September 5, 2025
Islam Quran

തേനീച്ച ഖുര്‍ആനില്‍

പഴം തിന്നുന്ന തേനീച്ച

തേനീച്ചകളെ കുറിച്ചും പക്ഷികളെകുറിച്ചുമൊക്കെ ആധുനിക ശാസ്ത്രം ഇപ്പോള്‍ കണ്ടെത്തിയ നിരവധി അല്‍ഭുതരഹസ്യങ്ങള്‍ ഖുര്‍ ആന്‍ പണ്ടേ വെളിപ്പെടുത്തിയിരുന്നു എന്നാണു മറ്റൊരു നമ്പര്‍ ! ഇതില്‍ വല്ല കഴമ്പുമുണ്ടോ? ഖുര്‍ ആനില്‍ ഇങ്ങനെ കാണുന്നു:-

وَأَوْحَىٰ رَبُّكَ إِلَىٰ ٱلنَّحْلِ أَنِ ٱتَّخِذِي مِنَ ٱلْجِبَالِ بُيُوتاً وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَ
ثُمَّ كُلِي مِن كُلِّ ٱلثَّمَرَاتِ فَٱسْلُكِي سُبُلَ رَبِّكِ ذُلُلاً يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَآءٌ لِلنَّاسِ إِنَّ فِي ذٰلِكَ لآيَةً لِّقَوْمٍ يَتَفَكَّرُونَ

“മലകളിലും മരങ്ങളിലും മനുഷ്യര്‍ ഉയര്‍ത്തിയുണ്ടാക്കുന്നതിലും നീ കൂടുണ്ടാക്കുക എന്ന് നിന്റെ റബ്ബ് തേനീച്ചയ്ക്കു വഹ് യ്[ദിവ്യ ബോധനം] നല്‍കി”.(16:68)

എന്നിട്ട് എല്ലാ പഴങ്ങളില്‍നിന്നും തിന്നുകയും നിന്റെ റബ്ബ് നിശ്ചയിച്ച മാര്‍ഗ്ഗത്തില്‍ അനുസരണയോടെ പ്രവേശിക്കുകയും ചെയ്യുക. അവയുടെ വയറുകളില്‍നിന്നും നിറവ്യത്യാസമുള്ള പാനീയം പുറത്തു വരുന്നു. അതില്‍ മനുഷ്യര്‍ക്കു രോഗശമനമുണ്ട്. ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ ദൃഷ്ടാന്തമുണ്ട്.”(16:69)

അന്നത്തെ അറബികള്‍ക്കറിയാത്ത എന്തല്‍ഭുത വൃത്താന്തമാണീ വാക്യങ്ങളിലുള്ളത്?
തേനീച്ചകള്‍ കൂടുണ്ടാക്കുന്നതും പഴം തിന്നുന്നതും അല്ലാഹു അവയ്ക്കു `ബോധനം’ നല്‍കിയതുകൊണ്ടാണ്. തേനീച്ചകളുടെ വയറുകളില്‍ നിന്നു പുറപ്പെടുന്ന പാനീയം ഔഷധഗുണമുള്ളതാണ്. ഇത്രയും കാര്യങ്ങളാണീ ‘ദൈവ വചനങ്ങളി’ലുള്ളത്. ഇതില്‍ അല്‍ഭുതകരമായ ഒരു നൂതനജ്ഞാനവും കാണുന്നില്ല; അതേ സമയം അബദ്ധങ്ങളുണ്ടെന്നും തോന്നുന്നു. തേനീച്ച കൂടുണ്ടാക്കുന്നതും ചിലന്തി വല നെയ്യുന്നതും ഉറുമ്പ് ആഹാരം ശേഖരിക്കുനതുമൊക്കെ അല്ലാഹുവിന്റെ പ്രത്യേകം ബോധനം കിട്ടുന്നതുകൊണ്ടല്ല. ജനിതകമായ ഉള്‍പ്പ്രേരണകളാണ് എല്ലാ ജീവജാലങ്ങളുടെയും തനതു സ്വഭാവം നിലനിര്‍ത്താനും അവ അടുത്ത തലമുറയ്ക്കു കൈമാറാനും സഹായിക്കുന്നത്. ഓരോ ജീവിയുടെയും സവിശേഷ സ്വഭാവഗുണങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് ആ ജീവിയുടെ കോശങ്ങളിലെ ജനിതക ഘടകങ്ങളാലാണ്. അതു കണ്ടെത്തി വേര്‍തിരിച്ചെടുക്കാനും അവയില്‍ മാറ്റങ്ങള്‍ വരുത്താനുമൊക്കെയുള്ള സാങ്കേതിക വിദ്യകള്‍ ജൈവ സാങ്കേതിക ശാസ്ത്രം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തും , ജീവ ലോകത്തെ എല്ലാ ‘അല്‍ഭുതങ്ങളും’ അല്ലാഹുവിന്റെ ‘ബോധന’മാണെന്നു പറയാന്‍ മാത്രമേ മതത്തിനു സാധ്യമാകുന്നുള്ളു.

