September 5, 2025
Islam Quran

ഖുര്‍ആനില്‍ ശാസ്ത്രസൂചനകളോ?

ഖുര്‍ ആനില്‍ ശാസ്ത്രീയമായ ഒരറിവും വെളിപ്പെടുത്തുന്നില്ല എന്നു നാം കണ്ടു. ഭൂമിയുടെ ആകൃതിയെപ്പറ്റിയും ആകാശം, സൂര്യന്‍ ,ചന്ദ്രന്‍ തുടങ്ങിയ പ്രാഥമിക ഭൌതിക കാര്യങ്ങളെപ്പറ്റിയുമൊക്കെ ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കുണ്ടായിരുന്ന വികലമായ അറിവുകള്‍ മാത്രമേ ഖുര്‍ ആനിലും വെളിപ്പെടുന്നുള്ളു എന്നും നാം മനസ്സിലാക്കി. ഈ വക കാര്യങ്ങളില്‍ ശരിയായ വസ്തുതകള്‍ എന്തുകൊണ്ട് ദൈവം പറഞ്ഞു തന്നില്ല എന്ന ചോദ്യത്തിനു “ഖുര്‍ ആന്‍ ശാസ്ത്രം പഠിപ്പിക്കാന്‍ വേണ്ടി അവതരിപ്പിച്ചതല്ല” എന്ന മറുപടിയാണു മതത്തിന്റെ വക്താക്കളില്‍നിന്നും ലഭിക്കാറ്! അതേ സമയം ശാസ്ത്ര വസ്തുതകളുമായി എന്തെങ്കിലും സാമ്യമോ അപ്രകാരം വളച്ചൊടിച്ചു വ്യാഖ്യാനിക്കാനുള്ള വല്ല വിദൂര സാധ്യതയൊ കണ്ടെത്തിയാല്‍ അതിനെ ആയിരം നുണകളും അതിശയോക്തികളും കൂട്ടിച്ചേര്‍ത്ത് ലോകമാകെ പറകൊട്ടി പ്രചരിപ്പിക്കാനും ഇതേ കൂട്ടര്‍ ശ്രമിക്കുകയും ചെയ്യുന്നു. ശാസ്ത്രം പഠിപ്പിക്കുക എന്ന ഉദ്ദേശ്യം ഒട്ടുമില്ലാത്ത ഒരു കൃതിയില്‍ ശാസ്ത്ര സൂചനകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നു എന്നാണിപ്പോള്‍ ഇവര്‍ പറയുന്നത്. നേരെ ചൊവ്വേ ഭൂമി ഉരുണ്ടതാണെന്നു പോലും പറഞ്ഞു തരാന്‍ വിവരമില്ലാത്ത ‘അല്ലാഹു’ ഖുര്‍ ആനില്‍ ബിഗ് ബാങ് തിയറിയും അറ്റോമിക് തിയറിയുമൊക്കെ പട്ടില്‍ പൊതിഞ്ഞു ആരും കാണാതെ ഒളിപ്പിച്ചു വെച്ചതിന്റെ ഉദ്ദേശ്യമെന്താണാവോ! ശാസ്ത്രകാരന്മാര്‍ ഒരുപാടു കഷ്ടപ്പെട്ടും പീഡനങ്ങള്‍ സഹിച്ചും കണ്ടെത്തിയ കാര്യങ്ങള്‍ ലോകത്തെല്ലാവര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞ് പിന്നെയും കുറെ നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷം “ ഇതാ ഞങ്ങളുടെ ഖുര്‍ ആനില്‍ അതുണ്ട്.” എന്നു വീമ്പടിക്കുന്നതു കൊണ്ട് ഇക്കൂട്ടര്‍ സ്വയം പരിഹാസ്യരാകുന്നു എന്നതിനപ്പുറം എന്തു പ്രയോജനമാണു മനുഷ്യര്‍ക്കുള്ളത്?

ഏതായാലും ഇപ്രകാരം കഠിന പ്രയത്നങ്ങളിലൂടെ ഈ ആധുനിക ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണക്കാര്‍ കണ്ടെത്തി പ്രചരിപ്പിക്കുന്ന ഏതാനും ദൈവിക സൂചനകളുടെ നിജസ്ഥിതി ഒന്നു പരിശോധിക്കാനാണിവിടെ ശ്രമിക്കുന്നത്. ഖുര്‍ ആന്‍ ശാസ്ത്രക്കാര്‍ അവരുടെ ഗവേഷണങ്ങള്‍ തുടരുകയാണ്. പുതിയ കണ്ടു പിടുത്തങ്ങള്‍ പലതും ഇതിനകം പുറത്തു വന്നിട്ടുണ്ട്. ആദ്യഗവേഷണങ്ങളില്‍ കണ്ടെത്തിയ ഏതാനും ഉദാഹരണങ്ങള്‍ നമുക്കു നോക്കാം.

