുക്തിയുടെ പരിമിതികള്‍ ബോധ്യപ്പെട്ടിട്ടും സ്രഷ്ടാവായ ദൈവത്തെയും വെളിപാടുകളെയും എന്തുകൊണ്ടംഗീകരിക്കുന്നില്ല?” വിശ്വാസികളുടെ ചോദ്യം ന്യായം തന്നെ. വിശ്വസിച്ചുകൂടാ എന്ന ശാഠ്യമൊന്നും ഇക്കാര്യത്തില്‍ യുക്തിവാദികള്‍ക്കില്ല. പക്ഷേ, ‘വെളിപാടുകള്‍ ’ ദൈവം കൊടുത്തയച്ചതു തന്നെയാണെന്നും വിശ്വസിക്കാന്‍ കൊള്ളാവുന്നതാണെന്നും ബോധ്യപ്പെടേണ്ടതുണ്ട് എന്നതാണു പ്രശ്നം.
വെളിപാടുകളായി ലഭിച്ചു എന്നു പറയപ്പെടുന്ന ജ്ഞാനശകലങ്ങളൊന്നും തന്നെ നമുക്ക് നേരിട്ടു കിട്ടിയതല്ല. മറ്റാര്‍ക്കോ വെളിപ്പെട്ടതും അവര്‍ അവരുടെ സമകാലികരോട് പറഞ്ഞറിയിച്ചതുമാണ്. വെളിപാടുരുവിട്ടു കേട്ടുവെന്നു പറയപ്പെടുന്ന പ്രവാചകന്മാര്‍ക്കു പോലും ദൈവത്തില്‍നിന്നും നേരിട്ടല്ല അതൊന്നും കിട്ടിയിട്ടുള്ളത്. ഏകാന്തധ്യാനത്തില്‍ മുഴുകിയിരിക്കെ , മറ്റാരുമറിയാതെ , ഒരു ദൃക്‌സാക്ഷി പോലുമില്ലാതെ , അദൃശ്യരും അശരീരികളുമായ ഏതോ അല്‍ഭുത സത്വങ്ങള്‍ മുഖേന കൈമാറപ്പെട്ടു എന്നൊക്കെയാണു പറയപ്പെടുന്നത്. മനുഷ്യര്‍ അറിയേണ്ടതെന്നു ദൈവം കരുതുന്ന കാര്യങ്ങള്‍ അവരെ അറിയിക്കാനും ബോധ്യപ്പെടുത്താനും വക്രതയില്ലാത്ത ലഘുവും ലളിതവുമായ ഒരു മാര്‍ഗ്ഗവും അവലംബിക്കാതെ ഇത്രയും ദുരൂഹവും അവിശ്വസനീയവുമായ ഒരു വളഞ്ഞ വഴി ദൈവം സ്വീകരിച്ചു എന്നു പറയുന്നതില്‍ തന്നെ ഗുരുതരമായ യുക്തിഭംഗം ദൃശ്യമാണ്.