തേനീച്ച എല്ലാ തരം പഴങ്ങളും തിന്നുന്നു എന്ന പ്രസ്താവന മുഹമ്മദിന്റെ ധാരണക്കുറവുകൊണ്ട് സംഭവിച്ചാതാകാം. തേനീച്ചകള്‍ ഈത്തപ്പഴത്തിലും അത്തിപ്പഴത്തിലുമൊക്കെ വന്നിരിക്കുന്നത് അദ്ദേഹം കണ്ടിരിക്കും. തേനീച്ച തേന്‍ ശേഖരിക്കുന്നത് പ്രധാനമായും പലതരം പൂക്കളില്‍നിന്നാണെന്ന കാര്യം അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല എന്നു വേണം കരുതാന്‍ . അല്ലെങ്കില്‍ തേനീച്ച പഴങ്ങളാണു തിന്നുന്നത് എന്നു പറയുമായിരുന്നില്ല.

തേന്‍ ഔഷധമാണ് എന്നു പ്രസ്താവിച്ചതും ബാലിശമായിപ്പോയി. പണ്ടു മുതലേ ആളുകള്‍ അതൊരു ഔഷധമെന്ന നിലയില്‍ ഉപയോഗിച്ചു വരുന്നുണ്ടെന്നതു നേരു തന്നെ. പക്ഷെ, പ്രപഞ്ചസ്രഷ്ടാവും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവം വെളിപാടു മുഖേന സ്ഥിരീകരിക്കാന്‍ മാത്രം ഔഷധവീര്യമൊന്നും തേനിനുണ്ടെന്നു തോന്നുന്നില്ല. തേന്‍ സേവിച്ചതുകൊണ്ടു മാത്രം പൂര്‍ണ്ണ സുഖം പ്രാപിക്കുന്ന ഗുരുതരമായ രോഗങ്ങളെന്തെങ്കിലും ഉള്ളതായി വൈദ്യശാസ്ത്രം തെളിയിക്കുന്നില്ല. ഏഴാം ശതകത്തിലെ സാധാരണക്കാരായ അറബികളുടെ ധാരണകള്‍ക്കുപരിയായി ശാസ്ത്രീയമായ ഒരറിവും ഇവിടെ ഖുര്‍ ആന്‍ വെളിപ്പെടുത്തുന്നില്ല എന്നു ചുരുക്കം. എന്നാല്‍ ഈ കുറവു നികത്തിക്കൊണ്ട് നമ്മുടെ ഗവേഷണക്കാരായ വ്യാഖ്യാതാക്കള്‍ ഈ സൂക്തത്തില്‍ അല്‍ഭുതകരമായ വേറെ കുറെ ശാസ്ത്ര രഹസ്യങ്ങള്‍ ഒളിഞ്ഞു കിടക്കുന്നതായും കണ്ടെത്തിയിരിക്കുന്നുവത്രേ!