1. വികസിക്കുന്ന പ്രപഞ്ചം.

പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് ശാസ്ത്രരംഗത്ത് പഠനങ്ങളും ഗവേഷണങ്ങളും നടന്നു വരുന്നതേയുള്ളു. ഏതാനും നിഗമനങ്ങളാണു ശാസ്ത്രം ഈ കാര്യത്തില്‍ ഇതുവരെ മുന്നോട്ടു വെച്ചിട്ടുള്ളത്. അതുതന്നെ ഇന്നത്തെ നിലയിലുള്ള ഒരു പ്രപഞ്ചഘടന രൂപപ്പെട്ടതിനെ സംബന്ധിച്ചുള്ള നിഗമനങ്ങള്‍ മാത്രമാണു താനും. യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒരു പ്രപഞ്ചം എപ്പോള്‍ എങ്ങിനെ തുടങ്ങി എന്നതല്ല ശാസ്ത്രം ചര്‍ച്ച ചെയ്യുന്നത്.

മഹാസ്ഫോടനസിദ്ധാന്തം അത്തരത്തിലുള്ള ഒരു നിഗമനം മാത്രമാണ്. ഒരു പൊട്ടിത്തെറിയില്‍നിന്നെന്ന പോലെ വികസിച്ചു കൊണ്ടിരിക്കുകയാണു പ്രപഞ്ചം എന്നതാണു നിഗമനം. പൊട്ടിത്തെറിയുണ്ടാക്കിയത് ‘അല്ലാഹു’വാണെന്നും അക്കാര്യങ്ങളൊക്കെ ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ടെന്നുമാണു നമ്മുടെ മുസ്ലിം ഗവേഷകര്‍ ‘കണ്ടെത്തി’യിരിക്കുന്നത്! തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നത് ഈ ഖുര്‍ ആന്‍ വാക്യമാണ്.:

وَٱلسَّمَآءَ بَنَيْنَاهَا بِأَييْدٍ وَإِنَّا لَمُوسِعُونَ  
ആകാശമാകട്ടെ നാമതിനെ കൈകള്‍ കൊണ്ടു സ്ഥാപിച്ചിരിക്കുന്നു. നാം വിപുലമായ കഴിവുള്ളവന്‍ തന്നെയാണ്.(51:47) ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള എല്ലാ തഫ്സീറുകളിലും ഈ സൂക്തത്തിനു നല്‍കിയിട്ടുള്ള അര്‍ത്ഥമാണു മേലുദ്ധരിച്ചത്.
എന്നാല്‍ നമ്മുടെ പുത്തന്‍ ഗവേഷണവ്യാഖ്യാതാക്കള്‍ ഈ വാക്യത്തിലെ لَمُوسِعُون‘മൂസിഊന്‍ ’ എന്നതിന് വികസിപ്പിക്കുന്നവന്‍ എന്നൊരു പുതിയ അര്‍ത്ഥം ‘കണ്ടെത്തി’ക്കൊണ്ടാണ് ഈ സൂക്തത്തില്‍ ബിഗ്ബാങ് തിയറി ഒളിച്ചിരിപ്പുണ്ട് എന്നു പ്രചരിപ്പിക്കുന്നത്.!

പ്രവാചകനോ പൂര്‍വ്വകാല മുഫസ്സിറുകളോ ഈ വാക്യത്തിന് ഇങ്ങനെയൊരു അര്‍ത്ഥവും വ്യാഖ്യാനവും നല്‍കിയിട്ടില്ല. ഖുര്‍ ആനില്‍ പ്രകൃതി ദൃഷ്ടാന്തങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന മിക്ക സൂക്തങ്ങളും ഇതു പോലെ അല്ലാഹുവിന്റെ വിപുലമായ കഴിവുകളെ വാഴ്ത്തിക്കൊണ്ടാണവസാനിപ്പിക്കുന്നത്. ഇതു ഖുര്‍ ആനില്‍ പൊതുവില്‍ സ്വീകരിച്ചു കാണുന്ന ഒരു ശൈലിയാണ്. അല്ലാഹുവിനു വളരെയധികം കഴിവുണ്ട് എന്നല്ലാതെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നൊന്നും ഈ വാക്യത്തിനര്‍ത്ഥമില്ല. ഇതു പോലുള്ള അട്ടിമറികളാണ് ഇപ്പോള്‍ രംഗത്തു വന്നുകൊണ്ടിരിക്കുന്ന മിക്ക ‘ശാസ്ത്ര സൂചനകളുടെയും’ പിന്നിലുള്ളത്.