ഇനി അപ്രകാരം വെളിപ്പെട്ടു എന്നു പറയുന്ന ദിവ്യവെളിപാടുകളുടെ ഉള്ളടക്കം മുന് വിധിയില്ലാതെ സ്വതന്ത്രമായ ഒരു പരിശോധനയ്ക്കു വിധേയമാക്കിയാലോ ? കാര്യങ്ങള്‍ക്കു കുറേക്കൂടി തെളിവും വ്യക്തതയും കൈവരാതിരിക്കില്ല. പ്രപഞ്ചസ്രഷ്ടാവായ ദൈവം തന്റെ സൃഷ്ടിയായ ആകാശഭൂമികളെക്കുറിച്ച് അറിയിച്ച കാര്യങ്ങല്‍ പോലും വിവരക്കേട് മാത്രമാണെന്നു ബോധ്യപ്പെടുന്ന പക്ഷം അത്തരം വെളിപാടുകളെ ആശ്രയിക്കേണ്ട ബാധ്യത നമുക്കുണ്ടോ? സ്വന്തം സൃഷ്ടികളെകുറിച്ചു സാമാന്യമായ അറിവു പോലുമില്ലാത്ത ഒരു ‘സ്രഷ്ടാവി’ല്‍ വിശ്വസിക്കുന്നതാണോ അതോ ഈ വെളിപാടുകളൊക്കെ മനുഷ്യന്റെ പരിമിതമായ ബുദ്ധിയില്‍നിന്നും ഭാവനയില്‍നിന്നും ഉറവ പൊട്ടിയതാണെന്ന ശാസ്ത്രീയ നിഗമനത്തെ അംഗീകരിക്കുന്നതാണോ ശരിയായ യുക്തി? ഖുര്‍ ആന്‍ വെളിപ്പെടുത്തുന്ന പ്രപഞ്ച വിജ്ഞാനത്തിന്റെ ഏതാനും ഉദാഹരണങ്ങള്‍ ഇനി നമുക്കു പരിശോധിക്കാം.
പരത്തി വിരിച്ച ഭൂമിയും കുട നിവര്‍ത്തിയ ആകാശവും
പതിനാറാം നൂറ്റാണ്ടില്‍ കോപ്പര്‍നിക്കസിന്റെ സൌരയൂഥ സിദ്ധാന്തം ആവിഷ്കരിക്കപ്പെടുന്നതു വരെ ഭൂമിയെ കേന്ദ്രമാക്കിയുള്ള ഒരു പ്രപഞ്ച സങ്കല്‍പ്പമാണു നിലവിലിരുന്നത്. ഗ്രീക്കു ചിന്തകന്മാരായിരുന്ന പൈതഗോറസിന്റെയും അരിസ്റ്റോട്ടിലിന്റെയും കാലത്തു തന്നെ ഭൂമി ഒരു ഗോളമാണെന്നു കണ്ടെത്തിയിരുന്നുവെങ്കിലും അതിനു സാര്‍വ്വത്രികമായ അംഗീകാരം ലഭിച്ചിരുന്നില്ല. ഭൂമി ഒരു പരന്ന തളികയാണെന്നും അതിനു ചുറ്റും സമുദ്രമാണെന്നും പുരാതന ബാബിലോണിയക്കാര്‍ വിശ്വസിച്ചു. ഭൂമിയെയും സമുദ്രത്തെയും മൂടി വെച്ചിരിക്കുന്ന ഒരു പാത്രമാണ് ആകാശമെന്നും അതില്‍ പതിച്ചു വെച്ചിട്ടുള്ള രത്നങ്ങളാണ് നക്ഷത്രങ്ങളെന്നും അവര്‍ സങ്കല്‍പ്പിച്ചു. പ്രപഞ്ചത്തിന്റെ മൂല വസ്തു ജലമാണെന്നും ഭൂമി ജലത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു തളികയാണെന്നുമായിരുന്നു ഗ്രീക്കുകാരുടെ വിശ്വാസം. ആകാശവും ഭൂമിയും പരസ്പരം ഇണ ചേര്‍ന്നു കിടക്കുകയായിരുന്നുവെന്നും അവയെ ലിംഗം മുറിച്ച് പിന്നീട് വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും മറ്റും യവനപുരാണങ്ങളില്‍ കഥയുണ്ട്! പ്രപഞ്ചത്തെക്കുറിച്ച് ഏതാണ്ട് സമാനമായ ധാരണകള്‍ തന്നെയാണ് ഖുര്‍ ആനിന്റെ കര്‍ത്താവിനും ഉണ്ടായിരുന്നത്.