കൂടുണ്ടാക്കിക്കൊള്ളുക എന്നു തേനീച്ചയ്ക്കു വഹ്യ് നല്‍കി എന്നു പറഞ്ഞേടത്ത് أَنِ ٱتَّخِذِي ‘അനിത്തഹ്ദീ’[നീ ഉണ്ടാക്കിക്കൊള്ളുക] എന്ന പദം സ്ത്രീ ലിംഗത്തിലാണുപയോഗിച്ചിട്ടുള്ളത് എന്നും , കൂടുണ്ടാക്കുന്നതും തേന്‍ ശേഖരിക്കുന്നതും പെണ്ണീച്ചകളാണെന്ന, അടുത്തകാലത്തു മാത്രം കണ്ടെത്തിയ രഹസ്യം അല്ലാഹുവിനറിയാമായിരുന്നതിനാലാണിങ്ങനെ പ്രയോഗിച്ചതെന്നുമൊക്കെയാണു പറയുന്നത്.

ഇത് അറബി ഭാഷയുടെ വ്യാകരണത്തെ സംബന്ധിച്ചും മറ്റും വേണ്ടത്ര ധാരണയില്ലത്തവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു പാഴ് വേല മാത്രമാണ്. അറബിയില്‍ നഹ് ല് എന്ന വാക്ക് സ്ത്രീലിംഗപദമായാണു കണക്കാക്കപ്പെടുന്നത്. ഈച്ച പെണ്ണായാലും ആണായാലും നഹ് ല്‍ സ്ത്രീ ലിംഗപദം തന്നെ എന്നര്‍ത്ഥം. സ്ത്രീ ലിംഗപദത്തെ തുടര്‍ന്നു വരുന്ന ക്രിയയും സ്ത്രീലിംഗത്തിലുപയോഗിക്കുക എന്നതാണു പൊതു ശൈലി. കൂടുണ്ടാക്കുന്നത് ആണീച്ചയായാലും പദപ്രയോഗം അനിത്തഹ്ദീ എന്നു തന്നെയായിരിക്കും. [തഫ്സീര്‍ ഖുര്‍തുബി യില്‍ ഈ കാര്യം വിശദീകരിച്ചിട്ടുണ്ട്]

ആദ്യം ഇക്കൂട്ടര്‍ ഇവിടെ വേറൊരു വ്യാകരണപ്രശ്നമാണു പൊക്കിക്കൊണ്ടു വന്നിരുന്നത്. “അവയുടെ വയറുകളില്‍നിന്നു വരുന്ന പാനീയം” എന്നു പറഞ്ഞേടത്ത് بُطُونِهَا ‘ബുതൂനിഹാ’ എന്നു പ്രയോഗിച്ചതില്‍ ശാസ്ത്രമുണ്ട് എന്നായിരുന്നു വാദം. വയറുകള്‍ എന്ന് ബഹുവചനത്തില്‍ പറയാന്‍ കാരണം ഒരീച്ചയ്ക്കു തന്നെ ഒന്നിലധികം വയറുകളുള്ളതിനാലാണ് , അതു ശാസ്ത്രം തെളിയിച്ചിട്ടുണ്ട് എന്നൊക്കെയായിരുന്നു കസര്‍ത്ത്. ഈച്ചകള്‍ എന്നു ബഹുവചനത്തില്‍ പറയുമ്പോള്‍ വയറുകള്‍ എന്നു പറയുന്നതുപോലെ ഖുര്‍ ആനില്‍ പലേടത്തും പ്രയോഗിക്കുന്നതു ശ്രദ്ധയില്‍ പെട്ടതുകൊണ്ടായിരിക്കാം ഈ വാദം ഇപ്പോള്‍ പറയുന്നില്ല.