ചന്ദ്രന്‍ ഒരു വെളിച്ചമാകുന്നു, ഭൂമി ഇളകുന്നേയില്ല, സൂര്യന്‍ സഞ്ചരിക്കുകയും രാത്രി അല്ലാഹുവിന്റെ കസേരക്കു കീഴെ പോയി വിശ്രമക്കുകയുമാണ് എന്നൊക്കെ വിവരിച്ചു തന്ന ‘ദൈവം’ നമുക്ക് ബിഗ് ബാങ് തിയറി പഠിപ്പിച്ചു തന്നു എന്നു പറഞ്ഞാല്‍ അതു മുഖവിലക്കെടുക്കാന്‍ പറ്റുമോ? ഇനി ബിഗ് ബാങ് തിയറിക്കു പകരം സ്വീകാര്യമായ മറ്റൊരു സിദ്ധാന്തമാണു ശാസ്ത്രം അംഗീകരിക്കുന്നതെന്നു വന്നാലോ, അല്ലാഹുവിന്റെ കിതാബില്‍ അര്‍ത്ഥമാറ്റവും അട്ടിമറിയും പിന്നെയും നടത്തേണ്ടി വരില്ലേ? ഭൂമി ഉരുണ്ടതാണെന്നെങ്കിലും അല്ലാഹു അന്നു പറഞ്ഞു തന്നിരുന്നെങ്കില്‍ മനുഷ്യര്‍ക്കെത്ര പ്രയോജനപ്പെട്ടേനേ അത്.!

അല്ലാഹു കുന്‍ എന്നു പറയേണ്ട താമസം അവന്‍ വിചാരിക്കുന്നതെന്തും ഉണ്ടാകും എന്നാണു ഖുര്‍ ആനില്‍ വീമ്പു പറയുന്നത്.(2:117)
ശാസ്ത്രം കണ്ടെത്തിയ പ്രപഞ്ചസിദ്ധാന്തങ്ങളൊക്കെ ശരിയാണെങ്കില്‍ അലാഹു കുന്‍ [ഉണ്ടാവുക] എന്നു പറഞ്ഞിട്ടും കോടാനുകോടി കൊല്ലങ്ങള്‍ വേണ്ടിവന്നു ഇന്നത്തെ നിലയില്‍ ഒരു പ്രപഞ്ചം രൂപപ്പെട്ടു വരാന്‍ എന്നു കരുതേണ്ടി വരും . പ്രപഞ്ചഘടന പൂര്‍ണ്ണത കൈവരിച്ചു എന്നു കരുതാനും നിവൃത്തിയില്ല. അതിന്നും പരിണമിച്ചുകൊണ്ടേയിരിക്കുകയാണ്. കുന്‍ പറഞ്ഞാള്‍ ‘ഉടനെ’ അതുണ്ടാകും എന്ന വീമ്പ് വെറും പൊള്ളയാണെന്നര്‍ത്ഥം!

പൊട്ടിത്തെറി അല്ലാഹുവിന്റെ വകയാണെന്നു സമ്മതിച്ചാലും പ്രശ്നം തീരുന്നുമില്ല. പടക്കമുണ്ടാക്കാന്‍ വേണ്ട കരിമരുന്നും മറ്റും എങ്ങനെയുണ്ടായി? എവിടെനിന്നു കിട്ടി?,പൊട്ടിത്തെറിച്ചത് അല്ലാഹു തന്നെയാണോ?, പൊട്ടിത്തെറിക്കുമ്പോള്‍ അദ്ദേഹം എവിടെയാണു നിന്നത്? പൊട്ടിത്തെറിയുണ്ടാകും മുമ്പ് അല്ലാഹു എവിടെയായിരുന്നു? എന്തു ചെയ്യുകയായിരുന്നു? മൂപ്പരെങ്ങനെയാണുണ്ടായത്? എന്തിണാണുണ്ടായത്? എന്തിനാണിങ്ങനെയൊരു പ്രപഞ്ചമുണ്ടാക്കിയത്? ….. എന്നിങ്ങനെ നൂറു കൂട്ടം ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്.