ٱلَّذِي جَعَلَ لَكُمُ ٱلأَرْضَ فِرَٰشاً وَٱلسَّمَاءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِ مِنَ ٱلثَّمَرَٰتِ رِزْقاً لَّكُمْ فَلاَ تَجْعَلُواْ للَّهِ أَندَاداً وَأَنْتُمْ تَعْلَمُونَ
ഭൂമിയെ ഒരു വിരിപ്പായും ആകാശത്തെ ഒരു മേല്‍ക്കൂരയായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആകാശത്തുനിന്നും അവന്‍ വെള്ളം ഇറക്കിത്തരുന്നു.(2:22)
ٱللَّهُ ٱلَّذِي رَفَعَ ٱلسَّمَٰوَٰتِ بِغَيْرِ عَمَدٍ تَرَوْنَهَا
നിങ്ങള്‍ക്കു കാണാവുന്ന തൂണുകള്‍ കൂടാതെ ആകാശത്തെ അവന്‍ ഉയര്‍ത്തി…(13:2)
أَوَلَمْ يَرَ ٱلَّذِينَ كَفَرُوۤاْ أَنَّ ٱلسَّمَٰوَٰتِ وَٱلأَرْضَ كَانَتَا رَتْقاً فَفَتَقْنَاهُمَا وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَيْءٍ حَيٍّ أَفَلاَ يُؤْمِنُونَ
ആകാശവും ഭൂമിയും ഒട്ടിച്ചേര്‍ന്നു കിടക്കുകയായിരുന്നു. അവയെ പിന്നീടു നാം വേര്‍പ്പെടുത്തി മാറ്റി…(21:30)
ٱللَّهُ ٱلَّذِي خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلأَمْرُ بَيْنَهُنَّ لِّتَعْلَمُوۤاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْماً
ആകാശവും ഭൂമിയും ഏഴു തട്ടുകളായി സൃഷ്ടിച്ചവനത്രേ അല്ലാഹു……(65:12)
ഭൂമി ഗോളാകൃതിയിലാണെന്നും , ആകാശമെന്ന ഒരു വസ്തു ഭൂമിക്കു മുകളില്‍ കമഴ്ത്തി വെച്ചിട്ടില്ലെന്നും ഇന്ന് എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ട കാര്യമാണ്. ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്താകട്ടെ വളരെ വികലമായ ധാരണകളാണ് ഇക്കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പ്രവാചകന്‍ തന്റെ വെളിപാടുകള്‍ അവതരിപ്പിച്ചതും വിശദീകരിച്ചതും അന്നത്തെ ധാരണകള്‍ക്കനുസരിച്ചാണ്. ഭൂമി പരന്നതാണെന്നു തന്നെയാണ് ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നത്.
“അല്ലാഹു ഭൂമി സൃഷ്ടിക്കാനുദ്ദേശിച്ചപ്പോള്‍ കാറ്റുകളോട് വീശാന്‍ കല്‍പ്പിച്ചു. അതു വീശിയപ്പോള്‍ ജലാശയങ്ങള്‍ ഇളകി. അങ്ങനെ തിരകളുണ്ടായി. അവ അന്യോന്യം കൂട്ടിമുട്ടി. കാറ്റുകള്‍ പിന്നെയും വീശിക്കൊണ്ടിരുന്നതിനാല്‍ വെള്ളം നുരച്ചു. ആ നുര കട്ടിയായി….”
“അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് ഒരു തട്ടായിരുന്നു. പിന്നീട് ആകാശത്തെ ഏഴു തട്ടാക്കിയതുപോലെ അതിനെ പിളര്‍ന്ന് അവന്‍ ഏഴു തട്ടുകളാക്കി. ഒരു തട്ടില്‍നിന്നു മറ്റേ തട്ടു വരെ 500വര്‍ഷത്തെ വഴിദൂരം അകലമുണ്ടാക്കുകയും ചെയ്തു.”[ ഹദീസ്-മിശ്ഖാത്]
ഖുര്‍ ആന്‍ വാക്യങ്ങള്‍ക്ക് അര്‍ത്ഥവ്യാഖ്യാനം നല്‍കുവാനുള്ള ചുമതല പ്രവാചകനു മാത്രമേയുള്ളു. അദ്ദേഹം വിവരിച്ചു തന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ വിശ്വാസികള്‍ സ്വീകരിച്ചു കൂടാത്തതുമാണ്. എന്നാല്‍ ആകാശഭൂമികളെപ്പറ്റിയും മറ്റും ഖുര്‍ ആന്‍ അവതരിപ്പിച്ച വെളിപാടുകള്‍ക്ക് നബി നല്‍കിയ വിശദീകരണങ്ങള്‍ സൌകര്യപൂര്‍വ്വം മാറ്റിവെച്ച് ശാസ്ത്രത്തിന്റെ വാലില്‍ തൂങ്ങി വ്യാഖ്യാനിക്കാനാണ് ഇന്ന് മതപണ്ഡിതന്മാര്‍ ശ്രമിക്കുന്നത്. ഇത് സത്യസന്ധതയില്ലാത്തതും ആത്മവഞ്ചനാപരവുമായ നിലപാടാണ്. ദൈവം നേരിട്ട് അറിയിച്ചതും ദൈവദൂതന്‍ വേണ്ടത്ര വിശദീകരിച്ചു തന്നതുമായ കാര്യങ്ങള്‍ അതേ പടി വിശ്വസിക്കുന്നതിന് മനുഷ്യനിര്‍മ്മിതമായ ശാസ്ത്രം ഒരു തടസ്സമായിക്കൂടാത്തതാണ്. ഇവിടെ വിശ്വാസം കൊണ്ട് തുപ്പാനും വയ്യ; ശാസ്ത്രബോധം കൊണ്ട് ഇറക്കാനും വയ്യ എന്ന പരുവത്തില്‍ വന്‍ പ്രതിസന്ധിയെയാണ് മതം അഭിമുഖീകരിക്കുന്നത്. വ്യാഖ്യാനാഭ്യാസങ്ങള്‍ കൊണ്ട് ഇരുട്ടും വെളിച്ചവും കൂട്ടിക്കെട്ടാനുള്ള പാഴ്ശ്രമം ഈ പ്രതിസന്ധിയുടെ ഉല്‍പ്പന്നമാണ്. ദൈനംദിന ജീവിതത്തില്‍ പ്രവാചകന്റെ ചര്യകളും വചനങ്ങളും വള്ളിപുള്ളി തെറ്റാതെ അനുകരിച്ചു വരുന്ന സാധാരന മുസ്ലിം ഭക്തര്‍ പോലും ഇത്തരം കാര്യങ്ങളില്‍ ഹദീസുകളെ മുഖവിലയ്ക്കെടുക്കാതെ, ‘സദാ മാറിക്കൊണ്ടിരിക്കുന്ന’ ശാസ്ത്രസിദ്ധാന്തങ്ങളെ വിശ്വാസത്തിലെടുക്കുന്നു എന്നത് വല്ലാത്തൊരു വിരോധാഭാസം തന്നെ!
ഖുര്‍ ആനില്‍ ഭൂമിയെ പരത്തി, വിരിച്ചു എന്നൊക്കെ പറയുന്നതിന് , സൌകര്യപ്പെടുത്തി, മനുഷ്യവാസയോഗ്യമാക്കി എന്നൊക്കെയാണത്രെ ഇന്നത്തെ അര്‍ത്ഥം! ഏഴു ഭൂമി, ഏഴാകാശം എന്നൊക്കെ പറഞ്ഞതിന് കാക്കത്തൊള്ളായിരം ഗോളങ്ങള്‍ , അനന്ത താരാഗണങ്ങള്‍ എന്നൊക്കെയാണത്രെ വിവക്ഷ. ഒട്ടകത്തിന്റെ വഴിദൂരം എന്നത് പ്രകാശവര്‍ഷമാണെന്നും നാളെ വ്യാഖ്യാനിച്ചുകൂടെന്നില്ല. എന്നാല്‍ പോലും അല്ലാഹുവിന്റെ പ്രപഞ്ചം നമ്മുടെ ഗ്യാലക്സിയോളം വരില്ല.