ഈ വാദമനുസരിച്ച് നബിയുടെ ഭാര്യമാര്‍ക്ക് രണ്ടിലേറെ ഹൃദയങ്ങളുണ്ടായിരുന്നു എന്നും പറയേണ്ടി വരും! ഇതാ നോക്കൂ:-

إِن تَتُوبَآ إِلَى ٱللَّهِ فَقَدْ صَغَتْ قُلُوبُكُمَا وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّهَ هُوَ مَوْلاَهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلاَئِكَةُ بَعْدَ ذَلِكَ ظَهِيرٌ
“നിങ്ങളിരുവരും പശ്ചാതപിച്ചാല്‍ നിങ്ങള്‍ക്കു നല്ലത്. നിങ്ങളുടെ ഹൃദയങ്ങള്‍ നേര്‍വഴിയില്‍നിന്നും വ്യതിചലിച്ചിട്ടുണ്ട്.”(66:4)

നബിയുടെ ഭാര്യമാരായിരുന്ന ഹഫ്സയും ആയിഷയും തമ്മില്‍ വഴക്കും തല്ലും നടന്ന ഒരു സന്ദര്‍ഭത്തിലാണ് ഈ ചക്കൊളോത്തിപ്പോരിലിടപെട്ടു കൊണ്ട് അല്ലാഹു ഈ വെളിപാടിറക്കിയത്. ഇതില്‍ രണ്ടു പേരുടെ ഹൃദയങ്ങള്‍ എന്നു സൂചിപ്പിക്കാന്‍ قُلُوبُكُمَا ‘ഖുലൂബുകുമാ’ എന്ന പദമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. രണ്ടിലേറെ ഹൃദയങ്ങളുണ്ടെങ്കിലേ അറബിയില്‍ ഈ വാക്കു പ്രയോഗിക്കൂ. രണ്ടാള്‍ക്കും ഓരോ ഹൃദയമേ ഉള്ളുവെങ്കില്‍ ‘ഖല്‍ബകുമാ’ എന്നേ പറയാവൂ. ഇതു ഖുര്‍ ആനിലെ അനേകം വ്യാകരണത്തെറ്റുകളിലൊന്നു മാത്രം.

ഇപ്രകാരം ഭാഷാപ്രയോഗങ്ങളെയൊക്കെ വ്യാഖ്യാനിച്ച് അല്‍ഭുതം മെനഞ്ഞെടുക്കാന്‍ പുറപ്പെട്ടാല്‍ അല്ലാഹു തന്നെ ഒരാളല്ല അനേകം പേരാണെന്നും തെളിയിക്കാന്‍ പ്രയാസമില്ല. !. ഇതാ മറ്റൊരു ഉദാഹരണം:-

حَتَّىٰ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ
“അങ്ങനെ അവരില്‍ ഒരാള്‍ക്കു മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും , എന്റെ രക്ഷിതാവേ (നിങ്ങളെല്ലാവരും കൂടി) എന്നെ മടക്കിത്തരുവിന്‍ ”(23:99)

ഇവിടെ رَبِّ ٱرْجِعُون “റബ്ബിര്‍ജി ഊന്‍ ”എന്നു ബഹുവചനത്തില്‍ പ്രയോഗിച്ചതിനാല്‍ റബ്ബ് ഒരാളല്ല; അനവധി പേരാണെന്നു വരുന്നു. പൂജകബഹുവചനം കൊണ്ട് അല്ലാഹുവിനെ ആദരിക്കുന്ന പതിവും അറബി ഭാഷയിലില്ലെന്നാണു തോന്നുന്നത്. ഇതും അല്ലാഹുവിന്റെ കിതാബിലെ ഗുരുതരമായ വ്യാകരണത്തെറ്റുകളിലൊന്നാണ്.

അടുത്തത് – പരാഗണം; പിന്നെ പക്ഷിശാസ്ത്രം!

Leave a Reply

Your email address will not be published. Required fields are marked *