ഇതിനും ഖുര്‍ ആനില്‍ മറുമരുന്നുണ്ട്:

يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَسْأَلُواْ عَنْ أَشْيَآءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْأَلُواْ عَنْهَا حِينَ يُنَزَّلُ ٱلْقُرْآنُ تُبْدَ لَكُمْ عَفَا ٱللَّهُ عَنْهَا وَٱللَّهُ غَفُورٌ حَلِيمٌ
قَدْ سَأَلَهَا قَوْمٌ مِّن قَبْلِكُمْ ثُمَّ أَصْبَحُواْ بِهَا كَافِرِينَ
“O ye who believe! Ask not questions about things which if made plain to you, may cause you trouble… Some people before you did ask such questions, and on that account lost their faith.” (Quran. 5:101-102)

മനസ്സിലായില്ലേ? ഉത്തരം മുട്ടുന്ന ചോദ്യങ്ങളൊന്നും ചോദിക്കരുത്. അങ്ങനെ ചോദിച്ചവരൊക്കെ കാഫറുകളായിത്തീരുകയാണുണ്ടായതെന്ന്!

2.വിരലടയാള ശാസ്ത്രം ഖുര്‍ ആനില്‍ !

മനുഷ്യരുടെ വിരലടയാളത്തിലെ വ്യത്യാസങ്ങള്‍ കുറ്റാന്യേഷണത്തിനും മറ്റും ഉപയോഗപ്പെടുത്താമെന്ന അറിവ് ആധുനികമാണ്. എന്നാല്‍ ഈ അല്‍ഭുതജ്ഞാനം ഖുര്‍ ആന്‍ പണ്ടേ വെളിപ്പെടിത്തിയിട്ടുണ്ടെന്നാണു ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണക്കാരുടെ മറ്റൊരു ‘ഗവേഷണഫലം’ വ്യക്തമാക്കുന്നത്. ഖുര്‍ ആന്റെ ശാസ്ത്രവല്‍ക്കരണം ദൌത്യമായി ഏറ്റെടുത്തവര്‍ ഈ അല്‍ഭുതം കണ്ടെടുത്തത് താഴെ പറയുന്ന ഖുര്‍ ആന്‍ വാക്യത്തില്‍ നിന്നാണ്.:

أَيَحْسَبُ ٱلإِنسَانُ أَلَّن نَّجْمَعَ عِظَامَهُ
بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ
“മനുഷ്യന്‍ കരുതുന്നുവോ , അവന്റെ എല്ലുകളെ നാം ഒരുമിച്ചു കൂട്ടുന്നതേയല്ല എന്ന്;
ഇല്ലാതേ! അവന്റെ വിരലുകളെപ്പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനാണു നാം.” (75:2,3)

ഇവിടെ نُّسَوِّي [നുസവ്വിയ] എന്ന വാക്കിനു ,ശരിയാക്കുക; നേരെയാക്കുക എന്നൊക്കെയാണു സാമാന്യമായ അര്‍ത്ഥം. بَنَانَه [ബനാനഹു] എന്നതിന് നിങ്ങളുടെ വിരലുകള്‍ , അസ്ഥിസന്ധികള്‍ എന്നൊക്കെയാണു വിവക്ഷ. നമ്മുടെ മൃതശരീരം മണ്ണില്‍ ദ്രവിച്ചു നശിച്ച ശേഷം പുനരുത്ഥാന നാളില്‍ അതു പഴയ പടി പുനസ്ഥാപിക്കാന്‍ അല്ലാഹുവിനു ബുദ്ധിമുട്ടാകില്ലേ എന്ന സ്വാഭാവിക സംശയത്തിനുള്ള മറുപടിയായാണ് ഈ വെളിപാട് അല്ലാഹു ഇറക്കിയിരിക്കുന്നത്. ശരീരത്തിലെ വിരലുകള്‍ പോലുള്ള സൂക്ഷ്മമായ അംശങ്ങള്‍ പോലും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അല്ലാഹുവിനു യാതൊരു പ്രയാസവും കൂടാതെ കഴിയും എന്നേ ഇവിടെ അര്‍ത്ഥമാക്കുന്നുള്ളു.