ഏഴാകാശത്തും നേരിട്ടു കയറിപ്പോയി സാക്ഷാല്‍ അല്ലാഹുവിനെ നേരില്‍ കണ്ട അന്ത്യപ്രവാചകനെ തള്ളിപ്പറയുന്നതില്‍ ഈ ആധുനിക വ്യാഖ്യാതാക്കള്‍ക്കു ഒട്ടും മനസ്സാക്ഷിക്കുത്തില്ല. എല്ലാ കള്ളത്തരങ്ങളും അല്ലാഹുവിനെ രക്ഷിക്കാനാണല്ലോ എന്ന ആശ്വാസമാണവര്‍ക്ക്!
ഖുര്‍ ആനിലെ ഭൂമിയെ തന്നെ ‘ഉരുട്ടി’യെടുക്കാനുള്ള പരിശ്രമവും സമീപകാലത്തു സജീവമായിട്ടുണ്ട്. ശ്രമകരമായ ഒരു ഗവേഷണത്തിലൂടെ ഖുര്‍ ആനിലും ഭൂമിയുടെ ഗോളാകൃതിക്ക് സൂചന കണ്ടെത്തിയതായി ഈ ആധുനിക ദൈവ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നുണ്ട്. ഗോള സൂചനയൊളിപ്പിച്ച ഖുര്‍ ആന്‍ സൂക്തങ്ങളിലൊന്നിതാണ്:-
خَلَقَ ٱلسَّمَٰوَٰتِ وَٱلأَرْضَ بِٱلْحَقِّ يُكَوِّرُ ٱللَّيْـلَ عَلَى ٱلنَّهَـارِ وَيُكَوِّرُ ٱلنَّـهَارَ عَلَى ٱللَّيْلِ …
രാവിനെ പകലിന്മേലും പകലിനെ രാവിന്മേലും അവന്‍ ചുറ്റിപ്പൊതിയുന്നു.(39:5)
ഇവിടെ ‘കവ്വറ’[ചുറ്റിപ്പൊതിയുക] എന്ന പദത്തിന് ഭാഷോല്‍പ്പത്തി ശാസ്ത്രമനുസരിച്ച് ‘കുറത്’[പന്ത്] എന്ന പദവുമായി ബന്ധമുണ്ടെന്നും ആയതിനാല്‍ അതു പന്തു പോലുള്ള സാധനങ്ങളെ മാത്രം പൊതിയാനാണുപയോഗിക്കുന്നതെന്നുമൊക്കെയാണു കണ്ടു പിടുത്തം. രാത്രി പകലിന്മേല്‍ പൊതിയുന്നതോടെ പകല്‍ ഉരുണ്ടു കിട്ടിയല്ലോ! പകല്‍ രാത്രിയെ പൊതിയുന്നതിനാല്‍ രാത്രിയും ഉരുണ്ടതു തന്നെ. ഇനി ഭൂമിയെ ഉരുട്ടാനെന്താണു പ്രയാസം? രാത്രിയും പകലും ഉരുണ്ടതാണെങ്കില്‍ ഭൂമിയും തഥൈവ!! 1400കൊല്ലം മുമ്പ് അല്ലാഹു വിശാലമായി പരത്തി വിരിച്ചു വെച്ച ഭൂമിയെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഒരു വിധം തട്ടിയുരുട്ടി ഗോളമാക്കി മാറ്റാന്‍ നമ്മുടെ ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷകര്‍ക്കു സാധ്യമായത് ഇപ്രകാരമാണ്!!!
രാത്രി പകലിന്മേല്‍ പൊതിയുമ്പോഴേക്കും ഭൂമി ഗോളമായി മാറുന്നതെങ്ങനെയെന്നൊന്നും ആരും ചോദിക്കരുത്. പരത്തിയെന്നും വിരിച്ചുവെന്നുമൊക്കെ പച്ചയായി പറഞ്ഞ ശേഷം, ഉരുട്ടിയ കാര്യം വരികള്‍ക്കിടയില്‍ ആര്‍ക്കും തിരിയാത്തവിധത്തില്‍ ഗോപ്യമാക്കി വെച്ചതിന്റെ ഉദ്ദേശ്യനെന്ത് എന്നും ചോദിക്കേണ്ടതില്ല. ഭൂമിയുടെ ആകൃതി ശാസ്ത്രീയ മാര്‍ഗ്ഗത്തില്‍ കണ്ടെത്തി സ്ഥിരീകരിച്ച് കഴിഞ്ഞ് നാലഞ്ചു നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷം മാത്രം ഇക്കാര്യം ഗവേഷണം നടത്തി കണ്ടെത്തിയതിന്റെ യുക്തിയും ഊഹിച്ചെടുത്താല്‍ മതി. ഖുര്‍ ആനില്‍ മുങ്ങിത്തപ്പി വിജ്ഞാനസാഗരങ്ങളെ കീഴടക്കിയ അനേകായിരം മഹാപണ്ഡിതന്മാരുടെ കണ്ണി മുറിയാത്ത തലമുറകള്‍ ഇതിനകം കടന്നു പോയിട്ടുണ്ട്. അവരാരും ഈ അല്‍ഭുത രഹസ്യം എന്തു കൊണ്ട് കണ്ടെത്തിയില്ല എന്ന ചോദ്യവും അപ്രസക്തമാണ്.
രാപ്പകലുകളുടെ ക്രമാവര്‍ത്തനം ഖുര്‍ ആനില്‍ പല വിധത്തില്‍ വര്‍ണിക്കപ്പെട്ടിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക:-
وَآيَةٌ لَّهُمُ ٱلَّيلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ . .1 .
രാത്രി അവര്‍ക്കൊരു ദൃഷ്ടാന്തമാണ്, അതില്‍നിന്നു പകലിനെ നാം ഊരിയെടുക്കുന്നു. (36:37)
ഇവിടെ വാള്‍ ഉറയില്‍നിന്നും ഊരിയെടുക്കുന്നപോലെയാണ് പകലിനെ രാത്രിയില്‍നിന്നും ഊരിയെടുക്കുന്നത് എന്നതിനാല്‍ ഭൂമി വാള്‍ പോലെയാണെന്നു പറയാനാകുമോ?
إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِي ٱلَّيلَ ٱلنَّهَارَ يَطْلُبُهُ حَثِيثاً وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلاَ لَهُ ٱلْخَلْقُ وَٱلأَمْرُ تَبَارَكَ ٱللَّهُ رَبُّ ٱلْعَالَمِينَ
- ഇവിടെ “പകലിനെ രാവു കൊണ്ട് മൂടുന്നു” (7:54) എന്നാണുള്ളത്. അടപ്പു കൊണ്ട് മൂടുക എന്നര്‍ഥന്മുള്ള ‘യു അശി’ എന്ന വാക്കാണുപയോഗിച്ചിരിക്കുന്നത്.
أَلَمْ تَرَ أَنَّ ٱللَّهَ يُولِجُ ٱلْلَّيْلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلْلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِيۤ إِلَىٰ أَجَلٍ مُّسَمًّى وَأَنَّ ٱللَّهَ بِمَا تَعْمَلُونَ خَبِيرٌ3.