എന്നാല്‍ ഗവേഷണക്കാര്‍ ഇവിടെ വിരലടയാള ശാസ്ത്രം പഠിപ്പിക്കാനാണ് അല്ലാഹു ശ്രമിക്കുന്നത് എന്നത്രേ ‘കണ്ടെത്തി’യിരിക്കുന്നത്! അതിനായി അവര്‍ നടത്തിയ കരണം മറിച്ചില്‍ ഇങ്ങനെ:
നുസവ്വിയ എന്നാല്‍ വ്യത്യാസപ്പെടുത്തുക എന്നും ബനാനഹ് എന്നാല്‍ വിരലടയാളങ്ങള്‍ എന്നും അര്‍ത്ഥം മാറ്റി. വിരലടയാളങ്ങള്‍ വ്യത്യാസപ്പെടുത്തി എന്നു വന്നാല്‍ വിരലടയാള ശാസ്ത്രമായില്ലേ?

ഇവിടെ മനുഷ്യര്‍ തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങളെക്കുറിച്ചേയല്ല പ്രതിപാദ്യം. മരിച്ചു മണ്ണായി പ്പോയ ഒരാളുടെ ശരീരത്തിലെ സൂക്ഷ്മമായ സവിശേഷതകളെ പോലും അതേപടി പുനസ്ഥാപിക്കുന്നതിനെ സംബന്ധിച്ചുള്ള അല്ലാഹുവിന്റെ ഒരു വീംപു പറച്ചിലാണ് ഈ വാക്യത്തിലുള്‍ക്കൊള്ളുന്നത്. അതിനാല്‍ നുസവ്വിയ എന്ന വാക്കിനു വ്യത്യാസപ്പെടുത്തുക എന്നര്‍ത്ഥം കല്‍പ്പിച്ചാല്‍ പോലും ഒരു മനുഷ്യന്റെ വ്യത്യസ്തമായ വിരല്‍ത്തലപ്പുകളെ അതേപ്രകാരം വ്യത്യസ്തമാക്കി പുനസൃഷ്ടിക്കും എന്നേ അര്‍ത്ഥം വരൂ. ഒരു കയ്യിലെ അഞ്ചു വിരലുകളും നീളത്തിലും ആകൃതിയിലും വിന്യാസത്തിലും വ്യതാസമുണ്ടല്ലോ. ആ വ്യത്യാസം അതേ പടി അല്ലാഹു വീണ്ടും സൃഷ്ടിക്കും എന്നു സാരം. ഇനി ബനാനഹു എന്നതിനു നിങ്ങളുടെ വിരലല്‍ത്തലപ്പിലെ അടയാളങ്ങള്‍ എന്നാണര്‍ത്ഥമെന്നു വന്നാലും അതു രണ്ടു വ്യക്തികളുടെ വിരലടയാള‍ങ്ങള്‍ തമ്മിലുള്ള വ്യത്യാസമാകുന്നില്ല. ഇ വാക്യത്തിന്റെ സന്ദര്‍ഭം അങ്ങനെയൊരര്‍ത്ഥം മെനയാന്‍ ഒട്ടും യോജിച്ചതല്ലതന്നെ.

അതിനാല്‍ ഈ വാക്യത്തില്‍ വിരലടയാളവും കുറ്റാന്യേഷണവും അതുപോലുള്ള ശാസ്ത്രാല്‍ഭുതങ്ങളുമൊന്നും ഇല്ല. വ്യത്യസ്തമായ അഞ്ചു വിരലുകളെയും പഴയതുപോലെ പുനരാവിഷ്കരിക്കാനൊക്കെ സര്‍വ്വ ശക്തനായ അല്ലാഹുവിനെക്കൊണ്ടു പറ്റും എന്ന് അക്കാലത്തെ ജാഹിലുകളായ അറബികളോടു പറയുക മാത്രമേ ‘അല്ലാഹു’ ഇവിടെ ചെയ്തിട്ടുള്ളു. ഇതു പറയാന്‍ മനുഷ്യരുടെ വിരലടയാളങ്ങള്‍ വ്യത്യാസമുള്ളതാണെന്ന ഒരു അല്‍ഭുതജ്ഞാനത്തിന്റെ ആവശ്യമില്ല. ഈ പറച്ചില്‍കൊണ്ടൊന്നും അല്ലാഹുവിന്റെ ജീവന്‍ ഇനിയുള്ള കാലം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കഴിയില്ല എന്ന തിരിച്ചറിവായിരിക്കാം വിശ്വാസികളെ ഇത്തരം സാഹസങ്ങള്‍ക്കു പ്രേരിപ്പിക്കുന്നത്. അല്ലാഹുവിന്റെയും രക്ഷകരുടെയും ഒരു ഗതികേട് എന്നല്ലാതെ എന്തു പറയാന്‍ !

അടുത്തത്
പരാഗണവും തേനീച്ചയും….

Leave a Reply

Your email address will not be published. Required fields are marked *