അല്ലാഹു രാത്രിമേല്‍ പകലിനെയും പകലിന്മേല്‍ രാത്രിയേയും കോര്‍ത്തു വലിക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ?(31:29)
സൂചിയും നൂലും കോര്‍ത്തു വലിക്കുമ്പോലെയാണു രാത്രിയും പകലും പരസ്പരം കോര്‍ത്തു വലിക്കുന്നത് എന്നതിനാല്‍ ഭൂമി ഒരു നൂലു പോലെ നീണ്ടതാണെന്നാരെങ്കിലും വ്യാഖ്യാനിച്ചു കളയുമോ?
يُقَلِّبُ ٱللَّهُ ٱللَّيْلَ وَٱلنَّهَارَ إِنَّ فِي ذٰلِكَ لَعِبْرَةً لأُوْلِي ٱلأَبْصَارِ
- രാവും പകലും മറിച്ചിടുന്നു. (24:44)
ചപ്പാത്തി മറിച്ചിടും പോലെയാണിവിടെ മറിച്ചിടുന്നത്. ഭൂമി പരന്നതു തന്നെ!
അല്ലാഹുവിന്റെ ഭൂമിയുടെ ആകൃതി മനസ്സിലാക്കാന്‍ സഹായകമായ രണ്ട് ഹദീസുകള്‍ കൂടി ഉദ്ധരിക്കാം
“അബൂ സ ഈദ് പറയുന്നു: തിരുമേനി അരുളി:“പുനരത്ഥാനദിവസം ഭൂമി അല്ലാഹുവിന്റെ കയ്യിലാണിരിക്കുക. നിങ്ങളിലൊരാള്‍ യാത്രാവേളയില്‍ ചപ്പാത്തി തിരിച്ചും മറിച്ചും ഇടുന്നതുപോലെ സ്വര്‍ഗ്ഗവാസികള്‍ക്കുള്ള ഒരു സല്‍ക്കാരവിഭവമായിക്കൊണ്ട് അല്ലാഹു അതിനെ ഒരു ചപ്പാത്തി പോലെ തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കും. ഒരു ജൂതന്‍ വന്നിട്ടു നബിയോടു പറഞ്ഞു: അബുല്‍ കാസിം! അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ. പുനരുത്ഥാനദിവസം സ്വര്‍ഗ്ഗവാസികളുടെ സല്‍ക്കാര വിഭവം എന്തായിരിക്കുമെന്നു ഞാന്‍ അങ്ങയെ അറിയിക്കട്ടെയോ? തിരുമേനി അരുളി: ‘അതെ’ ജൂതന്‍ പറഞ്ഞു: അന്നു ഭൂമി ഒരു ചപ്പാത്തി പോലെയായിരിക്കും. തിരുമേനി അരുളിയതുപോലെത്തന്നെ. അപ്പോള്‍ തിരുമേനിയുടെ അണപ്പല്ലുകള്‍ കാണുമാറ് അവിടുന്ന് ചിരിച്ചു. അവിടുന്ന് അരുളി: ചപ്പാത്തിക്കുള്ള കറി എന്തായിരിക്കുമെന്നു ഞാന്‍ പറയട്ടെയോ? അതു ബാലാമും നൂനുമായിരിക്കും. അനുചരന്മാര്‍ ചോദിച്ചു. എന്താണത്? അവിടുന്നരുളി: ‘കാളയും മീനും’. അതിന്റെ കരളിന്മേല്‍ വളര്‍ന്നു നില്‍ക്കുന്ന മാംസം 70000 പേര്‍ക്കു തിന്നാനുണ്ടാകും.”
“സഹ് ല്‍ പറയുന്നു: തിരുമേനി അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. “പുനരുത്ഥാനദിവസം വെളുത്തു മിനുസമുള്ളതും പത്തിരി പോലുള്ളതുമായ ഒരു ഭൂമിയില്‍ മനുഷ്യരെ സമ്മേളിപ്പിക്കും.”[ബുഖാരി]
പ്രകൃതിവര്‍ണ്ണനക്കായി അറബിക്കവികള്‍ അക്കാലത്തുപയോഗിച്ചിരുന്ന ചില ഉപമാലങ്കാരങ്ങള്‍ ഖുര്‍ ആനിലും കാണാം. ശാസ്ത്രം പഠിപ്പിക്കലോ പ്രപഞ്ചരഹസ്യങ്ങള്‍ വെളിപ്പെടുത്തലോ ആയിരുന്നില്ല ഖുര്‍ ആനിന്റെ അവതരണലക്ഷ്യം എന്നു സമര്‍ത്ഥിച്ചുകൊണ്ട് ശാസ്ത്രവിരുദ്ധമായ വെളിപാടുകള്‍ക്ക് ന്യായീകരണം കണ്ടെത്തുന്നവര്‍ തന്നെയാണ് ഇത്തരം ഭാഷാപ്രയോഗങ്ങളില്‍ ശാസ്ത്രസൂചനകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും വാദിക്കുന്നത്! ഭൂമിയുടെ ഗോളാകൃതി, ഭ്രമണം, സൌരപ്രദക്ഷിണം തുടങ്ങിയ പ്രകൃതി രഹസ്യങ്ങളെല്ലാം ‘അല്ലാഹു’വിനറിയാമായിരുന്നെങ്കില്‍ അക്കാര്യങ്ങള്‍ നേരെ ചൊവ്വേ ഖുര്‍ ആനില്‍ പ്രതിപാദിക്കുമായിരുന്നു. ദുരൂഹമായ സൂചനകള്‍ ഒളിപ്പിച്ചു വെച്ച് ഒരു നാടകം കളിക്കുന്നതുകൊണ്ട് ദൈവത്തിനോ മനുഷ്യര്‍ക്കോ പ്രയോജനമൊന്നുമില്ലല്ലോ. മറിച്ച് പ്രപഞ്ച്ച രഹസ്യങ്ങളെക്കുറിച്ച് മനുഷ്യര്‍ക്കുപകാരപ്പെടുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ അറിയിച്ചു തന്നിരുന്നുവെങ്കില്‍ അന്നത്തെ ആളുകള്‍ക്കും പിന്നീട് ഇതെല്ലാം കണ്ടു പിടിക്കുന്നതിനായി പീഢനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന ശാസ്ത്രകാരന്മാര്‍ക്കും , ഖുര്‍ ആനിന്റെ ‘ദൈവീകത’ സ്ഥാപിച്ചെടുക്കാന്‍ പെടാപ്പാടു പെടുന്ന ഗവേഷണക്കാര്‍ക്കും ശാസ്ത്രവിരുദ്ധതയുടെ പേരില്‍ വിശ്വാസത്തെ തള്ളിപ്പറയുന്ന യുക്തിവാദികള്‍ക്കും , എന്നു വേണ്ടാ ; പ്രവാചകരെ അയച്ചും ദൃഷ്ടാന്തങ്ങള്‍ വിവരിച്ചും മറ്റും സൃഷ്ടികളെ നേര്‍മ്മാര്‍ഗ്ഗത്തിലേക്കു നയിക്കാന്‍ ബുദ്ധിമുട്ടുന്ന ദൈവത്തിനു തന്നേയും എത്രയോ പ്രയോജനകരമായേനേ അത്! പ്രകൃതി രഹസ്യങ്ങളൊന്നും മനുഷ്യര്‍ക്കറിയിച്ചു കൊടുക്കാന്‍ ദൈവം ഒട്ടും തന്നെ ഉദ്ദേശിച്ചിരുന്നില്ല എങ്കില്‍ , ഭൂമിക്കും ആകാശത്തിനും ഏഴു തട്ടുകളുണ്ട് എന്നതുപോലുള്ള അബദ്ധപ്രസ്താവനകള്‍ ഒഴിവാക്കാനുള്ള ഔചിത്യമെങ്കിലും കാണിക്കേണ്ടതായിരുന്നു.
തുടരും….